ശാഖയുടെ ജൂൺ മാസത്തെ യോഗം 25-06-23ന് ഞായറാഴ്ച ഡോക്ടർ വസുമതിയുടെ ഭവനമായ ശ്രീനിലയം രാമനാഥപുരത്ത് വച്ച് നടന്നു.
യോഗത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന ദീപപ്രോജ്ജ്വലനത്തിനു ശേഷം ശ്രീ സുഭാഷ് പിഷാരടി ഈശ്വര പ്രാർത്ഥനയും ഡോക്ടർ വസുമതി നാരായണീയ പാരായണവും നടത്തി. ശ്രീമതി സിന്ധു രാമകൃഷ്ണൻ യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു.
മുൻ യോഗ ശേഷമുള്ള കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്ക്, പ്രത്യേകിച്ച് ശാഖ അംഗം ഡോ. സുനിൽ പിഷാരിയുടെ സഹോദരി ശ്രീരേഖയുടെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. അടുത്ത രണ്ടു വർഷത്തേക്ക് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത അംഗങ്ങൾക്ക് ആശംസകൾ നേർന്നു. ശാഖയും കേന്ദ്രവും പൂർവ്വാധികം സഹകരിച്ച് പ്രവർത്തിക്കണമെന്ന് പ്രസിഡണ്ട് ആഹ്വാനം ചെയ്തു. പാലക്കാട് ശാഖയുടെ ഓണാഘോഷവും വാർഷികവും സെപ്റ്റംബർ മൂന്നാമത്തെ ആഴ്ചയിൽ നടത്താമെന്ന് തീരുമാനിച്ചു. ശാഖയിലെ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അഭിനന്ദിക്കുവാനായി ഓരോരുത്തരുടെയും നേട്ടങ്ങൾ സെക്രട്ടറി യോഗത്തിൽ വിവരിച്ചു. കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് 96.6% മാർക്ക് വാങ്ങി സ്കൂൾ ടോപ്പർ ആയ ആർദ്ര നന്ദകുമാറിനെയും സയൻസ് ഗ്രൂപ്പിൽ 95 ശതമാനം മാർക്കോടുകൂടെ പത്താം ക്ലാസ് പാസായ അനുരുദ്ധ രവികുമാറിനെയും പ്രത്യേകം അനുമോദിച്ചു. ശാഖയിലെ മെമ്പർ നന്ദകുമാർ സംവിധാനം ചെയ്ത അഭിനയിച്ച ബെസ്റ്റ് ആക്ടർ എന്ന നാടകത്തിന് (ദക്ഷിണ റെയിൽവേ ഇൻറർ ഡിവിഷനൽ ഹിന്ദി) ഒന്നാം സ്ഥാനം ലഭിക്കുകയും നാഷണൽ ലെവൽ നാടകത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തതായി സെക്രട്ടറി അറിയിച്ചു. ഈ വർഷത്തെ വരിസംഖ്യകൾ ഏവരും ബാങ്കിലേക്ക് നേരിട്ട് അടക്കണമെന്ന് അഭ്യർത്ഥിച്ചു.
ക്ഷേമനിധി നടത്തി.
ശാഖയിൽ പെൻഷൻ കിട്ടുന്നവർക്ക് അത് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകൾ പാസാക്കി ട്രഷറർ സെക്രട്ടറിയെ ഏൽപിച്ചത് കേന്ദ്രത്തിന് ഉടനെ അയക്കുവാൻ തീരുമാനിച്ചു.
ശാഖയിൽ സംസ്കൃതം ക്ലാസുകൾ ഓൺലൈനായി ആഴ്ചയിൽ ഒരു ദിവസം എടുക്കുന്നത് എല്ലാവർക്കും ഉപയോഗപ്പെടുത്താമെന്ന് സെക്രട്ടറി അറിയിച്ചു. ശ്രീ M P രാമചന്ദ്രൻ മാഷിൻ്റെ നിസ്വാർത്ഥ സേവനത്തിനെ അഭിനന്ദിച്ചു. അടുത്തമാസം മൂന്നാമത്തെ ആഴ്ചയിൽ സുപ്രസിദ്ധ ഹിന്ദി സംഗീതജ്ഞനായ അന്തരിച്ച ശ്രീ മുകേഷിന്റെ സെന്റിനറി ആഘോഷത്തിന്റെ ഭാഗമായി ശാഖയിലും അദ്ദേഹത്തിൻറെ ഗാനങ്ങൾ ആലപിച്ച് ആദരവ് സമർപ്പിക്കണമെന്ന് ഒരു മെമ്പർ അഭിപ്രായപ്പെട്ടത് യോഗം സമ്മതിച്ചു. സുഭാഷിതം പരിപാടിയിൽ രാമഭദ്രൻ ദശാവതാരത്തെക്കുറിച്ച് വിവരിക്കുകയും ഓരോ അവതാരത്തിന്റെ ഉദ്ദേശ്യവും വിവരിച്ചത് സഭയിൽ എല്ലാവരും ശ്രദ്ധയോടെ കേട്ടിരിക്കുകയും ആസ്വദിക്കുകയും ചെയ്തു .
ജൂലൈ മാസത്തെ യോഗം ശ്രീ കെ പി രാധാകൃഷ്ണന്റെ ഭവനമായ ചകോരത്തിൽ വച്ച് (പൈനാപ്പിൾ വാലി) നടത്താമെന്ന് തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ നന്ദി പ്രകാശനത്തോടെ യോഗം ആറുമണിക്ക് സ മംഗളം പര്യാവസാനിച്ചു.