ശാസ്ത്രീയ കലാ പഠന, ആസ്വാദന ക്ലാസ്സുകൾക്ക് തുടക്കമായി

പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ശാസ്ത്രീയ കലകൾ പഠിപ്പിക്കാനും ആസ്വാദകർക്ക് ശാസ്ത്രീക കലകളെ അടുത്തറിഞ്ഞ് ഉൾക്കൊള്ളാനുള്ള സാഹചര്യം ഒരുക്കാനുമുള്ള സംരഭത്തിന് വിജയദശമിനാളായ ഒക്ടോബർ 24ന് വൈകിട്ട് 5 മണിക്ക് കലാമണ്ഡലം മുൻ പ്രിൻസിപ്പാളും പ്രശസ്ത കഥകളി ആചാര്യനുമായ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

കുമാരിമാർ ശ്രീബാല, ശ്രീഭദ്ര എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ ഏവരേയും സ്വാഗതം ചെയ്തു. ഉദ്ഘാടകൻ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ക്ലാസുകൾ കോർഡിനേറ്റുചെയ്യുന്ന ശ്രീ കലാനിലയം അനിൽകുമാർ, നൃത്താദ്ധ്യാപിക ശ്രീ മതി ഇന്ദു എന്നിവരെ ജനറൽ സെക്രട്ടറി സദസ്സിന് പരിചയപ്പെടുത്തി.

കഥകളി എന്ന ലോകോത്തരകലയുടെ മഹത്വം സാധാരണ ജനങ്ങളിൽ എത്തിക്കാൻ താൻ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അതിന് പിഷാരോടി സമാജം മുൻകൈയെടുത്ത് തുടങ്ങുന്ന ഈ സംരംഭം വലിയ മുതൽക്കുട്ടാവും എന്നും തൻെറ ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ കലാ. ബാലസുബ്രഹ്മണ്യൻ പറഞ്ഞു. ഡോ കെ എൻ പിഷാരോടി, പണ്ഡിതരത്നം കെ പി നാരായണ പിഷാരോടി തുടങ്ങിയ പണ്ഡിതന്മാർ കലകളുടെ സംരക്ഷണത്തിനും വളർച്ചക്കും നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ് എന്നും വ്യക്തിപരമായി കഥകളിയിൽ അദ്ധ്യാപകനായി വരാനും ആദ്യകാലങ്ങളിൽ അരങ്ങത്ത് അനുഭവസമ്പത്ത് വർദ്ധിപ്പിക്കുവാൻ സഹായിക്കുകയും ചെയ്ത കലാമണ്ഡലം വാസുപിഷാരോടിയെ അനുസ്മരിക്കുവാൻ ഉള്ള അവസരമായി ഈ വേദിയെ കാണുന്നതായും ശ്രീ കലാ. ബാലസുബ്രഹ്മണ്യൻ പറഞ്ഞു.

ക്ലാസ്സുകൾക്ക് നേതൃത്വം നല്കുന്ന ശ്രീ കലാനിലയം അനിൽകുമാർ പഠന, ആസ്വാദന ക്ലാസുകളെക്കുറിച്ച് വിശദീകരിച്ചു

സമാജം മുൻ പ്രസിഡണ്ടും നാട്യപ്രിയയുടെ പ്രസിഡണ്ടുമായ ശ്രീ കെ പി ബാലകൃഷ്ണൻ, തൃശൂരിൽ ആദ്യകാലത്ത് കഥകളി പഠനത്തിനായി അന്നത്തെ യുവവിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചിരുന്ന മഹത് വ്യക്തികളെക്കുറിച്ച് സംസാരിച്ചു.

സമാജം മുൻപ്രസിഡണ്ട് ശ്രീ എ രാമചന്ദ്രപിഷാരടി, ഒരു കലാസ്വാദകൻ എന്നതിലുപരി കലാപരിപാടികളുടെ സംഘാടകൻ എന്നനിലയിലാണ് താൻ പ്രവർത്തിച്ചു വരുന്നത് എന്ന് പറഞ്ഞു. ദേവസ്വം ഓഫീസറായി പ്രവർത്തിച്ചിരുന്ന സമയത്തും പറമേക്കാവ് സെക്രട്ടറി എന്നനിലയിൽ സേവനം അനുഷ്ടിച്ചിരുന്നകാലത്തും അതിന് ധാരാളം അവസരങ്ങൾ ഉണ്ടായിരുന്ന കാര്യവും ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു.

സമാജം മുൻ ജനറൽ സെക്രട്ടറിമാരായ ശ്രീ കെ പി ഹരികൃഷ്ണൻ, ശ്രീ സി പി അച്ചുതൻ, കഥകളി സംഘാടകനായ ശ്രീ സുധീഷ് , കഥകളി വിദ്യാത്ഥിയായി ചേർന്ന സിനിമ സംവിധായകനും ഫോട്ടോ ഗ്രാഫറും ഭാഗവത ആചാര്യനുമായ ശ്രീ രാജൻ രാഘവൻ (രാജൻ സിത്താര) എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.

തുടർന്ന് ശ്രീ കലാനിലയം അനിൽകുമാറിൻെറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കഥകളി പഠനക്ലാസ് നടന്നു.

0

Leave a Reply

Your email address will not be published. Required fields are marked *