കർക്കടകം ഒമ്പത് – വിശ്വാസവും അവിശ്വാസവും

വയലാർ രാമവർമ്മ

വേണു വീട്ടീക്കുന്നു്
24.07.2024

“സത്യമെവിടെ സൗന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ – നമ്മുടെ
രക്തബന്ധങ്ങളെവിടെ
നിത്യസ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിൽ ഒരിക്കൽ
വരാറുള്ളൊരവതാരങ്ങളെവിടെ “

തൂലിക പടവാളാക്കിയ മലയാളത്തിൻ്റെ വിപ്ലവകവിയായിരുന്ന വയലാർ രാമവർമ്മ ‘അച്ഛനും ബാപ്പയും ‘ എന്ന ചലനചിത്രത്തിലേക്കു വേണ്ടി എഴുതിയ വരികളിലെ ഏതാനും ഭാഗമാണ് ഉദ്ധരിച്ചിരിക്കുന്നത്.

മനസ്സ്, ശരീരം, പ്രവൃത്തികൾ, എന്നിവ മൂന്നും പരസ്പര പൂരകങ്ങളാണ്. അവനവനിലും, അവനവനവൻ്റെ പ്രവൃത്തികളിലും ആത്മവിശ്വാസമുള്ളവരെയെല്ലാം വിശ്വാസിഗണത്തിൽ പെടുത്താം.

ദൈവമെന്നൊരു സംഭവം ഉണ്ടോ?

ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ ഞാനാളല്ല. കാരണം ഞാൻ മറ്റാരെക്കാളും സ്നേഹിക്കുന്നത് എന്നെത്തന്നെയാണ്. ഞാൻ എന്നു പറയുന്നത് എന്താണെന്നതിൽ പ്രഭാഷകർ പല നിർവ്വചനവും പറയും. എന്നാൽ യഥാർത്ഥത്തിൽ, എന്താണതെന്ന വ്യക്തമായ ധാരണ പലർക്കുമുണ്ടാവാനിടയില്ല. വിശപ്പ്, ദാഹം, ക്ഷീണം എന്നിവയൊക്കെ ഭൗതീകതയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നിരിക്കെ, എനിക്കു വിശക്കുന്നു, ദാഹിക്കുന്നു എന്നൊക്കെ പറയുന്നത് ഞാനെന്നതും എനിക്കെന്നതുമൊക്കെ എൻ്റെ ‘ഈ കാണുന്ന ശരീര സംബന്ധിയാണെന്നതനുകൂലിക്കാൻ തക്കവണ്ണം വിശ്വാസ യോഗ്യങ്ങളായ ഉദാഹരണങ്ങൾ തന്നെ.

സന്തോഷം, സന്താപം, സ്നേഹം, വെറുപ്പ്, പുച്ഛം പരിഹാസ’മെന്നിവയൊക്കെ ആലോചിച്ചു നോക്കിയാൽ ഭൗതീക സംബന്ധിയല്ലെന്നും ആത്മീയ പരമാണെന്നും ബോധ്യമാവുമെന്നതിൽ സംശയമുണ്ടാവാനിടയില്ല. ഇവിടെ ചിന്തനീയമായ കാര്യം ദൈവമുണ്ടോ ഇല്ലയോ എന്നതൊന്നുമല്ല. മാനവ സംസ്ക്കാരോന്നമനത്തിന് ആത്മീയത എത്ര മാത്രം പങ്കു വഹിക്കുന്നു എന്നതാണ്‌. വൃശ്ചികമാസം ഒന്നാം തിയ്യതി മുതൽ ശബരിമല മണ്ഡലക്കാലം ആരംഭിക്കുന്നതിനാൽ വിശ്വാസികളായ ഹൈന്ദവജനത വ്രതശുദ്ധിയോടെ ശരണം വിളികളുമായി തൃസന്ധ്യകളിലും സാത്വികാഹാരം മാത്രം കഴിച്ച് ശാരീരികവും മാനസികവും ആയ ഒരു പരിവർത്തനത്തിനും സമൂഹത്തിൻ്റെ സാംസ്കാരിക മുന്നേറ്റത്തിനും അതുമൂലം കുറച്ചു കാലമെങ്കിലും കുടുംബങ്ങളിലെ സാമ്പത്തികോന്നതിക്കും കാരണമായി ഭവിച്ചിരുന്നു.എന്നാൽ സമീപകാലത്ത് പലതരത്തിലുള്ള പ്രശ്നങ്ങൾ മനപ്പൂർവമോ അല്ലാതെയോ സൃഷ്ടിക്കപ്പെട്ട കാരണം യഥാർത്ഥ വിശ്വാസികളുടെ ഹൃദയവേദനക്കു കാരണമാവുകയും ഭക്തസഞ്ചയത്തിൻ്റെ ശബരിമല ദർശനത്തിന് വലിയ അളവിൽ തന്നെ കുറവു സംഭവിക്കുകയും ചെയ്തത് ഏവർക്കുമറിയാവുന്ന പരമാർത്ഥമാണ്.കൂടാതെ പിൽഗ്രിമേജ് ടൂറിസം എന്ന പുതിയ പേരിൽ തീർത്ഥയാത്രയെ ഒരു വിനോദോപാധിയാക്കി മാറ്റാനുള്ള ഭരണകൂട തീരുമാനങ്ങളും ശബരിമലയുടെ സ്വഭാവികവും ഭക്തിസാന്ദ്രവുമായ അവസ്ഥകൾക്കു ചെറിയ തോതിലെങ്കിലും വിഘാതങ്ങൾ സംഭവിച്ചതും ഏവർക്കുമറിയാവുന്നതു തന്നെ .

