തൃശൂർ ശാഖയുടെ ഡിസംബർ മാസ യോഗം വെളപ്പായ ശ്രീമതി പത്മിനിയുടെ ഭവനം പ്രശാന്തിയിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഗൃഹ നാഥ ശ്രീമതി പത്മിനിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.ശ്രീമതി ജയ ഗോപകുമാർ, ശ്രീമതി പത്മിനി, ശ്രീമതി ഗീത എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 7മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. ഈയിടെ അന്തരിച്ച മുളകുന്നത്ത് കാവ് കാവല്ലൂർ പിഷാരത്ത് തങ്കം പിഷാരസ്യർ അടക്കം ഈ ലോകം വിട്ടുപോയ കുടുംബാംഗങ്ങളുടെ സ്മരണയിൽ മൗന പ്രാർത്ഥന നടത്തി.ശ്രീമതി പത്മിനി ഏവർക്കും സ്വാഗതം ആശംസിച്ചു. സെക്രട്ടറിയുടെ അഭാവത്തിൽ ശ്രീ എ പി ഗോപി കഴിഞ്ഞ മാസത്തെ റിപ്പോർട്ടും ട്രഷറർ ശ്രീ ആർ. പി രഘുനന്ദനൻ കണക്കും വായിച്ചത് കയ്യടികളോടെ പാസ്സാക്കി.
അദ്ധ്യക്ഷന്റെ വാക്കുകളിൽ ശ്രീ വിനോദ് കൃഷ്ണൻ നമ്മൾ ഈയിടെ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ഇനിയുള്ളത് കഴകക്കാരെ ആദരിക്കുന്ന ചടങ്ങാണ്. അത് ഉടനെ തന്നെ നടത്തേണ്ടതുണ്ട്. അതുപോലെ സർഗ്ഗോത്സവം, വാർഷികം, വിനോദയാത്ര എന്നിവയെ പറ്റിയൊക്കെ തീരുമാനമെടുക്കേണ്ട സമയമായി. കേരള സംഗീത നാടക അക്കാദമി അംഗീകാരം ലഭിച്ച തുളസീദളം കലാ സാംസ്കാരിക സമിതിയെ വിപുലീകരിക്കേണ്ടതുണ്ടെന്നും ശ്രീ വിനോദ് കൃഷ്ണൻ പറഞ്ഞു.
വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി തുളസീദളം കലാ സാംസ്‌ക്കാരിക സമിതിക്ക് കേരള സംഗീത നാടക അക്കാദമി രജിസ്ട്രേഷൻ ലഭിച്ച വിവരവും ഡിസംബർ 1ന് കലാ സമിതിയുടെ യോഗം ചേർന്ന് എടുത്തിട്ടുള്ള തീരുമാനങ്ങളും യോഗത്തിൽ വിശദീകരിച്ചു. ഇപ്പോഴത്തെ സമിതിയിൽ ശ്രീ രാജൻ സിത്താര ഒഴികെ ബാക്കി എല്ലാവരും തൃശൂർ ശാഖയിൽ പെട്ടവരാണ്. ഇനി എല്ലാ ശാഖയിലുമുള്ള കലാ പ്രവർത്തകരോടൊപ്പം പൊതു ജനങ്ങളിൽ നിന്നും അംഗങ്ങളെയും ചേർക്കേണ്ടതുണ്ട്. ഇപ്പോഴത്തെ തീരുമാന പ്രകാരം ഒരാൾക്ക് മാസ വരി 10 രൂപയും ആജീവനാന്ത അംഗസംഖ്യ 500 രൂപയുമായി നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി യുവജന വിഭാഗം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവരിൽ നിന്ന് തന്നെ പ്രസിഡണ്ട്, സെക്രട്ടറി, കമ്മിറ്റി അംഗങ്ങൾ എന്നിവരെയൊക്കെ തെരഞ്ഞെടുക്കും. കുട്ടികളുടെയും യുവ ജനങ്ങളുടെയും സംഘാടക ശക്തി കൂടി തിരിച്ചറിയാനും സാമൂഹ്യപരമായ കാര്യങ്ങളിൽ അറിവുണ്ടാകാനും ഒപ്പം അവരുടെ എല്ലാ കഴിവുകളും കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഇത് സഹായമാകും.ഭാവിയിൽ കേന്ദ്ര സംഗീത നാടക അക്കാദമി രജിസ്‌ട്രേഷൻ ലഭ്യമാക്കുക എന്നത് നമ്മുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. അധികം താമസിയാതെ തന്നെ സമിതിക്ക് നല്ല പരസ്യങ്ങളോടെ കേരള സംഗീത നാടക അക്കാദമിയിൽ വെച്ച് തന്നെ ഒരു കൾച്ചർ പ്രോഗ്രാം നടത്തേണ്ടതുണ്ട്. ടിക്കറ്റ് വെച്ചുള്ള പരിപാടികളും ആലോചിക്കാവുന്നതാണ്. അന്തരിച്ച ബാബു നാരായണന്റെ വലിയൊരു ആഗ്രഹമായിരുന്നു ഇങ്ങനെയൊരു സംഘടനയും പ്രോഗ്രാമും. ബാബു നാരായണന്റെ കുടുംബം അദ്ദേഹത്തിന്റെ സ്മരണക്കായി 75000 രൂപ സമിതിക്ക് നൽകാൻ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്. അതോടൊപ്പം ഒരു സംഖ്യ കൂടി ചേർത്ത് ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ വാർഷികപ്പലിശ കൊണ്ട് അദ്ദേഹത്തിന്റെ പേരിൽ സമൂഹത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ കലാ പ്രതിഭകൾക്ക് പുരസ്‌ക്കാരം നൽകുന്നതാണ്. അതോടൊപ്പം വേറെ ആർക്കൊക്കെ കൊടുക്കാൻ പറ്റും എന്നും ചിന്തിക്കാവുന്നതാണ്. കഴകക്കാരെ ആദരിക്കാൻ തീരുമാനമെടുത്തതനുസരിച്ച് ഇതു വരെ 29 പേരുടെ ലിസ്റ്റ് ലഭിച്ചിട്ടുണ്ട്. അധികം താമസിയാതെ അവരെ ആദരിക്കേണ്ടതുണ്ട്. ആസ്ഥാന മന്ദിരത്തിൽ ദൈനം ദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി അവിടെ ഒരാൾ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ആ കുറവ് ഇപ്പോൾ അവിടെ വല്ലാതെ അനുഭവപ്പെടുന്നുണ്ട്. ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ തൃശൂർ ശാഖ അംഗങ്ങൾക്ക് വർഷത്തിൽ അഞ്ചു ദിവസം അഞ്ചു മുറികൾ സൗജന്യമായി ലഭിക്കുന്നതാണ്. അത് വിനിയോഗിക്കാവുന്നതാണ് എന്നും പറഞ്ഞു.
തുളസീദളം കലാ സമിതി ഭരണ സമിതി അംഗങ്ങളുടെ പേരുകൾ സമിതി സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ യോഗത്തെ അറിയിച്ചു. സമിതി സ്വതന്ത്ര സംഘടന ആയതിനാൽ സമാജവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന ചില സാങ്കേതിക ബുദ്ധിമുട്ടുകളെ പറ്റി ശ്രീ ഗോപൻ പഴുവിൽ സംസാരിച്ചു.
തൃശൂർ ശാഖയുടെ നേതൃത്വത്തിൽ നടക്കുന്ന ഇപ്രാവശ്യത്തെ ജ്യോതിർഗമയ പ്രോഗ്രാമിനെ കുറിച്ച് തീരുമാനമെടുക്കേണ്ടതിനെ പറ്റി ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ സംസാരിച്ചു. ഈയിടെ മുംബൈ ശാഖ വാർഷികത്തിൽ പങ്കെടുത്തതിന്റെ അനുഭവം ശ്രീ ഗോപകുമാർ പങ്ക് വെച്ചു. കൃത്യമായ ആസൂത്രണം, സമയ നിഷ്ഠ, അവതരിപ്പിച്ച പ്രോഗ്രാമുകളുടെ മികവ് എന്നിവയെല്ലാം അഭിന്ദനീയമായിരുന്നു. കുമാരി ഹരിപ്രിയയുടെ ഓട്ടൻ തുള്ളൽ പ്രത്യേകം ശ്രദ്ധേയമായി. ശാഖ അംഗങ്ങൾ അവതരിപ്പിച്ച കഥാ പ്രസംഗം, നൃത്ത നൃത്യങ്ങൾ, സ്കിറ്റ് എന്നിവയെല്ലാം പ്രത്യേകം പരമാർശിക്കത്തക്കവിധം ഗംഭീരമായിയെന്നും അഭിപ്രായപ്പെട്ടു. ആസ്ഥാന മന്ദിരത്തിൽ ഇപ്പോൾ മരണാനന്തര പരിപാടികൾ അടക്കം ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ചന്ദ്രേട്ടൻ സൂചിപ്പിച്ചത് പോലെ ചുമതലക്കായി ഉത്തരവാദപ്പെട്ട ഒരാളെ നിയമിക്കേണ്ടത് അത്യാവശ്യമാണ്.ഗുരുവായൂർ ഗസ്റ്റ് ഹൌസ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.വല്ലച്ചിറ സ്ഥലത്തിന്റെ കാര്യത്തിൽ യോജിച്ച തീരുമാനമെടുക്കേണ്ടതുണ്ടെന്നും പറഞ്ഞു.
തുളസീദളം കലാ സാംസ്‌ക്കാരിക സമിതിയിലേക്ക് തൃശൂർ ശാഖ ഒരു തുക സംഭാവന നൽകാൻ തീരുമാനിച്ചു.
2025 ലെ ആദ്യത്തെ ശാഖായോഗം ജനുവരി 19 ഞായറാഴ്ച്ച ശ്രീ കലാനിലയം അനിൽകുമാറിന്റെ ഭവനം പൂങ്കുന്നത്ത് 4 മണിക്ക് S4,ഹരിത അപ്പാർട്മെന്റിൽ വെച്ച് ചേരുവാൻ തീരുമാനിച്ചു. ഫോൺ നമ്പർ 8129295721, 9947553974. എല്ലാവരും പങ്കെടുക്കാണമെന്ന് അഭ്യർത്ഥിച്ചു.
ശ്രീമതി പത്മിനി വെളപ്പായ സ്വന്തം കവിത ഗുരുവായൂർ ഏകാദശി ദർശനം പുണ്യ ദർശനം യോഗത്തിൽ ചൊല്ലി. തുടർന്ന് നടന്ന ചർച്ചയിൽ ശ്രീ ആർ പി രഘുനന്ദനൻ, ശ്രീ ശ്രീധരൻ, ശ്രീ എ പി ഗോപി എന്നിവർ പങ്കെടുത്തു. ശ്രീ ആർ. പി രഘുനന്ദനൻ നന്ദി പറഞ്ഞതോടെ 5.30 ന് യോഗം അവസാനിച്ചു.