എറണാകുളം ശാഖ 2023 ജൂൺ മാസ യോഗം

എറണാകുളം ശാഖയുടെ ജൂൺ മാസത്തെ യോഗം തേവര ശ്രീ മനോജ് നാരായണൻകുട്ടിയുടെ ഫ്ലാറ്റിൽ വെച്ച് ജൂൺ 11 ഞായറാഴ്ച 3PMനു കൂടി. ഗൃഹനാഥ ശ്രീമതി ദിവ്യ മനോജ് ഭദ്രദീപം തെളിയിക്കുമ്പോൾ, വാൽക്കണ്ണാടി എന്ന മലയാളം സിനിമയിലെ നാരായണീയമാം എന്ന് തുടങ്ങുന്ന ഗാനം പശ്ചാത്തലത്തിലുണർന്നത് കൗതുകമായി. ഈ ഗാനത്തിന്റെ സവിശേഷത, ഇതിൽ നമ്മുടെ പിഷാരോടി സമുദായത്തിന്റെ ആദ്യ കുലപതി പണ്ഡിതരത്നം കെ പി നാരായണപിഷാരോടിയെ വർണ്ണിക്കുന്നുണ്ടെന്നതാണ്. ഇതൊരു പുതിയ അറിവാണെന്നും യോഗത്തിനു ഇത് പോലൊരു പ്രാർത്ഥനയോടെ തുടക്കം കുറിച്ചത് നന്നായി എന്നും ഏവരും അഭിപ്രായപ്പെട്ടു. തുടർന്ന്‌ ശ്രീമതി ഉഷ നാരായണന്റെ നാരായണീയ പാരായണത്തോടെ യോഗനടപടികൾ ആരംഭിച്ചു.

ഗൃഹനാഥ യോഗത്തിലെത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, അദ്ദേഹം അജണ്ട വിവരിച്ചു. ശാഖ പുതിയതായി തുടങ്ങുന്ന ക്ഷേമനിധിയിൽ ഇനിയും അംഗങ്ങൾ തികഞ്ഞിട്ടില്ല എന്നും, എത്രയും വേഗം തുടങ്ങേണ്ടതുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ ക്ഷേമനിധിയിൽ ചേർന്നിരുന്ന ഏവരും തന്നെ ഇതിലും ചേരണമെന്നും താല്പര്യപ്പെട്ടു. സെക്രട്ടറി മുൻമാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചതും, ശേഷം ട്രഷറർ ശ്രീ എം ഡി രാധാകൃഷ്ണൻ വാർഷിക പൊതുയോഗത്തിന്റെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചതും യോഗം അംഗീകരിച്ചു.

സെക്രട്ടറി ശ്രീ സന്തോഷ് കുമാർ, പുതിയ ക്ഷേമനിധിയിലേക്കു ഏകദേശം 50 പേരാണ് ഇത് വരെ ചേർന്നിട്ടുള്ളതെന്നും കഴിയുന്നതും ജൂലൈ മാസത്തിൽ തന്നെ ക്ഷേമനിധി ആരംഭിക്കാമെന്നും അറിയിച്ചു. മെയ് മാസം നടന്ന ശാഖ വാർഷികത്തിന്റെ അവലോകനം നടന്നു. വാർഷികത്തിന് അംഗങ്ങൾ കുറവായിരുന്നു എന്ന് സെക്രട്ടറി പറഞ്ഞു. എങ്കിലും താര സമ്പന്നമായ ഒരു സദസ്സ് കാണാൻ സാധിച്ചത് പ്രത്യേകം എടുത്തു പറയേണ്ടതാണ്, കഴിഞ്ഞ മാസം മെയ് 14-ന് നടന്ന ചൊവ്വര ശാഖ വാർഷികത്തിന് നമ്മുടെ ശാഖയിൽ നിന്നും പ്രസിഡണ്ടും ട്രഷററും പങ്കെടുത്ത്‌ അവർക്ക് ആശംസകൾ അറിയിക്കുകയുണ്ടായി എന്നും അറിയിച്ചു.

