വേണു. വീട്ടീക്കുന്ന്
O3.08.2024
ഇന്ന് എൻ്റെ ചിന്തകളെ അകറ്റി നിർത്തിക്കൊണ്ട്, ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ രാമായണ ചിന്തകളിലൂടെ അല്പം സഞ്ചരിയ്ക്കാമെന്നു വച്ചു. അതു കൊണ്ടു തന്നെ ഇന്നു പറയുന്ന കാര്യങ്ങൾക്ക് അല്പം കൂടി ആധികാരികതയുണ്ടാകുവാൻ സാധ്യതയേറെയാണ്.
അച്ഛനോടുള്ള കടമ നിറവേറ്റേണ്ടത് പുത്രധർമ്മമെന്നതു തീരുമാനിച്ച് പത്നീ സമേതനായി കാട്ടിലെത്തിയ രാമചന്ദ്രനെ അയോദ്ധ്യാപുരിയിലേക്ക് കൂട്ടിക്കൊണ്ടുവരാനായി നിയുക്ത യുവരാജാവായ ഭരതൻ കാട്ടിലെത്തുന്നു.ഭരതൻ പല തരത്തിൽ പറഞ്ഞിട്ടും രാമൻ്റെ മനസ്സിന് യാതൊരിളക്കവും തട്ടുന്നില്ല. തൻ്റെ തീരുമാനത്തിൽ നിന്ന് നെല്ലിട വ്യതിചലിക്കാൻ രാമചന്ദ്രൻ തയ്യാറാവുന്നില്ല.
ആ സമയത്ത് പ്രത്യക്ഷ വാദവും യുക്തിവാദവുമായി ഒരു കഥാപാത്രം പ്രത്യക്ഷപ്പെടുന്നു. അതാണ് ജാബാലി.
പണ്ഡിത ശ്രേഷ്ഠനായ ഒരു ഉത്തമ ബ്രാഹ്മണനായിരുന്നു ജാബാലി. ഭരത കുമാരൻ്റെ അനുനയ വാക്കുകൾക്കൊന്നും രാമചന്ദ്രൻ വഴിപ്പെടാതെ വന്നപ്പോൾ ഒരു കൈ നോക്കാം എന്ന തീരുമാനത്തിലാണ് അദ്ദേഹം രംഗപ്രവേശം ചെയ്യുന്നത്.
മനുഷ്യർ താനേ ജനിയ്ക്കുകയും മരിയ്ക്കുകയും ചെയ്യും. അതു കൊണ്ടു തന്നെ ആരോടും കടപ്പാടുകളുടേയോ സ്നേഹാദരങ്ങളുടേയോ ആവശ്യമില്ല. മാത്രമല്ല അച്ഛൻ്റെ ആജ്ഞ അനുസരിയ്ക്കുവാൻ വേണ്ടി മാത്രം, ഈ ജീവിതത്തിൽ കൈവന്ന ഭാഗ്യം തട്ടിക്കളയേണ്ടതില്ല. സ്വന്തമായി ലഭിച്ച സിംഹാസനം കയ്യടക്കി പരമാവധി സുഖ സൗകര്യങ്ങളോടെ ഈ ജീവിതം ജീവിച്ചു തീർക്കുകയും തനിക്ക് ചെയ്യാൻ കഴിയുന്ന അത്രയും നന്മകൾ ഭരണത്തിലൂടെ ജനങ്ങൾക്ക് ചെയ്തു കൊടുക്കുകയുമാണ് വേണ്ടത് എന്നും ജാബാലി രാമചന്ദ്രനോടു പറയുന്നു. മറ്റുള്ളവരോട് കടപ്പാടുകൾ ഉണ്ടെന്നു തോന്നുന്നത് മനസ്സിൻ്റെ വിഭ്രാന്തി മാത്രമാണെന്നും ജാബാലി പറയുന്നുണ്ട്.
