തൃശൂർ ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 18-08-24ന് മുൻ ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണന്റെ ഭവനം, മണലി ചൈതന്യയിൽ (രാമപുരം പിഷാരം) പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ദേവിക ഹരികൃഷ്ണന്റെ പ്രാർഥനയോടെ ആരംഭിച്ചു.
ഗോവിന്ദ് ഹരികൃഷ്ണൻ ഏവർക്കും സ്വാഗതമാശംസിച്ചു. ഇക്കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപോയ എല്ലാവരുടെയും ആത്മാക്കൾക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തി.
ശ്രീ സി പി അച്യുതൻ, ശ്രീമതി എ പി സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം നാലാം ദശകം എല്ലാവരും ചേർന്ന് പാരായണം ചെയ്തു.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ വരിസംഖ്യ പിരിവ്, അഗതികൾക്ക് നമ്മൾ നൽകിയ സഹായം,രാമായണ വായന,ഓണാഘോഷം ഗംഭീരമാക്കുന്നതിനെ കുറിച്ചുമെല്ലാം പൊതുവെ സംസാരിച്ചു. സെക്രട്ടറി ശ്രീ ജയദേവൻ റിപ്പോർട്ടും ട്രഷറർ ശ്രീ രഘുനന്ദനന്റെ അഭാവത്തിൽ ശ്രീ സി പി അച്യുതൻ കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി.
ഒരു മാസം നീണ്ടു നിന്ന ഒൺലൈൻ രാമായണ വായനയെ കുറിച്ച് തുളസീദളം ചീഫ് എഡിറ്റർ ശ്രീമതി എ. പി സരസ്വതി വിശദമായി സംസാരിച്ചു. പാരായണം പതിവ് പോലെ തന്നെ ഈ വർഷവും ഗംഭീരമായി. വായനയിൽ എല്ലാ ദിവസവും സജീവമായി പങ്കെടുത്ത കുട്ടികളാണ് ദേവിക ഹരികൃഷ്ണനും ഗോവിന്ദ് ഹരികൃഷ്ണനും. അവരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. രാമായണ വായനയിൽ കുട്ടികൾക്ക് താൽപ്പര്യം കുറഞ്ഞു വരുന്ന ഇക്കാലത്ത് ഇവർ മാതൃക തന്നെയാണ്. വായന കൊണ്ട് ഉണ്ടാകുന്നതിന്റെ വലിയൊരു ഗുണം ഭാഷ ശുദ്ധമാകും എന്നാണ്. ഇന്ന് കുറഞ്ഞു വരുന്നതും അതാണല്ലോ. അടുത്ത വർഷം ധാരാളം കുട്ടികൾ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കാം എന്നും ശ്രീമതി എ. പി സരസ്വതി പറഞ്ഞു.
രാമായണ വായന ഒൺലൈൻ വഴി ആരംഭിച്ചിട്ട് അഞ്ച് വർഷമായി എന്നും യാതൊരു കുറവുമില്ലാതെ ഭംഗിയായി നടത്തി വരുന്ന എല്ലാവർക്കും തൃശൂർ ശാഖ എപ്പോഴും പ്രോത്സാഹനങ്ങളും അഭിനന്ദനാദരങ്ങളും നൽകി വരുന്ന കാര്യം വൈസ് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി യോഗത്തെ ഓർമ്മിപ്പിച്ചു. പതിവ് പോലെ ഇന്നും രാമായണ ആചാര്യൻ ശ്രീ രാജൻ രാഘവൻ (രാജൻ സിത്താര),പ്രഭാഷകൻ ശ്രീ കെ. പി ഹരികൃഷ്ണൻ എന്നിവരടക്കം പങ്കെടുത്ത എല്ലാവർക്കും ആദരങ്ങളും അനുമോദനങ്ങളും നൽകുന്നുണ്ട്. ഓരോ ദിവസത്തെയും പാരായണത്തെ ലോകമെമ്പാടും എത്തിച്ചു കൊണ്ടിരുന്ന വെബ് സൈറ്റ് ഭാരവാഹികളായ വി പി മുരളി, ടി പി ശശികുമാർ എന്നിവരെ എത്ര അഭിനന്ദിച്ചാലും പോരാതെ വരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തൃശൂർ ശാഖ രണ്ട് പേരെയും പ്രത്യേകം പ്രത്യേകം അഭിനന്ദിക്കുന്നതായും അറിയിച്ചു.
