E P Devaki Pisharasiar

പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരത്ത് ശിൽപ്പകലാ നൈപുണ്യം കഴിഞ്ഞ എട്ടര പതിററാണ്ട് ഒരു തപസ്യയായി കൊണ്ടുനടന്ന ഒരു സ്നേഹമുത്തശ്ശിയുണ്ട്.
പഴയപിഷാരം പരേതനായ ഭരതപിഷാരടിയുടെ പത്നി “ഇരിങ്ങോട് പിഷാരത്ത് ദേവകി പിഷാരസ്യാർ..”

വല്ലപ്പുഴ കിഴീട്ടിൽ പിഷാരത്ത് രാഘവപിഷാരടിയുടെയും ഇരിങ്ങോട് പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും മകളായ ദേവകി പിഷാരസ്യാർ 1946 ലാണ് വിവാഹിതയായി ശ്രീകൃഷ്ണപുരത്തെ പഴയപിഷാരത്തെത്തിയത്.

കുട്ടിക്കാലത്ത് ആദ്യമൊക്കെ ചെറിയ ചെറിയ കാർഷികോൽപ്പന്നങ്ങളാണ് ഈ കൈവിരലുകളിൽ നിന്ന് പിറവികൊണ്ടത്..
പഴം.. മത്തൻ.. വെള്ളരി.. അങ്ങിനെ അങ്ങിനെ…

പിന്നെ പിന്നെ മനസ്സ് ദേവീ ദേവന്മാരുടെ രൂപ സൗന്ദര്യങ്ങളിൽ…..
പൂജാ വിഗ്രഹങ്ങളിൽ കേന്ദ്രീകരിക്കപ്പെടുകയായിരുന്നു.
ചെമ്പട്ടിൽ തിളങ്ങിനിൽക്കുന്ന ആരാധനാമൂർത്തികളുടെ ചെറുരൂപങ്ങൾ..

അതിന് ജീവിത പരിസരം അരങ്ങൊരുക്കിയതാകാം..

മണ്ണയങ്ങോട് , എരിങ്ങോട് തൃക്കോവിൽ പിഷാരത്തെ ബാല്യകാലം…ആരാധന നടത്തിയിരുന്ന മണ്ണയങ്ങോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഈ കുഞ്ഞുമനസ്സിൽ ചെലുത്തിയ സ്വാധീനം.. കഴകത്തിന്റെ ഭാഗമായി വിഗ്രഹ പൂജക്കായി പൂജാ പുഷ്പങ്ങൾ കോർത്തുണ്ടാക്കിയിരുന്ന മാലകൾ..ഭക്ത കാവ്യങ്ങളിലെ സ്വരരാഗങ്ങളുയരുന്ന പ്രഭാതങ്ങൾ..തിരുനടകൾ.. ദീപാരാധനകൾ..സന്ധ്യാ നാമ കീർത്തനങ്ങൾ.. അടച്ചിട്ട നടക്കുള്ളിൽ നിന്നുയരുന്ന മന്ത്രോച്ഛാരണങ്ങൾ…അങ്ങിനെ പലതുമാകാം..

അഞ്ച്..ആറു വയസ്സുള്ളപ്പോൾ കളിക്കാനായി കൊണ്ടുവന്ന ഒരു കളിമൺ ശിൽപ്പം കളിക്കിടയിൽ അറിയാതെ വീണുടഞ്ഞുപോയി. അത് നേരെയാക്കാൻ നടത്തിയ ശ്രമത്തിൽ നിന്നാണ് ശിൽപ്പ നിർമ്മാണകലയിലേക്ക് ആകർഷിക്കപ്പെട്ടത്..

1946 ലാണ് വിവാഹിതയായി ശ്രീകൃഷ്ണപുരത്തെ പഴയപിഷാരത്തെത്തിയത്. അപ്പോഴും ആ മനസ്സിൽ ശിൽപ്പ നിർമ്മിതിയോടുള്ള ആവേശമണഞ്ഞിരുന്നില്ല. ഒഴിവു സമയങ്ങളിൽ ആ വിരലുകളിൽ വിരിഞ്ഞത് ശിൽപ്പ കലയുടെ അപൂർവ്വ ചാരുത…ഭർതൃകുടുംബത്തിന്റെ പ്രോത്സാഹനം കൂട്ടിനുണ്ടായിരുന്നു..

ശ്രീകൃഷ്ണൻ ..വനവാസിയായ ശ്രീരാമൻ.. ഗണപതി .. സുബ്രഹ്മണ്യൻ ..
സരസ്വതി .. അയ്യപ്പൻ ..
നാരദ മഹർഷി ..ശിവ പാർവ്വതി
രുഗ്മിണീ സമേതനായ ശ്രീകൃഷ്ണൻ …. …

അങ്ങിനെ ഇതിനകം ഏതാണ്ട് ആയിരത്തോളം ശിൽപ്പങ്ങൾ കലാദേവത കനിഞ്ഞനുഗ്രഹിച്ച ഈ പ്രതിഭയുടെ കൈകളിൽ നിന്ന് രൂപമെടൂത്തിട്ടുണ്ട്.

