അമ്മ പഠിപ്പിച്ച പാഠം – അസ്വസ്ഥതയിലെ സ്വസ്ഥത

അമ്മ പഠിപ്പിച്ച പാഠം.
Stay Comfortable in the uncomfortable zone.

കെ. പി. രവീന്ദ്രൻ

 

2020 സെപ്തംബർ 7 ന് കാലത്ത് 7.10 ന് കുളിച്ചൊരുങ്ങി അമ്മ എന്നന്നേക്കുമായി ഈ ലോകത്തിൽ നിന്ന് യാത്രയായി. അല്ല, മകൾ സത്യഭാമ എന്ന അമ്മു (ഓപ്പോൾ) കുളിച്ചൊരുക്കി മക്കളുടെയും, പേരക്കുട്ടികളുടെയും സാന്നിദ്ധ്യത്തിൽ അമ്മക്ക് നിറഞ്ഞ സന്തോഷത്തോടെ യാത്രക്കുള്ള സാഹചര്യങ്ങൾ ഒരുക്കി.

അവസാന യാത്രക്കുള്ള തയ്യാറെടുപ്പാണ് എന്നറിയാതെ ഞാൻ എന്നും കാലത്ത് അമ്മയോട് ചോദിക്കാറുള്ള ചോദ്യം ആവർത്തിച്ചു. അമ്മേ അമ്മക്ക് സുഖമല്ലേ, അമ്മക്ക് എന്താണ് വേണ്ടത്? നിറഞ്ഞ പുഞ്ചിരിയോടെ ഉടൻ മറുപടി വന്നു. സുന്ദരക്കുട്ടാ…. അമ്മക്ക് പരമ സുഖമാണ് …. അമ്മക്കൊന്നും വേണ്ട, അമ്മക്ക് പരമ സുഖമാണ്…… ഏതാനും നിമിഷങ്ങൾക്കകം അമ്മയുടെ വാക്കുകൾ നിലച്ചു, കണ്ണടഞ്ഞു….

Left to right – Haridas, Sathyabhama, Nalini Pisharasiar, Vidyanandapuri(Ramanathan), Raveendran

യഥാർത്ഥത്തിൽ അമ്മക്ക് സുഖമായിരുന്നുവോ ? അതോ എക്കാലത്തും അസ്വസ്ഥതകളെയും സ്വസ്ഥതകളെയും സമതാ ഭാവത്തോടെ ഉൾക്കൊണ്ട്, അസ്വസ്ഥതയിലെ സ്വസ്ഥത ആസ്വദിച്ച് ജീവിക്കുന്നവരാണ് പരമാനന്ദ സുഖത്തിലേക്ക് ഉയർത്തപ്പെടുന്നത് എന്ന ജീവിതവിദ്യ അമ്മ മറ്റുള്ളവരെ പഠിപ്പിക്കുകയായിരുന്നുവോ?

അഞ്ചു പെൺമക്കൾക്കിടയിൽ മൂത്തവളും, രണ്ട് സഹോദരൻമാരടക്കം 7 മക്കളിൽ രണ്ടാമത്തവളുമായി പട്ടാമ്പി കണ്ണനൂർ പിഷാരത്ത് കുഞ്ഞുകുട്ടി പിഷാരസ്യാർക്കും, ആനായത്ത് പിഷാരത്ത് കുട്ടിശ്ശേഖരനും 1940 ൽ ജനിച്ച് പഠിക്കാൻ മിടുക്കിയായിട്ടും ദാരിദ്ര്യം മൂലം ഏഴാം തരത്തിൽ പഠിപ്പ് നിർത്തേണ്ടി വന്നപ്പോഴും, ചെറു പ്രായത്തിലെ വീട്ടിലെ ഭാരം ഒഴിവാക്കുന്നതിൻ്റെ ഭാഗമായി മറ്റൊരു നരകത്തിലേക്ക്, അല്ല മറ്റൊരു Uncomfortable zone ലേക്ക് വിവാഹത്തിലൂടെ മാറ്റപ്പെടുകയായിരുന്നുവോ ?

കൂട്ടുകുടുംബ വ്യവസ്ഥയിൽ, ദാരിദ്ര്യ സാഹചര്യങ്ങളിൽ കാലത്ത് നേരത്തേ മുതൽ തുടങ്ങുന്ന വെള്ളം കോരൽ, അടിച്ചുവാരൽ, വൃത്തിയാക്കൽ, പശുവിനെ കുളിപ്പിക്കൽ, കറക്കൽ, പാല് കാച്ചൽ, തൈര് കലക്കൽ, നെയ്യുരുക്കൽ, പാചകം, പാത്രം കഴുകൽ, നെല്ലു കുത്തൽ, അരിചേറൽ, മുറ്റമടിക്കൽ, അരിയാട്ടൽ, അരക്കൽ, ചാണകം മെഴുകൽ, തുണിയലക്കൽ, അമ്പലത്തിലേക്ക് പൂ പറിക്കൽ, മാലകെട്ടൽ, പറമ്പിലെ പച്ചക്കറി വളർത്തൽ, കുട്ടികളെ നോക്കൽ തുടങ്ങിയ എണ്ണാനാവാത്ത പണികൾക്കിടയിൽ അമ്മക്ക് കുട്ടികളെ ലാളിക്കാനോ സ്നേഹ പ്രകടനങ്ങൾക്കോ സമയം കണ്ടെത്താൻ കഴിയാത്തതു കൊണ്ടായിരിക്കും ഉള്ളിലെ ആത്മാർത്ഥ സ്നേഹം എപ്പോഴും പ്രകടമാവാതിരുന്നത്. ഇംഗ്ലീഷിലെ Personality എന്ന പദം ലാറ്റിൻ ഭാഷയിൽ മുഖം മൂടി അഥവാ, മാസ്ക് എന്നർത്ഥം വരുന്ന ‘Persona’ എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് കേട്ടിട്ടുണ്ട്. മലയാളത്തിലെ ഉള്ളിൽ നിന്നും വരുന്ന സ്നേഹ പൂർണ്ണമായ വ്യക്തിത്വത്തിന് പലപ്പോഴും മുഖം മൂടി വെക്കാൻ കഴിയാതെ പോയത് കൊണ്ടാവും കുട്ടിക്കാലത്ത് അമ്മ മക്കളെ ലാളിക്കുന്നതായി ഒരിക്കലും തോന്നിയിട്ടില്ല. എന്നു മാത്രമല്ല സ്വയം പര്യാപ്തത കൈവരിക്കാൻ പഠിക്കുകയും, നാടുവിടുകയുമാണ് ചെയ്യേണ്ടതെന്ന് അൽപ്പം ഗൗരവമായി തന്നെ അമ്മ മക്കളെ ധരിപ്പിച്ചു. പിന്നീടെപ്പോഴോ Economics പാഠഭാഗത്തിൽ സാമ്പത്തിക പുരോഗതിക്ക് Education, Emigration & Experience (3Es) അനിവാര്യമാണെന്ന് വായിച്ചപ്പോൾ സ്കൂൾ പഠനം പൂർത്തിയാക്കാത്ത അമ്മ എങ്ങനെ ഈ ടെക്നിക് പഠിച്ചൂ എന്ന് ആശ്ച്ചര്യം തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അന്നത്തെ കാലത്ത് വൈദ്യുതി പോലും എത്തിനോക്കിയിട്ടില്ലാത്ത ഓണംകേറാമൂലയായ പട്ടിശ്ശേരിയിൽ ഒരു വീട്ടിലെ നാല് മക്കളും SSLC പാസായ ആദ്യത്തെ വീടാക്കി മാറ്റാനും, അനുജൻ വിശ്വനാഥൻ്റെ സഹായത്താൽ എല്ലാവരെയും ബോംബെയിലേക്കും, ഗുജറാത്തിലേക്കും എത്തിക്കാനും, അവരവരുടെ കാര്യങ്ങൾ നോക്കാൻ പ്രാപ്തിയേകുന്ന പ്രായോഗിക വിദ്യാഭ്യാസത്തിൻ്റെ വക്താവാകാനും അമ്മക്ക് കഴിഞ്ഞു.

