കൊടകര ശാഖ 2021 ഒക്ടോബര്‍ മാസ യോഗം

കൊടകര ശാഖയുടെ 2021 ഒക്ടോബര്‍ മാസത്തെ യോഗം ശ്രീ. രാമചന്ദ്രന്‍റെ ഭവനമായ നവമി (തെക്കേ പിഷാരം) യില്‍ 24-10-2021 ഞായറാഴ്ച 3 മണിക്ക് ചേര്‍ന്നു. കുമാരി നന്ദനയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം മണ്‍മറഞ്ഞ സമാജം അംഗങ്ങള്‍ക്കും, കാലവര്‍ഷക്കെടുതിയില്‍ ജീവനാശം വന്നവര്‍ക്കും അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥന്‍ ശ്രീ. രാമചന്ദ്രന്‍ ഏവര്‍ക്കും സ്വാഗതമാശംസിക്കുകയും കുറേക്കാലത്തിന് ശേഷം എല്ലാവരും കൂടിചേര്‍ന്നുള്ള ഒരു യോഗം നടത്തിപ്പിന് സാധിച്ചതില്‍ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.

ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി.എന്‍. പിഷാരോടി അദ്ധ്യക്ഷത വഹിച്ച്, ശാഖാ പ്രവര്‍ത്തനം, കേന്ദ്ര അറിയിപ്പുകള്‍ എന്നിവ വിശദീകരിച്ചു സംസാരിച്ചു.

2020-21 വര്‍ഷത്തെ ശാഖയുടെ വിദ്യാഭ്യാസ അവാര്‍ഡുകളും വിദ്യാഭ്യാസ ധനസഹായവും വിതരണം ചെയ്തു. അവാര്‍ഡിനര്‍ഹരായ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നേരിട്ടെത്തി അവ സ്വീകരിച്ചതില്‍ യോഗം സന്തോഷം രേഖപ്പെടുത്തി. ബിരുദ പഠനത്തിനായി വിദ്യാര്‍ത്ഥിക്ക് ധനസഹായം അനുവദിക്കുന്നതിന് സഹകരിച്ചവരെ യോഗം നന്ദിയോടെ സ്മരിച്ചു. ശാഖയുടെ അവാര്‍ഡുകളും, ധനസഹായവും സമാജം തരുന്നതാണെന്ന അഭിമാനത്തോടെ സ്വീകരിക്കുന്നതിന് ഓരോരുത്തരും തയ്യാറാവണമെന്നും അത് ശാഖാ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഉണര്‍വാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

സമ്മാനാര്‍ഹരായ നന്ദന കെ.പി. (SSLC), വിവേക് കെ.ജെ. (+2 Computer Science), സ്വാതി സി.എസ്. (+2 Commerce), ഹരിശങ്കര്‍ കെ.ആര്‍. (+2 Bio-Maths) എന്നിവര്‍ നേരിട്ടും ഭരത് പി. ജയന് (CBSE Xth) വേണ്ടി പിതാവും അവാര്‍ഡുകള്‍ പ്രസിഡണ്ടില്‍ നിന്നും സ്വീകരിക്കുകയും, അവരുടെ ഭാവിസ്വപ്നങ്ങള്‍ പങ്ക് വച്ച് സംസാരിക്കുകയും ശാഖയോടുള്ള നന്ദി അറിയിക്കുകയും ചെയ്തു. പ്രസിഡണ്ട് തുടര്‍ ജീവിതത്തില്‍ വിജയം ആശംസിച്ചതോടൊപ്പം അടുത്ത തലമുറക്ക് മാര്‍ഗ്ഗ ദീപമേകാനും ശാഖയോട് കൂടുതല്‍ അടുക്കുന്നതിനും പരിശ്രമിക്കുന്നതിന് സമ്മാനര്‍ഹരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

മുന്‍കാല ജേതാക്കളും ശാഖ അംഗങ്ങളുമായ ശ്രീമതി സംഗീത മഹേഷ് (വരന്തരപ്പിള്ളി) കമ്പനി സെക്രട്ടറി കോഴ്സ് വിജയകരമായി പൂര്‍ത്തീകരിച്ചതിനും, ശ്രീ. സൂരജ് സി.എസ്. (ചാലക്കുടി) എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തീകരിച്ച് ജോലിയില്‍ പ്രവേശിച്ചതിനും അഭിനന്ദനങ്ങള്‍ നേര്‍ന്നു. ഒപ്പം തുളസീദളം അസിസ്റ്റന്റ് മാനേജർ ആയി തെരഞ്ഞെടുക്കപ്പെട്ട രാമചന്ദ്രനും അഭിനന്ദനങ്ങൾ നേർന്നു.

മാസ്റ്റർ നിവേദ് കെ. പി. ഒരു കുട്ടിക്കഥ രസകരമായി അവതരിപ്പിച്ചു.

ശാഖാ സെക്രട്ടറി മുന്‍മാസത്തെ റിപ്പോര്‍ട്ടും, ഖജാന്‍ജി കണക്കും അവതരിപ്പിച്ചത് യോഗം ഭേദഗതി കൂടാതെ അംഗീകരിച്ചു. എല്ലാ അംഗങ്ങളും അടിയന്തിരമായി വരിസംഖ്യ അടക്കുന്നതിന് പരിശ്രമിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.

ശാഖ – കേന്ദ്ര വരിസംഖ്യ, ഗുരുവായൂര്‍ ഗസ്റ്റ് ഹൌസ് എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. മണലി ഭാഗം തൃശൂർ ശാഖയിൽ ഉൾപ്പെട്ടത് പ്രകാരം തുളസീദളം അടക്കമുള്ള ലിസ്റ്റിൽ ക്രമീകരണത്തിന് കത്ത് നൽകുന്നതിന് തീരുമാനിച്ചു. വിദ്യാഭ്യാസ അവാർഡ് സഹായം എന്നിവക്ക് കേന്ദ്രത്തിലേക്കുള്ള അപേക്ഷകൾ നൽകിയതായി സെക്രട്ടറി അറിയിച്ചു. ഗുരുവായൂര്‍ ഗസ്റ്റ് ഹൌസിന്‍റെ വിഷയം കൂടുതല്‍ ഗൌരവമായി അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് തീരുമാനിച്ചു.

ശ്രീ. കെ.പി. കൃഷ്ണന്‍ യോഗത്തിലെത്തിയ ഏവര്‍ക്കും ആതിഥേയനും നന്ദി പ്രകാശിപ്പിച്ചു. അടുത്ത യോഗം 21-11-2021 ന് 3 മണിക്ക് ശ്രീ. ജയന്‍റെ ഭവനമായ വരന്തരപ്പിള്ളി തൃക്കയില്‍ പിഷാരത്ത് വച്ച് ചേരുന്നതിന് തീരുമാനിച്ച് യോഗം 5 മണിക്ക് അവസാനിച്ചു.

സെക്രട്ടറി
കൊടകര ശാഖ

1+

One thought on “കൊടകര ശാഖ 2021 ഒക്ടോബര്‍ മാസ യോഗം

  1. കോടകര ശാഖക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു, സമ്മാനാർഹരായവരെ പ്രത്യേകം അഭിനന്ദിക്കുന്നു🌹

    0

Leave a Reply

Your email address will not be published. Required fields are marked *