ഒരിക്കൽ കോഴിക്കോട് മാങ്കാവ് കോവിലകം ആവശ്യപ്പെട്ടതനുസരിച്ച് അവിടത്തെ ആരാധനാ മൂർത്തിയുടെ ഒരു ചിത്രത്തിൽ നിന്ന് പൂർണ്ണ രൂപം നിർമ്മിച്ചു നൽകി.. ശിൽപ്പത്തിന്റെ പൂർണ്ണതയിൽ തൃപ്തരായ കോവിലകത്തിന്റെ വിവിധ താവഴികളും പ്രതിമകൾക്കായി ആഗ്രഹമറിയിച്ചു. അമേരിക്കയിലും അറബ് രാജ്യങ്ങളിലുമുള്ള കോവിലകത്തിന്റെ കുടുംബാംഗങ്ങളുടെ പൂജാമുറികളിൽ ഗൃഹാതുരതയുണർത്തിയും അനുഗ്രഹം ചൊരിഞ്ഞും ഈ അമ്മയുടെ കൈകളൾ ജീവൻ നൽകിയ ശിൽപ്പങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.

കൗതുകം നിറഞ്ഞതാണ് ഇതിന്റെ നിർമ്മാണ രീതി..

മരത്തിന്റെ പീഠത്തിൽ മുളയുടെ കമ്പുകൊണ്ട് അടിസ്ഥാനമിടുന്നു.
അതിന്മേൽ കൈ കാലുകൾ , ശിരസ്സ് തുടങ്ങി വിവിധ ഭാഗങ്ങൾ ഉറപ്പോടെയിരിക്കുന്നതിന്നായി നേർത്ത കമ്പികൊണ്ട് ഘടനയുണ്ടാക്കും. ഇതിന്മേലാണ് മണ്ണ് പിടിപ്പിക്കുന്നത്.

പുററു മണ്ണ് ഈർച്ചപ്പൊടി ചേർത്ത് കുഴച്ചെടുക്കും. അല്ലാത്ത സമയത്ത് നന്നായി അരിച്ചെടുത്ത മണ്ണും ഉപയോഗിക്കും. പറങ്കിപ്പശ കൂടി ചേർത്ത് കുഴച്ചെടുക്കും .
ഇങ്ങിനെ പാകപ്പെടുത്തിയ മിശ്രിതമുപയോഗിച്ചാണ് ശില്പങ്ങളുണ്ടാക്കുന്നത് . നന്നായി പാകപ്പെടുത്തിയെടുത്ത പേനാക്കത്തി കൊണ്ട് സൂക്ഷ്മതയോടെ ചുരണ്ടിയെടുത്താണ് കണ്ണും മൂക്കും പട്ടുചേലയുടെ വടിവുകളുമെല്ലാം ഒപ്പിയെടുക്കുന്നത്. വെയിലത്ത് വച്ച് ഉണക്കിയെടുക്കും.

ഉടയാടകളെല്ലാം തുന്നി ഉടുപ്പിക്കുകയാണ്. ആഭരണങ്ങൾ അണിയിച്ച ശേഷം ദേവീ ദേവന്മാരുടെ ഭാവ സങ്കൽപ്പങ്ങൾക്കനുയോജ്യമായ നിറങ്ങൾ ഉടലിനു നൽകുന്നു.
ഗിൽററ് പേപ്പറും ഉപയോഗിക്കും.. കിരീടവും വെഞ്ചാമരവുമെല്ലാം അണിയിക്കുന്നു..

മനസ്സിൽ പതിഞ്ഞ രൂപഭാവങ്ങളെ അകക്കണ്ണുകൊണ്ട് ഒപ്പിയെടുത്ത് കളിമണ്ണിന്റെ കളത്തിൽ വിരലുകൾകൊണ്ട് നൃത്തമാടി ആവാഹിച്ചെടുക്കൂന്ന ഓരോ ശിൽപ്പങ്ങളും ചൊരിയുന്ന ഭാവങ്ങൾ ശിൽപ്പിയുടെ …
ഈ അമ്മയുടെ സമർപ്പണത്തിന്റെയും
പ്രാർത്ഥനയുടെയും പ്രതിഫലനമാണ്..

എൺപതു കൊല്ലം മുമ്പെന്നു പറഞ്ഞാൽ ദേവീ ദേവന്മാരുടെ ചിത്രങ്ങൾ പോലും അത്യപൂർവ്വമായി മാത്രം കാണാൻ കഴിയുമായിരുന്ന കാലം. അന്നത്തെ കാലത്ത് മനസ്സിൽ കൊത്തി വച്ച രൂപം ശിൽപ്പമാക്കി മാററാൻ ശ്രമിക്കുന്ന ഒരു കലാകാരി നൽകുന്ന ക്ഷമയും ആത്മസമർപ്പണവും എത്ര ആഴമേറിയതാവും..