വയസ്സായാൽ അമ്മയെ നോക്കാൻ മക്കളാരെങ്കിലും അടുത്തുണ്ടാവണ്ടേ എന്നല്ല അമ്മ ചിന്തിച്ചത്, മറിച്ച് നാടു വിട്ട് ലോകം കണ്ട് അമ്മക്ക് നേടാനാവാത്ത എല്ലാ കാര്യങ്ങളും മക്കൾ നേടട്ടെ എന്നായിരുന്നു. മക്കൾ അമ്മ ആഗ്രഹിച്ചതു പോലെ ലോകം കണ്ടു, എല്ലാം നേടി, വലിയ സൗകര്യങ്ങൾ ഒരുക്കി അമ്മയെ അവരവരുടെ സ്വസ്ഥമായ താവളങ്ങളിലേക്ക് വിളിക്കാൻ തുടങ്ങി. അമ്മ ഒരിക്കലും സ്വാസ്ഥ്യംതേടി മക്കളോടൊപ്പം സുഖവാസത്തിന് പോയില്ല. അതൊരു പഴഞ്ചൻ ചിന്താഗതിയാണെന്ന് പലപ്പോഴും മക്കൾക്ക് തോന്നി. ചിലരുടെയെല്ലാം കാഴ്ച്ചപ്പാടിൽ സ്വത്തും, മുതലും കെട്ടിപ്പിടിച്ചിരുന്ന്, പ്രാരാബ്ധങ്ങൾ വിടാതെ കടൽ പോലെയുണ്ടായിട്ടും നക്കിക്കുടിക്കുന്ന സ്വഭാവക്കാരിയായി അമ്മയെ കണ്ടു. കർക്കശക്കാരിയായ അമ്മ പക്ഷെ ആ Uncomfortable Zone നെയും ഭഗവാനിൽ അർപ്പിക്കുന്ന പൂക്കൾ പോലെ കർത്തവ്യ നിർവ്വഹണത്തിൻ്റെ പുഷ്പാർച്ചനയായി കണ്ടു. നെല്ലിക്കയുടെ ചവർപ്പ് സ്വയം ഏറ്റെടുത്ത് പിന്നീട് വരുന്ന മധുരം മക്കൾക്ക് ആസ്വദിക്കുവാൻ അവസരമൊരുക്കുകയായിരുന്നു അമ്മയെന്ന് മനസ്സിലാക്കാൻ പിന്നെയും കുറേക്കാലം കാത്തിരിക്കേണ്ടി വന്നു.

