തൃശൂർ ശാഖയുടെ മേയ് മാസ യോഗം 16/5/21ന് ഒൺലൈൻ വഴി ചേർന്നു. പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ സി. പി. അച്യുതൻ പ്രാർത്ഥന ചൊല്ലി. നാരായണീയം എഴുപത്തി രണ്ടാമത് ദശകം ശ്രീ ജി. പി. നാരായണൻ കുട്ടി വായിച്ചു.
അനുശോചനങ്ങളിൽ സമാജം മുൻ പ്രസിഡണ്ട് കേണൽ ഡോ. വി. പി. ഗോപിനാഥിന്റെ ഭാര്യ ശ്യാമളയുടെ മാതാവ് പടിഞ്ഞാറെ തൊണ്ണങ്ങാമത്ത് അമ്മിണി പിഷാരസ്യാർ, കൃഷ്ണപുരത്ത് ശ്രീ മുരളിയുടെയും ശ്രീ രവിയുടെയും മാതാവ് ലക്ഷ്മിക്കുട്ടി പിഷാരസ്യാർ, വല്ലപ്പുഴ കീഴീട്ടിൽ പിഷാരത്ത് രാജേഷ് തുടങ്ങി തൃശൂർ ശാഖയിലും മറ്റു ശാഖകളിലുമായി പ്രായഭേദമന്യേ നിരവധി പേരാണ് നമുക്ക് നഷ്ടമായത് എന്ന് സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ അറിയിച്ചു ഇത്രയും വലിയ മരണനിരക്ക് ആശങ്കാകുലവും സങ്കടം നിറഞ്ഞതുമാണ്. അവരുടെയെല്ലാം ആത്മാക്കൾക്ക് നിശബ്ദമായി അൽപ്പ സമയം ശാന്തി നേർന്നു.
സ്വാഗത ഭാഷണത്തിൽ 80% ശതമാനത്തോളം പിരിവ് നടത്താൻ കഴിഞ്ഞുവെന്നും എന്നും 170 പേരുടെ തുളസീദളം കുടിശ്ശിക കേന്ദ്രത്തിലേക്ക് അടച്ചു എന്നും , എല്ലാവരുടെയും സഹകരണത്തോടെ ബാക്കിയും പിരിക്കുന്നതാണ് എന്നും അറിയിച്ചു. പിരിവ് ഒൺലൈൻ വഴി ആക്കേണ്ടതും ആലോചിക്കാവുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് അദ്ധ്യക്ഷ പ്രസംഗത്തിൽ ഗൃഹ സന്ദർശനങ്ങളിൽ ശാഖ അംഗങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചു. വിദ്യാഭ്യാസ പുരസ്കാരങ്ങളിൽ സർട്ടിഫിക്കേറ്റുകൾ കൂടി ഉൾപ്പെടുത്തിയാൽ നല്ലതാണ് എന്നത്.
ആപത്ചിന്തകൾ, തൊഴിലില്ലായ്‌മ തുടങ്ങി വളരെയേറെ ആശങ്കാ കുലമായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും ഇത് പലപ്പോഴും വിഷാദ രോഗങ്ങൾക്ക് വരെ കാരണമായേക്കാമെന്നും ജനറൽ സെക്രട്ടറി ശ്രീ കെ. പി. ഹരികൃഷ്ണൻ പറഞ്ഞു. ഇത്തരുണത്തിൽ എല്ലാവർക്കും വേണ്ടത് സുരക്ഷിതത്വ ബോധമാണ്. കോവിഡ് കാലത്തെ മാനസീക പ്രശ്നങ്ങളെപറ്റി പ്രശസ്ത മനോരോഗ വിദഗ്ദ്ധനും പിഷാരോടിയുമായ ഡോ. മനോജ് ഈയിടെ പ്രതിപാദിച്ചത് ഹരികൃഷ്ണൻ ഓർമ്മിപ്പിച്ചു. നമ്മളിൽ ആവശ്യമുള്ളവർക്കെല്ലാം സുരക്ഷിതത്വ ബോധം നൽകാൻ നമ്മൾ എപ്പോഴും ജാഗരൂകരാകേണ്ടതുണ്ട്. അംഗങ്ങളുടെ മാനസീകോർജ്ജം ലക്ഷ്യമാക്കി ഡോക്റ്റേഴ്‌സിനെ കൂടി ഉൾപ്പെടുത്തി ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട് എന്നും അറിയിച്ചു.
