പിഷാരോടി സമാജം പട്ടാമ്പി ശാഖയുടെ പ്രതിമാസ യോഗവും മുൻ കുലപതി കെ പി അച്യുതപിഷാരോടിയുടെ നൂറ്റിപ്പതിനൊന്നാം പിറന്നാൾ അനുസ്മരണവും സംയുക്തമായി കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് ശാഖാ രക്ഷാധികാരി ശ്രീ എം. പി മുരളീധരന്‍റെ അദ്ധ്യക്ഷതയിൽ 26-03-2023 ഞായറാഴ്ച കാലത്ത് 10:30 AMനു ഗൃഹനാഥ ശ്രീമതി വത്സല ദീപം കൊളുത്തി ആരംഭിച്ചു.
മാസ്റ്റർ സന്ദീപിന്‍റെ പ്രാർത്ഥനയ്ക്ക് ശേഷം ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി ഏവർക്കും വിശദമായി സ്വാഗതം ആശംസിച്ചു. അദ്ദേഹം യോഗത്തിന്റെ പ്രാധാന്യത്തെ പറ്റിയും പട്ടാമ്പി ശാഖയുടെ സന്മനസ്സിനെപ്പറ്റിയും പറയുകയും, കാരണവന്മാരുടെ ഓർമ്മ നില നിർത്താൻ ചെയ്തു വരുന്ന കാര്യങ്ങൾ വിശദീകരിയ്ക്കുകയും എല്ലാ വർഷവും പിറന്നാൾ അനുസ്മരണം നടത്തുമെന്നും ഏവരും സഹകരിയ്ക്കണമെന്നും പറഞ്ഞു. ഉദ്ഘാടകനായ പ്രൊഫസർ വാസുദേവ പിഷാരോടിയെ സദസ്സിന് പരിചയപ്പെടുത്തി.
ശാഖയിലെ അംഗം ശ്രീമതി വട്ടേനാട്ട് പിഷാരത്ത് കാർത്ത്യായനി പിഷാരസ്യാർ മേഴത്തൂർ മുതൽ കഴിഞ്ഞ യോഗ ശേഷം വിട്ടു പിരിഞ്ഞ എല്ലാ സമുദായാംഗങ്ങളുടേയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കൊടിക്കുന്നത്ത് പിഷാരത്തെ മുതിർന്ന അംഗം അന്തരിച്ച രാമചന്ദ്ര പിഷാരോടിയെ അനുസ്മരിച്ചു മൌനപ്രാർത്ഥന നടത്തി.
വാദ്യം, ശരീര സംരക്ഷണം തുടങ്ങി വ്യത്യസ്തമായ മേഖലകളിൽ അവാർഡുകൾ ലഭിച്ച സമുദായാംഗങ്ങളെ അനുമോദിച്ചു. കൊടിക്കുന്നത്ത് പിഷാരത്ത് മുതിർന്ന അംഗം വാസുദേവ പിഷാരോടി ഉദ്ഘാടകനെ പൊന്നാട അണിയിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ, കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് യോഗം നടത്തുന്നതിന് നന്ദി പറയുകയും ഗുരുനാഥന്മാരെ ഓർക്കാൻ പറ്റിയ അവസരമാണിതെന്നും പറഞ്ഞു. എല്ലാവരും സ്വയം പരിചയപ്പെടുത്തി.
ഉദ്ഘാടകനായ പ്രൊഫസർ വാസുദേവപിഷാരോടി ഇത്തരമൊരവസരം ലഭിച്ചത് കർമ്മയോഗമാണെന്ന് പറഞ്ഞ് അച്യുത പിഷാരോടിയെയും നാരായണ പിഷാരോടിയെയും പറ്റി വിസ്തരിച്ച് പറഞ്ഞു. നാരായണ പിഷാരോടിയുടെ ഗുരുഭക്തിയെയും, അച്യുത പിഷാരോടിയുടെ ബ്രഹ്മചര്യം, സംസ്കൃത പാണ്ഡിത്യം എന്നിവയെയും പ്രതിപാദിച്ചു.സംസ്കൃത നിപുണന്മാരായ ബ്രഹ്മചാരികൾ സമാധാന കാംക്ഷികളാകുമെന്നതിന്‍റെ ഉദാഹരണമാണ് അച്യുത പിഷാരോടി എന്നും ഇവരുടെ ചരിത്രം തലമുറകൾക്ക് കൈമാറിക്കൊടുക്കണമെന്ന് ഓർമ്മിപ്പിയ്ക്കുകയും ചെയ്തു. സ്വന്തമായി രചിച്ച ഒരു കവിതയും ചൊല്ലി. ഭക്ഷണമുണ്ടാക്കലടക്കം മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നതാണ് സ്വന്തമായി ചെയ്യുന്നതിനെക്കാൾ നല്ലത് എന്ന് പറയുകയും ചെയ്തു.
തുടർന്ന്, സർവ്വശ്രീ ടി പി വാസുദേവ പിഷാരോടി, എ പി രാമകൃഷ്ണൻ, ജി പി നാരായണൻ കുട്ടി, സി പി അച്യുതൻ, കെ പി പ്രഭാകരൻ , ടി ജി രവീന്ദ്രൻ, എൻ പി വിജയലക്ഷ്മി, അരവിന്ദാക്ഷൻ സേലം, ടി പി ഗോപാലകൃഷ്ണൻ തുടങ്ങിയവർ ആശംസകളും,അനുസ്മരണങ്ങളും പങ്കുവെച്ചു. സി പി അച്യുതൻ തൃശ്ശൂർ ശാഖയുടേയും, കെ പി പ്രഭാകരൻ കോങ്ങാട് ശാഖയുടേയും ആശംസകൾ കൂടി അറിയിച്ചു. അരവിന്ദാക്ഷൻ സേലം രസകരമായ ഒരു ലേഖനം അവതരിപ്പിച്ചു.
സെക്രട്ടറി വിശദമായി നന്ദി പ്രകാശിപ്പിച്ചു. കാര്യങ്ങൾ കൃത്യമായി വിശദീകരിയ്ക്കുകയും എല്ലാം മുന്നിൽ നിന്ന് പ്രാവർത്തികമാക്കുകയും ചെയ്യുന്ന ബാലകൃഷ്ണ പിഷാരോടിയ്ക്കും ഉദ്ഘാടനം ചെയ്ത പ്രഫസർക്കും, ആശംസകൾ നേർന്നവർക്കും, കൊടിക്കുന്നത്ത് പിഷാരത്ത് യോഗത്തിൽ പങ്കെടുത്തത് അഭിമാനമായി കണക്കാക്കിയ കുടുംബാംഗങ്ങൾക്കും, ഭക്ഷണമുണ്ടാക്കലടക്കം മറ്റുള്ള ശാഖാ മെമ്പർമാർക്കും നന്ദി പറഞ്ഞു.
യോഗം 12:30 ന് അവസാനിച്ചു. നാരായണീയത്തിലെ ‘സാന്ദ്രാനന്ദാവ ബോധാത്മക’ ശ്ലോകം എല്ലാവരും ഒന്നിച്ച് ചൊല്ലി. ശാഖാമീറ്റിങ്ങിന്‍റെ മറ്റു നടപടിക്രമങ്ങൾ അടുത്ത മീറ്റിങ്ങിലേക്ക് മാറ്റിയിരിയ്ക്കുന്നുവെന്നും ക്ഷേമനിധി ലേലം ചെയ്തുവെന്നും സെക്രട്ടറി അറിയിച്ചു. ഭക്ഷണ ശേഷം പിരിഞ്ഞു.
സെക്രട്ടറി
പട്ടാമ്പി