സ്നേഹനിധിയായ, സമൂഹത്തിൽ എങ്ങിനെയാണ് പെരുമാറേണ്ടതെന്ന് ജീവിതം കൊണ്ട് കാണിച്ച അച്ഛന്റെ ദേഹവിയോഗത്തിന് ശേഷവും അമ്മ ഒറ്റക്ക് തറവാട് നിലനിർത്താൻ uncomfortable zoneൽ തന്നെ തുടർന്നു. മക്കളാരെങ്കിലും അടുത്തു നിൽക്കണമെന്ന് അമ്മ ഒരിക്കലും അഭിപ്രായപ്പെട്ടില്ല. കാരണം വലിയ ജീവിത കാഴ്ച്ചപ്പാടുകൾ ഒരുക്കുന്നതിന് നാടെന്നത് ഒരു comfort Zone ആണെന്നമ്മക്കറിയാമായിരുന്നു. എന്നാൽ തറവാട് വിറ്റ് പോവുകയോ, partition(ഭാഗം) ചെയ്യപ്പെടുകയോ ചെയ്താൽ മക്കൾ തമ്മിലുള്ള കണ്ണികൾ നഷ്ട്ടപ്പെടുമെന്ന ബോധ്യത്തിൽ uncomfortable zone ൻ്റെ കയ്പ്പ് നീർ മറ്റുള്ളവർക്കായി സന്തോഷത്തോടെ കുടിക്കുന്നത് അമ്മ ശീലമാക്കി. ഫലമോ? എവിടെയാണെന്നറിയാതിരുന്ന സ്വാമി വിദ്യാനന്ദപുരിയടക്കം 4 മക്കളും ഭാഗമൊന്നും ചെയ്യാതെ അമ്മക്ക് മനോഹരമായ വീടൊരുക്കി അമ്മയോടൊപ്പം കണ്ണി വേർപെടാതെ അവസാന നാളുകളിൽ കൂടെത്തന്നെയുണ്ടായി എന്നതാണ്. മരണമടുക്കുന്ന ദിവസങ്ങളിൽ 4 മക്കളും കൂടെത്തന്നെ ഉണ്ടാവാനുള്ള അസുലഭ സന്ദർഭം അമ്മക്കുണ്ടായി.

അഭിവൃദ്ധിക്കായി, ആനന്ദത്തിനായി ക്രിയാത്മകതക്കായി എന്നെന്നും uncomfortable zone ൽ ദീർഘ വീക്ഷണത്തോടെ പ്രശ്നങ്ങളെ വെല്ലുവിളികളായി സ്വീകരിക്കുന്നവർക്ക് മാത്രമേ ജീവിത വിജയം കൈവരിക്കാനാകൂ എന്ന മഹത്തായ ആശയം ബാക്കിയാക്കി , അച്ഛനെപ്പോലെത്തന്നെ മരണത്തിലും മറ്റുള്ളവർക്ക് സഹായകമാകും വിധം തൻ്റെ ശരീരവും മറ്റുള്ളവർക്ക് ഉപയോഗപ്പെടുവാൻ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് ദാനം ചെയ്യണമെന്നതും പ്രാവർത്തികമാക്കി.

അമ്മയുടെ കഴുത്തിലുണ്ടായിരുന്ന മാല അമ്മ ഏറെ സ്നേഹിച്ച അയൽവാസിയും സഹായിയുമായിരുന്ന കല്യാണിയമ്മക്ക് കൈമാറി. അമ്മയുടെ വിശാലമായ കാഴ്ച്ചപ്പാടിൻ്റെ ബാക്കി പത്രമായി എല്ലാവർക്കും എപ്പോഴും ഔപചാരിതകളൊന്നുമില്ലാതെ കടന്നു വരാവുന്ന ‘വഴിയമ്പല’ മായി പട്ടിശ്ശേരി ഭവനം എന്നും നില കൊള്ളും.

Uncomfortable Zone ലെ Comfort, അസ്വസ്ഥതയിലെ സ്വസ്ഥത എന്താണെന്നത് വരും തലമുറകളെ പഠിപ്പിക്കാൻ.🙏

14+

5 thoughts on “അമ്മ പഠിപ്പിച്ച പാഠം – അസ്വസ്ഥതയിലെ സ്വസ്ഥത

  1. Great. Condolences to the family members. Dear Mr. Raveendran, our prayers. May the departed soul rest in peace

    1+
  2. Really great to hear the story. We the brothers and sisters numbering 6 are almost in the same line, lucky to be together so far. May her Soul Rest in Peace

    0
  3. Great Mr Raveendran Great. We can learn many many lessons from our parents especially mother. But most people not listening their own mother. Anyway you did that and learned more lessons from your mother. Excellent… Excellent.

    0

Leave a Reply

Your email address will not be published. Required fields are marked *