തൃശൂർ ശാഖ 2024 നവംബർ മാസ യോഗം


തൃശൂർ ശാഖയുടെ നവംബർ മാസത്തെ യോഗം 2024 നവംബർ 17 ഞായറാഴ്ച്ച ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാറിന്റെ തൃശൂർ കാനാട്ടുകരയിലെ പിഷാരം വസതിയിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കുമാരിമാർ ഐശ്വര്യ, സാന്ദ്ര എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീ ജി പി നാരായണൻ കുട്ടി, ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീമതി എ പി സരസ്വതി എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം ആറാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി. ഗൃഹനാഥ ശ്രീമതി ജയ ഗോപകുമാർ ഏവർക്കും സ്വാഗതമാശംസിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ ഈ ലോകം വിട്ടുപോയ തൃക്കോവിൽ പിഷാരത്ത് ശേഖര പിഷാരോടി, പരയ്ക്കാട് പിഷാരത്ത് രമാദേവി അടക്കം എല്ലാവരുടെയും ആത്മ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. അനുശോചന ഭാഷണത്തിൽ പരേതനായ ശേഖര പിഷാരോടി സമാജത്തിനും ഗസ്റ്റ്‌ ഹൗസിനും വേണ്ടി ചെയ്ത അമൂല്യമായ സേവനങ്ങളെ കുറിച്ച് ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി ഓർമ്മിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഗുരുവായൂരിൽ നടന്ന ജ്യോതിർഗമയ എന്ന പ്രോഗ്രാം ഇപ്രാവശ്യം തൃശൂർ ശാഖയാണ് നടത്തേണ്ടത് എന്നറിയിച്ചു. തുളസീദളം കലാ സാംസ്കാരിക സമിതിക്ക് കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം ലഭിച്ചു. കഴകക്കാരെ ആദരിക്കുന്നതിന്റെ ഭാഗമായി ശാഖയിൽ കഴക പ്രവർത്തി നടത്തി വരുന്നവരുടെ ലിസ്റ്റ് പ്രസിഡണ്ട് വായിച്ചു. അന്തരിച്ച ബാബു നാരായണന്റെ പേരിൽ കലാപ്രവർത്തകർക്ക് വേണ്ടി എന്ഡോവ്മെന്റ് ഏർപ്പെടുത്തുന്ന കാര്യം നമ്മുടെ ലക്ഷ്യത്തിൽ ഉണ്ട്. അത് പ്രാവർത്തികമാക്കണം എന്നും ശ്രീ വിനോദ് കൃഷ്ണൻ സൂചിപ്പിച്ചു.1975ൽ കൊടകരയിൽ നിന്നും ആരംഭിച്ച പിഷാരോടി സമാജത്തിന്റെ ചരിത്രം ദൃക്സാക്ഷി എന്ന നിലയിൽ ശ്രീ ജി പി നാരായണൻ കുട്ടി ചുരുക്കത്തിൽ വിശദീകരിച്ചു.

ജ്യോതിർഗമയ ഇപ്രാവശ്യം തൃശ്ശൂരിൽ വെച്ച് നടത്തേണ്ടതിനെ കുറിച്ച് വൈസ് പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി വിശദീകരിച്ചു.അഞ്ചു വർഷത്തോളമായി ലഭിക്കാൻ നമ്മൾ പരിശ്രമിച്ചു കൊണ്ടിരുന്ന കേരള സംഗീത നാടക അക്കാദമി അംഗീകാരം തുളസീദളം കലാ സാംസ്‌ക്കാരീക സമിതി എന്ന നമ്മുടെ സ്വതന്ത്ര കലാ സംഘടനക്ക് ലഭിച്ചു എന്നത് നമുക്ക് വളരെ സന്തോഷമുളവാക്കുന്നതാണ്. യുവ ജനങ്ങളുടെ കലാ പരമായ കഴിവുകളെ സർക്കാരിന്റെ അറിവോടെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വലിയ പദ്ധതിയാണ് ഈ കലാസാംസ്ക്കാരിക സമിതി കൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തിനും നമുക്ക് സമീപ ഭാവിയിൽ തന്നെ ശ്രമിക്കേണ്ടതുണ്ട്. വല്ലച്ചിറ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ മന്ദഗതിയിലാണ്. ചില സാങ്കേതിക പ്രശ്നങ്ങൾ ആണ് പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നത്. അധികം താമസിയാതെ പരിഹാരം കാണേണ്ടതുണ്ട്. തുളസീദളം കലാ സാംസ്കാരിക സമിതി എന്ന സ്വതന്ത്ര സംഘടനയിലൂടെ അന്തരിച്ച പ്രതിഭ, ബാബു നാരായണന്റെ പേരിൽ നമ്മുടെ ഇടയിൽ ഉള്ള പ്രഗത്ഭരായ കലാകാരന്മാരെയും കലാകാരികളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു എൻഡോവ്മെന്റ് ഏർപ്പെടുത്താനുള്ള ശ്രമം വിജയിച്ചിട്ടുണ്ട്. അതിനു വേണ്ടി ബാബു നാരായണന്റെ കുടുംബം മുമ്പോട്ട് വന്നിട്ടുണ്ട് എന്നത് നന്ദിയോടെ സ്മരിക്കുന്നു. എൻഡോവ്മെന്റ് എങ്ങനെ നൽകണം എന്ന് കൂടുതൽ വിശദമായ ചർച്ചകളോടെ പിന്നീട് തീരുമാനിക്കാവുന്നതാണ്. പഴുവിൽ പിഷാരത്ത് നിന്നുള്ള ശ്രീ രാജന്റെ വളരെ പ്രധാനപ്പെട്ട നിർദ്ദേശം കണക്കിലെടുത്ത് തൃശൂർ ശാഖയിൽ കഴക പ്രവർത്തി മാത്രം ചെയ്ത് ഉപജീവനം നടത്തുന്നവരെ എത്രയും പെട്ടെന്ന് തന്നെ ആദരിക്കാൻ ഇന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നും ശ്രീ രാമചന്ദ്ര പിഷാരോടി സൂചിപ്പിച്ചു.

ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ ഗുരുവായൂർ ഗസ്റ്റ് ഹൌസ് പ്രവർത്തനങ്ങൾ വളരെ ഗംഭീരമായി തന്നെ മുന്നോട്ട് പോകുന്നുണ്ട് എന്ന് യോഗത്തെ അറിയിച്ചു. ജ്യോതിർഗമയ പ്രോഗ്രാമിന് കുട്ടികൾക്ക് പ്രാധാന്യം കൊടുക്കണം, വല്ലച്ചിറ ട്രസ്റ്റ്‌ വിഷയത്തിൽ അനുയോജ്യമായ തീരുമാനം എടുക്കേണ്ടത് ആവശ്യമാണ്. തുളസീദളം സാഹിത്യ പുരസ്ക്കാര വിതരണ പ്രോഗ്രാം വളരെ ശ്രദ്ധേയമായി എന്നത് അഭിമാനമുണ്ടാക്കുന്നു എന്നും അറിയിച്ചു.

തൃശൂർ ശാഖയുടെ ഓണാഘോഷം ഇക്കുറി വളരെ മനോഹരമായി എന്നുള്ളത് നമുക്ക് മുമ്പിലുള്ള സന്തോഷഭരിതമായ അനുഭവമാണെന്നും അതിന്റെ പ്രധാന കാരണം എല്ലാ ചുമതലകളും കുട്ടികൾക്ക് കൊടുത്ത് അവരുടെ ആശയങ്ങൾക്കും കാഴ്ച്ചപ്പാടുകൾക്കും അനുസൃതമായി അവർ തന്നെ നടത്തിയത് കൊണ്ടാണെന്നും ശ്രീ കെ പി ഹരികൃഷ്ണൻ അഭിപ്രായപ്പെട്ടു. തൃശൂർ ശാഖയുടെ നേതൃത്വത്തിൽ തന്നെ ഇതിന്റെ തുടർച്ചകൾ ഉണ്ടാവണം. തുളസീദളം കലാ സാംസ്കാരിക സംഘടനയുടെ പ്രവർത്തനം വളരെ വിപുലമായി അംഗങ്ങളെ ചേർത്ത് കൊണ്ടും പ്രശസ്തരായ വ്യക്തികളെ രക്ഷാധികാരികൾ ആക്കിയും വികസിപ്പിക്കേണ്ടതുണ്ട്. അത് പോലെ തൃശൂർ ശാഖയിലെ കഴകക്കാരെ ഏകോപിപ്പിക്കാൻ കഴിഞ്ഞാൽ അത് വളരെ ഉപകാരപ്രദമാണ് എന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു. കഴകക്കാരുടെ ഒരു സഹകരണ സംഘം ആലോചിക്കാവുന്നതാത്താണ്. വിവാഹത്തിന് ശേഷം 50 വർഷത്തിന് മേൽ ഉള്ള ദമ്പതികളെ ആദരിക്കുക എന്ന ആശയവും നമുക്ക് സാക്ഷാത്കരിക്കണം.

ശാഖാ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ശ്രീ രാജനും (പഴുവിൽ) നിർദ്ദേശങ്ങൾ വെച്ചു.

യോഗത്തിന്റെ പ്രധാന തീരുമാനങ്ങൾ

ജ്യോതിർഗമയ തൃശൂർ ശാഖയുടെ നേതൃത്വത്തിൽ സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്.

അന്തരിച്ച ബാബു നാരായണന്റെ പേരിൽ ഒരു എൻഡോവ് ഏർപ്പെടുത്താൻ തീരുമാനമായി

ശാഖയിലെ കഴക പ്രവർത്തി ജീവനക്കാരെ ആദരിക്കാൻ തീരുമാനിച്ചു.

ശ്രീ കെ പി ഹരികൃഷ്ണന്റെ നന്ദിയോടെ യോഗം 5.30 ന് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *