തൃശൂർ ശാഖ 2024 ജൂലൈ മാസ യോഗം

തൃശൂർ ശാഖയുടെ ജൂലൈ മാസ യോഗം 21-07-2024 ന് അഞ്ചേരി പിഷാരത്ത് ശ്രീ ചന്ദ്രന്റെ ഭവനം, തൃശൂർ നളന്ദ അപ്പാർട്മെന്റ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി രാജി ചന്ദ്രൻ, രോഹിണി നാരായണൻ എന്നിവരുടെ പ്രാർഥനയോടെ ആരംഭിച്ചു. ശ്രീമതി എ. പി സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 3>മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. ഗൃഹനാഥൻ ശ്രീ ചന്ദ്രൻ ഏവർക്കും സ്വാഗതം ആശംസിച്ചു. സെക്രട്ടറി ശ്രീ എ. പി ജയദേവൻ റിപ്പോർട്ടും ട്രഷറർ ശ്രീ ആർ. പി രഘുനന്ദനൻ കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസാക്കി. അന്തരിച്ച ചൊവ്വര കല്ലങ്കര പിഷാരത്ത് നാരായണൻ കുട്ടി, ടെംപിൾ ടവർ രാധ പിഷാരസ്യാർ എന്നിവരടക്കം ഇക്കഴിഞ്ഞ മാസക്കാലയളവിൽ ഈ ലോകം വിട്ടു പോയ എല്ലാ കുടുംബാംഗങ്ങളുടെയും വിയോഗത്തിൽ മൗനമായി എല്ലാവരും പ്രണാമമർപ്പിച്ചു.

അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ കഴിഞ്ഞ മാസത്തിലെ യോഗ തീരുമാന പ്രകാരം ശാഖയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മോഡൽ ഹോം ഫോർ ഗേൾസ്, പ്രത്യാശാഭവൻ, ആശാഭവൻ എന്നീ സ്ഥാപനങ്ങൾ സന്ദർശിക്കുകയും അവിടത്തെ ആവശ്യങ്ങൾ അറിയുകയും ചെയ്ത വിവരം യോഗത്തെ അറിയിച്ചു. പിരിവ് കുറച്ചു കൂടി ഊർജ്ജിതമാക്കേണ്ടതുണ്ട്, രാമായണവായന പതിവ് പോലെ വളരെ നന്നായി നടന്നു കൊണ്ടിരിക്കുന്നു എന്നുമറിയിച്ചു.

തുളസീദളം സെപ്റ്റംബർ ലക്കം ഓണപ്പതിപ്പായി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുള്ള വിവരം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ അറിയിച്ചു. മുഴുവനും കളർ പേജുകളോടെ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിയാവുന്ന പരസ്യങ്ങൾ സംഘടിപ്പിച്ച് തന്ന് ഓണപ്പതിപ്പിനെ വിജയിപ്പിക്കാൻ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കോവിഡ് കാലത്ത് വെബ് സൈറ്റും തുളസീദളവും ചേർന്ന് ഒൺലൈൻ വഴി ആരംഭിച്ച രാമായണ വായന പടിപടിയായി വളർന്ന് ഈ വർഷം 85 പേർ പങ്കെടുക്കുന്ന രീതിയിൽ ശ്രദ്ധേയമായിട്ടുണ്ട് എന്ന് ശ്രീ കെ. പി ഹരികൃഷ്ണൻ പറഞ്ഞു.ഏകദേശം 750 പേർ ഓൺലൈൻ വഴി അത് കാണുന്നുമുണ്ട്.നമ്മുടെ ശാഖയിൽ നിന്നും തുടക്കത്തിൽ ധാരാളം കുട്ടികൾ /യുവജനങ്ങൾ വായനയിൽ പങ്കെടുത്തിരുന്നു എങ്കിലും ഇപ്പോൾ വളരെ കുറച്ചു പേർ മാത്രമാണ് പങ്കെടുക്കുന്നത്. കൂടുതൽ കുട്ടികളെ ചേർക്കാനും അവരെ സജീവമാക്കാനും ശാഖ വഴി പ്രവർത്തനങ്ങൾ നേരിട്ട് നടത്തുകയോ അല്ലെങ്കിൽ അതിനു വേണ്ടി താൽപ്പര്യമുള്ളവരെ ചുമതലപ്പെടുത്തുകയോ ചെയ്യുന്നത് അഭികാമ്യമായിരിക്കും.വിദ്യാഭ്യാസ പുരസ്കാരങ്ങളും സ്ക്കോളർഷിപ്പുകളും കൊടുത്തു തുടങ്ങിയത് മുതൽ സമാജം എല്ലാവർക്കും താല്പര്യമുള്ള വിധം ശ്രദ്ധിക്കപ്പെട്ടു എന്നത് വസ്തുതയാണ്. എന്നാൽ വിതരണത്തിൽ കാലാനുസൃതം അനിവാര്യമായ മാറ്റങ്ങൾ വരുത്തുന്ന കാര്യത്തിൽ അൽപ്പം ഉദാസീനത സംഭവിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ടെന്ന് ശ്രീ ഹരികൃഷ്ണൻ സൂചിപ്പിച്ചു.സമാജത്തിന്റെ ഏതു പരിപാടികളിലും ഉത്സാഹപൂർവ്വം പങ്കെടുക്കുന്ന കുട്ടികളെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് നാൽപ്പതോളം കുട്ടികൾ രണ്ട് ദിവസം സജീവമായി ഉത്സാഹത്തോടെ പങ്കെടുത്ത പരിപാടിയായിരുന്നു ജ്യോതിർഗമയ. പങ്കെടുത്തതിന് അവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. എന്നാൽ ഈ സർട്ടിഫിക്കറ്റുകൾക്ക് കൂടുതൽ മൂല്യമുണ്ടാകുന്നത് വിദ്യാഭ്യാസ പുരസ്‌കാര നിർണ്ണയം പോലെയുള്ള പ്രധാന പരിപാടികളിൽ അവർക്ക് പ്രത്യേക പരിഗണന നൽക്കുന്നത് ഭാവിയിൽ കൂടുതൽ കുട്ടികളെ കൂടി സമാജത്തിലേക്ക് ആകർഷിക്കാൻ സാധിക്കും. ഇത് തന്നെ രാമായണ വായനയിൽ പങ്കെടുക്കുന്നവർക്ക് കൂടി ബാധകമാവും. രണ്ട് ദിവസം ജ്യോതിർഗമയയിൽ പങ്കെടുത്ത കുട്ടികൾക്ക് ആ ദിവസങ്ങൾ ഏറ്റവും സന്തോഷം നിറഞ്ഞവയായിരുന്നു. തൃശൂർ ശാഖയുടെ നേതൃത്വത്തിൽ എല്ലാ വർഷവും കുട്ടികൾക്ക് കൂടിച്ചേരാൻ ഒരൂ ദിവസം നൽകുന്നതും സമാജത്തിലേക്ക് എത്താൻ കൂടുതൽ കുട്ടികൾക്ക് പ്രചോദനമാവും എന്നും ഹരികൃഷ്ണൻ പറഞ്ഞു.

വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരടി തൃശൂർ ശാഖയുടെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ ഓണാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നതാണ് എന്നറിയിച്ചു.ആഗസ്റ്റ് ലക്കം തുളസിദളത്തിൽ അറിയിപ്പുണ്ടാകും. ശാഖയിലെ അർഹരായ ഒരു കുട്ടി പോലും വിട്ടുപോകാതിരിക്കാൻ എല്ലാവരും ചേർന്ന് പരിശ്രമിക്കണം. അറിയാവുന്ന കുട്ടികളെ അറിയിക്കണം.വരിസംഖ്യ പിരിവ് എത്രയും പെട്ടെന്ന് തന്നെ തീർക്കണം.ജനറൽ സെക്രട്ടറി ശ്രീ ഗോപകുമാർ ഇന്ന് എത്തിയിട്ടില്ലാത്തതിനാൽ പ്രധാന കേന്ദ്ര വിശേഷങ്ങൾ കൂടി ഇവിടെ പങ്ക് വെക്കുന്നു. സമാജം ആസ്ഥാന മന്ദിരത്തിൽ കലാനിലയം അനിൽകുമാറിന്റെ ശിക്ഷണത്തിൽ നടന്നു കൊണ്ടിരിക്കുന്ന കഥകളി ക്ലാസ്സിലെ 6 വിദ്യാർത്ഥികളുടെ അരങ്ങേറ്റം ഈയിടെ അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിൽ വെച്ച് നടക്കുകയുണ്ടായി.ക്‌ളാസുകൾ തുടങ്ങി വെറും 8 മാസത്തിനുള്ളിൽ അരങ്ങേറ്റം നടന്നു എന്നത് പ്രശംസനീയം. ആസ്ഥാന മന്ദിരത്തിൽ ചെണ്ട വാദന ക്ലാസ്സ്‌, യോഗ ക്ലാസുകൾ എന്നിവയും വളരെ ഗംഭീരമായി നടന്നു വരുന്നു. ഒക്ടോബർ 6 ന് ഗസ്റ്റ് ഹൌസ് വാർഷികത്തോടനുബന്ധിച്ച് ഗസ്റ്റ് ഹൌസ് മെമ്പർമാരുടെ യോഗം ചേരുന്നുണ്ട് എന്ന വിവരവും ശ്രീ രാമചന്ദ്ര പിഷാരടി യോഗത്തിൽ പങ്ക് വെച്ചു.

