അഞ്ചു മിനിറ്റിൽ തൃശൂർ പൂരത്തിന്റെ പ്രധാന ദൃശ്യ മധുരങ്ങൾ ഹൃദ്യമായ സംഗീതത്തിൽ ചാലിച്ച് സമർപ്പിച്ച് ടി. പി രവികുമാർ സംഗീത ആൽബം ഒരുക്കിയിരിക്കുന്നു.
തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് കൊണ്ട് വടക്കുന്നാഥൻ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം നൈതലക്കാവ് ഭഗവതി തുറക്കുന്നത് മുതൽ ഭഗവതിമാർ വിട ചൊല്ലിപ്പിരിയുന്നത് വരെയുള്ള 36 മണിക്കൂർ നേരത്തെ പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളും ഉൾക്കൊള്ളിച്ചു കൊണ്ട് നീലാംബരി സ്റ്റുഡിയോസിന്റെ ബാനറിൽ പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ടി പി രവികുമാർ (തേനാരി പിഷാരം) എഴുതി സംഗീതം നൽകി ശ്രീ ബാലറാം കെ പാടിയ പൂരപ്പെരുമ എന്ന സംഗീത ദൃശ്യ ആൽബം ഈയിടെ പൂരം എക്സിബിഷൻ വേദിയിൽ വെച്ച് റിലീസ് ചെയ്തു. ആൽബം ഉൾക്കൊള്ളുന്ന വിഷയത്തിന്റെ ചാരുതയത്രയും ഇരട്ടിയാക്കിത്തരുന്നുണ്ട് ശ്രീ രവി വർമ്മയുടെ പശ്ചാത്തല സംഗീതം.
പൂരക്കാലത്ത് തന്നെ തികച്ചും അനുയോജ്യമായ രീതിയിൽ വളരെ മനോഹരമായി ചിട്ടപ്പെടുത്തി പുറത്തിറക്കിയ ഈ ആൽബം വെറുമൊരു വീഡിയോ ആൽബമല്ല. മറിച്ച് പൂരത്തിന്റെ എളുപ്പത്തിൽ സാധ്യമാകുന്ന സൂചക മാദ്ധ്യമം കൂടിയാണ്
ശ്രീ ടി പി രവികുമാറിനും അതോടൊപ്പം ശ്രീ ബാലറാം അടക്കം നീലാംബരിയുടെ ഈ ദൃശ്യ സംഗീത മധുരത്തിന്റെ ഭാഗമായ എല്ലാവർക്കും പിഷാരോടി സമാജത്തിന്റെയും തുളസീ ദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ!