കോട്ടയം ശാഖയുടെ ഏപ്രിൽ മാസ യോഗം 7-4-2024 ഞായറാഴ്ച ശാഖയിലെ കുടുംബാംഗങ്ങൾ നടത്തിയ തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ ഇടയിൽ ശംഖുമുഖം ബീച്ചിൽ വെച്ചു നടത്തിയതു വേറിട്ട ഒരു അനുഭവമായി മാറി.
രാവിലെ 5.30 നു ഏറ്റുമാനൂരിൽ നിന്നും തുടങ്ങിയ യാത്രയിൽ 2 കുട്ടികൾ ഉൾപ്പെടെ 27 അംഗങ്ങൾ പങ്കെടുത്തു. പ്രഭാത ഭക്ഷണത്തിനു ശേഷം 10 മണിയോടെ തിരുവനന്തപുരത്തെത്തി.
പഴവങ്ങാടി ഗണപതിയെ തൊഴുതു, ഉച്ച പൂജക്ക് ശേഷം ശ്രീ പത്മനാഭ സ്വാമിയെയും തൊഴുതു ഇറങ്ങിയ സംഘം വിഭവ സമൃദ്ധമായ ഉച്ച ഊണിനു ശേഷം വാക്സ് മ്യൂസിയം സന്ദർശിച്ചു.തങ്ങളുടെ ഇഷ്ട താരങ്ങളുടെയും നേതാക്കളുടെയും വാക്സ് പ്രതിമയുടെ അടുത്തു നിന്നു ഫോട്ടോയും സെൽഫിയും എടുത്ത ശേഷം തിരുവനന്തപുരം Zooവിലേക്ക് നീങ്ങി.
വന്യ മൃഗ സംരക്ഷണ കേന്ദ്രവും പുരാവസ്തു മ്യൂസിയവും സന്ദർശിച്ച ശേഷം 5 മണിയോടെ ശംഖുമുഖം ബീച്ചിൽ എത്തി. ബീച്ചിൽ ആർത്തുല്ലസിച്ചു കളിച്ച ശേഷം ശംഖുമുഖം ദേവിയെ ദർശിച്ചു കോട്ടയത്തേക്ക് യാത്ര തിരിച്ചു.
ബീച്ചിൽ വെച്ചു നടന്ന ശാഖ യോഗത്തിൽ യാത്ര വിജയകരമായി നടത്തുവാൻ സഹകരിച്ചു യാത്രയിൽ പങ്കെടുത്ത എല്ലാവർക്കും അദ്ധ്യക്ഷൻ കൃതജ്ഞത രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ റിപ്പോർട്ട് യോഗം കൈയടിച്ചു പാസ്സാക്കി. അടുത്ത യോഗം മേയ് 5 നു മറിയപ്പള്ളിയിലുള്ള ശ്രീമതി ഗീത പിഷാരസ്യാരുടെ ഭവനമായ നളന്തയിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു. ക്ഷേമനിധിയുടെയും തമ്പോലയുടെയും നറുക്കെടുപ്പിന് ശേഷം ശ്രീ സി.കെ. കൃഷ്ണ പിഷാരടിയുടെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.
യാത്രയിലൂടനീളം കുട്ടികളും വനിതകളും പാട്ടുകൾ പാടിയും കുട്ടികൾ നൃത്ത ചുവടുകൾ വെച്ചും യാത്രയെ ആഘോഷമാക്കി.