സ്റ്റേറ്റ് ലെവലിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗോവിന്ദ് ഹരികൃഷ്ണനെ യോഗം അഭിനന്ദിച്ചു. സമാജം മുൻ ജനറൽ സെക്രട്ടറിയും പ്രസിഡണ്ടും രക്ഷാധികാരിയുമായ ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി ഗോവിന്ദിനു വ്യക്തിപരമായി പ്രോത്സാഹന പുരസ്കാരം നൽകി. തുടർന്ന് ശ്രീ ബാലകൃഷ്ണ പിഷാരോടി വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങൾ ആവിർഭവിച്ച കാലത്തെ അനുഭവങ്ങൾ വിവരിച്ചു.

വിശദമായ ചർച്ചയിൽ സർവ്വ ശ്രീ കെ. പി ബാലകൃഷ്ണ പിഷാരടി, കെ. പി ഹരികൃഷ്ണൻ, ആർ. പി രഘുനന്ദനൻ, രാമനാഥൻ, മോഹൻദാസ്, മണികണ്ഠൻ,ശ്രീമതി രഞ്ജിനി ഗോപി തുടങ്ങിയവർ പങ്കെടുത്തു.

യോഗ തീരുമാനങ്ങൾ

ഗസ്റ്റ് ഹൌസിൽ നിന്നും ശാഖക്ക് ലഭിക്കേണ്ട ഒരു ലക്ഷം രൂപയടക്കം ഇപ്പോൾ ശാഖയിൽ ഉള്ള തുക ബാങ്കിൽ ഫിക്സ്ഡ് ആയി ഡെപ്പോസിറ്റ് ഇടാൻ തീരുമാനമായി.

ശാഖയുടെ ഈ വർഷത്തെ ഓണാഘോഷം 2024 സെപ്റ്റംബർ 22 ന് ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്താൻ തീരുമാനമായി.

മോഡൽ ഹോം ഫോർ ഗേൾസ്, പ്രത്യാശാഭവൻ എന്നിവിടങ്ങളിൽ അവർ ആവശ്യപ്പെട്ട തയ്യൽ മെഷീൻ, മറ്റു സാധനങ്ങൾ എന്നിവ നൽകാൻ തീരുമാനിച്ചു. യോഗത്തിൽ വെച്ച് തന്നെ പല അംഗങ്ങളും അവക്കാവശ്യമായ സാമ്പത്തീക സഹായങ്ങൾ നല്കാൻ തയ്യാറാണെന്ന് അറിയിച്ചു. ആവശ്യമായി വരുന്ന കൂടുതൽ തുക പിരിച്ചെടുക്കാനും തീരുമാനിച്ചു.

ജ്യോതിർ ഗമയ പോലുള്ള പഠനേതര വിഷയങ്ങളിലടക്കം സമാജത്തിൽ സജീവ സാന്നിദ്ധ്യവും നല്ല പ്രവർത്തനവും കാഴ്ച വെക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്‌ക്കാര നിർണ്ണയത്തിൽ പ്രത്യേക പരിഗണന നൽകണമെന്ന് കേന്ദ്ര കമ്മിറ്റിയോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചു.

ക്ഷേമ നിധി നടത്തി.ജോയിന്റ് സെക്രട്ടറി ശ്രീ നാരായണ പിഷാരോടിയുടെ നന്ദിയോടെ യോഗം വൈകീട്ട് 5.30 ന് അവസാനിച്ചു.

സെക്രട്ടറി

0

Leave a Reply

Your email address will not be published. Required fields are marked *