കൊടകര ശാഖയുടെ 2023 മാര്‍ച്ച് മാസത്തെ യോഗം 19-03-2023 ഞായറാഴ്ച 3 മണിക്ക് കാവല്ലൂര്‍ പിഷാരത്ത് ശ്രീമതി ശോഭന പിഷാരസ്യാരുടെ ഭവനത്തിൽ വെച്ച് ചേര്‍ന്നു.
കാവല്ലൂര്‍ പിഷാരത്ത് ശ്രീ. സുനിലിന്‍റേയും സംഗീതയുടേയും കുട്ടികളായ കുമാരിമാര്‍ സമീരയുടേയും സഞ്ജനയുടേയും പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു. കാവല്ലൂർ പിഷാരത്ത് കൃഷ്ണൻകുട്ടി പിഷാരോടി ഭക്തി നിർഭരമായി ഹൃദിസ്ഥമാക്കിയ നാരായണീയം പാരായണം ചെയ്തത് ഏറെ സന്തോഷം നൽകി.
കഴിഞ്ഞ ഒരു മാസക്കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ ശാഖാ അംഗമായിരുന്ന തൃക്കൂര്‍ പിഷാരത്ത് സുരേഷിന്‍റേയും മറ്റ് പിഷാരോടി സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൌനമാചരിച്ചു.
ഗൃഹനാഥക്കു വേണ്ടി മകന്‍ ശ്രീ. സുനില്‍ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.
മുന്‍ പ്രസിഡണ്ട് ശ്രീ ടി.വി.എന്‍. പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. നിലവിലെ ശാഖാ പ്രവർത്തനങ്ങളെക്കുറിച്ചും വരാനിരിക്കുന്ന ശാഖാ വാർഷികം, കേന്ദ്ര വാർഷികം, വരിസംഖ്യ പിരിവ് എന്നിവയുടെ മുന്നൊരുക്ക പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു .
കുമാരിമാർ സമീരയുടേയും സഞ്ജനയുടേയും ചടുലതയോടെയുള്ള സിനിമാറ്റിക്ക് ഡാന്‍സ് സദസ്സ് ഹര്‍ഷാരവത്തോടെ ആസ്വദിച്ചു.
സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. അവതരിപ്പിച്ച മുൻ മാസത്തെ റിപ്പോര്‍ട്ടും ഖജാൻജി ശ്രീ ടി ആർ ജയൻ അവതരിപ്പിച്ച കണക്കുകളും വിശദീകരണങ്ങൾക്ക് ശേഷം ഏകകണ്ഠമായി അംഗീകരിച്ചു.
2022-23 ലേക്കുള്ള മുഴുവന്‍ കേന്ദ്ര വിഹിതങ്ങളും നൽകിയതായി ട്രഷറർ അറിയിച്ചു.
വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു.തൊട്ടടുത്ത നടക്കുന്ന ശാഖാ യോഗങ്ങളില്‍ പോലും പങ്കെടുക്കാത്ത സാഹചര്യത്തിന് വിപരീതമായി ആ പ്രദേശത്തെ എല്ലാ കുടുംബങ്ങളില്‍ നിന്നും അംഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായതിന് പ്രത്യേകം അഭിനന്ദനം അറിയിച്ചു. മുന്‍കാലങ്ങളിലുണ്ടായ ചെറിയ വിഷമതകള്‍ മൂലം ശാഖയില്‍ നിന്നും വിട്ടു നിന്നിരുന്നവര്‍ കൂടി ശാഖ യോഗത്തില്‍ സജീവ സാന്നിധ്യം അറിയിച്ചതില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ശാഖയിലുണ്ടാകുന്ന പ്രത്യേക ആഘോഷങ്ങള്‍ക്ക് ശാഖയിലേക്ക് അറിയിപ്പുണ്ടാക്കുന്നതിന് ഏവരും ശ്രമിക്കണമെന്നും ഇത് കൂടുതല്‍ കൂട്ടായ്മ വളര്‍ത്തുമെന്നും അഭിപ്രായപ്പെട്ടു. ഇത്തരം ആഘോഷങ്ങള്‍ അറിയിക്കുന്നതില്‍ ഏതെങ്കിലും വിധത്തിലുള്ള ഒഴിവാക്കലുണ്ടായാലും മരണ വിവരം ഏറ്റവും പെട്ടെന്ന് തന്നെ ശാഖാ നേതൃത്വത്തെ അറിയിക്കുന്നതിന് ശ്രമിക്കണമെന്നും, ആയതില്‍ ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഒപ്പം അടിയന്തിരമായി വരുന്ന ആവശ്യങ്ങളും അറിയിക്കുന്ന മുറക്ക് പരമാവധി സാധ്യമാകുന്ന രീതിയില്‍ പരിഗണിക്കുന്നത് നമ്മുടെ ബന്ധങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് സഹായകമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
വരിസംഖ്യ വളരെ കുറച്ച് പേര്‍ മാത്രമേ ലഭ്യമാക്കാനുള്ളൂ എന്നതും ആയത് ലഭ്യമാക്കുന്നതിന് പരിശ്രമം നടത്തുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഗൃഹസന്ദർശനങ്ങൾ തുടരുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. മേയ് 21 ന് നടത്താനുദ്ദേശിക്കുന്ന കേന്ദ്ര – ശാഖ വാര്‍ഷിക നടത്തിപ്പിന് വിവിധ വിഭാഗങ്ങള്‍ക്കായി ഓരോരുത്തര്‍ക്ക് പ്രത്യേകം ചുമതലയേല്‍പ്പിക്കുന്നതിന് തീരുമാനിച്ചു. വാര്‍ഷികത്തിലേക്ക് കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് താല്‍പര്യമുള്ളവര്‍ മുന്നേ കൂട്ടി പേര് വിവരം സെക്രട്ടറിക്ക് കൈമാറുന്നതിന് യോഗം നിര്‍ദ്ദേശിച്ചു.
രണ്ട് ഡിവിഷൻ ക്ഷേമനിധികളും ഇത് വരെയുള്ള കിഴിവ് കൂടി ഉള്‍പ്പെടുത്തി രണ്ട് നറുക്ക് ലേലം ചെയ്തു നൽകി.
2023 ഏപ്രില്‍ മാസത്തെ യോഗം 16-04-2023 ഞായറാഴ്ച 3 മണിക്ക് കോടാലി ദേശത്ത് വല്ലച്ചിറ പിഷാരത്ത് ശ്രീ വി.പി. നന്ദകുമാറിന്‍റെ ഭവനമായ ശ്രീനന്ദനത്തില്‍ വച്ച് ചേരുന്നതിന് തീരുമാനിച്ചു
ശ്രീ കെ.പി. മോഹനന്‍ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗ ആതിഥേയത്വത്തിന് പ്രത്യേകിച്ചും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു.
എല്ലാവരും ഒത്തു ചേർന്ന സൗഹൃദ സംഗമമായ ഫോട്ടോ സെഷന് ശേഷം യോഗം 5.10 ന് അവസാനിച്ചു.