കോഴിക്കോട് മെഡിക്കൽ കോളേജിൻറെ സ്ഥാപക പ്രിൻസിപ്പൽ, കേരളകലാമണ്ഡലം ചെയർമാൻ, അനേകം കഥകളി ക്ളബ്ബുകളുടെ സ്ഥാപക പ്രസിഡണ്ട്, ആദ്യകാല സമസ്ത കേരള പിഷാരോടി സമാജത്തിന്റെ സജീവ പ്രവർത്തകൻ എന്നിങ്ങനെ ആധുനിക വൈദ്യശാസ്ത്ര രംഗത്തും കലാസാംസ്‌കാരിക രംഗത്തും നേതൃത്വപരമായ വ്യക്തിമുദ്ര പതിപ്പിച്ച യശഃശരീരനായ ഡോ. കെ എൻ പിഷാരോടിയുടെ അമ്പതാം അനുസ്മരണ ദിനം പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് 08-06-2022 ബുധനാഴ്ച രാവിലെ 11 മണിക്ക് സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ ആദ്ധ്യക്ഷതയിൽ ആചരിച്ചു.
മുഖ്യാതിഥി കലാമണ്ഡലം മുൻ പ്രിസിപ്പൽ ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ നിലവിളക്ക് തെളിയിച്ച് ഉദ്‌ഘാടനം നിർവ്വഹിച്ചു.
ഡോ. കെ എൻ പിഷാരോടിയുടെ ഛായാ ചിത്രത്തിന് മുമ്പിൽ ഏവരും പുഷ്പാർച്ചന നടത്തി.
ശ്രീ ജി പി നാരായണൻ കുട്ടിയുടെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിലേക്ക് ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ ഏവരെയും സ്വാഗതം ചെയ്തു.
അമ്പതു വർഷമായി അദ്ദേഹത്തിന്റെ ഭൗതിക വിയോഗം നടന്നിട്ടെന്നാലും വൈദ്യശാസ്ത്ര രംഗത്തും കലാ കേരളത്തിലും ഡോ. കെ എൻ പിഷാരോടിയെ ഓർമ്മിക്കാത്ത ദിനങ്ങളില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ മഹത്വത്തെ ഉയർത്തിക്കാണിക്കുന്നുവെന്ന് പറഞ്ഞു. പിഷാരോടി സമുദായത്തെ സംബന്ധിച്ചിടത്തോളം ആധുനിക വൈദ്യശാസ്ത്ര രംഗത്തെ നമുക്കിടയിലെ ആദ്യ ഭിഷഗ്വരൻ ആണ് അദ്ദേഹമെന്നും, അദ്ദേഹത്തിന്റെ ആ രംഗത്തെയും ഭരണാധികാരി എന്ന നിലയിലെയും ഔന്നത്യത്തെ വ്യക്തമാക്കുന്ന പദവി നൽകി, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിസിപ്പൽ, കേരളം അദ്ദേഹത്തെ ആദരിച്ചുവെന്നതും, അതേ പോലെ അദ്ദേഹത്തിലെ കലാഹൃദയത്തെയും കലാമണ്ഡലം ചെയർമാൻ പദവി നൽകി കേരളം ആദരിച്ചുവെന്നതും പ്രത്യേകം സ്മരിക്കേണ്ടതാണെന്നും പറഞ്ഞു. ആ മഹാനുഭാവന്റെ സ്മൃതിദിനത്തോടനുബന്ധിച്ച് ഇങ്ങനെ ഒരു ചടങ്ങു സംഘടിപ്പിക്കുവാൻ കഴിഞ്ഞതിലും അദ്ദേഹത്തക്കുറിച്ച് ഓർമ്മിക്കാനുള്ള വേദിയൊരുക്കിയതും പിഷാരോടി സമാജത്തിന്റെ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.
അദ്ധ്യക്ഷൻ ശ്രീ എ രാമചന്ദ്ര പിഷാരോടി ഡോ കെ എൻ പിഷാരോടി യുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെയും വഴിത്തിരിവുകളെയും കുറിച്ച് വിശദീകരിച്ചു.
ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ഡോ കെ എൻ പിഷാരോടി ചെയർമാൻ ആയുള്ള സമയത്തെ തന്റെ കലാമണ്ഡലത്തിലെ പ്രാരംഭ വിദ്യാഭ്യാസ ഘട്ടവും അദ്ദേഹത്തിന്റെ പ്രത്യേക വാത്സല്യത്തെക്കുറിച്ചും മറ്റും പറയുകയുണ്ടായി. കൂടാതെ തൃശൂർ കഥകളി ക്ളബ്ബ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ കഥകളി കലാകാരന്മാർക്ക് നൽകിയ പ്രോത്സാഹനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഏല്ലാ മേഖകളിലെയും നിസ്വാർത്ഥ സേവനത്തെക്കുറിച്ചും പ്രത്യേകം പരാമർശിച്ചു കൊണ്ട് ഈ ചടങ്ങ് ഔദ്യോകികമായി ഉദ്‌ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
തൃശൂർ കഥകളി ക്ലബ്ബ് രക്ഷാധികാരി അഡ്വ. സി കെ നാരായണൻ നമ്പൂതിരി അദ്ദേഹത്തിന്റെ കഥകളി ക്ലബ്ബ്മായുള്ള വിവിധ ഓർമ്മകൾ പങ്കുവെക്കുകയും അദ്ദേഹത്തിന്റെ സ്മരണക്കായി കുടുംബം ഏർപ്പെടുത്തിയ സുവർണ്ണ മുദ്രയെക്കുറിച്ചും പ്രത്യേകം പറഞ്ഞു. അതേപോലെ കഥകളിയോടൊപ്പം തന്നെ അദ്ദേഹം മറ്റു കലകൾക്കും നൽകിയ പ്രോത്സാഹനങ്ങളെക്കുറിച്ചും പരാമർശിച്ചു. കൂടാതെ തൃശൂർ കഥകളി ക്ലബ് സെക്രട്ടറി അഡ്വ. ചാർളസും അദ്ദേഹത്തെ അനുസ്മരിച്ചു.
ഡോ. കെ എൻ പിഷാരോടിയുടെ സരോജ കുടുംബാംഗങ്ങൾ സ്പോൺസർ ചെയ്ത തുളസീദളം (ജൂൺ ലക്കം) പ്രത്യേക പതിപ്പിൻെറ പ്രകാശനകർമ്മം ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ഡോ. കെ എൻ പിഷാരോടിയുടെ പേരമകൻ ഡോ. നാരായണൻ കെ പിഷാരോടിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
തുളസീദളം മുഖ്യ പത്രാധിപ ശ്രീമതി എ പി സരസ്വതി തന്റെ ബാല്യകാലത്ത് ഡോ. കെ എൻ പിഷാരോടിയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കലാ പ്രോത്സാഹനത്തെക്കുറിച്ചും പ്രത്യകം പരാമർശിച്ചു.
സമാജം മുൻ പ്രസിഡണ്ട് (Rtd Col) ഡോ വി പി ഗോപിനാഥൻ, ഡോ കെ എൻ പിഷാരോടിയെക്കുറിച്ചുള്ള ആദരവ് സദസ്സുമായി പങ്കുവച്ചു.
ഞാനിപ്പോൾ നിൽക്കുന്നത് ഒരു ചരിത്ര മുഹൂർത്തത്തിലാണെന്നും ഒരു ചരിത്ര പുരുഷന്റെ അമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് തുളസീദളം ഇറക്കാൻ സാധിക്കുക എന്നത് വലിയ ഒരു ചാരിതാർത്ഥ്യമാണ് തുളസീദളം എഡിറ്റർ എന്ന നിലക്ക് തനിക്ക് കൈവന്നിരിക്കുന്നതെന്നും ശ്രീ ഗോപൻ പഴുവിൽ പറഞ്ഞു.
പിഷാരോടി സമാജത്തിന്റെ ചരിത്രം ഡോ. കെ എൻ പിഷാരോടിയിലൂടെ ഏകദേശം 100 വർഷം മുമ്പേ തുടങ്ങിയതാണ് എന്നറിയാൻ കഴിഞ്ഞത് അദ്ദേഹം അക്കാലത്ത് എഴുതിയ ചില കത്തുകളിലൂടെയാണെന്നും അദ്ദേഹത്തെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങൾ എല്ലാം ശേഖരിച്ച് ഒരു പുസ്തകം വരും തലമുറക്ക് ഉതകും വിധം പ്രസിദ്ധപ്പെടുത്തണമെന്നും പറഞ്ഞു.
തുളസീദളം സബ് എഡിറ്റർ ശ്രീ അച്യുതൻെറ അനുസ്മരണത്തിനു ശേഷം ഡോ. നാരായണൻ കെ പിഷാരോടി സമുചിതമായി നന്ദി അറിയിച്ചതോടെ യോഗം സമാപിച്ചു.
തുടർന്ന് ഡോ. കെ എൻ പിഷാരോടിയുടെ ഛായാ ചിത്രം സമാജം ഹാളിൽ അദ്ദേഹത്തിന്റെ പേരമക്കളായ ഡോ. നാരായണൻ കെ പിഷാരോടി, ഡോ. ജയശ്രീ രാമദാസ്, ഡോ. കൃഷ്ണൻ എന്നിവർ ചേർന്ന് സ്ഥാപിച്ചു.
ചടങ്ങിന്റെ ചിത്രങ്ങളിലേക്ക്…
https://samajamphotogallery.blogspot.com/2022/06/blog-post.html