കവി ഷാരടി മാഷ്

കാലാതിവർത്തിയാകുന്ന ദാർശനിക പാഠങ്ങളുടെ പൊരുളിലേക്ക്, നിർബന്ധിക്കാതെ തന്നെ നമ്മെ വഴി നടത്തുന്നൊരു കവി നമുക്കിടയിലുണ്ട്.

തെളിമയാർന്ന ഭാഷാസ്നേഹനാളത്താൽ ചന്ദനസുഗന്ധമുള്ള തത്വാവബോധപ്രമാണയുക്തമായ കവിതകളുടെ ഒരു പൂക്കൂട തന്നെ തീർത്ത ഷാരടി മാഷ്.

ആ പൂക്കൂടയുടെ പേരാണ്‌ മാനസമഞ്ജരി.

പരേതരായ തൃക്കോവിൽ പിഷാരത്ത് രാഘവ പിഷാരോടിയുടെയും മുണ്ടയിൽ പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും മകനായ
എം പി ഗോപാലകൃഷ്ണ പിഷാരോടിയാണ്‌ ഈ കവി.


രണ്ടു കവിതാസമാഹാരങ്ങൾ അദ്ദേഹത്തിന്റെതായിട്ടു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

1. പലകാല കവിതകൾ

2. മാനസമഞ്ജരി

അദ്ദേഹം കൈവെക്കാത്ത മേഖലകളില്ലെന്നു തന്നെ പറയാം. പഞ്ചവാദ്യം ശാസ്ത്രീയമായി അഭ്യസിക്കുകയും 1969ൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തിട്ടുണ്ട്. നല്ലൊരു നർത്തകൻ കൂടിയായ അദ്ദേഹം നൃത്തസംവിധാനത്തിലും നിപുണനാണ്‌.

 

അദ്ധ്യാപകനായായിരുന്നു തന്റെ ഔദ്യോകിക ജീവിതം. പ്രശസ്ത കഥകളി കലാകാരൻ കലാമണ്ഡലം വാസുപ്പിഷാരടി,  പഞ്ചവാദ്യ കലാകാരൻ സുകുമാരൻ എന്നിവർ ഇദ്ദേഹത്തിന്റെ സഹോദരന്മാരാണ്.

പത്നി: സ്രാമ്പിക്കൽ പിഷാരത്ത് വിജയകുമാരി പിഷാരസ്യാർ.

മക്കൾ: ജയദേവൻ, സുജാത, വത്സൻ

അദ്ദേഹം രചിച്ച തിരുമാന്ധാംകുന്നിലമ്മയുടെ കേശാദിപാദസ്തുതി. വന്ദന ശ്ലോക സഹിതം ഇവിടെ നിങ്ങൾക്കായി പ്രസിദ്ധീകരിക്കുന്നു.

കാലത്തെന്നുമുണർന്നീടുന്ന സമയത്താദ്യം മനസ്സിൽ വരും
ചെലൊത്തൊരു ഭവദ്സുഹാസവദനം തായേമനോമോഹനം
മാലെത്താതടിയങ്ങളെയനുദിനം നന്നായ് കടാക്ഷിക്കുവാൻ
ആലസ്യത്തിനൂനൽ കണം വിടവിഭോ മന്ധാത്വശൈലേശ്വരീ !

നവരത്നഖചിതമാണമ്മേ ഭവദിയ
നവകാന്തിതിരളുന്ന കേശഭാരം
കുനുകുന്തളം കുടിലവാരം മനോഹരം
അനുകൂല സുരഭില സുമാവലിപൂരം
കാർമേഘസമഭരിതമഹിമേന വളരുന്ന
വാർമുടി ജഘനഭാരം മറയ്ക്കുന്നിതാ
പഞ്ചമിച്ചന്ദ്രനോടിടയുന്ന ഫാലവും
പഞ്ചബാണൻ വില്ലുതോല്ക്കുന്ന ചില്ലിക-
ളഞ്ചാതെ കാണ്മു ഞാൻ ഭക്തിപൂർവ്വം വിഭോ !
തിലപുഷ്പകൗതുകമോലുന്ന നാസാഗ്ര-
മതിലുണ്ടുചലിതമായ് ലോലാക്കതിശയം !
പുഞ്ചിരി ചിന്തുന്നൊരധരശോണാഭയും
അഞ്ചിതമത്രെരദനങ്ങൾ ദംഷ്ട്രയും
പൗർണ്ണമിത്തിങ്കളിൻ പൂനിലാവിൻസമ-
മർണ്ണോജനേത്രങ്ങൾ ചേരും വദനവും
കുങ്കുമചിത്രകതുല്യം പ്രഭാസിത-
മങ്കിതം ദേവിനിൻ ത്രിതീയവിലോചനം
സൗവർണ്ണ കുംഭങ്ങൾ പോലെ നിറവാർന്നു
സൗഭദ്രമായിവിലസും സ്തനങ്ങളും
മാറിടമാകെ മറയ്ക്കുന്നമാലകൾ
മാറാതെ നിത്യംധരിക്കുന്ന ശീലവും
നീർച്ചുഴിപോലുള്ള നാഭിയോടൊത്തൊരു
ചേർച്ചയും വാർച്ചയു മാർന്നോരുദരവും
മോഹനം ശോഭിതം ഊരുദ്വയം ബഹു-
മാനിതം ചെമ്പട്ടുടയാട സൗഭഗം
ചമീകരത്തിൻ കടകങ്ങൾ നിത്യവും
ചാരുതയോടെ വിലസുന്ന കൈകളിൽ
ആയുധജാലങ്ങളേറെ തിളങ്ങുന്നു
ആയോധനത്തിനെന്നും സുസജ്ജമായ്
മന്ദ്രസംഗീതം ഭജനം മൊഴിയുന്നു
കാഞ്ചന കാന്തിവഴിയും ചിലമ്പുകൾ
ബാലശശാങ്കദശങ്കുരകാന്തിയിൽ
ലോലം നഖങ്ങൾ ചേരുന്ന പാദങ്ങളിൽ
അമ്മേ നമസ്കരിക്കുന്നു ഞാനെന്നെ നീ
ചെമ്മെയനുഗ്രഹിക്കേണം നിതാന്തമായ്
മാന്ധാദ്രിയിൽ വാണരുളുന്ന ദേവിതൻ
സാന്ദ്രാനുരാഗമീ ഗ്രാമത്തിനേകണേ !
സന്ദേഹമില്ലാതെ സൗഭാഗ്യമേകണേ !

10+

Leave a Reply

Your email address will not be published. Required fields are marked *