തൃശൂർ ശാഖയുടെ 32മത് വാർഷികം തൃശൂർ പിഷാരടി സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
സമാജം പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി, മുൻ പ്രസിഡണ്ട് ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി എന്നിവർ ചേർന്ന് പതാക ഉയർത്തി.
ശ്രീ ജി. പി. നാരായണൻ കുട്ടി, ശ്രീമതി ഉഷ രാമചന്ദ്ര പിഷാരോടി, ശ്രീമതി രതി ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 88മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി.
കുമാരി ദേവിക വിജു പ്രാർത്ഥന ചൊല്ലി.
കഴിഞ്ഞ മാസക്കാലയളവിൽ ഈ ലോകം വിട്ടു പോയവരുടെ സ്മരണയിൽ മൗന പ്രാർത്ഥന നടത്തി.ശ്രീ കെ.പി ഗോപകുമാർ ഏവർക്കും സ്വാഗതമാശംസിച്ചു. അദ്ധ്യക്ഷഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ സമാജം വളർന്നു കൊണ്ടിരിക്കുകയാണെന്നും ആ വളർച്ചക്ക് കാരണക്കാരായ നമ്മുടെ മുൻ ഗാമികളടക്കം എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നെന്നും പറഞ്ഞു. ആ വളർച്ച തുടർന്നു കൊണ്ടേയിരിക്കുന്നു എന്നത് അഭിമാനമുണ്ടാക്കുന്നു.
തുടർന്ന് സമാജം മുൻ പ്രസിഡന്റ് കേണൽ ഡോ. വി. പി ഗോപിനാഥ് വാർഷികം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.തൃശൂർ ശാഖയുടെ വാർഷികം ഉദ്ഘാടനം നടത്തുക എന്ന സൽകർമ്മത്തിന് എന്നെ ക്ഷണിച്ചതിൽ സന്തോഷവും അഭിമാനവും തോന്നുന്നു. കുറെക്കാലം ഞാനും നമ്മുടെ സംഘടനയുടെ പ്രധാന പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. ഇന്ന് നമുക്ക് സ്വന്തമായി സ്ഥലവും മേൽവിലാസവുമുണ്ട്. അതിനെല്ലാം സാദ്ധ്യമായത് നിങ്ങളുടെ ഓരോരുത്തരുടെയും ആത്മാർത്ഥമായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ്. ഇനിയുമിനിയും സമാജം ഉയരങ്ങളിൽ എത്തട്ടെ. പിഷാരോടി സമുദായത്തിലുള്ളവർ ജീവിതത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ സൽക്കർമ്മം ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടന ഭാഷണത്തിൽ ശ്രീ വി. പി ഗോപിനാഥ് പറഞ്ഞു.
വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് വായിച്ചു. ട്രഷറർ ശ്രീ ടി. പി ഗോപി കണക്ക് അവതരിപ്പിച്ചു. രണ്ടും കയ്യടികളോടെ പാസ്സാക്കി.
ആശംസാ പ്രസംഗങ്ങളിൽ സമാജം കേന്ദ്ര പ്രസിഡണ്ട് കൂടിയായ ശ്രീ എ. രാമചന്ദ്ര പിഷാരോടി അടുത്തയാഴ്ച്ച (മേയ് 21 ഞായർ) കൊടകരയിൽ വെച്ച് നടക്കുന്ന സമാജം വാർഷികം ഗംഭീര വിജയമാക്കേണ്ടതിനെക്കുറിച്ച് സംസാരിച്ചു. തൃശൂർ ശാഖയിൽ നിന്ന് ഏറ്റവും കുറഞ്ഞത് 25 പേരെങ്കിലും പങ്കെടുക്കണം. വാഹന സൗകര്യം ഒരുക്കുന്നുണ്ട്.മറ്റൊന്ന് അറിയിക്കാനുള്ളത് കർക്കിടകം ഒന്നിന് ഇവിടെ വെച്ച് നടക്കാൻ പോകുന്ന സപ്താഹം വായനയെക്കുറിച്ചാണ്. ശ്രീമതി രുഗ്മിണി പിഷാരസ്യാർ നയിക്കുന്ന വായനക്ക് പൂജാകർമ്മങ്ങൾ അടക്കം ചുക്കാൻ പിടിക്കുന്നത് പിഷാരോടിമാർ മാത്രമാണ്. വായനയെ പരമാവധി പങ്കാളിത്തത്തോടെ നമുക്ക് വിജയിപ്പിക്കേണ്ടതുണ്ട്.വിശദ വിവരങ്ങൾ തുളസീദളത്തിൽ പ്രസിദ്ധീകരിക്കുന്നതാണ് എന്നും അറിയിച്ചു.
വളരെ വിശദമായ ഒരു പ്രവർത്തന റിപ്പോർട്ട് ആണ് ഇന്ന് ഇവിടെ അവതരിപ്പിക്കപ്പെട്ടതെന്നും അതിൽ ഏറെ സന്തോഷിക്കുന്നുവെന്നും ആശംസാ ഭാഷണത്തിൽ ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ പറഞ്ഞു.
സത്യത്തിൽ കേന്ദ്ര ഭരണ സമിതിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം തന്നെ തൃശൂർ ശാഖയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.പ്രായമേറിയ വന്ദ്യ വയോധികരെ ഗൃഹങ്ങളിൽ പോയി ആദരിക്കുന്നതിലായാലും കഴക പ്രവർത്തി ചെയ്യുന്നവർക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ പരമാവധി പേരെ ചേർത്ത കാര്യത്തിലായാലും PET 2000 ലേക്ക് ഏറ്റവുമധികം സംഭാവനകൾ നൽകുന്ന കാര്യത്തിലായാലും എവിടെയും തൃശൂർ ശാഖ മാതൃകയായി മുന്നിൽത്തന്നെയുണ്ട്. 20 വർഷത്തിലേറെയായി ഒക്ടോബർ 2 ന് തൃശൂർ ശാഖയുടെ നേതൃത്വത്തിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പ്, അതിലെ തുടർ ചികിത്സകൾ, സൗജന്യ തിമിര ശസ്ത്രക്രിയകൾ….അനുകരണാത്മകമായ തൃശൂർ ശാഖയുടെ പ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങൾ നിരവധിയാണ്. എന്നാൽ ഇത്രയേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അതിന് വേണ്ടത്ര പ്രചാരണം കൊടുക്കാൻ ശാഖ ശ്രദ്ധിക്കാറില്ല എന്നും പറയേണ്ടതുണ്ട്. അത് കൊണ്ട് തന്നെ ശാഖയുടെ പ്രവർത്തനങ്ങൾ അംഗങ്ങൾ പലപ്പോഴും അറിയാതെ പോകുന്നുണ്ട്. അത് ഒരു വിടവ് സൃഷ്ടിക്കുന്നുണ്ട്.
പണ്ടില്ലാത്ത രീതിയിൽ സമുദായ സംഘടനകൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. നമ്മുടെ കാര്യങ്ങൾ ഒട്ടു മിക്കതും നമ്മൾ തന്നെ ചെയ്യുകയും സാധിക്കാത്തവ ഔദ്യോഗിക കേന്ദ്രങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യേണ്ട ചുമതല നമ്മുടേത് മാത്രമാണ് എന്ന തിരിച്ചറിവാണ് ഇത്തരം സംഘടനകളുടെ വളർച്ചയുടെ അടിത്തറ എന്ന് നമ്മളും മനസ്സിലാക്കേണ്ടതുണ്ട്. പ്രൈവറ്റ് ക്ഷേത്രങ്ങളിൽ കഴക പ്രവർത്തി ചെയ്യുന്നവർക്ക് ലഭിക്കുന്ന വളരെ തുച്ഛമായ വേതനം, വയസ്സുകാലത്ത് ആരാരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്നവർക്കുള്ള സുരക്ഷിതത്വം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ നമുക്കും പലതും ചെയ്യേണ്ടതുണ്ട്. അതിനുള്ള നമ്മുടെ ഒരേയൊരു മാർഗ്ഗമാണ് സമാജം എന്നറിയുക. പി. ഇ. ഡബ്ലിയു. എസ് മുഖാന്തിരം നടന്നു വരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ധാരാളം പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. അതുപോലെ നമ്മുടെ ഗസ്റ്റ് ഹൗസും ഇപ്പോൾ ഒരുപാട് ഉയരങ്ങളിൽ ആണ്. ഇക്കഴിഞ്ഞ വർഷം ഗസ്റ്റ് ഹൗസ് വരുമാനം 50 ലക്ഷമാണ്. ഇതൊരു റെക്കോഡ് ആണ്. മുൻ കാലങ്ങളിൽ വാങ്ങിയിട്ടുള്ള ഡെപ്പോസിറ്റുകളിൽ ഏകദേശം 80 ശതമാനവും കൊടുത്തു കഴിഞ്ഞു. കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേണ്ടി സംഗീത നാടക അക്കാദമിയിൽ രജിസ്റ്റർ ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
2016 ൽ ഭരണ സാരഥ്യമേറ്റെടുത്ത സമിതിയാണിത്. നാളിതുവരെ യാതൊരു പരാതിക്കും ഇട കരുതിയിട്ടില്ല. അടുത്തയാഴ്ച്ച കൊടകരയിൽ വെച്ച് നടക്കുന്ന വാർഷിക സമ്മേളനത്തിൽ പുതിയ ഭരണ സമിതി രൂപമെടുക്കും.
ഏതൊരു ഭരണ സമിതി ആയാലും ഭരണത്തിനുള്ള അടിസ്ഥാനപരമായുള്ള പ്രവർത്തന ശൈലിയിൽ മാറ്റം വരുത്താത്ത വിധം ചിട്ടപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പ്രധാന കാരണഭൂതൻ നമ്മുടെ പ്രസിഡണ്ട് ചന്ദ്രേട്ടൻ തന്നെയാണ്. കേണൽ ഡോ. വി. പി ഗോപിനാഥൻ ഈ ആസ്ഥാന മന്ദിരം എയർ കണ്ടീഷന്റ് ചെയ്തു. ശ്രീ ടി. പി മോഹന കൃഷ്ണൻ ആസ്ഥാന മന്ദിരത്തിന്റെ മുഖഛായ തന്നെ മാറ്റി. നഗരത്തിലെ മറ്റ് ഓഡിറ്റോറിയങ്ങളോട് ഇന്ന് നമ്മുടെ ഈ ഓഡിറ്റോറിയവും കിട നിൽക്കും. അതു പോലെ ഗസ്റ്റ് ഹൗസിന്റെ കല്യാണ മണ്ഡപങ്ങളടക്കം ശ്രീ മോഹനകൃഷ്ണൻ ആധുനീകരിച്ചതും നമുക്ക് അനുഭവമാണ്. ഇതെല്ലാം സംഭവിച്ചത് ചന്ദ്രേട്ടന്റെ ശ്രമം ഒന്ന്കൊണ്ട് മാത്രമാണ്. ഇനി വരാനിരിക്കുന്ന ഭരണ സമിതിക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു. ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി, ശ്രീ ആർ. പി രഘുനന്ദനൻ, ശ്രീ ജി. പി നാരായണൻ കുട്ടി, കലാനിലയം ശ്രീ അനിൽകുമാർ എന്നിവരും ആശംസകൾ പറഞ്ഞു. കഥകളി അഭ്യസനത്തിന് പിഷാരോടി സമാജം മുന്നോട്ട് വരികയാണെങ്കിൽ അതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ തയ്യാറാണെന്ന് ശ്രീ അനിൽകുമാർ അറിയിച്ചു.
തുടർന്ന് ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണന്റെയും അനിത ഹരികൃഷ്ണന്റെയും വിവാഹ വാർഷികം എല്ലാവരും ചേർന്ന് ആഘോഷിച്ചു.
അതിന് ശേഷം അടുത്ത രണ്ട് വർഷത്തെക്കുള്ള ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയുടെ നന്ദിയോടെ യോഗം 1 മണിക്ക് അവസാനിച്ചു.
തൃശൂർ ശാഖയുടെ പുതിയ ഭരണ സാരഥികൾ
ശ്രീ വിനോദ് കൃഷ്ണൻ – പ്രസിഡണ്ട്
ശ്രീ എ. രാമചന്ദ്ര പിഷാരോടി – വൈസ് പ്രസിഡണ്ട്
ശ്രീ ജയ ദേവൻ, മാങ്ങാട്ടുകര -സെക്രട്ടറി
ഡോ. നാരായണ പിഷാരോടി -ജോയിന്റ് സെക്രട്ടറി
ശ്രീ ആർ. പി രഘു നന്ദനൻ – ട്രഷറർ
കമ്മിറ്റി അംഗങ്ങൾ
ശ്രീമതി രഞ്ജിനി ഗോപി
ശ്രീമതി അനിത ഹരികൃഷ്ണൻ
ശ്രീ ജി. പി നാരായണൻ കുട്ടി
ശ്രീ വി. പി ബാലകൃഷ്ണൻ
ശ്രീ രഘുനാഥ്, കോലഴി
ശ്രീ കെ. പി ഹരികൃഷ്ണൻ
ശ്രീ കലാനിലയം അനിൽകുമാർ
ശ്രീ കെ. പി ഗോപകുമാർ
ശ്രീ എ. പി ഗോപി
ശ്രീ കെ. പി ശ്രീകുമാർ
ശ്രീ ഗോപൻ പഴുവിൽ
Please click on the link below to view pictures in Gallery.
https://samajamphotogallery.blogspot.com/2023/05/2023_15.html