ആസ്ഥാന മന്ദിരത്തിൽ മരണാനന്തര ക്രിയകൾ ഏറ്റെടുത്ത് തൃശൂർ ശാഖ നടത്തി വരുന്നത് നിരവധി പേർക്ക് വളരെ ആശ്വാസം പകരുന്ന പ്രവർത്തിയാണെന്നും, തൃശൂർ ശാഖയെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നുവെന്നും പറയുകയുണ്ടായി. കോവിഡ് സാഹചര്യം മൂലം മേയ് ലക്കം തുളസീ ദളം പ്രസിദ്ധീകരിക്കാൻ സാധിച്ചില്ല, ജൂണിൽ രണ്ട് മാസവും ചേർത്ത് പ്രസിദ്ധീകരിക്കും എന്നും അറിയിച്ചു. രാമായണ മാസം പതിവ് പോലെ നടത്തുവാൻ ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു. ഇപ്പോഴത്തെ അനിശ്ചിതമായ സാഹചര്യം മൂലം ഗുരുവായൂർ ഗസ്റ്റ് ഹൗസിന്റെ പ്രവർത്തനങ്ങളിൽ വലിയ ആശങ്കയുണ്ടെന്നും, മുൻ തീരുമാനം പോലെ കേന്ദ്ര പൊതുയോഗം നടത്താൻ സാധിച്ചില്ലെന്നും, സാഹചര്യം അനുകൂലമാകുമ്പോൾ നടത്തുമെന്നും അറിയിച്ചു. സമുദായത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധത കൂടി കണക്കിലെടുത്ത് എന്ത് ചെയ്യാനാകും എന്ന് കൂടി ആലോചിക്കേണ്ടതുണ്ടെന്ന് യോഗത്തോട് പറയുകയുണ്ടായി.
വിദ്യാഭ്യാസ പുരസ്‌കാരങ്ങൾക്ക് ഒപ്പം സർട്ടിഫിക്കറ്റ്കൾ കൂടി വിതരണം ചെയ്യുന്ന നിർദ്ദേശം ആലോചിക്കാവുന്നതാണെന്ന് ശാഖ വൈസ് പ്രസിഡണ്ടും സമാജം പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടി പറഞ്ഞു. തുടർന്ന്, ഏപ്രിൽ മാസത്തിൽ നമുക്ക് വാർഷിക പൊതുയോഗം നടത്താൻ സാധിച്ചില്ല, കേന്ദ്രത്തിന്റെ എ. ജി. എമ്മും നടത്താൻ സാധിച്ചില്ല, ആസ്ഥാന മന്ദിരത്തിൽ ചെറിയ തോതിലുള്ള പരിപാടികളും നടത്താൻ സാധിക്കും അതിന് നമുക്ക് ആത്മവിശ്വാസവും പ്രചോദനവും വേണ്ടത്ര സാമ്പത്തീക സഹകരണങ്ങളും തന്ന് നമുക്ക് കരുത്ത് പകർന്ന ശ്രീ ടി. പി. മോഹനകൃഷ്ണന്റെ ഹൃദയ വിശാലത ഒന്ന് കൊണ്ട് മാത്രമാണ് അതിന് സാധിച്ചത്, അതിന് അദ്ദേഹത്തോട് വീണ്ടും വീണ്ടും നന്ദി പറയുന്നു എന്നും അറിയിച്ചു.
തുടർന്ന് വല്ലച്ചിറ ട്രസ്റ്റിന്റെ പ്രവർത്തന പുരോഗതിയെക്കുറിച്ചും ശ്രീ രാമചന്ദ്ര പിഷാരോടി വിശദീകരിച്ചു.
ശ്രീ രാമചന്ദ്ര പിഷാരോടിയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ശ്രീ മോഹന കൃഷ്ണൻ ഇപ്പോൾ തൊഴിൽ ഇല്ലാതെയിരിക്കുന്ന കഴകക്കാർക്കും മറ്റും അർഹമായ സഹായങ്ങൾ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണെന്ന് സൂചിപ്പിച്ചു. എന്നാലാകുന്ന സഹായങ്ങൾ പരിധിയില്ലാതെ എപ്പോഴും ഉണ്ടാകും, തുളസിദളത്തിലേക്ക് രണ്ട് മൂന്ന് സ്ഥിരം പരസ്യങ്ങൾ പറഞ്ഞ് വെച്ചിട്ടുണ്ട്, കോവിഡ് സാഹചര്യം കഴിഞ്ഞ് എല്ലാം സാധാരണ നിലയിൽ എത്തുമ്പോൾ അവ ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചയിൽ സഹായങ്ങൾ ചെയ്യുമ്പോൾ കഴക പ്രവർത്തി ചെയ്യുന്നവരോടൊപ്പം മറ്റു സ്വകാര്യ ചെറുകിട ജോലികൾ ചെയ്യുന്നവർ, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നിവരെ കൂടി പരിഗണിക്കണമെന്ന് ശ്രീ ഹരികൃഷ്ണൻ അഭിപ്രായപ്പെട്ടു. അതു പോലെ ബി പി എൽ വിഭാഗത്തിലായിട്ടും എ പി എൽ കാർഡ് ലഭിച്ചിട്ടുള്ള പലരും നമ്മുടെ സമുദായത്തിൽ ഉണ്ട്. അവരെ സഹായിക്കണം. എന്ത് സഹായം ചെയ്യുമ്പോഴും അതിൽ സമാജത്തെക്കൂടി ഉൾപ്പെടുത്തണമെന്നും ഹരികൃഷ്ണൻ കൂട്ടിച്ചേർത്തു. ചർച്ചയിൽ ശ്രീ രഘു (കോലഴി), ശ്രീ കെ. പി. ബാലകൃഷ്ണ പിഷാരോടി, ശ്രീ വി. പി. ബാലകൃഷ്ണൻ, ശ്രീ വി. പി. മുരളി (വെബ് അഡ്മിൻ) എന്നിവരും പങ്കെടുത്തു. ചർച്ചയിലെ തീരുമാനപ്രകാരം എന്ത് സഹായങ്ങൾ ചെയ്യാനാകും എന്ന് തീരുമാനിക്കാനും അന്വേഷിക്കാനും അഞ്ച് പേർക്ക് ചുമതല നൽകി.
ജോയിന്റ് സെക്രട്ടറിയുടെ നന്ദിക്ക് ശേഷം 5.30ന് യോഗം അവസാനിച്ചു
കെ.പി.ഗോപകുമാർ സെക്രട്ടറി
തുടർച്ച
യോഗ തീരുമാന പ്രകാരം പിറ്റേന്ന് തന്നെ മീറ്റിംഗ് ചേരുകയും കോവിഡ് കാലത്ത് ഏറ്റവും അത്യാവശ്യമായ N95, സർജിക്കൽ മാസ്‌ക്കുകൾ എന്നിവ ശാഖയിലെ എല്ലാ കുടുംബങ്ങളിലും എത്തിക്കാൻ തീരുമാനമെടുത്തു. സാമ്പത്തിക സഹായങ്ങൾക്ക് ഏറ്റവും അത്യാവശ്യമുള്ളവരുടെ ലിസ്റ്റും തയ്യാറാക്കാൻ തീരുമാനമായി.
ലോക് ഡൌൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ എല്ലാ വീടുകളിലും മാസ്ക്കുകൾ പെട്ടെന്ന് എത്തിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ട്. എന്നാലും കുറച്ചു ഗൃഹങ്ങളിൽ മാസ്‌ക്കുകൾ എത്തിക്കാനും അത്യാവശ്യം ചിലർക്ക് സാമ്പത്തിക സഹായം നല്കാനും സാധിച്ചു. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ തീരുന്ന മുറക്ക് മറ്റെല്ലായിടത്തും എത്തിക്കുവാനും തീരുമാനിച്ചു.
സെക്രട്ടറി