കൊടകര ശാഖാ വാർഷികം 2024

ഒത്തൊരുമയോടേയും, സ്നേഹസംഗമങ്ങളുടേയും ഒരു വര്‍ഷം വളരെ പെട്ടെന്ന് , ഇന്നലെയെന്നോണം കടന്ന് പോയി. മുന്‍ വര്‍ഷത്തെ സംയുക്ത കേന്ദ്ര-ശാഖാ വാര്‍ഷികത്തിനു ശേഷം ഒരു ഒത്തു ചേരലിന്‍റെ, സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമായി കൊടകര ശാഖയുടെ 2023-24 വർഷത്തെ വാർഷിക പൊതുയോഗം. വിഷു ദിവസത്തിൽ വാർഷികത്തിന് ആളുകളുണ്ടാകുമോ എന്ന ഭീതി വ്യര്‍ത്ഥമാക്കിക്കൊണ്ട്, പതിവിലുമധികം അംഗങ്ങളുടെ സാന്നിദ്ധ്യം ഏറെ ഊര്‍ജ്ജദായകമായിരുന്നു. പ്രത്യേക ക്ഷണിതാക്കളുടേയും, മറ്റ് മഹനീയ വ്യക്തികളുടേയും അസാന്നിദ്ധ്യത്തിലും വിഷുദിന കൂട്ടായ്മ കൊണ്ടും കൈനീട്ടത്താലും കലാപരിപാടികളാലും വർണ്ണാഭവും അനുഗ്രഹാശിസ്സുകള്‍ നിറഞ്ഞതുമായിരുന്നു.

വാര്‍ഷിക യോഗവും കുടുംബസംഗമവും 2024 ഏപ്രിൽ 14 ഞായറാഴ്ച കോടാലിയിലുള്ള വ്യാപാരി ഭവന്‍റെ ഹാളിൽ ആഘോഷിച്ചു. രാവിലെ 10 മണിക്ക് ശ്രീമതിമാര്‍ തങ്കം രാമന്‍, രമ രാംകുമാര്‍, സുഭദ്ര ടി.പി., ശാന്ത കെ.പി., ബേബി വേണുഗോപാല്‍, പത്മിനി അച്യുതന്‍, വിജയലക്ഷ്മി പ്രഭാകരന്‍, ജയശ്രീ രാജന്‍, സുശീല രവീന്ദ്രന്‍, ശ്രീലത വിജയന്‍, മാധുരി മോഹനന്‍, അമ്പിളി ശശി, അനിത സന്തോഷ് എന്നിവരുടെ നാരായണീയ പാരായണത്തോടെ ആഘോഷം തുടങ്ങി. അഭിനന്ദയുടെ പ്രാർത്ഥനയും ജയശ്രീ, അങ്കിത എന്നിവരുടെ കണികാണും നേരമെന്ന കൃഷ്ണ സ്തുതിയും ഭക്തിനിർഭരമായിരുന്നു. ശ്രീ. അശോക് കുമാര്‍ സി.ബി. ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. നമ്മെ വിട്ടുപിരിഞ്ഞ കണ്ണന്നൂര്‍ പിഷാരത്ത് നന്ദകുമാര്‍ എന്ന ബാബു അടക്കമുള്ള വിവിധ ശാഖാ അംഗങ്ങൾക്കും എല്ലാ തലങ്ങളിലേയും പരേതരായവര്‍ക്കും അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ശ്രീ സി.പി. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശാഖാ രക്ഷാധികാരി ശ്രീ. കെ.പി. ശ്രീധര പിഷാരോടി ഉദ്ഘാടനം ചെയ്തു. പിഷാരോടി സമുദായ സംഘടനയുടെ മാത്രമല്ല, മൊത്തം സമൂഹത്തിലും വയോജനങ്ങള്‍ കൂടുന്നതും അവരുടെ ആവശ്യങ്ങള്‍ പ്രത്യേകം കണ്ടെത്തി നിറവേറ്റേണ്ടതിന്‍റെ ആവശ്യകത, വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുന്നതിന് പുതു തലമുറയെ പ്രത്യേകം പരിശീലിപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം , നിലവിലെ വിവിധ പ്രവര്‍ത്തനങ്ങള്‍, ഏറ്റെടുക്കേണ്ട പ്രത്യേക മേഖലകൾ എന്നിവയെ കുറിച്ച് ഉദ്ഘാടകനും അദ്ധ്യക്ഷനും സംസാരിച്ചു. വരിഷ്ഠ വയോധികരായ പഴയന്നൂര്‍ തെക്കൂട്ട് പിഷാരത്ത് രാംകുമാര്‍, രമ രാംകുമാര്‍ എന്നിവരെ സ്നേഹാശംസകളോടെ ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ സാസ്കാരിക വകുപ്പിന് കീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമത്തില്‍ നിന്നും കേരള നടനം കോഴ്സില്‍ ഒന്നാം റാങ്ക് നേടിയ ശ്രീമതി കാര്‍ത്തിക ഗിരീഷ് , കമ്പനി സെക്രട്ടറി , എല്‍.എല്‍.ബി. എന്നീ ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ ശ്രീമതി സംഗീത മഹേഷ്, ബി.ഫാമില്‍ ഒന്നാം ക്ലാസ് ബിരുദം നേടിയ കുമാരി ശ്രീജ കെ.ആര്‍. എന്നിങ്ങനെ ശാഖയുടേയും സമാജത്തിന്‍റേയും അഭിമാനങ്ങളായവര്‍ക്ക് ആദരവും അനുമോദനവും നൽകി.

സെക്രട്ടറി ശ്രീ രാമചന്ദ്രന്‍ ടി.പി. സമഗ്രവും സമ്പൂര്‍ണ്ണവുമായ വാർഷിക റിപ്പോർട്ടും ഖജാൻജി ശ്രീ ടി. ആര്‍, ജയന്‍ വാർഷിക കണക്കും അവതരിപ്പിച്ചത് സദസ്സ് ഐക്യകണ്ഠേന അംഗീകരിച്ചു. ഇന്‍റേണല്‍ ഓഡിറ്റര്‍ ശ്രീ. കെ.പി. ശശി ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് വരണാധികാരിയായ ശ്രീ. ജി. ആര്‍. രാഘവന്‍( രാജന്‍ സിത്താര)യുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തീകരിച്ചു. ഉഷ ശ്രീധരന്‍, ആളൂര്‍ (പ്രസിഡണ്ട്) , എ.പി. ആനന്ദന്‍, അഷ്ടമിച്ചിറ (വൈസ് പ്രസിഡണ്ട്), രമ്യ രാധാകൃഷ്ണന്‍, പോട്ട (സെക്രട്ടറി), കൃഷ്ണകുമാരി കൃഷ്ണന്‍, മാങ്കുറ്റിപ്പാടം (ജോ. സെക്രട്ടറി) , എം.പി. വിജയന്‍, കോടാലി (ട്രഷറർ), കെ.പി. ശശി, വരന്തരപ്പിള്ളി (ജോ. ട്രഷറര്‍), വി.പി. കൃഷ്ണൻകുട്ടി, പി.പി. രാധാകൃഷ്ണന്‍, സി.പി. രാമചന്ദ്രന്‍ , കെ.പി. രവീന്ദ്രൻ, ഡോ. എം.പി. രാജന്‍, വി.പി. ജയന്‍, രാജൻ സിത്താര, എ,പി, ഭരതന്‍, കെ.പി. രാമനാഥന്‍ , കെ.പി. കൃഷ്ണകുമാര്‍, ടി.ആര്‍.ജയന്‍, ടി.പി. രാമചന്ദ്രന്‍, ശാന്ത ഹരിഹരൻ , സതി മണികണ്ഠന്‍ (എക്സിക്യൂട്ടീവ് അംഗങ്ങള്‍), എ. അരുണ്‍ (ഇന്‍റേണല്‍ ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുന്‍ ഭരണ സമിതിക്ക് അനുമോദനവും നന്ദിയും പുതിയ ഭരണ സമിതിക്ക് എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്തു. ശ്രീ രാജന്‍ സിത്താര ആശംസകൾ നേർന്നു സംസാരിച്ചു. എല്ലാ കൂട്ടായ്മകളിലും യോഗങ്ങളിലും പരമാവധിപേരുടെ സഹകരണം ഉണ്ടായത് പ്രത്യേകം പ്രതിപാദിക്കപ്പെട്ടു. ഏവര്‍ക്കും ശാഖാ രക്ഷാധികാരി വിഷുക്കൈനീട്ടം നല്‍കി. വിഷുക്കൈനീട്ടം സ്വീകരിച്ച് അനുഗ്രഹം നേടിയ രംഗം വ്യത്യസ്തവും ഏറെ ഹൃദയ സ്പര്‍ശിയുമായിരുന്നു.

