ശാഖയുടെ ആഗസ്ത് മാസ യോഗം 15/08/22 തിങ്കളാഴ്ച 3.30 PMനു പൊതിയിൽ പിഷാരത്ത് ശ്രീ ഗോപാലകൃഷ്ണ പിഷാരോടിയുടെ വസതിയിൽ, വൈസ് പ്രസിഡണ്ട് ശ്രീ K. P. രവിയുടെ അദ്ധ്യക്ഷതയിൽ ശ്രീ A. P. രാഘവന്റെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങളുടെയും മറ്റുള്ളവരുടെയും സ്മരണയിൽ യോഗം മൗനം ആചരിച്ചു.
ഗൃഹനാഥൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അതോടൊപ്പം അദ്ദേഹം ഒരു രാമായണ പ്രഭാഷണവും നടത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയിലെ വിവിധ വിഷയങ്ങൾ പരാമർശിച്ചതിനു പുറമെ ഗസ്റ്റ് ഹൗസ്, തുളസീദളം എന്നിവയെ പറ്റിയും സംസാരിച്ചു. ഓണപ്പതിപ്പിലേക്ക് പരസ്യം നൽകിയ ശാഖാ അംഗങ്ങളെ യോഗം നന്ദി അറിയിച്ചു.
രാമായണ മാസത്തെ സന്ധ്യകൾ ഭക്തി സാന്ദ്രമാക്കിത്തന്ന രാമായണ പാരായണ ടീമിനെയും കോർഡിനേറ്റ് ചെയ്യുന്ന വെബ് ടീമിനേയും അഭിനന്ദിച്ചു. കോട്ടയം പാലായിൽ വെച്ച് നടന്ന മാരത്തോൺ ഓട്ടത്തിൽ പങ്കെടുക്കുകയും വളരെയേറെ വാർത്താപ്രാധാന്യം നേടുകയും ചെയ്ത നമ്മുടെ അംഗമായ ശ്രീ. നാരായണനുണ്ണിയെ യോഗം അഭിനന്ദിച്ചു. മാരത്തോൺ വേദിയിൽ വെച്ച് ത്തന്നെ പ്രശസ്ത ഒളിമ്പ്യൻ പി.ടി.ഉഷയുടെ പ്രത്യേക അനുമോദനങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നുവെന്നും അറിയിച്ചു.
തുടർന്ന് നടന്ന ചർച്ചകളിൽ നമ്മുടെ ചടങ്ങുകളെ പറ്റിയായിരുന്നു പ്രധാന വിഷയം. നമ്മുടെ സമുദായംഗങ്ങളുടെയിടയിൽ നടക്കുന്ന വിവാഹങ്ങളിൽ അത്യാവശ്യം വേണ്ട പൂജാ ചടങ്ങുകൾ നടത്തുവാൻ ശാഖയിലെ മുഴുവൻ അംഗങ്ങളോടും അഭ്യർത്ഥിച്ചു. നമ്മുടെ സമുദായത്തിൽ മാത്രമാണ് ഇപ്പോൾ വിവാഹത്തിനോടനുബന്ധിച്ച് ചടങ്ങുകൾ നടത്താത്തത്. അതുപോലെത്തന്നെ മരണാനാന്തരം നിശ്ചയിച്ചിട്ടുള്ള ചടങ്ങുകൾ ഒരു കാരണവശാലും നടത്താതെ പോകരുതെന്നും യോഗം അംഗങ്ങളോട് അഭ്യർത്ഥിച്ചു. ഈ ചടങ്ങുകൾ നടത്തുവാൻ ചൊവ്വര ശാഖാ കമ്മിറ്റിയിലെ ആരെയെങ്കിലും അറിയിച്ചാൽ അതിനു വേണ്ട എല്ലാ സഹായവും ശാഖ നടത്തുന്നതിനും യോഗം തീരുമാനിച്ചു. മരണാനന്തര ചടങ്ങിനെങ്കിലും എളുപ്പവഴികൾ ഉപേക്ഷിക്കണമെന്നും നിർദേശിച്ചു. ചർച്ചകളിൽ ശ്രീ. ഹരികൃഷ്ണ പിഷാരോടി, ശ്രീ.സതീശൻ, ശ്രീ. സേതുമാധവൻ, ശ്രീ. ബാബു തുടങ്ങിയവർ പങ്കെടുത്തു.
മുൻ യോഗ റിപ്പോർട്ട് ശ്രീ മധു വായിച്ചതു യോഗം പാസ്സാക്കി. ശ്രീ.ദിവാകര പിഷാരടി ഒരു ദേശ ഭക്തി ഗാനവും ശ്രീ. ഹരികൃഷ്ണൻ പിഷാരടി ലളിത ഗാനവും ആലപിച്ചു. അടുത്ത മാസത്തെ യോഗം സെപ്റ്റംബർ 18 ന് 3.30 PMനു തോട്ടക്കാട്ടുകരയിലുള്ള ശ്രീ. ഹരികൃഷ്ണ പിഷാരോടിയുടെ വസതി സൗപർണ്ണികയിൽ വെച്ച് കൂടുവാൻ തീരുമാനിച്ചു, ശ്രീ ദിവാകരൻ പിഷാരടിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.
സെക്രട്ടറി.
ചൊവ്വരശാഖയുടെ ആഗസ്ത് മാസത്തെ മീറ്റിംഗ് ഫലപ്രദമായി നടത്താൻ സാധിപ്പിച്ച എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