തൃശൂർ ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 20-02-2022 ഞായറാഴ്ച്ച ഉച്ച തിരിഞ്ഞ് 4 ന് ഒല്ലൂർ എടക്കുന്നി സാരസ്വതത്തിൽ വെച്ച് ശാഖ വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
ദേവിക വിജു പ്രാർത്ഥന ചൊല്ലി. ഗൃഹനാഥനും ജോയിന്റ് സെക്രട്ടറിയുമായ ശ്രീ ഗോപൻ പഴുവിൽ ഏവർക്കും സ്വാഗതം പറഞ്ഞു.ഫെബ്രുവരിയിൽ എല്ലാവരെയും വിട്ടു പിരിഞ്ഞ അഞ്ചേരി പിഷാരത്ത് മാധവിക്കുട്ടി പിഷാരസ്യാരുടെയും അന്തരിച്ച മറ്റു അംഗങ്ങളുടെയും ദു:ഖ സ്മരണയിൽ മൗന പ്രാർത്ഥന നടത്തി.
കൊടകര ശാഖ അംഗവും തുളസീദളം പത്രാധിപ സമിതി അംഗവുമായ ശ്രീ രാജൻ സിത്താര അടക്കം സമാജത്തിന്റെ എല്ലാ കാര്യങ്ങളിലും പരിപൂർണ്ണ പിന്തുണയോടെ ഒപ്പം നിൽക്കുന്ന തൃശൂർ ശാഖയിലെ പല അംഗങ്ങളും യോഗത്തിനെത്തിയതിൽ സന്തോഷമറിയിച്ചു കൊണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി നടത്തിയ അദ്ധ്യക്ഷ ഭാഷണത്തിൽ ഫണ്ട് പിരിവ്, സെൻസസ് എന്നിവ എത്രയും വേഗം പൂർണ്ണമാക്കേണ്ടതുണ്ടെന്ന് പറഞ്ഞു. എണ്ണൂറിലധികം അംഗ സംഖ്യയുള്ള വലിയ ശാഖയാണ് നമ്മുടേത്, കോവിഡ് മൂലം ഗൃഹ സന്ദർശനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ട്, ഇത്തരമുള്ള പ്രയോഗിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട് എങ്കിലും എല്ലാവരും പ്രത്യേകം താല്പര്യമെടുത്ത് രണ്ടും വേഗം പൂർത്തിയാക്കണമെന്നും പറഞ്ഞു. സെൻസസ് കൊണ്ട് സമുദായത്തിന് ഭാവിയിൽ ഉണ്ടാകാവുന്ന ആനുകൂല്യങ്ങളെ പറ്റിയും വല്ലച്ചിറ ട്രസ്റ്റ് പ്രവർത്തനങ്ങളെ പറ്റിയും ശ്രീ രാമചന്ദ്ര പിഷാരോടി വിശദീകരിച്ചു. ജാതിയേതര വിവാഹങ്ങൾ നടത്തിയവരിൽ അന്യ ജാതിയിൽപെട്ടവരുടെ അംഗത്വത്തെ പറ്റി പലർക്കും സംശയങ്ങൾ ഉണ്ട്. വരിസംഖ്യ വാങ്ങി അവരെ അംഗങ്ങളാക്കുന്നതിൽ ഒരു തടസ്സവുമില്ല എന്നും വ്യക്തമാക്കി. കോലഴി ശ്രീ ടി. പി. രവികുമാർ ഈയിടെ ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ കുടുംബമടക്കം താമസിച്ചപ്പോൾ അവർക്കുണ്ടായ അനുഭവത്തെ പറ്റി വളരെ നല്ല, പ്രോത്സാഹനജനകമായ അഭിപ്രായം അറിയിച്ചതിന്റെ വിവരങ്ങളും ശ്രീ രാമചന്ദ്ര പിഷാരോടി യോഗത്തെ അറിയിച്ചു.
ഗസ്റ്റ് ഹൗസിലെ ഒരു മുറിയിലേക്ക് ആവശ്യമായ സകല വസ്തുക്കളും നൽകാൻ ശ്രീ രവി തയ്യാറാണ് എന്നറിയിച്ചിട്ടുണ്ട്. രവിക്കും കുടുംബത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വരിസംഖ്യ പിരിവ് ഗൂഗിൽ പേ വഴി ആക്കുന്നതിനെ കുറിച്ച് ശ്രീ ആർ. ശ്രീധരൻ വിശദീകരിച്ചു. കഴിയാവുന്ന അത്ര ഗൂഗിൽ പേ വഴിയും സാധിക്കാത്തവർക്ക് നേരിട്ടും പിരിവ് നടത്താമെന്ന് തീരുമാനിച്ചു. സെൻസസ് എല്ലാവരും കൂടി ശ്രമിച്ചാൽ എളുപ്പത്തിൽ നടത്താവുന്നതാണെന്നും താൻ തന്നെ ഇതിനകം 150 ൽ പരം പേരെ ചേർത്ത് കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
നമ്മുടെ ലക്ഷ്യങ്ങളിൽ ഒന്നായ വൃദ്ധ സദനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വൃദ്ധ സദനങ്ങളിൽ വിശദമായ അന്വേഷണം നടത്തിയതിന്റെ വിവരങ്ങൾ ശ്രീ രാജേഷ് പിഷാരോടി പങ്ക് വെച്ചു.
സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ റിപ്പോർട്ടും ട്രഷറർ ശ്രീ ടി. പി. ഗോപി കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി.