മെയ് 21-ന് കൊടകര ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന കേന്ദ്ര-വാർഷികത്തിൽ ശാഖയിൽ നിന്നും 10 പേർ പങ്കെടുത്തുവെന്നും, പുതിയ ഭാരവാഹികളായ ശ്രീ R ഹരികൃഷ്ണനും (കേന്ദ്ര പ്രസിഡണ്ട്), ശ്രീ K P ഗോപകുമാറിനും (ജനറൽ സെക്രട്ടറി), ഒപ്പം ശാഖയിലെ അംഗങ്ങളായ Dr. P B രാംകുമാർ (PE & WS സെക്രട്ടറി), ശ്രീ രാധാകൃഷ്ണൻ M D, ശ്രീ സന്തോഷ് കുമാർ (PP & TDT കമ്മിറ്റി മെമ്പർമാർ) എന്നിവർക്ക് ആശംസകൾ അറിയിച്ചു. വാർഷികത്തിന് ആതിഥേയത്വം വഹിച്ച കൊടകര ശാഖക്കും, അതിന്റെ ഭാരവാഹികൾക്കും യോഗത്തിൽ ആശംസകൾ അറിയിക്കുകയുണ്ടായി. കൂടാതെ കേന്ദ്ര വാർഷികത്തിൽ, സമുദായത്തിലെ മുതിർന്ന പൗരൻമാർക്ക് സൗകര്യപ്രദമായി രീതിയിൽ ഒന്നിച്ചു താമസിക്കാൻ പറ്റുന്ന രീതിയിൽ ഒരു പാർപ്പിട സൗകര്യം ഏർപ്പെടുത്തുന്ന പദ്ധതി ആരംഭിക്കണം എന്ന പ്രമേയം മുൻ കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി അവതരിപ്പിച്ച വിവരം അംഗങ്ങളെ അറിയിച്ചു. അതിലേക്കു നമ്മുടെ പിഷാരോടി സമാജത്തിനു ലഭിച്ച മഞ്ചേരി ശാഖയിലെ 1.25 ഏക്കർ, തൃശൂർ ശാഖയിലെ 8 സെൻറ് എന്നീ സ്ഥലങ്ങൾ ആവശ്യമെങ്കിൽ ഉപയോഗിക്കാമെന്നും, ഇതിനായി നമ്മുടെ ശാഖ രക്ഷാധികാരി കൂടിയായ ശ്രീ കെ ൻ ഋഷികേശ് ഉൾപ്പെട്ട ഒരു Ad-Hoc കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് എന്നും അറിയിച്ചു.

10, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുമാരി വിസ്മയ വേണുഗോപാലിനെയും, ശ്രീലക്ഷ്മി സന്തോഷിനെയും അനുമോദിച്ചു. കുമാരി ശ്രീലക്ഷ്മി തന്റെ വിജയത്തിൽ എല്ലാവർക്കും മധുരവും നൽകി. തുടർന്ന് വിവിധ വിഷയങ്ങളിൽ വളരെ വിപുലമായ ചർച്ചകൾ നടന്നു. കഴിഞ്ഞ വാർഷിക പൊതു യോഗത്തിൽ ശ്രീ രമേശ് പിഷാരോടി പരാമർശിച്ച ഡിജിറ്റൽ സ്പേസ് എന്താണെന്നു സന്തോഷ് കുമാർ വിശദീകരിച്ചു. സോഷ്യൽ മീഡിയ യുവതലമുറയെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നും, അതിന്റെ നല്ല വശം മനസ്സിലാക്കി അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ രക്ഷിതാക്കൾ നൽകണമെന്ന് ശ്രീ ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.