തുടർന്ന് രാമായണ പാരായണാചാര്യൻ ശ്രീ രാജൻ രാഘവന് പുരസ്കാരം നൽകി പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണനും ഓണപ്പുടവ നൽകി വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടിയും ആദരിച്ചു. തുടർന്ന് പ്രഭാഷകൻ ശ്രീ കെ പി ഹരികൃഷ്ണനെ ആചാര്യ ശ്രീമതി രുഗ്മിണി സേതുമാധവൻ പുരസ്കാരം നൽകി ആദരിച്ചു. അതിനു ശേഷം വായനയിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീമതി എ പി സരസ്വതി അനുമോദന പുരസ്ക്കാരങ്ങൾ നൽകി.
ആദരണത്തിനുള്ള മറുപടി പ്രസംഗത്തിൽ ശ്രീ രാജൻ സിത്താര (രാഘവൻ) വർഷം തോറും പാരായണത്തിൽ പങ്കെടുക്കുന്നവരുടെ അംഗസംഖ്യ ചെറുതായെങ്കിലും കുറഞ്ഞു വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. പക്ഷെ പങ്കെടുക്കുന്നവർ വളരെ സജീവമായിത്തന്നെ പാരായണം ഉൾക്കൊള്ളുന്നവരാണ് എന്നത് അഭിമാനകരം, പ്രഭാഷണത്തിൽ ശ്രീ കെ പി ഹരികൃഷ്ണൻ പുലർത്തുന്ന മികവ് ശ്രദ്ധേയമാണ് എന്നും ശ്രീ രാജൻ ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് വളരെ ചെറിയ നിലയിൽ ആരംഭിച്ച രാമായണ പാരായണം ഇന്ന് കൂടുതൽ ഭക്തരുടെ സഹകരണത്തോടെ വളരെ നന്നായി കൊണ്ടുപോകാൻ കഴിയുന്നു എന്നത് വളരെ സന്തോഷം പകരുന്നുണ്ട് എന്ന് ചർച്ചയിൽ ശ്രീ കെ പി ഹരികൃഷ്ണൻ പറഞ്ഞു.പക്ഷെ എണ്ണം കുറഞ്ഞു വരുന്നുണ്ട് എന്നത് സത്യമാണ്. തൃശൂർ ശാഖയിൽ നിന്നു തന്നെ വളരെ കുറവുണ്ട്. അതിന് പരിഹാരം കാണേണ്ടതുണ്ട്.
രാമായണ പാരായണം ഇത്രത്തോളം ജനകീയമായതിൽ വെബ്സൈറ്റ് ഭാരവാഹികളായ ശ്രീ വി പി മുരളി, ശ്രീ ടി പി ശശികുമാർ എന്നിവരുടെ പങ്ക് ഏറ്റവും പ്രധാനമാണ് എന്ന് ഹരികൃഷ്ണൻ പറഞ്ഞു. പാരായണം തുടങ്ങുന്നതിന് ഒന്നര മാസം മുമ്പ് തന്നെ രജിസ്ട്രെഷൻ അടക്കം വളരെയധികം സാങ്കേതിക പ്രവർത്തനങ്ങൾ അവർ ആരംഭിച്ചു കഴിഞ്ഞിരിക്കും. അവരുടെ ഔദ്യോഗികമായ ജോലിത്തിരക്കുകൾക്കിടയിൽ ആണ് ഇതിനൊക്കെ സമയം കണ്ടെത്തുന്നത്. എല്ലാ തരത്തിലും തികച്ചും ശ്രദ്ധേയമായ വൈവിദ്ധ്യം പുലർത്തുന്ന ഈ പാരായണം പെൻ ഡ്രൈവ്, വീഡിയോ രൂപത്തിൽ പുറത്തിറക്കണമെന്ന് തൃശൂർ ശാഖ വൈസ് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി ആവശ്യപ്പെട്ടത് കണക്കാക്കി ശ്രീ മുരളി ചെറിയൊരു പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ട്. മറ്റൊന്ന് അറിയിക്കാനുള്ളത് ആഴ്ചയിൽ ഒരിക്കലോ രണ്ട് ദിവസമോ എല്ലാവരും ഒന്ന് ചേർന്ന് സാരോപദേശ കഥകൾ പറയുന്ന പരിപാടി ആസൂത്രണം ചെയ്യുന്നതിനെ പറ്റിയാണ്. പൊതുവെ കഥാകഥനത്തിൽ കഴിവുള്ളവർ കുറഞ്ഞു വരികയാണ്. അതിനൊരു പരിഹാരമാവുകയും ആവാം എന്നും അഭിപ്രായപ്പെട്ടു.
