ശാഖയുടെ വാർഷികവും ഓണാഘോഷവും 22-09-24നു ശാഖാ മന്ദിരത്തിൽ വച്ച് രാവിലെ 8:30ന് സമാജം രക്ഷാധികാരി ശ്രീ കെ പി ഗോപാല പിഷാരോടി പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു.
ശ്രീഹരി, സംഗീത എന്നിവർ ചേർന്ന് മനോഹരമായ പൂക്കളം ഒരുക്കി. അംഗങ്ങളുടെ രജിസ്ട്രേഷനു ശേഷം ശ്രീ കെ പി രാമചന്ദ്രൻ പിഷാരോടി, ടി പി കൃഷ്ണ പിഷാരോടി എന്നിവർ ദീപം കൊളുത്തിക്കൊണ്ട് ഉദ്‌ഘാടനം നടത്തി. ആര്യ, അമേയ എന്നീ കുട്ടികൾ പ്രാർത്ഥന ചൊല്ലി.
ശ്രീ കെ പി രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഇത് 38 മത്തെ ശാഖാ വാർഷികം ആണെന്നറിയിച്ചു കൊണ്ട്, ഇതു വരെയുള്ള ശാഖാ പ്രവർത്തനത്തെക്കുറിച്ച് ഒരു ചെറിയ വിലയിരുത്തൽ നടത്തി. തുടർന്ന് ശ്രീ കെ പി ഗോപാല പിഷാരോടി, സുശീല, കെ പി ശോഭന വി പി, ഗീത കെ പി എന്നിവർ ചേർന്ന് പുരാണ പാരായണം നടത്തി.
അദ്ധ്യക്ഷ ഭാഷണത്തിൽ, ശാഖ പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടി ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നടത്തിയതായി പ്രഖ്യാപിച്ചു. തുടർന്ന് പ്രയത്നം കൊണ്ട് വിവിധ മേഖലകളിൽ ഉയർന്നുവന്ന വിവിധ വ്യക്തിത്വങ്ങളെ ആദരിച്ചു. കഥകളി കലാകാരനായ ശ്രീ കലാനിലയം അനിൽകുമാറിനെയും, ഓട്ടൻതുള്ളൽ കലാകാരനായ ശ്രീ കൃഷ്ണപുരത്ത് മുരളിയേയും, വ്യവസായിക വാണിജ്യ മേഖലയിൽ ഉയർന്നുവന്ന ശ്രീ കണ്ണന്നൂർ പിഷാരത്ത് രവീന്ദ്രനെയും, ആരോഗ്യ മേഖലയിൽ ഒരു നാടിനു മുഴുവൻ സേവനം ചെയ്യുന്ന ഡോക്ടർ ശ്രീ അശോക് കുമാറിനെയും ആദരിച്ചു. ആദ്യകാലം മുതലേ സമാജത്തിന്റെ സജീവ പ്രവർത്തകനായിരുന്ന ശ്രീ ടി പി നാരായണൻകുട്ടി പിഷാരോടിയേയും ആദരിച്ചു. അതോടൊപ്പം പാരമ്പര്യ കഴകം ചെയ്തുവരുന്ന തിരുനെല്ലി പിഷാരത്ത് ശ്രീ രാമകൃഷ്ണൻ പിഷാരോടിയേയും ആദരിച്ചു. മുതിർന്ന അംഗങ്ങളായ കോങ്ങാട് കാവിൽ പിഷാരത്ത് ശ്രീദേവി പിഷാരസ്യാരെയും, തെക്കേ പിഷാരത്ത് സുകുമാര പിഷാരോടിയേയും ആദരിച്ചു.
ചെറുപ്പം മുതൽ കൊണ്ടു നടന്ന ആഗ്രഹം പോലെ ഇൻഡിഗോ എയർലൈൻസിൽ വനിതാ പൈലറ്റ് ആയി മാറിയ കുമാരി ദർശന രവീന്ദ്രന് പ്രത്യേകം അനുമോദനങ്ങൾ രേഖപ്പെടുത്തി. PET പെൻഷൻ പദ്ധതിയിലേക്ക് ഒരു വർഷ പെൻഷൻ തുക ദർശന ശാഖ പ്രസിഡണ്ടിനെ ഏൽപ്പിച്ചു. ഈ മാതൃകാ പ്രവൃത്തിക്ക് ശാഖാ അംഗങ്ങൾ ദർശന രവീന്ദ്രനെ പ്രത്യേകം അഭിനന്ദിച്ചു.