മരണ ശേഷം കിട്ടുമെന്നു പ്രതീക്ഷിയ്ക്കുന്ന മോക്ഷത്തിനു വേണ്ടി ഈ ജന്മത്തിലെ സുഖലോലുപതകളെല്ലാമുപേക്ഷിച്ച് ധർമ്മങ്ങളനുഷ്ഠിക്കുന്നതിൽ യാതൊരർത്ഥവുമില്ലെന്നും അദ്ദേഹം രാമചന്ദ്രനോടു പറയുന്നു. മരിച്ചു പോയ ഒരാൾക്കു വേണ്ടി ചാത്ത മൂട്ടുന്നതെല്ലാം വെറുതെയാണെന്നും ജീവിച്ചിരിക്കുമ്പോൾ അനുഭവിക്കാൻ കഴിയാത്തതായ ഒരു കാര്യവും മരണാനന്തര ജീവിതത്തിൽ പ്രതീക്ഷിക്കേണ്ടതില്ലെന്നും ജാബാലി പറയുന്നുണ്ട്.
രാമായണം ഒരു കാര്യവും കണ്ണടച്ചു വിശ്വസിക്കുവാൻ പ്രേരിപ്പിക്കുന്നില്ല. അതിൽ പല തരം ജീവിതരീതികളും ബന്ധങ്ങളും നമുക്ക് പറഞ്ഞു തരുന്നുണ്ട്. കാണിച്ചു തരുന്നുണ്ട്. നമുക്ക് വേണമെങ്കിൽ സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം. ‘സ്വാതന്ത്ര്യം നമുക്കാണ്.
രാമൻ ജാബാലിയുടെ ന്യായവാദങ്ങളെ യുക്തിയുക്തം എതിർക്കുകയും ബന്ധങ്ങളുടെ വില എന്താണെന്നു വിശദീകരിച്ചു കൊടുക്കുകയും ചെയ്യും.
എല്ലാവരും അവനവൻ്റെ ഇഷ്ടത്തിനു ജീവിക്കുന്ന ഒരു രാജ്യത്ത് ഒരു ഭരണാധികാരിയുടെ പ്രസക്തി എന്താണെന്നും ആരെയാണ് താൻ ഭരിക്കേണ്ടതെന്നും ചോദിച്ചപ്പോൾ ജാബാലി അക്ഷരാർത്ഥത്തിൽ മൗനിയായി പോകുന്നു.
ഒരാളുടെ പ്രവൃത്തികൾ അയാളെ നല്ലവനും മോശപ്പെട്ടവനുമൊക്കെയാക്കുന്നു. ഞാൻ അധർമ്മം പ്രവർത്തിച്ചാൽ എൻ്റെ പ്രജകളും അതു തന്നെയാണ് അനുവർത്തിക്കുക.
രാജാവ് മററുള്ളവർക്ക് മാതൃകയാവണം. പ്രജകളെ നേർവഴിക്കു നയിക്കുവാനുള്ള ബാധ്യത രാജാവിൽ നിക്ഷിപ്തമാണ്. അതിൽ നിന്നൊഴിഞ്ഞു മാറുന്നതു ഭീരുത്വമാണ്.
അങ്ങനെ അനവധി കാര്യങ്ങൾ ജാബാലിയോട് രോഷാകുലനായി രാമചന്ദ്രൻ പറയുന്നു.
ഉടനെ തന്നെ ജാബാലി താനൊരു നാസ്തികനൊന്നുമല്ലെന്നും, രാമചന്ദ്രനെ എങ്ങനെയെങ്കിലും വനവാസമെന്ന തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ച് നാട്ടിലേയ്ക്ക് തിരിച്ചു കൊണ്ടുപോവുകയെന്നത് മാത്രമായിരുന്നു തൻ്റെ ഉദ്ദേശമെന്നും വെളിപ്പെടുത്തുന്നു.പിന്നീട് നാസ്തികനായ ഒരാൾക്ക് രാജ്യം ഭരിയ്ക്കാനവകാശമില്ലെന്നും അങ്ങനെ ചെയ്താൽ രാജ്യം അരാജകത്തത്തിലേക്കാണ് നീങ്ങുകയെന്നുമൊക്കെ ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്.