ആഞ്ഞം മാധവൻ നമ്പൂതിരിയുടെ ഇല്ലത്തും പാതാക്കര മന , മുത്തിരിങ്ങോട് മന, ശബരിമല മേൽശാന്തിയായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുട തെക്കും പറമ്പത്ത് മന …
അങ്ങിനെ നിരവധി ഭവനങ്ങളിലെ പൂജാമുറികളിൽ ഈ അമ്മയുടെ മനസ്സു പതിഞ്ഞ കളിമൺ വിഗ്രഹങ്ങൾ തലമുറകൾക്ക് അനുഗ്രഹം ചൊരിയുന്നുണ്ട്.

ടി.ടി.സി. പോലുള്ള കോഴ്സുകൾ പഠിക്കുന്ന കുട്ടികൾ പഠന ആവശ്യങ്ങൾക്ക് വിവിധ ശിൽപ്പങ്ങൾക്കായി ഈ അമ്മയുടെയടുത്ത് വന്നിരുന്നു. കായ് ഫലങ്ങളും , മററു വസ്തുക്കളും അസ്ഥികൂടം , ഹൃദയം ,ശ്വാസകോശം തുടങ്ങിയ ശാസ്ത്ര സംബന്ധമായ മാതൃകകളും നിർമ്മിച്ചു കൊടുക്കാറുണ്ടായിരുന്നു..

ഇതോടൊപ്പം “മഹാത്മാഗാന്ധി ,” “ജവഹർലാൽ നെഹ്റു “തുടങ്ങിയ ദേശീയ നേതാക്കളുടെയും ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ നിർമ്മിച്ചിരുന്നു. സഹോദരി ശിന്നക്കുട്ടിയും ഈ രംഗത്ത് കഴിവുള്ള കലാകാരിയായിരുന്നു.

എൺപതുവർഷം മുമ്പ് പതിനാലാമത്തെ വയസ്സിൽ നിർമ്മിച്ച ഭഗവാൻ ശ്രീകൃഷ്ണന്റെ മനോഹരമായ പ്രതിമ ഇന്നും മകൻ ഇ.പി.ഉണ്ണിക്കണ്ണന്റെ വീട്ടിലെ പൂജാമുറിയിലെ
തേജോമുഖമാണ്.

പ്രാഥമിക വിദ്യാഭ്യാസം നേടിയ ഈ അമ്മക്ക് സംസ്കൃതം സാമാന്യം നന്നായി അറിയാം.. രണ്ടു പെൺമക്കളടക്കം ഏഴു മക്കളുള്ള ഈ അമ്മ നാലു തലമുറയോടൊപ്പം കഴിയാൻ ഭാഗ്യം സിദ്ധിച്ച കുടുംബനാഥയാണ്. മക്കളായ ഉണ്ണിക്കണ്ണനും ,വേണുഗോപാലനും കൃഷ്ണനും , ദേവകിയും , ഇന്ദിരയും വിളിപ്പുറത്തുണ്ട്. രാമനും അച്ചുതനും ഹൈദരാബാദിലാണ്. ഏകാദശി ഉൾപ്പെടെയുള്ള എല്ലാ വ്രതങ്ങളും മുടങ്ങാതെ ആചരിക്കുന്ന ഈ മാതൃദീപം പാചകകലയിലും അനുഗ്രഹീതയാണ്. ചക്ക പ്രഥമനും അട പ്രഥമനും തേൻകുഴലും … അങ്ങിനെ ഈ അമ്മയുടെ കൈപ്പുണ്യം അനുഭവിച്ചറിയാൻ ഭാഗ്യം വേണം..

പരിയാനമ്പററ ഭജനസമിതി നൽകിയ പുരസ്കാരം അമ്മക്ക് നൽകിയത് സാഹിത്യകാരനും നടനുമായ ശ്രീ്. മാടമ്പ് കുഞ്ഞുകുട്ടനായിരുന്നു.

തന്റെ മനസ്സിന്റെ അടിത്തട്ടിൽ രൂപപ്പെടുന്ന സങ്കൽപ്പങ്ങളൂടെ രൂപഭംഗിക്ക് കൈവിരലൂകൾ കൊണ്ട് ജീവൻ നൽകുന്ന സിദ്ധി വളർത്തിയെടുത്തും കൈമോശം വരാതെ പ്രയോഗിച്ചും കഴിഞ്ഞ എട്ടര പതിററാണ്ട് ശിൽപ്പ നിർമ്മിതിയിൽ മികവുതെളിയിച്ച ഇ. പി. ദേവകി പിഷാരസ്യാരെന്ന ഈ മാതൃദീപം ശ്രീകൃഷ്ണപുരത്തിന്റെ കലാനിധിയാണ്…നക്ഷത്രത്തിളക്കമാണ്.

“ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം”

4+

3 thoughts on “E P Devaki Pisharasiar

  1. അമ്മക്ക് ദീർഘായുസ്സിന്നും ആയുരാരോഗ്യത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ

    0
  2. എൻ്റെ വലിയ വലിയമ്മയുടെ ആത്മാവിന് നിത്യശാന്തി നേർന്ന് കൊണ്ട് വിഷ്ണു പാദങ്ങളിൽ മനസാ സമർപ്പിക്കുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *