മുംബൈ ശാഖയുടെ 39 മത് വാർഷിക പൊതുയോഗം

പിഷാരോടി സമാജം മുംബൈ ശാഖയുടെ 39 മത് വാർഷിക പൊതുയോഗം 31-07-2021 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് വിഡിയോ കോൺഫറൻസ് വഴി നടത്തി.

ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗത്തിൽ 47 ഓളം അംഗങ്ങൾ പങ്കെടുത്തു.

ശ്രീമതി രാജേശ്വരി പ്രമോദിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കഴിഞ്ഞ ഒരു വർഷക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിലും അതുപോലെ തന്നെ ഈയിടെ അന്തരിച്ച കോട്ടക്കൽ ആര്യ വൈദ്യശാലാ സ്ഥാപകൻ ശ്രീ പി. കെ വാരിയരുടെ പേരിലും അനുശോചനം രേഖപ്പെടുത്തി.

പ്രസിഡണ്ട്,യോഗത്തിൽ സന്നിഹിതരായ കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി , കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ തുടങ്ങി എല്ലാ അംഗങ്ങൾക്കും സ്വാഗതമാശംസിച്ചു.

തുടർന്ന് സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ച കേന്ദ്ര പ്രസിഡണ്ട് മുംബൈ ശാഖയുടെ സമാജ പ്രവർത്തന രീതികളെയും കേന്ദ്രത്തോടുള്ള സകാരാത്മകമായ ഇടപെടലുകളെയും കുറിച്ച് പ്രത്യേകം പരാമർശിച്ചു. കഴിഞ്ഞ വർഷം ശാഖ തയ്യാറാക്കിയ ഡോക്യൂമെന്ററി വളരെ നല്ല നിലവാരം പുലർത്തിയെന്നും പ്രസ്തുത ഡോക്യൂമെന്ററി കേന്ദ്ര ശാഖാ തലങ്ങളിൽ കൂടുതൽ പ്രചരിപ്പിക്കണം എന്നും ഉദ്‌ബോധിപ്പിച്ചു. അതെ പോലെ ശാഖയിൽ നിന്നും വന്ന കേന്ദ്ര പെൻഷൻ പദ്ധതി PET 2000 തുക വർദ്ധിപ്പിക്കൽ നിർദ്ദേശത്തെയും പ്രസ്തുത പദ്ധതിക്ക് ശാഖാതലത്തിൽ നൽകിയ വലിയ സാമ്പത്തിക പിന്തുണക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

പിന്നീട് സംസാരിച്ച ജന. സെക്രട്ടറി സമാജം പ്രവർത്തനങ്ങളിൽ മുംബൈ പോലൊരു മഹാ നഗരത്തിലെ തിരക്കുകൾക്കിടയിലും മറ്റു ശാഖകൾക്ക് പോലും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ നടത്തുന്ന ശാഖയെ പ്രത്യേകം അഭിനന്ദിച്ചു. ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ കലാസാംസ്കാരിക പ്രവർത്തനങ്ങളിലും ശാഖയുടെ പ്രവർത്തനങ്ങൾ വളരെ മുന്നിലാണെന്നും മാതൃകാ പരമാണെന്നും പറഞ്ഞു. കൂടാതെ സമാജം ജിഹ്വയായ വെബ്‌സൈറ്റിന്റെ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ശാഖയിൽ നിന്നുമുള്ളവരാണെന്നതും ശാഖക്കഭിമാനാർഹമാണെന്നും പരാമർശിച്ചു. എറണാകുളം ശാഖ തുടങ്ങി വെച്ച് ഇപ്പോൾ PE&WS ന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കരിയർ ഗൈഡൻസ് കോച്ചിങ് ക്‌ളാസിനെ പറ്റി വിശദമാക്കിയാതോടൊപ്പം ശാഖയിൽ നിന്നും കൂടുതൽ വിദ്യാർത്ഥികളെ പ്രസ്തുത ഓൺലൈൻ കോഴ്‌സിലേക്ക് പങ്കെടുപ്പിക്കണമെന്നും പ്രത്യേകം പറയുകയുണ്ടായി.

തുടർന്ന് സഭാ നടപടികളായ മുൻ യോഗ റിപ്പോർട്ട് അവതരണം, ശാഖയുടെ വാർഷിക റിപ്പോർട്ട് അവതരണം എന്നിവ സെക്രട്ടറിയും കണക്കവതരണം ഖജാൻജിയും നിർവ്വഹിച്ചു. യോഗം അവയെല്ലാം അംഗീകരിച്ചു.

അണുശക്തി നഗർ-ദാദർ ഏരിയ മെമ്പറായ ശ്രീ എം പി സോമൻ നാട്ടിലേക്ക് താമസം മാറ്റുന്നതിനാൽ അദ്ദേഹത്തിന് പകരം ഒരു മെമ്പറെ കണ്ടെത്തേണ്ടത് തൽക്കാലം ആരെയും കണ്ടെത്താൻ കഴിയാത്ത കാരണം ഭരണസമിതിക്ക് ആ ചുമതല നൽകുകയും, അത് വരെ സോമനോട് തൽസ്ഥാനത്ത് തുടരാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

2021-2022 സാമ്പത്തിക വർഷത്തേക്കുള്ള ഇന്റെണൽ ഓഡിറ്ററായി ശ്രീ കെ പി ഗോപിനാഥൻ(ഡോംബിവ്‌ലി)യെ തിരഞ്ഞെടുത്തു.

2021-2022 സാമ്പത്തിക വർഷത്തേക്കുള്ള സ്റ്റാറ്റുട്ടറി ഓഡിറ്റർ ആയി മെ. ഉണ്ണികൃഷ്ണൻ & കമ്പനിയെയും തിരഞ്ഞെടുത്തു.

കോവിഡ് മഹാമാരി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ഈ വർഷവും ശാഖയുടെ വാർഷികാഘോഷങ്ങൾ ഓൺലൈൻ ആയിത്തന്നെ നടത്തുകയാവും ഉചിതമെന്ന കലാവിഭാഗത്തിന്റ അഭിപ്രായം മാനിച്ച് അപ്രകാരം മുന്നോട്ട് പോകുവാൻ തീരുമാനിച്ചു.

ശാഖ നൽകി വരുന്ന വൈദ്യചികിത്സാ സഹായങ്ങളുടെ, ഭരണസമിതിയുടെ അധികാരപരിധിയിൽ, ഒരാൾക്ക് ഒരു വർഷം നൽകാവുന്ന തുകയുടെ പരിധി 10000 രൂപയിൽ നിന്നും 30000 രൂപയാക്കി ഉയർത്തി. കൂടാതെ വൈദ്യചികിത്സാ സഹായ നിധി വർദ്ധിപ്പിക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ നടത്തുവാനും ഭരണസമിതിക്ക് അധികാരം നൽകി. അതോടനുബന്ധിച്ച് നടന്ന ചർച്ചയിൽ ശാഖ വർഷം തോറും അംഗങ്ങളിൽ നിന്ന് ഇപ്പോൾ ശേഖരിക്കുന്ന 300 രൂപയിൽ നിന്നും 500 രൂപയാക്കുകയാവും ഉചിതമെന്ന ഒരാശയം ഉരുത്തിരിയുകയും അതിന് അംഗീകാരം നൽകുകയും ചെയ്തു.ഇത് കൂടാതെ പ്രസ്തുത ഫണ്ടിലേക്ക് അംഗങ്ങളിൽ നിന്നും ഉദാര സംഭാവനകൾ സ്വീകരിക്കുവാനും തീരുമാനിച്ചു.

യുവാക്കളുടെ പങ്കാളിത്തം ഇത്തരം കാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമതയോടെ ഉണ്ടാകേണ്ടതാണെന്ന് ശ്രീ എ രാമചന്ദ്ര പിഷാരോടിയും കൂടുതൽ ചെറുപ്പക്കാർ ഇനിയും സമാജ പ്രവർത്തനങ്ങളിൽ മുന്നോട്ട് വരണമെന്ന് ശ്രീ എ.പി രഘുപതിയും ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു

ശാഖ കഴിഞ്ഞ വർഷം നടത്തിയ ക്ഷേമ പ്രവർത്തനങ്ങളെ പറ്റി ഖജാൻജി യോഗത്തെ അറിയിച്ചു. ഈ വർഷവും ആവശ്യമുള്ള അംഗങ്ങൾക്ക് കഴിയുന്ന സഹായങ്ങൾ നൽകുന്നുണ്ടെന്നും അറിയിച്ചു.

സമാജം വെബ്‌സൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന രാമായണ പാരായണം, വസന്തോത്സവം എന്നിവയെ പറ്റി വെബ് അഡ്മിൻ യോഗത്തിൽ വിശദീകരിച്ചു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു.

തുടർന്ന് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ 6 മണിയോടെ യോഗം സമാപിച്ചു.

 

 

0

Leave a Reply

Your email address will not be published. Required fields are marked *