എറണാകുളം ശാഖയുടെ മെയ് മാസത്തെ യോഗം മെയ് 9 ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ശ്രീമതി ഉഷ വി പി യുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
പ്രസിഡണ്ട് ഡോ. രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണനെ യോഗത്തിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു.
നമ്മളെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
മുൻപ് തീരുമാനിച്ച പോലെ എറണാകുളം ശാഖയുടെ വാർഷികം നടത്തുവാൻ പറ്റാത്ത ഈ സാഹചര്യത്തിൽ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് എപ്പോൾ നടത്താൻ പറ്റും എന്നതിനെ പറ്റി യോഗത്തിൽ വിലയിരുത്തി. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായപ്രകാരം നിലവിലെ കമ്മിറ്റി കുറച്ചു മാസത്തേക്ക് തുടരട്ടെ എന്നും സാഹചര്യം അനുകൂലമാവുമ്പോൾ മീറ്റിംഗ് വിളിച്ചുകൂട്ടി പുതിയ കമ്മിറ്റി തിരഞ്ഞെടുക്കാമെന്നും തീരുമാനിച്ചു.
ഗുരുവായൂർ ഗസ്റ്റ് ഹൗസ് പ്രവർത്തനങ്ങൾ നിലച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ കൂടുതൽ മെമ്പർഷിപ്പും OYR സ്‌കീമും വേണ്ടതിന്റെ ആവശ്യകതയും കേന്ദ്ര സമാജം ശാഖ ഭാരവാഹികളെ അറിയിച്ചിട്ടുണ്ടെന്നും ശാഖ മെമ്പർമാർ പുതിയ മെമ്പർഷിപ്പ് സ്വമേധയാ മുന്നോട്ടു വന്ന് എടുക്കണമെന്നും യോഗത്തിൽ പ്രസിഡണ്ട് രാംകുമാർ ആവശ്യപ്പെട്ടു.
തുടർന്നു സംസാരിച്ച ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ നമ്മുടെ സമുദായ അംഗങ്ങൾക്ക് പിഷാരടി സമാജവും കമ്മറ്റിയും എപ്പോഴും കൂടെയുണ്ട് എന്നുള്ള ഒരു മാനസികമായ ഒരു പിന്തുണ നൽകുന്നത് ഏറ്റവും ഉചിതം ആയിരിക്കും അത്തരത്തിലുള്ള പ്രവർത്തനങ്ങൾ വേണമെന്നും അഭിപ്രായപ്പെട്ടു. വേണമെങ്കിൽ ശാഖയുടെ വാർഷികം ഓൺലൈനായി നടത്താമെന്നും ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
അറിവില്ലായ്മകൊണ്ട് സമുദായ അംഗങ്ങൾക്ക് സർക്കാർ പദ്ധതികൾ കിട്ടാതെ പോകുന്നത് കണ്ടെത്തി അവരെ സഹായിക്കാൻ തയ്യാറാവണമെന്നും ശ്രീ ഹരികൃഷ്ണൻ ഓർമിപ്പിച്ചു. എറണാകുളം ശാഖ നിയമവിദഗ്ധർ കൂടുതലായുള്ള ഒരു ശാഖ ആണെന്നും അവരുടെ സഹായസഹകരണങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു.
ലോക്ക് ഡൗണിന്റെ പ്രതികൂല സാഹചര്യത്തിൽ മെയ്-ജൂൺ മാസങ്ങളിലെ തുളസിദളം ഒന്നിച്ച് ഒരു ലക്കമായി ജൂണിൽ പുറത്തിറക്കാം എന്ന് തുളസീദളം എഡിറ്റോറിയൽ ചേർന്നു തീരുമാനിച്ചത് യോഗത്തിൽ ജനറൽ സെക്രട്ടറി അറിയിച്ചു.
ബ്ലഡ് ഡോണേഴ്സ് അസോസിയേഷനുകളുമായി ബന്ധമുള്ളവർ ശാഖകളിൽ ഉണ്ടെങ്കിൽ അവരുടെ സേവനങ്ങൾ ശാഖ അംഗങ്ങൾക്ക് എത്തിക്കണമെന്നും ഈ പ്രതികൂല സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി അവർക്കുവേണ്ട സഹായസഹകരണങ്ങൾ ശാഖ തുടർന്നും നൽകണമെന്നും കെ പി ഹരികൃഷ്ണൻ പറയുകയുണ്ടായി.
ശാഖയുടെ പൊതു മാസയോഗങ്ങൾ ഈ പ്രതികൂല സാഹചര്യത്തിൽ കുറച്ചു മാസത്തേക്ക് ഓൺലൈനിൽ തുടരാമെന്ന നിർദേശം ഉയർന്നു. ഓൺലൈൻ മീറ്റിങ്ങിൽ പോലും ശാഖ അംഗങ്ങളുടെ പങ്കാളിത്തം കുറഞ്ഞു വരുന്നത് ശ്രദ്ധയിൽപ്പെടുത്തി.
പിഷാരടി യുവതീ-യുവാക്കളുടെ ഉന്നമനത്തിനായി സമാജം തുടങ്ങിവച്ച പി എസ് സി / ബാങ്ക് ഓറിയന്റേഷൻ ക്ലാസുകളുടെ രണ്ടാം ഘട്ടം ഉടനെതന്നെ തുടങ്ങുന്നതാണെന്നും പ്രസിഡണ്ട് ഡോ. രാംകുമാർ യോഗത്തിൽ അറിയിച്ചു.
സെക്രട്ടറി കൃഷ്ണകുമാർ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം പാസാക്കി.
മാതൃ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ശ്രീമതി ഉഷാ നാരായണൻ നടത്തിയ ചെറിയ പ്രസംഗം കാര്യമാത്രപ്രസക്തമായിരുന്നു. ഭൂമിയെ മാതാവായി കാണേണ്ടതിന്റെയും, ആ മാതാവിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഒപ്പം നാം ഭൂമിമാതാവിനോട് കാണിക്കുന്ന ക്രൂരതയുടെ ഫലമാണ് നാം ഇപ്പൊൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥകൾക്ക് കാരണമെന്നും ശ്രീമതി ഉഷ തന്റെ പ്രസംഗത്തിൽ ചൂണ്ടികാട്ടി.
തുടർന്നു ക്ഷേമനിധി നറുക്കെടുപ്പിന് ശേഷം ശ്രീ സന്തോഷ് കൃഷ്ണന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.