രഘുവംശത്തിൽ കാളിദാസൻ പറയുന്നു.
” പ്രജാനാം വിനയാ ധാനാത് –
രക്ഷണാൽ ഭരണാദപി
സപിതാ പതരത്തസ്സാം
കേവലം ജന്മഹേതവ.”
മക്കൾ ജനിക്കുന്നതോടെ പിതാവിൻ്റെ കർത്തവ്യം തീരുമായിരുന്നു. അവരെ സംരക്ഷിക്കേണ്ടതും വളർത്തേണ്ടതുമായ ചുമതലകളെല്ലാം രാജാവു നോക്കുമായിരുന്നു. അത്രക്കു കർത്തവ്യനിഷ്ഠരായിരുന്നു രഘുവംശ രാജാക്കൻമാർ .
എന്നാൽ ഭാഗവതത്തിൽ കലികാല ഭരണ കർത്താക്കളെ കുറിച്ചും സൂചനയുണ്ട്. രാജ്യഭാരത്തിനും നേതൃത്വത്തിനും വ്യക്തമായ മാർഗരേഖയോ വ്യവസ്ഥയോ ഇല്ലാതാകും. അനർഹരും സ്വാർത്ഥ മോഹികളും കള്ളന്മാരും ഭരണം കയ്യാളും. ഭരിയ്ക്കുന്നവർ പ്രജാ രക്ഷകർ എന്നതിനു പകരം പ്രജാ ഭക്ഷകരാകും. അംഗബലം കൊണ്ടു ഭരണം നേടും. തെറ്റായ മാർഗ്ഗങ്ങളിലൂടെ സംവിധാനത്തെ തകിടം മറിച്ചും ഭരണം നേടിയെടുക്കും. അച്ഛനെ കൊന്നു പോലും മക്കൾ ഭരണം കയ്യടക്കും.ഇതെല്ലാം ഭാഗവത സൂചനകളാണ്. അപ്പോൾ പിന്നെ കലികാലത്തൊരു രാമരാജ്യം സ്ഥാപിതമാകാനിടയുണ്ടോ? ഇന്നത്തെ കഥ മേൽ പറഞ്ഞ കാര്യങ്ങളുമായി ഒന്നു തട്ടിച്ചു നോക്കിയാൽ പുരാണേതിഹാസങ്ങളുടെ സമകാലീന പ്രസക്തിബോധ്യപ്പെടും.
എന്തായാലും രാമചന്ദ്രൻ്റെ തീരുമാനങ്ങളെ മാറ്റാൻ ജാബാലിയുടെ നാസ്തികാഭിനയത്തിലൂടെയും സാധിച്ചില്ല.തൻ്റെ തീരുമാനത്തിൽ ചെറിയൊരു മാറ്റം പോലും വരുത്താതെ രാമചന്ദ്രൻ കാനന ജീവിതമെന്ന തൻ്റെ വിധി സ്വയം വരിക്കുക തന്നെ ചെയ്തു.
ശ്രീരാമചന്ദ്രസ്വാമിയെ പോലെ തന്നെ ധർമ്മത്തിലടിയുറച്ചു ജീവിക്കാനും, അതിനനുസരിച്ച തീരുമാനങ്ങളെടുക്കുവാൻ ഓരോ ഘട്ടത്തിലും സത്ബുദ്ധി തോന്നിക്കുവാനും ഭഗവാൻ്റെ അനുഗ്രഹമുണ്ടാകുവാൻ നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം.
“രാമായ രാമചന്ദ്രായ
രാമഭദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായാ പതയേ നമ: ”
തുടരും….