ശാഖയുടെ ഫെബ്രുവരി മാസ യോഗം കലൂർ പോണോത്ത് റോഡിലുള്ള ശ്രീ സോമചൂഢന്റെ വസതിയിൽ വെച്ച് ഫെബ്രുവരി 12 ഞായറാഴ്ച 3PMനു നടന്നു. ഗൃഹനാഥ ശ്രീമതി ജ്യോതി സോമചൂഢൻ ഭദ്രദീപം തെളിയിച്ചതിനു ശേഷം, ശ്രീമതി ഉഷ നാരായണന്റെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. തുടർന്ന് കുമാരി ശ്രീവിദ്യ പിഷാരോടിയുടെ പ്രാർത്ഥനക്കു ശേഷം, ഗൃഹനാഥൻ ശ്രീ സോമചൂഢൻ യോഗത്തിൽ ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു.
പ്രസിഡണ്ട് ശ്രീ ദിനേശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, അദ്ദേഹം യോഗത്തിന്റെ അജണ്ട വിവരിച്ചു. സെക്രട്ടറി മുൻമാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം പാസ്സാക്കി. മുൻപ് ശാഖ യോഗങ്ങളിൽ നാരായണീയ പാരായണം സ്ഥിരമായി നടത്താറുണ്ടെന്നും, എന്ത് കൊണ്ട് അത് വീണ്ടും സജീവമാക്കിക്കൂടാ എന്നും യോഗത്തിൽ ചർച്ച ചെയ്തു. പലരും അവരവരുടെ താമസസ്ഥലത്തിനടുത്തുള്ള പല നാരായണീയ സമിതികളിലും അംഗങ്ങളാണെന്നും, ഇവർക്കെല്ലാം ചേർന്നു ശാഖയിൽ തന്നെ ഒരു നാരായണീയ സമിതി രൂപീകരിക്കുകയാണെങ്കിൽ അത് ഉത്തമമാണെന്നും പലരും അഭിപ്രായപ്പെട്ടു.
പിഷാരടി സമാജത്തിൻ്റെ നേതൃത്വത്തിൽ നടന്ന സർഗ്ഗോത്സവം – 22ൽ ശാഖയിൽ നിന്നും പങ്കെടുത്ത ഗാനമാലികയിൽ പങ്കെടുത്ത ശ്രീ സോമചൂഢൻ, ശ്രീമതി ജ്യോതി സോമചൂഢൻ, ശ്രീ അജയ്, ശ്രീ സഞ്ജയ് എന്നിവരെ യോഗത്തിൽ അനുമോദിക്കുകയും, തദവസരത്തിൽ അവർക്കു കേന്ദ്രം നൽകിയ പ്രോത്സാഹന സമ്മാനങ്ങൾ PE & WS സെക്രട്ടറി ശ്രീ രാംകുമാറും ശാഖ പ്രസിഡണ്ട് ശ്രീ ദിനേശും ചേർന്നു സമ്മാനിച്ചു. സർഗ്ഗോത്സവത്തിൽ എറണാകുളം ശാഖയ്ക്കു വേണ്ടി പ്രോഗ്രാമിൽ കുടുംബസമേതം പങ്കെടുത്ത ഇവരെ യോഗത്തിൽ എല്ലാവരും പ്രത്യേകം അഭിനന്ദിക്കുകയും, ഇനിയും ഇതുപോലുള്ള അവസരങ്ങളിൽ ശാഖ അംഗങ്ങൾ ഇതുപോലെ മുന്നോട്ടു വരണമെന്നും പറഞ്ഞു.
തുടർന്ന് പുതിയ ക്ഷേമനിധി തുടങ്ങുന്നതിനെ പറ്റി ചർച്ചയുണ്ടായി. അംഗങ്ങളുടെ ആവശ്യപ്രകാരം പ്രതിമാസം 1000 രൂപ വെച്ച് 26 മാസ തവണയായി ക്ഷേമനിധി തുടങ്ങാമെന്ന് തീരുമാനിച്ചു. തദവസരത്തിൽ തന്നെ 25 – ഓളം അംഗങ്ങൾ ക്ഷേമനിധിയിൽ പേര് നൽകുകയുണ്ടായി. കഴിയുന്നതും ശാഖയിലെ എല്ലാ കുടുംബങ്ങളും ഈ സംരംഭത്തിൽ പങ്കാളികളായി വിജയിപ്പിക്കണമെന്നും, ഇനിയും ചേരാൻ താല്പര്യമുള്ളവർ അംഗങ്ങൾക്ക് സെക്രെട്ടറിയേയോ മറ്റു ഭാരവാഹികളെയോ അറിയിക്കണമെന്നും താല്പര്യപ്പെട്ടു. വിശദ വിവരങ്ങൾക്ക് സെക്രട്ടറി ശ്രീ സന്തോഷ് കുമാറിനെ ബന്ധപ്പെടുക ( +91 9020372943).
തുടർന്ന് പ്രസിഡണ്ട് ശ്രീ ദിനേശ്, ഫെബ്രുവരി 19 ഞായറാഴ്ച എറണാകുളം ശാഖ സംഘടിപ്പിക്കുന്ന, എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും തുടങ്ങി വേമ്പനാട്ടു കായലിലൂടെയുള്ള ബോട്ട് യാത്രയെക്കുറിച്ചും, യാത്രയിൽ വേണ്ട സജ്ജീകരണങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ ചില വിനോദ പരിപാടികളും, ലഘു ഭക്ഷണവും ഉണ്ടായിരിക്കണമെന്നും അറിയിച്ചു. ശാഖയുടെ വാർഷികം അടുത്ത് വരികയാണെന്നും, അത് ഗംഭീരമാക്കണമെന്നും സെക്രട്ടറി ശ്രീ സന്തോഷ് കുമാർ അറിയിച്ചു. വാർഷികം, കേന്ദ്ര വാർഷികത്തിന് മുൻപായി ഏപ്രിൽ-മെയ് മാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച നടത്താമെന്നും, അതിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി തീരുമാനിക്കാനും യോഗം അഭിപ്രായപ്പെട്ടു.
ശ്രീമതി ഉഷ നാരായണൻ, പിഷാരടി സമുദായത്തിനുള്ളിൽ തന്നെയുള്ള വിവാഹങ്ങൾ കുറഞ്ഞു വരികയാണെന്നും, തുളസീദളം മാസികയിൽ മറ്റു സമുദായ അംഗങ്ങളുടെ വിവാഹ പരസ്യങ്ങൾ കണ്ടു തുടങ്ങുന്നതും ഒരു നല്ല പ്രവണതയാണെന്നും പറഞ്ഞു. തുളസീദളം വഴി ഇപ്പോൾ ഉള്ള വൈവാഹിക പരസ്യത്തെ കുറച്ചു കൂടി കാര്യക്ഷമമായി, വിവാഹ ആലോചന നോക്കുന്ന സമുദായ അംഗങ്ങളെ സഹായിക്കുന്നതിനായി ഒരു പിഷാരോടി മാര്യേജ് ബ്യൂറോ തുടങ്ങുന്നത് വളരെ ഉത്തമമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. ഇതിനു മറുപടിയായി സെക്രട്ടറി, പിഷാരടിമാർക്കായി ഒരു മാട്രിമോണിയൽ വെബ്സൈറ്റ് തുടങ്ങുന്നത് ഇതിനെല്ലാം സഹായകമായിരിക്കുമെന്നും യോഗത്തിൽ അറിയിച്ചു. ഈ വിവരം കേന്ദ്ര എക്സിക്യൂട്ടീവ് മീറ്റിംഗിൽ അറിയിക്കാമെന്നും പറഞ്ഞു.
ശാഖയുടെ മാർച്ച് മാസ യോഗം ചേരാനെല്ലൂർ ഭാഗത്തു വെച്ച് 12-03-2023 – നു ഞായറാഴ്ച വൈകിട്ട് 3 PM – നു കൂടുവാൻ തീരുമാനിച്ചു.
തുടർന്ന് വളരെ സ്വാദിഷ്ടമായ ചായസൽക്കാരത്തിന് ശേഷം കമ്മിറ്റി അംഗം ശ്രീ സന്തോഷ് കൃഷ്ണന്റെ കൃതജ്ഞതയോടെ യോഗം പര്യവസാനിച്ചു.
ഒരു വേമ്പനാട്ട് കായൽ യാത്ര
എറണാകുളം ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാംഗങ്ങൾ പങ്കെടുത്ത വേമ്പനാട്ട് കായൽ യാത്ര ഫെബ്രുവരി മാസം 19 ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ നടത്തുകയുണ്ടായി. ഏകദേശം 65 അംഗങ്ങൾ ഈ കായൽ സവാരിയിൽ പങ്കെടുത്തു. സവാരിക്കിടയിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാവുന്ന രീതിയിലുള്ള ചില വിനോദങ്ങളും കുമാരി ദീപ്തി ദിനേശ്, കുമാരി ശ്രീവിദ്യ പിഷാരോടി എന്നിവരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കൂടാതെ ശ്രീമതി പ്രീത രാമചന്ദ്രൻ, ശ്രീ ദിനേശ് പിഷാരോടി, ശ്രീ സതീശൻ ഉണ്ണി, ശ്രീമതി ജ്യോതി സോമചൂഡൻ,ശ്രീമതി സിന്ധു രഘു എന്നിവർ നയിച്ച ഗാനമേളയിൽ കൊച്ചു കുട്ടികൾ വരെ പങ്കെടുത്തു. യാത്രക്കിടയിലെ ചായ സൽക്കാരം അംഗങ്ങൾ വളരെ ആസ്വദിച്ചു. എല്ലാവരും പങ്കെടുത്ത നൃത്തപരിപാടിയോടെ യാത്ര പര്യവസാനിച്ചു.