വളരെ ചെറുപ്പത്തിൽ തന്നെ കലാരംഗത്ത് ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ആദിത്യനും പ്രത്യേകം അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.
ശാഖാ സെക്രട്ടറി ഗീത കെ പി റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. 18 വയസ്സ് കഴിഞ്ഞവർ എല്ലാം സമാജം അംഗത്വം എടുക്കണമെന്ന് അഭിപ്രായപ്പെടുകയും അതനുസരിച്ച് കുറെയധികം കുട്ടികൾ അന്നേ ദിവസം അംഗത്വം എടുക്കുകയും ചെയ്തു. ട്രഷറർ ശ്രീ ചന്ദ്രശേഖര പിഷാരോടിയും, ശാഖമന്ദിരം മാനേജർ അനിൽ കൃഷ്ണനും വാർഷിക ചെലവും കണക്കും അവതരിപ്പിച്ചു.
SSLC സ്കോളർഷിപ്പ് കുമാരി ശ്രീലക്ഷ്മിക്കും, അഭിനന്ദ് ദാസനും, പ്ലസ് ടു സ്കോളർഷിപ്പ് വൈഷ്ണവിക്കും നൽകി. വിദ്യാഭ്യാസ ധനസഹായം അരവിന്ദും ഏറ്റുവാങ്ങി. PG കഴിഞ്ഞ അഞ്ജലിക്കും സ്കോളർഷിപ്പ്നൽകി.
തുടർന്ന് 2024-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
രക്ഷാധികാരി- കെ പി അച്ചുണ്ണി പിഷാരടി & കെ പി ഗോപാല പിഷാരോടി. പ്രസിഡണ്ട് – കെ പി പ്രഭാകരൻ പിഷാരടി, വൈസ് പ്രസിഡണ്ട് – ആർ സുരേഷ് കുമാർ & ടി പി അച്യുതാനന്ദൻ, സെക്രട്ടറി- കെ പി ഗോവിന്ദൻ, ജോ. സെക്രട്ടറി – കെ പി ഗീത & എ പി മായാബാബു, ട്രഷറർ – കെ പി ചന്ദ്രശേഖരൻ, ശാഖമന്ദിര മാനേജർ – കെ പി അനിൽകൃഷ്ണൻ. മെമ്പർമാർ: കെ പി രാമചന്ദ്രൻ, എം പി ഹരിദാസൻ, ടി പി നാരായണൻകുട്ടി, എം പി ഉഷാദേവി, വി പി ഹരീഷ്, കെ ബി മുരളീധരൻ, എം പി രാധിക, ടി പി സംഗീത, സി പി രാധാ ലോഹിതൻ, സി പി ജയകൃഷ്ണൻ.
ശ്രീ എ പി രാജേന്ദ്രൻ മാഷുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ശ്രീദിവ്യ- അപൂർവ്വ ടീം ഒന്നാമതായി. അതിനുശേഷം അതിഗംഭീരമായ അക്ഷര ശ്ലോക സദസും നടന്നു.
വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കലാപരിപാടികൾ ആരംഭിച്ചു. കണ്ണിനും കാതിനും ഇമ്പമായി സുധ, കൃഷ്ണ, ഗീത, മായ, ശ്രീലക്ഷ്മി, വരദ, അമേയ, സംഗീത എന്നിവർ ചേർന്ന് കൈകൊട്ടിക്കളി അവതരിപ്പിച്ചു. ആര്യ അമേയ എന്നിവരുടെ ഡാൻസും, ശാന്താ നാരായണൻ, സുധ എന്നിവരുടെ കഥകളിപ്പദവും, മാനവ്, ശ്രീനന്ദ, അപൂർവ്വ, അർപ്പിത, രാമകൃഷ്ണപിഷാരടി എന്നിവരുടെ പാട്ടും, എം പി ഹരിദാസൻ പ്രകൃതിദുരന്തത്തെക്കുറിച്ച് അവതരിപ്പിച്ച മോണോ ആക്ട് എന്നിവയും വളരെ നന്നായിരുന്നു.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും രണ്ട് ഗ്രൂപ്പായി കസേരകളിയും ഉണ്ടായി. പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനദാനം നിർവ്വഹിച്ചു .
ഗീത കെപിയുടെ നന്ദി പ്രകടനത്തോടെ വാർഷികയോഗം സമാപിച്ചു.
ചിത്രങ്ങൾ കാണുവാൻ link click ചെയ്യുക
https://samajamphotogallery.blogspot.com/2024/09/2024_50.html