ഈ മഴയിൽ പ്രളയമുണ്ടായപ്പോൾ ശ്രീ രാജൻ സിത്താരയുടെ വസതിയിൽ അഭയം തേടിയ അനുഭവവും ശ്രീ ഹരികൃഷ്ണൻ വിശദീകരിച്ചു. കുടുംബ സമേതം വളരെ സ്നേഹത്തോടെയാണ് ഞങ്ങൾക്ക് അഭയം തന്നത്. ശ്രീ രാജൻ മറ്റു പല തരത്തിലും ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. രാമായണ പാരായണത്തെ കുറിച്ച് നടന്ന ചർച്ചയിൽ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി, ശ്രീ സി പി അച്യുതൻ തുടങ്ങിയവരും പങ്കെടുത്തു.
ഒക്ടോബർ 2 ന് നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ആയുർവ്വേദത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് നല്ലതാണെന്നു ശ്രീ രഘുനാഥ് കോലഴി അഭിപ്രായപ്പെട്ടു. ആവശ്യമെങ്കിൽ ആയുർവ്വേദ മരുന്നുകൾ നമ്മൾ വില കൊടുത്ത് വാങ്ങി വിതരണം ചെയ്യുന്നത് നല്ലതാണെന്നും അഭിപ്രായപ്പെട്ടു.
തുടർന്ന് ക്ഷേമ നിധി നടത്തി.ശാഖയുടെ ഈ വർഷത്തെ ഓണാഘോഷം 2024 സെപ്റ്റംബർ 22 ഞായറാഴ്ച്ച രാവിലെ 10 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. ഓണസ്സദ്യക്കുള്ള വിഭവങ്ങൾ മുൻ വർഷങ്ങളിലേത് പോലെ അംഗങ്ങളുടെ ഭവനങ്ങളിൽ തയ്യാറാക്കി കൊണ്ടു വരുവാനും തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് അഗതി മന്ദിരങ്ങളിൽ ഓണവറവ് അടക്കമുള്ള പല വ്യഞ്ജനങ്ങൾ ശാഖ വിതരണം ചെയ്യുവാനും തീരുമാനിച്ചു.
വൈസ് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി നന്ദി പറഞ്ഞതോടെ യോഗം 5.30 ന് അവസാനിച്ചു.
തൃശൂർ ശാഖ ഓണാഘോഷം സെപ്റ്റംബർ 22 ന്
ശാഖയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 22 ഞായറാഴ്ച്ച രാവിലെ 10 ന് തൃശൂർ പിഷാരടി സമാജം കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്തുന്നതാണ്. ഓണസ്സദ്യക്കുള്ള വിഭവങ്ങൾ മുൻ വർഷങ്ങളിലേതു പോലെ അംഗങ്ങളുടെ ഭവനങ്ങളിൽ തയ്യാറാക്കി കൊണ്ടു വരുന്നതാണ്.
കലാപരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ളവരുമായി ബന്ധപ്പെടേണ്ടതാണ്.
ശ്രീമതി രഞ്ജിനി ഗോപി – 9645141801
ശ്രീമതി അനിത ഹരികൃഷ്ണൻ – 9446539698
ശാഖയുടെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ അന്നേ ദിവസം തന്നെ വിതരണം ചെയ്യുന്നതാണ്.
നന്ദിയോടെ
എ പി ജയദേവൻ
സെക്രട്ടറി