സമുദായത്തിന്റെ ചടങ്ങുകൾ മരണ സമയത്തേക്ക് മാത്രമല്ല ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും, വിവാഹം, പേരിടൽ തുടങ്ങിയ വിശേഷ ദിവസങ്ങളിലൊക്കെ നടത്തേണ്ടുന്നതിൽ നിന്നും സമുദായ അംഗങ്ങൾ പിന്നോട്ട് പോകുന്നുവെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. വിവാഹങ്ങൾക്കു ഹൽദി പോലുള്ള ഉത്തരേന്ത്യൻ ചടങ്ങുകൾ നടത്തുന്നുണ്ടെങ്കിലും, നമ്മുടെ ചടങ്ങുകൾ നടത്തുന്നതായി കാണുന്നില്ലല്ലോ എന്ന് ശ്രീമതി ഉഷ നാരായണൻ ചോദിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ ഈ ചടങ്ങുകളുടെ വീഡിയോ, ഡോക്യുമെന്ററി രൂപത്തിലാകുകയാണെങ്കിൽ എല്ലാവർക്കും അതൊരു ബോധവത്കരണമാകുമെന്നും, വരും തലമുറയ്ക്ക് ഉപകാരപ്രദമായിരിക്കുമെന്നും Dr. സന്തോഷ് ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഈ ചടങ്ങുകൾ ചെയ്യാൻ അംഗങ്ങൾ താല്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ അത് ചെയ്തു കൊടുക്കാൻ ഇന്ന് സമുദായത്തിൽ ക്രിയകൾ പഠിച്ചു പലരും മുന്നോട്ടു വരുന്നുണ്ടെന്നു ശ്രീ രാധാകൃഷ്ണൻ പറഞ്ഞു. നമ്മുടെ ശാഖാ പരിധിയിൽ തന്നെ ചടങ്ങു ക്രിയകൾ പഠിപ്പിക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ, അതിനു താനടക്കം പലരും തെയ്യാറാണെന്നു ശ്രീ രഘു ബാലകൃഷ്ണൻ അറിയിച്ചു.

പിഷാരോടി സമാജത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുവായൂർ ഗസ്റ്റ് ഹൌസ് ഇന്ന്, വളരെ നല്ല രീതിയിൽ മുൻപോട്ടു പോകുന്നുവെന്നും, ഇത് നമ്മുടെ സമുദായത്തിന്റെ സംരംഭം ആണെന്ന് അഭിമാനത്തോടെ പറയാനും അത് ഉപയോഗിക്കാനും, അതിലുപരി നമ്മുടെ സുഹൃത്തുക്കൾക്കും പരിചിതർക്കും പരിചയപ്പെടുത്താനും നാമേവരും ശ്രമിക്കണം എന്ന് രഘു ബാലകൃഷ്ണൻ പറഞ്ഞു. അത് പോലെ തന്നെ ഗസ്റ്റ് ഹൗസ് ഉപയോക്താക്കളെ കൊണ്ട് തന്നെ ഫീഡ്ബാക് വാങ്ങുന്നതോടൊപ്പം ഗൂഗിൾ റിവ്യൂസ് പോലെയുള്ളവ നിർബന്ധമായി ചെയ്യിപ്പിക്കുകയാണെങ്കിൽ, അത് വളരെ നല്ലതായിരിക്കുമെന്നും ശ്രീ രഘു ബാലകൃഷ്ണനും രാംകുമാറും അഭിപ്രായപ്പെട്ടു.

ശാഖയിൽ പുതിയതായി അംഗത്വം സ്വീകരിച്ച ഇടപ്പള്ളിയിൽ താമസിക്കുന്ന ശ്രീ പ്രസാദിനെയും, ഭാര്യ ഗീത പ്രസാദിനെയും പരിചയപ്പെടുത്തി. ജൂൺ മാസ യോഗത്തിനു ആതിഥ്യം വഹിച്ച ശാഖയുടെ മുൻ ജോ.സെക്രട്ടറി ശ്രീ മനോജ് നാരായണൻകുട്ടിയും കുടുംബവും ഔദ്യോഗികമായ ചില കാരണങ്ങളാൽ എറണാകുളത്തും നിന്നും ട്രാൻസ്ഫർ ആയി പോകുന്ന വേളയിൽ, അവർക്ക് ശാഖയുടെ ഒരു സ്നേഹോപഹാരം രക്ഷാധികാരി ശ്രീ കെ എൻ ഋഷികേശ് സമ്മാനിച്ചു. വളരെ സ്വാദിഷ്ടമായ ചായസൽക്കാരത്തിന് ശേഷം കമ്മിറ്റി അംഗം ശ്രീ സന്തോഷ് കൃഷ്ണന്റെ കൃതജ്ഞതയോടെ യോഗം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *