ഗുരുവായൂർ ശാഖയുടെ ജൂൺ മാസത്തെ ഭരണസമിതി യോഗം 12-06-22 ഞായറാഴ്ച 3.30 PM നു പ്രസിഡണ്ട് ശ്രീമതി വിജയം രവിയുടെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ ഗസ്റ്റ് ഹൌസ് ഹാളിൽ വെച്ച് കൂടി.
മൗനപ്രാർത്ഥനക്ക് ശേഷം സെക്രട്ടറി സി പി മോഹനകൃഷ്ണൻ എല്ലാ ഓഫിസ് ഭാരവാഹികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെ ആത്മശാന്തിക്ക് വേണ്ടി രണ്ടു മിനുട്ട് മൗനം ആചരിച്ചു.
അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് സമുദായാംഗങ്ങൾക്ക് അനുഭവയോഗ്യമാകുന്ന തരത്തിലുള്ള ആക്സിഡന്റ് ഇൻഷുറൻസിനെ പറ്റിയുള്ള വിശദാംശങ്ങൾ വ്യക്തമാക്കി. ഇനിയും പദ്ധതിയിൽ ചേരാത്ത കഴക പ്രവൃത്തി ചെയ്യുന്ന എല്ലാ അംഗങ്ങളും ഈ സ്‌കീമിൽ ചേരണമെന്ന് അഭ്യർത്ഥിച്ചു. സന്നിഹിതരായ ഭരണസമിതി അംഗങ്ങൾ ചേർന്ന് ഏകദേശം 15 പേരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി സമയപരിധിക്കുള്ളിൽ എല്ലാവരെയും ചേർക്കാൻ ശ്രമിക്കാമെന്ന് പറഞ്ഞു കൊണ്ട് യോഗത്തിൽ അതിന്റെ രൂപരേഖ അവതരിപ്പിച്ചു.
തുടർന്ന് ശാഖാംഗങ്ങൾക്കും സമാജത്തിനും ഉപകാരപ്രദമാകുന്ന പരസ്പര സഹായ നിധി തുടങ്ങുന്നതിനെപ്പറ്റി ചർച്ച ചെയ്ത് 1000 രൂപ വീതം മാസം തോറുമെടുത്ത് 25 പേർ അടങ്ങുന്ന ഒരു നിധി ജൂലൈ മുതൽ രൂപീകരിക്കുവാൻ തീരുമാനിച്ചു. അതിനായി 25 പേരെ ഉടൻ കണ്ടെത്തുവാനും തീരുമാനിച്ചു.
സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് ഒരു ഭക്തി പ്രഭാഷണം നടത്തുന്ന കാര്യം കേന്ദ്രവുമായി സംസാരിച്ചു തീരുമാനിക്കാമെന്ന് ചർച്ച ചെയ്തു.
തുടർന്ന് വൈസ് പ്രസിഡണ്ട് നളിനി പിഷാരടിയുടെ നന്ദി പ്രകാശനത്തോടെ 4.30 നു യോഗം അവസാനിച്ചു.