എറണാകുളം ശാഖയുടെ ആഗസ്ത് മാസ യോഗം, 11-08-24നു ഇടപ്പള്ളിയിൽ ശ്രീ കെ പി ചന്ദ്രൻറെ വസതി, നീലാംബരിയിൽ വച്ച് 3PMനു കൂടി. ശ്രീമതി പ്രസന്ന ചന്ദ്രൻ ഭദ്രദീപം കൊളുത്തി, പ്രാർത്ഥനയോടു കൂടി യോഗം ആരംഭിച്ചു. ഗൃഹനാഥൻ ശ്രീ ചന്ദ്രൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
തുടർന്ന് വയനാട് ദുരന്തത്തിൽ പെട്ട് ജീവൻ നഷ്ടമായവർക്കും സമുദായത്തിൽ നിര്യാതരായവർക്കും വേണ്ടി ഒരു നിമിഷം മൗനം ആചരിച്ച് അനുശോചനം രേഖപ്പെടുത്തി. ആഗസ്ത് 10നു ശതാഭിഷിക്തനായ ശ്രീ ദാമോദര പിഷാരടിയെ അനുമോദിച്ചു.
സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. ഗസ്റ്റ് ഹൗസിന്റെ പുതിയ ആനുകൂല്യമായ, ഓരോ ശാഖക്കും വർഷത്തിൽ അഞ്ചു റൂമുകൾ സൗജന്യമായി നൽകുന്ന കാര്യത്തിൽ, ശാഖയ്ക്ക് തീരുമാനിക്കാനുള്ള അധികാരം കൊടുക്കാമെന്ന് അഭിപ്രായം വന്നു. ഗുരുവായൂർ ഗസ്റ്റ് ഹൗസിന്റെ എറണാകുളം ശാഖ മെമ്പർമാരുടെ ലിസ്റ്റ് ചെക്ക് ചെയ്തു എല്ലാ തിരുത്തലുകളും വരുത്തി തിരികെ അയക്കണം എന്ന് അറിയിച്ചിട്ടുണ്ട് എന്നും സെക്രട്ടറി അറിയിച്ചു.
സമാജത്തിന്റെ പുതിയ വെൽഫെയർ അക്കൗണ്ട് തുറക്കുന്നത് സംബന്ധിച്ച് വിശദവിവരങ്ങൾ കേന്ദ്രത്തോട് ആരായണം എന്ന് ശ്രീ T N മണി അഭിപ്രായപ്പെട്ടു. തുളസിദളം ഓണപ്പതിപ്പിന് വേണ്ട പരസ്യങ്ങളും ലേഖനങ്ങളും കവിതകളും മറ്റും വേണ്ടവിധം നൽകി വിജയിപ്പിക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു. രാമായണമാസത്തെ രാമായണ പാരായണ സത്സംഗത്തിൽ പങ്കെടുത്ത എല്ലാവരെയും യോഗം അഭിനന്ദിച്ചു. കഥകളി ആചാര്യനും പിഷാരോടി സമുദായത്തിന്റെ അഭിമാനവുമായ ശ്രീ RLV ദാമോദര പിഷാരടിയുടെ പിറന്നാൾ ആഘോഷത്തെക്കുറിച്ച് പ്രതിപാദിച്ചു. അദ്ദേഹത്തിന്റെ ശതാഭിഷേകത്തിന്റെ സാമോദദാമോദരം എന്ന പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷം സെക്രട്ടറി പങ്കുവെച്ചു. ആയുരാരോഗ്യസൗഖ്യം നൽകി ഈശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചു. ഒളിമ്പിക്സിൽ നമ്മുടെ രാജ്യത്തിൻറെ പുരോഗതിയിൽ എല്ലാവരും അഭിനന്ദനം അറിയിച്ചു. ഹോക്കി ടീമിലുള്ള ശ്രീ PR ശ്രീജേഷിനും അഭിനന്ദനങ്ങൾ അറിയിച്ചു.
ശാഖയുടെ ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾക്ക് അർഹരായവരുടെ വിവരങ്ങൾ പങ്കുവെച്ചു ഏവരെയും അനുമോദിച്ചു. അടുത്ത മാസം നടക്കുന്ന ഓണാഘോഷ വേളയിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് അറിയിച്ചു. ഈ മാസം തീരുമാനിച്ച സ്വാതന്ത്ര്യ ദിന – രാമായണം പ്രശ്നോത്തരി അടുത്ത മാസം നടത്തുന്നതായിരിക്കും എന്ന് തീരുമാനിച്ചു.
ഓണാഘോഷം സെപ്റ്റംബർ 22 – നു രാവിലെ മുതൽ വൈകീട്ട് വരെ നടത്താൻ തീരുമാനിച്ചു. ആഘോഷങ്ങൾക്കുള്ള ആദ്യ സംഭാവന ശ്രീ ടി എൻ മണി നൽകി. തുടർന്ന് ക്ഷേമനിധി നറുക്കെടുപ്പ് നടന്നു. മണിയുടെ കൃതജ്ഞതയോട് കൂടി യോഗം പര്യവസാനിച്ചു.
എറണാകുളം ശാഖയുടെ ഓണാഘോഷം
എറണാകുളം ശാഖയുടെ ഈ വർഷത്തെ ഓണാഘോഷം ചേരാനെല്ലൂർ NSS കരയോഗം ഹാളിൽ വെച്ച് സെപ്റ്റംബർ 22 – നു രാവിലെ 10 മണി മുതൽ വിവിധ കലാപരിപാടികളോടെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
ഓണാഘോഷ വേളയിൽ താഴെപ്പറയുന്ന അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.
ശാഖയുടെ വിദ്യാഭ്യാസ അവാർഡ് ജേതാക്കൾ
1. എളംകുളം കൃഷ്ണ പിഷാരടി മെമ്മോറിയൽ അവാർഡ് – പത്താം ക്ലാസ് – നിത്യാ രഘു
2. ചേരാനല്ലൂർ രാധാകൃഷ്ണ പിഷരോടി മെമ്മോറിയൽ അവാർഡ് – പത്താം ക്ലാസ് – അനന്തകൃഷ്ണൻ N
3. ചേരാനല്ലൂർ പത്മ പിഷാരസ്യാർ മെമ്മോറിയൽ അവാർഡ് – പ്ലസ് ടു – സാരംഗ് S
4. പടിഞ്ഞാറേ പിഷാരത്ത് ബാലകൃഷ്ണൻ മെമ്മോറിയൽ അവാർഡ് – ഡിഗ്രി – ശ്രീവിദ്യാ പിഷാരടി.
എല്ലാ ശാഖാ അംഗങ്ങളെയും ഈ ഓണാഘോഷ വേദിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.
സെക്രട്ടറി