മുഖവുരയുടെ കോൽ വിളക്കുമായി ആരും മുന്നിൽ നടക്കേണ്ടതില്ലാത്ത സാമൂഹ്യ പ്രവർത്തകനാണ് വേണു പാലൂർ .
പതിതരുടെ പക്ഷപാതിത്വം അദ്ദേഹത്തിന്റെ ചോരയുടെ ചുവപ്പാണ്.
വ്യക്തമായ കാഴ്ച്ചപ്പാടുകൾ കൊണ്ട് കൂടെയുള്ളവർക്കു വഴിച്ചൂട്ടുമായി അദ്ദേഹം മുന്നിൽ നടക്കുന്നു.
നൂതനാശയങ്ങളുടെ വറ്റാത്ത ഉറവയായ, സഹപ്രവർത്തകരിലേയ്ക്ക് ഇടതടവില്ലാതെ പ്രസരിയ്ക്കുന്ന ഊർജ്ജശേഖരമായ ആ സംഘാടന മികവ് പുരോഗമന പ്രസ്ഥാനങ്ങൾ പങ്കിട്ടെടുത്തു . ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം , ലൈബ്രറി കൗൺസിൽ ,സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണ പദ്ധതി, അദ്ധ്യാപക പ്രസ്ഥാനം …പിന്നെയും ഏതെല്ലാം ഇടങ്ങളിൽ വേണു പാലൂർ അടയാളപ്പെട്ടു !
ഈ തിരിമുറിയാപ്പെയ്ത്തിനിടയിൽ ചിത്രകാരനായ വേണു പാലൂരിനെ നമ്മളും, അദ്ദേഹം തന്നെയും മറന്ന മട്ടായി.
ഇപ്പോൾ, സൗഹൃദങ്ങളുടെ നിരന്തര പ്രേരണ, തന്റെ ചിത്രങ്ങളെ സഹൃദയ സമക്ഷം അവതരിപ്പിയ്ക്കാൻ അദ്ദേഹത്തെ ഒരുക്കിയിരിയ്ക്കുന്നു.
എണ്ണച്ചായത്തിലും, അക്രിലിക്കിലും, ചാർക്കോളിലുമായി മുപ്പതോളം ചിത്രങ്ങളാണ് പ്രദർശിപ്പിയ്ക്കപ്പെട്ടത്.
2020 ജനുവരി 2 മുതൽ 5 വരെ മലപ്പുറം കോട്ടക്കുന്ന് ആർട്ട്ഗാലറി യിലായിരുന്നു പ്രദർശനം.
ആലങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻബാബു, K P രമണൻ, V ശശികുമാർ ,ആർട്ടിസ്റ്റ് ദയാനന്ദൻ ,ഡോ.അജിത്രി, ഡോ.ശശിധരൻ ക്ലാരി , A ശ്രീധരൻ ,സിദ്ധാർത്ഥൻ പരുത്തിക്കാട് തുടങ്ങിയ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം ഉദ്ഘാടന ചടങ്ങ് പ്രൗഢഗംഭീരമാക്കി .
സുഹൃത്തുക്കളുടേയും, ശിഷ്യരുടേയും പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു ആർട്ട് ഗാലറി.
കലാമർമ്മജ്ഞരോടു മാത്രമല്ല നമ്മൾ സാധാരണക്കാരോടും വേണു പാലൂരിന്റെ ചിത്രങ്ങൾ സംസാരിയ്ക്കും.
വേദനകളുടെ പൊരുളിനെപ്പറ്റി …
വിവേചനത്തിന്റെ ഇരുളിനെപ്പറ്റി …
പ്രത്യാശയുടെ നിറക്കൂട്ടുകളെപ്പറ്റി ….
പോരാട്ടങ്ങളുടെ കനൽത്തിളക്കത്തെപ്പറ്റി …
അച്ഛൻ : ചെറുകാട്ട് പിഷാരത്ത് കൃഷ്ണപിഷാരോടി
അമ്മ : മുണ്ടൂർ അനുപുരത്ത് പിഷാരത്ത് സരസ്വതി പിഷാരസ്യാർ
ഭാര്യ: പി.സി.ബേബി ഗിരിജ
മക്കൾ : അഭിജിത്ത് .വി., അഭിനന്ദ്.വി.