തൃശ്ശൂർ ശാഖ 2023 മാർച്ച് മാസ യോഗം – വല്ലച്ചിറ ട്രസ്റ്റ്‌ യോഗം

തൃശൂർ ശാഖയുടെ പ്രതിമാസ യോഗവും വല്ലച്ചിറ ട്രസ്റ്റ്‌ യോഗവും സംയുക്തമായി 19-03-23 ഞായറാഴ്ച്ച അഞ്ചേരി പിഷാരത്ത് ശ്രീമതി തങ്കം പിഷാരസ്യാരുടെ ഭവനത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. എല്ലാവരും ചേർന്ന് പ്രാർത്ഥന ചൊല്ലി.

കഴിഞ്ഞ മാസം ഈ ലോകം വിട്ടു പോയ എല്ലാവരുടെയും സ്മരണകളിൽ മൗന പ്രാർത്ഥന നടത്തി.

ശ്രീ ജി. പി നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ നാരായണീയം എണ്പത്തിയാറാമത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. ഗൃഹനാഥൻ ഡോ. വി. പി ഗോപിനാഥൻ ഏവർക്കും സ്വാഗതമാശംസിച്ചു. സമാജം പ്രവർത്തനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായവും ആശയവും പങ്ക് വെച്ചു.

കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ജോയിന്റ് സെക്രട്ടറി ശ്രീ ഗോപൻ പഴുവിലും കണക്ക് ട്രഷറർ ശ്രീ ടി. പി ഗോപിയും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി.

അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ മുളകുന്നത്കാവ് ശാഖ എന്ന പേരിൽ പ്രത്യേക ശാഖ വേണമെന്നുള്ള ദേശവാസികളുടെ അഭ്യർത്ഥന വന്നിട്ടുള്ള കാര്യം യോഗത്തെ അറിയിച്ചു. വല്ലച്ചിറ ട്രസ്റ്റിനെപ്പറ്റിയും പിരിവിനെ പറ്റിയും പൊതുവായി സൂചിപ്പിച്ചു. ശരീര സൗന്ദര്യ മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കിയ അയ്യൻ കുഴി പിഷാരത്ത് ഗോവിന്ദ പിഷാരോടിയുടെയും കാവല്ലൂർ പിഷാരത്ത് തങ്കം പിഷാരസ്യാരുടെയും മകൻ ശ്രീകുമാർ പിഷാരോടിയെ പരിചയപ്പെടുത്തി.

ഡോ. വി പി ഗോപിനാഥിന്റെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് കേന്ദ്ര പ്രസിഡണ്ടും ശാഖാ വൈസ് പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടി സമാജം പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഗസ്റ്റ് ഹൌസിൽ കുഴൽക്കിണർ സ്ഥാപിക്കുന്ന വിവരം അറിയിച്ചു. അംഗങ്ങളുടെ പ്രാതിനിധ്യം, സർഗ്ഗോത്സവം എന്നിവയെപ്പറ്റിയും സൂചിപ്പിച്ചു.കേന്ദ്രം നടത്തി വന്നിരുന്ന ക്ഷേമ നിധി അവസാനിച്ചു, പുതിയത് തുടങ്ങേണ്ടതിനെപ്പറ്റി ആലോചിക്കേണ്ടതുണ്ട്, കേന്ദ്ര വാർഷികം മേയ് മാസത്തിൽ കൊടകര വെച്ചാണ് നടക്കുന്നത് എന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

തുടർന്ന് ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ തൃശൂർ, മിസ്റ്റർ കേരള എന്നീ വിഭാഗങ്ങളിൽ മാസ്റ്റേഴ്സ് ഇനത്തിൽ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കാവല്ലൂർ പിഷാരത്ത് ശ്രീകുമാർ പിഷാരോടിയെ (തൃശൂർ ശാഖ അംഗം) ഡോ. വി. പി ഗോപിനാഥൻ പൊന്നാടയണിയിച്ച് ആദരിച്ചു. എല്ലാവരും ശ്രീകുമാറിനെ അഭിനന്ദിച്ചു. ശ്രീ ശ്രീകുമാർ സമുചിതമായി മറുപടി പറഞ്ഞു.

മരണാനന്തരച്ചടങ്ങുകളുടെ സുഗമമായ പ്രവർത്തന സൗകര്യം കണക്കിലെടുത്ത് ചെറിയൊരു ഉപസമിതി രൂപീകരിക്കുന്നത് നന്നായിരിക്കും എന്ന് ശ്രീ രാജേഷ് അഭിപ്രായപ്പെട്ടു.ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ ആസ്ഥാന മന്ദിരത്തിൽ ഇന്നോളം 65 പിണ്ഡവും പന്ത്രണ്ടോളം ശ്രാദ്ധവും നടന്ന വിവരം യോഗത്തെ അറിയിച്ചു. അത് വളരെ ഗംഭീരമായി, ആർക്കും പരാതികൾ ഇല്ലാതെ നടത്തി വരുന്ന തൃശൂർ ശാഖയെ അഭിനന്ദിക്കുന്നുവെന്നും അതിന് വേണ്ടി പ്രവർത്തിക്കുന്നവർ പ്രതിഫലമില്ലാതെ എല്ലാവരും സേവനങ്ങൾ ആണ് നടത്തി വരുന്നത്, ഉപസമിതി ചിന്തിക്കാവുന്നതാണ് എന്നും അഭിപ്രായപ്പെട്ടു. ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന ശാഖകൾ ചെറിയൊരു തുക സമാജത്തിലേക്ക് കൂടി അടക്കുക എന്നൊരു തീരുമാനം കോങ്ങാട്, പട്ടാമ്പി ശാഖകൾ നടപ്പിലാക്കിയിട്ടുണ്ട്. തൃശൂർ ശാഖയും അതേപ്പറ്റി ചർച്ച ചെയ്ത് തീരുമാനമെടുക്കണം. ഇപ്പോൾ ചടങ്ങുകൾക്ക് വാങ്ങുന്ന തുകയിൽ 4000 രൂപ സ്ഥല വാടകയായി എഡ്യൂക്കേഷണൽ &വെൽഫെയർ സൊസൈറ്റിയിൽ ആണ് അടക്കുന്നത് എന്നും അറിയിച്ചു.

സമാജം നടത്തി വരുന്ന പ്രവർത്തനങ്ങളെപ്പറ്റിയും ശ്രീ ഹരി കൃഷ്ണൻ വിശദീകരിച്ചു. കാലാനുസൃത വികസനങ്ങൾ നമുക്കും ആവശ്യമുണ്ട്. അതിനുള്ള ശ്രമങ്ങൾ കൂടി തുടങ്ങേണ്ടതുണ്ട്. കുടുംബക്കൂട്ടായ്മകൾക്ക് പ്രാധാന്യം കൊടുക്കണം.മുളകുന്നത്ത്കാവ് ശാഖ രൂപീകരണത്തിന്റെ കാര്യം എല്ലാവരും കൂടി ചർച്ച ചെയ്ത് കേന്ദ്രവുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ട വിഷയമാണ് എന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു. കലാവിഭാഗം പോലെ നമുക്ക് ഒരു സ്പോർട്സ് വിഭാഗം കൂടി ഉണ്ടാവേണ്ടതുണ്ട്.

തുടർന്ന് നടന്ന ചർച്ചയിൽ ശ്രീ സി. പി അച്യുതൻ ചടങ്ങ്ദിവസങ്ങളിൽ സ്ഥലം വൃത്തിയാക്കാൻ ആരെയെങ്കിലും ഏൽപ്പിക്കുന്നത് നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടു. അംഗത്വ സംഖ്യ കൂട്ടുന്നതിനെ പറ്റി കൂടി ചിന്തിക്കണം എന്ന് ഡോ. വി. പി ഗോപിനാഥൻ സൂചിപ്പിച്ചു. സെൻസസ്, തൃശൂർ ശാഖയുടെ പുതിയ ഡയറക്ടറി തയ്യാറാക്കൽ എന്നിവയെ പറ്റി ശ്രീ ശ്രീധരൻ (മുരളി) വിശദീകരിച്ചു. ചർച്ചയിൽ ശ്രീ കെ. പി ബാലകൃഷ്ണൻ, ശ്രീ വി പി ബാലകൃഷ്ണൻ, ദാമോദരൻ,ശ്രീ രഘു നന്ദനൻ തുടങ്ങി പലരും സംസാരിച്ചു.