വിഭവസമൃദ്ധമായ സദ്യക്ക് ശേഷം അക്ഷരാർത്ഥത്തിൽ കലാവിരുന്ന് അരങ്ങേറി. അഥര്‍വ്വ്. അക്ഷജ്, മേഥ, ദേവതീര്‍ത്ഥ, ആദിഷ്, അഭിനന്ദ, ആദിദേവ് എന്നീ കുട്ടിപ്പട്ടാളം പാട്ടുകളും ശ്ളോകങ്ങളും കവിതകളുമൊക്കെയായി വേദി കയ്യടക്കി. രേവതി ശശികുമാർ (ലളിത ഗാനം ), രമ രാംകുമാർ (അഷ്ടപദി), അനാമിക രാജേഷ് (സെമിക്ലാസ്സിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്), കാര്‍ത്തിക ഗിരീഷ്, നവനീത രാമചന്ദ്രൻ, ലക്ഷ്മി പി.ആര്‍., കൃഷ്ണ പി.ആര്‍.(സിനിമാറ്റിക്ക് സംഘ നൃത്തം), ഗോപാലകൃഷ്ണൻ , അങ്കിത രാജു (ഫിലിം സോംഗ്), ജയശ്രീ രാജന്‍ (ഭജന്‍), ആതിര സംഘത്തിന്‍റെ തിരുവാതിര, കോല്‍ക്കളി, കിണ്ണം കളി (അഞ്ജലി രാമചന്ദ്രന്‍. ശ്രീലത നന്ദകുമാര്‍, ബീന ജയന്‍, ഗീത രാമചന്ദ്രന്‍, കൃഷ്ണകുമാരി കൃഷ്ണന്‍, രമ്യ രാധാകൃഷ്ണന്‍, ശാന്ത ഹരിഹരന്‍ വിജയലക്ഷ്മി പ്രഭാകരന്‍, ബിന്ദു രാമനാഥന്‍, മഞ്ജു ഹരിദാസ്, സതി മണികണ്ഠന്‍, കാര്‍ത്തിക ഗിരീഷ്, സുമിത്ര പീയൂഷ്, ദര്‍ശന പ്രശാന്ത്, കീര്‍ത്തി ഉണ്ണികൃഷ്ണന്‍) രാജന്‍ സിത്താര, കെ.പി.മോഹനന്‍, ടി.പി. രാമചന്ദ്രന്‍ എന്നിവരുടെ സ്കിറ്റ് എന്നിവയെല്ലാം സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. നിയുക്ത പ്രസിഡണ്ട് ശ്രീമതി ഉഷ ശ്രീധരന്‍ എല്ലാ കലാകാരന്മാർക്കും ശാഖയുടെ പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു. അടുത്ത മാസത്തെ യോഗം 19.05.24 ഞായറാഴ്ച കോടാലിയില്‍ വല്ലച്ചിറ പിഷാരത്ത് ശ്രീ. വി.പി. രാമചന്ദ്രന്‍റെ ഭവനമായ അയോദ്ധ്യയില്‍ ചേരുന്നതിനു തീരുമാനിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്നേഹ സംഗമമായിരുന്ന യോഗത്തിലെത്തിയ ഏവര്‍ക്കും ശ്രീ. സുരേഷ് സി.കെ. നന്ദി പ്രകാശിപ്പിച്ചു. സ്നേഹ സന്ദേശവും കൂട്ടായ്മയും വിളിച്ചോതിയ വാര്‍ഷിക യോഗം വൈകുന്നേരം 5.20 ന് അവസാനിച്ചു.

Pl click on the link below to view photos.

https://samajamphotogallery.blogspot.com/2024/04/2024.html

2+

Leave a Reply

Your email address will not be published. Required fields are marked *