ആശംസാഭാഷണത്തിൽ ജനറൽ സെക്രട്ടറി ശ്രീ കെ. പി. ഹരികൃഷ്ണൻ അർജുന്റെ ചികിത്സാ സഹായത്തിനു സമുദായത്തിലെ അംഗങ്ങളിൽ നിന്നും സഹായം ലഭ്യമാക്കാൻ കഴിഞ്ഞ വിവരം അറിയിച്ചു. അർജുൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ഇവിടെ ചർച്ച ചെയ്ത വയോധികർക്ക് താമസിക്കാൻ ഉള്ള പദ്ധതിക്ക് ഗുരുവായൂർ ഗസ്റ്റ് ഹൌസ് ഉപയോഗിക്കാൻ സാധിക്കുമോ എന്ന് ചർച്ച ചെയ്യാവുന്നതാണ് എന്നും അഭിപ്രായപ്പെട്ടു.
തുളസീദളത്തിന് കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്ന് അതിന്നനുസൃതമായ നിർദ്ദേശങ്ങളടക്കം ഉൾക്കൊള്ളിച്ചു കൊണ്ടു വന്ന കുറിപ്പിനെ തീർച്ചയായും പരിഗണിച്ചു കൊണ്ട് വേണ്ട മാറ്റങ്ങൾക്ക് ശ്രമിക്കുമെന്ന് ഹരികൃഷ്ണൻ വ്യക്തമാക്കി.
നമ്മുടെ വെബ് സൈറ്റ് ഈ ഫെബ്രുവരിയിൽ 20 വർഷം പൂർത്തിയാക്കുകയാണ്. തുടർന്ന് വെബ് സൈറ്റ്, യുവചൈതന്യം എന്നിവ ആരംഭിച്ചതിന്റെ ചരിത്രം ജനറൽ സെക്രട്ടറി വിശദീകരിച്ചു. മാർച്ച് മാസം തുളസീദളം നമ്മൾ വെബ് സൈറ്റ് പ്രത്യേക പതിപ്പായിട്ടാണ് പ്രസിദ്ധീകരിക്കുന്നതെന്നും വ്യക്തമാക്കി.
മരണാനന്തര ചടങ്ങുകൾ വളരെ ഭംഗിയായി നടത്തിക്കൊണ്ടിരിക്കുന്ന തൃശൂർ ശാഖക്ക് മറ്റ് ശാഖകളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കുന്നു എന്ന വിവരവും അദ്ദേഹം പങ്ക് വെച്ചു. പഴയ കാല സൗഹൃദ കൂട്ടായ്മകൾ കലാന്തരത്തിൽ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. അവ തിരിച്ചു പിടിക്കേണ്ടതുണ്ട് എന്ന് ശ്രീ ഹരികൃഷ്ണൻ ഓർമ്മിപ്പിച്ചു.
സൗഹൃദക്കൂട്ടായ്മ വീണ്ടും തിരിച്ചു വരേണ്ടതിന്റെ അനിവാര്യതയെപ്പറ്റി ശ്രീ രാജൻ സിത്താരയും സൂചിപ്പിച്ചു. വാർഷികങ്ങൾക്കും യുവജനങ്ങളുടെ കലാ പരിപാടികൾ ഉണ്ടാകുമ്പോഴും മാത്രമാണ് ഇപ്പോൾ സമാജത്തിനു കൂടുതൽ ജന പങ്കാളിത്തം കാണാൻ സാധിക്കുന്നത്. ഇത് മാറി എല്ലാവർക്കും ഏത് മീറ്റിങ്ങുകൾക്കും എത്താനുള്ള താൽപ്പര്യം ഉണ്ടാകണം. അതിന് സൗഹൃദ കൂട്ടായ്മകൾ വളരെ ഗുണം ചെയ്യും. സൗഹൃദ കൂട്ടായ്മകളുടെ ആവശ്യകതയെ പറ്റിയും യുവജന പങ്കാളിത്തം കുറയുന്നതിനെ പറ്റിയും ശ്രീമതി ജ്യോതി ബാബു സംസാരിച്ചു.
സമാജത്തിന്റെ നേതൃത്വത്തിൽ ഒരു മാര്യേജ് ബ്യൂറോ ആരംഭിക്കുന്നതിനെ പറ്റി ആലോചിക്കാവുന്നതാണെന്ന് ശ്രീ പി. രഘുനാഥ് (കോലഴി) നിർദ്ദേശിച്ചു.
വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ ലെഫ്.കേണൽ ഡോക്ടർ വി. പി. ഗോപിനാഥ്, ടി പി മോഹനകൃഷ്ണൻ, സി. പി. അച്യുതൻ, വിനോദ്, ഗോവിന്ദ് പിഷാരോടി, മണികണ്ഠ പിഷാരോടി എന്നിവരടക്കം എല്ലാവരും പങ്കെടുത്തു.
ക്ഷേമ നിധി നടത്തി.
അടുത്ത മാസത്തെ യോഗം മാർച്ച് 20 ഞായറാഴ്ച രാവിലെ 11ന് ഡോക്ടർ ലെഫ്. കേണൽ ഗോപിനാഥിന്റെ വസതിയിൽ(വരദാസ്, ക്യാപിറ്റൽ എൻക്ലേവ്, പ്രസ്സ് ക്ലബ് റോഡ്, തൃശൂർ. ഫോൺ- 04872333344, 9349768364) വെച്ച് നടത്തുവാൻ തീരുമാനിച്ച്, മീറ്റിംഗിൽ(അന്ന് ശാഖ ക്ഷേമ നിധി ഉണ്ടായിരിക്കുന്നതാണ്) എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ശ്രീ സുരേഷിന്റെ നന്ദിയോടെ 5.30. ന് യോഗം അവസാനിച്ചു. സാരസ്വതത്തിൽ എത്തിയ എല്ലാവരോടും ജിതിൻ ടി ജി പ്രത്യേകം നന്ദിയും പറഞ്ഞു
സെക്രട്ടറി
കെ. പി. ഗോപകുമാർ