ശാഖയുടെ പുതിയ ടെലിഫോൺ ഡയറക്ടറി നിർമ്മിക്കാനുള്ള ഉത്തരവാദിത്തം ശ്രീ സി പി അച്യുതനെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ശ്രീ എ. രാമചന്ദ്ര പിഷാരോടി, ശ്രീ വിനോദ് കൃഷ്ണൻ, ശ്രീ ഗോപൻ പഴുവിൽ എന്നിവരെ കൂടി ഡയറക്ട്റി തയ്യാറാക്കുന്നതിനു വേണ്ടി ഉൾപ്പെടുത്തി.

മരണാനന്തരച്ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ശ്രീ രാജേഷിന്റെ നേതൃത്വത്തിൽ ശ്രീ സി. പി അച്യുതൻ, ശ്രീ കെ. പി ഗോപകുമാർ, ശ്രീമതി രഞ്ജിനി ഗോപി എന്നിവരടങ്ങുന്ന ഉപ സമിതി രൂപീകരിച്ചു.

ശാഖയുടെ നേതൃത്വത്തിൽ നടത്തുന്ന തീർത്ഥ, വിനോദ യാത്രകളിൽ പങ്കെടുക്കുന്നവർക്ക് ആശ്വാസം പകർന്നു കൊണ്ട് 500 രൂപ വീതമുള്ള ഒരു പ്രതിമാസ ഫണ്ട് പദ്ധതി തുടങ്ങാൻ തീരുമാനിച്ചു. ശ്രീ കെ. പി ഗോപകുമാറിനെ അതിന്റെ ചുമതല ഏൽപ്പിച്ചു.

മുളകുന്നത്ത് കാവ് ശാഖ രൂപീകരണത്തിനായി തൃശൂർ ശാഖ സമ്മതം നല്കാനും അവിടെയുള്ള 25 അംഗങ്ങളുടെ ഒപ്പോടെയുള്ള അപേക്ഷ കേന്ദ്രത്തിനു സമർപ്പിക്കണമെന്ന് അവരെ അറിയിക്കാനും തീരുമാനമായി. ഈ വിവരം അറിയിക്കാൻ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണനെ ചുമതലപ്പെടുത്തി.

മേയ് 21 ന് നടക്കുന്ന കേന്ദ്ര വാർഷിക പൊതു യോഗത്തിന്റെ ഭാഗമായി ഏപ്രിൽ 23 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിലേക്ക് എത്രയും പെട്ടെന്ന് ശാഖയുടെ പ്രതിനിധി ലിസ്റ്റ് കൊടുക്കണമെന്ന് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി അറിയിച്ചു.

ക്ഷേമ നിധി നടത്തി.

വല്ലച്ചിറ ട്രസ്റ്റ്‌

തുടർന്ന് നടന്ന വല്ലച്ചിറ ട്രസ്റ്റ്‌ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു കൊണ്ട് വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി കഴിഞ്ഞ പ്രാവശ്യത്തെ മിനിറ്റ്സ് റിപ്പോർട്ട് വായിച്ചു.

ട്രസ്റ്റ്‌ പ്രവർത്തനങ്ങൾ കേന്ദ്ര ഭരണ സമിതിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ചർച്ചയിൽ ശ്രീ കെ. പി ഗോപകുമാർ,ശ്രീ വി. പി ബാലകൃഷ്ണൻ, ഡോ. വി. പി ഗോപിനാഥൻ, ശ്രീ കെ. പി ബാലകൃഷ്ണൻ, ശ്രീ കെ. പി ഹരികൃഷ്ണൻ തുടങ്ങിയവരും സംസാരിച്ചു.

ഏപ്രിൽ മാസത്തെ യോഗം 16-04-2023 ഞായറാഴ്ച്ച വൈകീട്ട് 3.30 ന് ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണന്റെ ഭവനത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

വിലാസം.
“ചൈതന്യ”, രാമപുരം പിഷാരം
രാമപുരം ശ്രീരാമക്ഷേത്രത്തിന് സമീപം,
പുലക്കാട്ടുകര റോഡ്,
മണലി, തൃശൂർ 680301

ശ്രീ സി. പി അച്ചുതന്റെ നന്ദിയോടെ യോഗം 6 ന് അവസാനിച്ചു.

വൈസ് പ്രസിഡണ്ട്

എ. രാമചന്ദ്ര പിഷാരോടി

1+

Leave a Reply

Your email address will not be published. Required fields are marked *