രാമായണ മാസാചരണം കൊണ്ട് പഞ്ഞ കർക്കടകത്തെ പുണ്യ കർക്കടകമാക്കാനുള്ള ഹൈന്ദവ സമൂഹത്തിൻ്റെ ആഹ്വാനങ്ങൾക്കെതിരെയും അവഹേളനങ്ങളും അപലപനങ്ങളും ധാരാളമായിട്ടുണ്ടെങ്കിലും അവയെയെല്ലാം തരണം ചെയ്യുവാനും ഹൈന്ദവ ഭവനങ്ങളിൽ ചെറിയ തോതിലെങ്കിലും ഭക്തി സാന്ദ്രമായ ഒരു അവസ്ഥ സൃഷ്ടിച്ചെടുക്കാനും സാധിച്ചിട്ടുണ്ടെന്നതിനും സംശയമില്ല. സോഷ്യൽ മീഡിയ മുഖേനയും രാമായണ മാസത്തിൽ രാമായണത്തിനും ശ്രീരാമ തത്വങ്ങൾക്കും ധാരാളം പ്രചരണം ലഭിക്കുന്നുണ്ട്.

എന്നാൽ ഏതൊരു കാര്യത്തിനും നല്ലതോ ചീത്തയോ എന്ന പരിഗണനകൾക്കപ്പുറം വ്യത്യസ്ഥങ്ങളും വിപരീത ങ്ങളുമായ അഭിപ്രായങ്ങളുണ്ടാവുന്നതും സ്വാഭാവികം മാത്രം. രാഷ്ട്രീയവും മതപരവുമായ പലതരത്തിലുള്ള ഇടപെടലുകൾ തന്നെയാണ് ഇത്തരം സാമൂഹികാസ്വാരസ്യങ്ങൾക്ക് വഴിയൊരുക്കുന്നതെന്നും പകൽ പോലെ സത്യമാണ്. അത്തരമൊരു അവസ്ഥാവിശേഷത്തിൽത്തന്നെയാണ് വയലാറിൻ്റെ വിപ്ലവാത്മകമായ വരികൾക്ക് പ്രാധാന്യമേറുന്നത്. സത്യത്തിനും സ്വാതന്ത്ര്യത്തിനുമെല്ലാം സമൂഹത്തിൽ സ്ഥാനമില്ലാതാവുമ്പോൾ അതിനെ തുടർന്ന് രക്ത ബന്ധങ്ങളുടെ വില പോലും ചിന്തിക്കാതെ പരസ്പരം വാക്കു തർക്കങ്ങളും കയ്യേറ്റങ്ങളുമൊക്കെയായി മനുഷ്യജീവനുകൾക്കു പോലും പരിരക്ഷയില്ലാതായി മാറുന്നു. അതിൽ നിന്നൊക്കെ സമൂഹ മനസ്ഥിതിക്കും മനസാക്ഷിക്കും ഒരു നവീകരണമാവശ്യമായ സന്ദർഭത്തിലാണ് രാമായണതത്വ പ്രചരണങ്ങളുടേയും മാസാചരണത്തിൻ്റേയും പ്രസക്തി വർദ്ധിക്കുന്നത്.

”മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു – മനസ്സു പങ്കു വച്ചു “

എന്ന് വയലാർ ഉച്ചത്തിൽ ചിന്തിപ്പിക്കുമ്പോഴും രക്തബന്ധങ്ങൾ മറന്ന മനുഷ്യ കൂട്ടങ്ങൾ ഇവിടെ പരസ്പരം പോരാടുന്നു.

കവി തുടരുന്നു.

“ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ലോകം ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങൾ
ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു”

ഇന്നത്തെ സമൂഹത്തിലെ വിങ്ങിപ്പൊട്ടലുകളുടെ കാരണങ്ങളന്വേഷിച്ചു ചെന്നാൽ പതിറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഇത്രയൊക്കെ എഴുതിയ വയലാറിൻ്റെ സിദ്ധിവിശേഷത്തെ എത്ര പ്രശംസിച്ചാലാണു മതിവരുക?

രാമായണ പാരായണം ഭക്തിക്കു മാത്രം പ്രാധാന്യം നൽകിയല്ലാതെ അതിലെ പല തരം ബന്ധങ്ങളെക്കുറിച്ചും പാരസ്പര്യങ്ങളെക്കുറിച്ചും മനസ്സിലാക്കിക്കൊണ്ടായാൽ സാമൂഹിക ബന്ധങ്ങൾക്ക് കൂടുതൽ ദൃഢത കൈവരിക്കുമെന്നതിനും ഇപ്പോൾ നില നിലക്കുന അസ്വാരസ്യങ്ങളെല്ലാം ഒരു പരിധി വരെ അകറ്റി നിർത്താൻ സാധിക്കുമെന്നതിനും സംശയിക്കേണ്ടതില്ല.

അതു കൊണ്ട് ഈ രാമായണ മാസത്തിൽ നമുക്കും സമൂഹത്തോടൊന്നിച്ച് ലോക നന്മക്കായി ഒത്തൊരുമിച്ച് പ്രാർത്ഥിക്കാം. ‘

ഓം സഹനാവവതു സഹനൗ ഭുനക്തു |
സഹവീര്യം കരവാവഹൈ |തേജസ്വീനാവധീതമസ്തു മാ വിദ്‌വിഷാവഹൈ |

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു:”
ഓം ശാന്തി, ശാന്തി, ശാന്തി:

 

തുടരും…

3+

Leave a Reply

Your email address will not be published. Required fields are marked *