പിഷാരോടി സമുദായത്തിൻെറ ചരിത്രത്തിൽ നാഴികക്കല്ല് ആവേണ്ട ദിവസമാണ് 12/03/2022 ശനിയാഴ്‌ച.
നമ്മുടെ അറിവിൽ ആദ്യമായി മരണാനന്തര ക്രിയകൾ പൂർണ്ണമായും ഒരു പെൺകുട്ടിയെക്കൊണ്ട് ചെയ്യിപ്പിക്കാൻ കഴിഞ്ഞത് വളരെ വലിയൊരു കാര്യമാണ്.
തൃശൂരിൽ സമാജം ആസ്ഥാനമന്ദിരത്തിൽ ഹൈദരാബാദിൽ അന്തരിച്ച “അർജുൻ”നു വേണ്ടിയുള്ള ഉദകക്രിയ, പട്ടനാട്ടി ബലി തുടങ്ങിയ ക്രിയകളും പിണ്ഡത്തോടനുബന്ധിച്ചുള്ള ആത്മാരാധനചെയ്ത് പ്രേതരൂപത്തെ പിതൃരൂപ വിഷ്ണുവാക്കി ഉദ്വസിക്കുന്നതു വരെയുള്ള ചടങ്ങുകളും അർജുൻെറ അനുജത്തിയാണ് ചെയ്തത്.
ഈ ചരിത്ര നിയോഗത്തിന് ഭാഗമായതിൽ ആ യുവാവിൻെറ അകാല വിയോഗത്തിലുള്ള വലിയ ദുഃഖത്തിനിടയിലും മനസ്സിന് സംതൃപ്തി നല്കുന്നു.
ക്രിയകൾ ചെയ്യാൻ ആണുങ്ങളായ മക്കളോ പേരക്കുട്ടികളോ മരുമക്കളോ ഇല്ലെങ്കിൽ ബന്ധത്തിൽ ഉള്ള ആരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കുക എന്നതായിരുന്നു കീഴ് വഴക്കം. ഇതിന് ഒരു ഔചിത്യക്കുറവുണ്ട് എന്ന തോന്നൽ കുറെ നാളുകളായി മനസ്സിലുണ്ടായിരുന്നു. ഇന്നത്തെ ആചാര്യന്മാരോട് ഈ വിഷയം പലപ്പോഴും ചർച്ച ചെയ്തിട്ടുമുണ്ട്. ആചാര്യൻമാർക്ക് ഈ വിഷയത്തിൽ സ്ത്രീകൾക്കും ചെയ്യാം എന്ന അഭിപ്രായമാണ് ഉള്ളത്. പക്ഷെ ഇതിന് മുൻപ് ഇതുപോലുള്ള പലഘട്ടങ്ങളിലും ചടങ്ങ് ചെയ്തുകൊടുക്കാൻ ആചാര്യൻമാർ തയ്യാറാണെങ്കിലും അത് ചെയ്യാൻ ബാധ്യതയുള്ള സ്ത്രീകളോ ബന്ധുക്കളോ അതിന് തയ്യാറായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
സ്ത്രീകളിലൂടെ തറവാടും വംശപരമ്പരയും നിലനിർത്തുന്ന സമുദായമാണ് നമ്മുടെത്. തറവാട് അന്യം നിന്നു പോവാതിരിക്കാൻ പെൺകുട്ടികൾ ജനിക്കണമെന്ന് പ്രാർത്ഥിക്കുന്ന കാരണവർമാരുണ്ടായ സമുദായം.
ചടങ്ങു ഗ്രന്ഥങ്ങളിൽ ഒന്നും സ്ത്രീകളെ ചടങ്ങുകൾ ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടില്ലെങ്കിലും മരണാനന്തര ക്രിയകൾക്ക് തൊട്ടുനില്ക്കാനല്ലാതെ പ്രധാനിയായി ക്രിയകൾ ചെയ്യാൻ അവർക്ക് പറ്റിയിരുന്നില്ല.
കാലഘട്ടത്തിൻെറ മാറ്റങ്ങളെ ഔചിത്യപൂർവ്വം ഉൾക്കൊള്ളാനും ആചാരങ്ങളുടെ അന്തസ്സത്ത കൈവിടാതെ നിലനിർത്താനും നമ്മൾക്ക് കഴിയും എന്നതിൻെറ ഒരു തെളിവായും തുടക്കമായും എല്ലാവരും ഇതിനെ കാണും എന്ന് പ്രത്യാശിക്കുന്നു.
ഈ ചരിത്രപരമായ കാര്യം ഭംഗിയാക്കാൻ സഹായിച്ച അർജുൻെറ കുടുംബാംഗങ്ങൾ, ചടങ്ങ് ആചാര്യൻ ദാമോദരേട്ടൻ ചടങ്ങുകൾക്ക് സഹകരിക്കുന്ന അംഗങ്ങൾ, സമാജത്തിൻെറ എല്ലാ സത്കർമ്മങ്ങൾക്കും നേതൃത്വം വഹിക്കുന്ന സമാജം പ്രസിഡണ്ട് ചന്ദ്രേട്ടൻ എന്നിവരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.
കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി
പ്രശംസനീയം. ആചാരങ്ങളുടെ പേരിലുള്ള അസമത്വങ്ങളും കോപ്രായങ്ങളും ഇല്ലാതാക്കേണ്ടതു തന്നെയാണ്. പിഷാരോടി സമാജത്തിന് അഭിന്ദനങ്ങൾ
അർജുൻടെ പിണ്ഡക്രിയാദികൾ അനുജത്തിതന്നെ ചെയ്യാൻ തയ്യാറായതിൽ വളരെ സന്തോഷിക്കുന്നു, ഇതിനു വേണ്ട തീരുമാനമെടുത്ത ഭാരവാഹികളെയും കൊച്ചനുജത്തിയെയും രക്ഷിതാക്കളെയും അനുമോദിക്കുന്നു