കഥകളി സംഗീത രംഗത്തെ കഴിവ് തെളിയിച്ച യുവഗായക പ്രതിഭയാണ് കോട്ടക്കൽ സന്തോഷ്.
സംഗീതത്തിന്റെ ദൃഢതയും ആട്ടക്കഥക്കനുഗുണമായി, ആട്ടത്തിനു പാകപ്പെട്ട കഥകളിപ്പാട്ട് ശൈലിയും ചേർന്നൊരു വഴിയാണ് സന്തോഷിന്റേത്. ഭാവനിറവും, അക്ഷരശുദ്ധിയും, ശബ്‌ദഗാംഭീരവും, കഥകളി സംഗീതത്തിന്റെ തനതു സമ്പ്രദായവും സന്തോഷിന്റെ സംഗീതത്തിനെ വ്യത്യസ്തമാക്കുന്നു.
പ്രശസ്ത സംഗീതജ്ഞ്യർ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി , കോട്ടക്കൽ നാരായണൻ, കോട്ടക്കൽ മധു, കോട്ടക്കൽ സുരേഷ്, വേങ്ങേരി നാരായണൻ എന്നീ ഗുരുനാഥന്മാരുടെ കീഴിലാണ് കഥകളി സംഗീതം അഭ്യസിച്ചത്. കലാമണ്ഡലത്തിലും കോട്ടക്കൽ പി എസ് വി നാട്യസംഘത്തിലുമായാണ് സംഗീത പഠനം പൂർത്തിയാക്കിയത്.
ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടിയിൽ നിന്ന് അഷ്ടപദിയും, കലാമണ്ഡലം ശ്രീധരൻ നമ്പൂതിരിയിൽ നിന്നും കർണ്ണാടക സംഗീതവും സന്തോഷ് സ്വായത്തമാക്കിയിട്ടുണ്ട്.
ശ്രീകൃഷ്ണ മെമ്മോറിയൽ അവാർഡ്, വെങ്കിടകൃഷ്ണ ഭാഗവതർ സ്മാരക പുരസ്‌കാരം, കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് സ്മാരക പുരസ്‌കാരം, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി സ്മാരക പുരസ്‌കാരം എന്നിവക്ക് പുറമെ കേന്ദ്ര സംഗീത നാടക അക്കാദമി ജൂനിയർ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
കോട്ടക്കൽ പി എസ് വി നാട്യസംഘത്തിൽ അദ്ധ്യാപകനായ സന്തോഷ് കാരക്കുറിശ്ശി പിഷാരത്ത് നാരായണ പിഷാരടിയുടെയും ജി പി വസന്തകുമാരിയുടെയും മകനാണ്. സഹധർമിണി പ്രീതി. മകൻ ആനന്ദ്.
അഭിനന്ദനങ്ങൾ കോട്ടക്കൽ സന്തോഷ് 👏👏👏
Congratulations to Kottakkal Santhosh. Best wishes for his future career. Hope he can reach further heights.
Congradulaions to kottakkal Santhosh
ഇന്ന് ഏറ്റുമാനൂരമ്പലത്തിൽ കല്യാണ സൗഗന്ധികം കണ്ടു. കഥകളി ഓർമ്മവച്ച നാൾ മുതൽ ഇപ്പോൾ 60 വർഷമായി കാണുന്നു. എങ്കിലും ഇളകിയാട്ടം ഇപ്പോഴും ബാലികേറാമലയാണ്. അരങ്ങിനു മുന്നിൽ എന്നെ ഇന്നും പിടിച്ചിരുത്തുന്നത്പാട്ടു തന്നെ. ഒരു കാലത്ത് എന്നെ വല്ലാതെ ആകർഷിച്ചത് ഹൈദരാലിയുടെ പാട്ടായിരുന്നു. പരമ്പരാഗത ശൈലിയിൽ നിന്ന് അല്പം തെന്നിമാറി കർണാടക സംഗീതത്തെ കൂട്ടുപിടിച്ച് വേറിട്ട ഒരു പന്ഥാവ് വെട്ടി തുറന്നതു കൊണ്ടുo ഓജസും ഗാംഭീര്യവും അതിനൊക്കെ പുറമേ മാധൂര്യവും ചേർന്നുണ്ടാക്കപ്പെടുന്ന വിസ്മയകരമായ ശബ്ദപ്രപഞ്ചoകൊണ്ടുമായിരുന്നിരിക്കാം യശശരീരനായ ഹൈദരാലി എനിക്ക് പ്രിയപ്പെട്ടവനായത്. അദ്ദേഹം വേർപെട്ടപ്പോൾ ഞാൻ ഇഷ്ടപ്പെടുന്ന ഒരു കഥകളി സംഗീതജ്ഞനെ ഇനി ഈ ജീവിതത്തിൽ കാണാൻ കഴിയില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. എങ്കിലും കഥകളി കാണൽ തീരെ ഉപേക്ഷിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഒരു ഉൽസവ കാലത്ത് ഒരു മഞ്ജുതരയുടെ ശബ്ദവീചികൾ പടിഞ്ഞാറെ നടയിലുള്ള വീട്ടിരുന്ന എന്റെ കാതിൽ വന്നലച്ചത്. ഞാൻ ഷർട്ടെടുത്തിട്ട് അമ്പലത്തിലേക്ക് ഓടി ചെന്നു. പാടുന്നത് മധു. അസാധാരണമായ ആൾക്കൂട്ടം അപ്പോൾ തന്നെ അരങ്ങിന്മുന്നിൽ ഉണ്ടായിരുന്നു. സംഗീതത്തിെന്റെ മാന്ത്രീക ശക്തി അത് അനുഭവിച്ചു തന്നെ അറിയണം. പിന്നീട് റിട്ടയർ ചെയ്തതിന് ശേഷം മധുവിന്റെ പാട്ടുള്ള കളി അടുത്തെവിടെ ഉണ്ടെങ്കിലും പോകുന്നത് ശീലമാക്കി. കൂടെ കുറച്ചു സുഹൃത്തുക്കളുമുണ്ട്. അങ്ങനെ ഒരു നാൾ ഏറ്റുമാനൂര് ഉത്സവo -കഥകളി – മധുപാടുന്നു. അപ്പോഴാണ് അത് ശ്രദ്ധിച്ചത്. മധുവിന്റെ മുക്കാൽ ഭാഗം പൊക്കമുള്ള ഒരു ചെറുക്കൻ മധുവിനൊപ്പം മേലോട്ട് തല നീട്ടിനീട്ടി പോരുകോഴിയേപ്പോലെ മത്സരിച്ചു പാടുന്നു. കൂട്ടുകാർ പറഞ്ഞു അതാണ് കോട്ടക്കൽ സന്തോഷ്, വെറുംശിങ്കിടി ആയി കാണേണ്ട, കൈയിൽ അല്പം സംഗതി ഒക്കെ ഉണ്ട് എന്നൊക്കെ. ശിഷ്യൻ കലക്കുന്നുണ്ട് എന്ന് മധുവിനോട് അന്നു തന്നെ ഞങ്ങൾ പറഞ്ഞിരുന്നു. അക്കാര്യം സന്തോഷിനോട് നേരിട്ടാണ് പറയേണ്ടതെന്നും അങ്ങനെ നേരിട്ട് പറയുക തന്നെ വേണമെന്നുമാണ് മധുവാശാൻ പ്രതികരണമായി പറഞ്ഞത്. ഇന്ന് ഏറ്റുമാത്തൂര് മധു ഉണ്ടെന്ന് നേ.നോട്ടീസിൽ പറഞ്ഞിരുന്നില്ല. എങ്കിലും കല്യാണ സൗഗന്ധികത്തിന് തുടക്കം മുതൽ അദ്ദേഹം പാടിയിരുന്നു. ഹനുമാന്റെ രംഗപ്രവേശം മുതലാണ് സന്തോഷ് പാടുന്നത് ശ്രദ്ധിച്ചത്. പാട്ടിന്റെകെമിസ്ട്രി മാറിയതു കൊണ്ടാണ് ശ്രദ്ധിച്ചത്. പൊന്നാനിയും ശിങ്കിടിയും ശ്രോതാക്കളും പാട്ടുo കൂടി ചേർന്ന് ഒന്നായ അനുഭൂതി. അതെങ്ങനെയാണ് പറഞ്ഞറിയിക്കുക. എനിക്കറിയില്ല. ഈ മധുവും സന്തോഷും ചേർന്ന് ഇനിയും എന്തെല്ലാം ശ്രാവ്യ വിസ്മയം തീർക്കും – ആർക്കറിയാം. ഞാൻ നിരീശ്വരനാണെങ്കിലും സന്തോഷിന്റെ ഭാഷയിൽ ദൈവാനുഗ്രഹം നിർലോഭം ഇനിയും വാരിചൊരിയട്ടെ എന്ന് ആഗ്രഹിക്കുന്നു.