കർക്കടകം എട്ട് – കേകയപുത്രി

വേണു വീട്ടീക്കുന്ന്
23.07. 2024

പ്രഥമ പത്നിയായ കൗസല്യയിൽ വിവാഹ ശേഷം അനേക വർഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞു ജനിക്കാനോ അനന്തരാവകാശിയെ ലഭിക്കാനോ ഭാഗ്യമില്ലാതെ പോയ ദശരഥ മഹാരാജാവ്, തൻ്റെ സ്നേഹിതനായ കേകയാധിപതി അശ്വപതിയോട് മകളെ തനിക്ക് വിവാഹം കഴിച്ചു തരാൻ അഭ്യർത്ഥിക്കുന്നു.

ഒരച്ഛൻ്റെ സ്വാർത്ഥതയിൽ നിന്നുയർന്നു വരാവുന്ന ഒരു അവകാശവാഗ്ദാനം അശ്വപതിയിൽ നിന്നും ഉണ്ടാവുന്നു.’ തൻ്റെ മകളിൽ ജനിക്കുന്ന പുത്രനെ രാജാവകാശിയാക്കണമെന്നതായിരുന്നു ആ ഉടമ്പടി .

പട്ടമഹിഷിയായ കൗസല്യയിൽ വളരെക്കാലമായിട്ടും സന്താനഭാഗ്യം ലഭിക്കാതിരുന്നതു കൊണ്ടു തന്നെ ദശരഥന് രണ്ടാമതൊന്നു ചിന്തിക്കാനുണ്ടായിരുന്നില്ല. കൈകേയീപുത്രന് രാജ്യം നല്കാമെന്ന് അശ്വ പതി രാജാവിന്നു വാക്കു കൊടുത്ത് കൈകേയിയെ ദശരഥൻ രാജ്ഞിയാക്കുന്നു.

അശ്വപതിയാകട്ടെ മകളെ വിവാഹം കഴിച്ചു പറഞ്ഞയച്ചപ്പോൾ ധാരാളം സ്വത്തുക്കളും, കൂടാതെ അനേകം ദാസിമാരേയും മകളോടൊപ്പം അയോദ്ധ്യാധിപതിക്കു നല്കി സന്തോഷവാനാക്കിത്തന്നെയാണ് തിരിച്ചയക്കുന്നത്.

ദാസീ വൃന്ദത്തിനിടയിൽ കൂർമ്മബുദ്ധിയായ മന്ഥരയുമുണ്ടായിരുന്നു.

ഒരു പക്ഷേ മന്ഥരയെന്ന ഒരു കഥാപാത്രമില്ലെങ്കിൽ രാമായണം കഥ പോലും ഉണ്ടാകുമായിരുന്നില്ല.

കൈകേയിയെ പറ്റി പറയുമ്പോൾ അവർ ജീവിച്ചു വളർന്ന സാഹചര്യം കൂടി ചിന്തിക്കേണ്ടതുണ്ട്.
പല കാര്യങ്ങൾക്കും രാജാവ് രാജ്യം വിടുന്ന സമയത്തൊക്കെ, യുദ്ധമടക്കമുള്ള രാജ്യഭരണകാര്യങ്ങൾ ഏറ്റെടുത്ത് സ്വയം നടത്തിയിരുന്ന ഉജ്ജ്വലമായ കഴിവുകൾക്കുടമയായിരുന്ന സുന്ദരിയും കാര്യശേഷിയുമുള്ള ഒരു ധീരവനിത തന്നെയായിരുന്നു കൈകേയി .

വൈകി ജനിച്ച നാലു പുത്രരിൽ ജ്യേഷ്ഠനായ രാമചന്ദ്രന് അഭിഷേകം നിശ്ചയിച്ചപ്പോൾ ഏറെ സന്തോഷിച്ചവൾ തന്നെയായിരുന്നു കൈയേയി. യാതൊരു തര വക്രബുദ്ധികളും കൈകേയിക്കുണ്ടായിരുന്നില്ല. എന്നാൽ കൈകേയിയുടെ സുഖം മാത്രം നോക്കി പ്രവർത്തിച്ചിരുന്ന മന്ഥരയാണ് ദേവാസുര യുദ്ധത്തിനിടയിൽ ദശരഥൻ നല്കിയിരുന്നവരങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുന്നതും, അഭിഷേക വിഘ്നത്തിനായി വരങ്ങൾ ചോദിക്കാനാവശ്യപ്പെടുന്നതും.

എന്നാൽ മന്ഥരയുടെ ഉപദേശങ്ങൾക്ക് മറുപടിയായി കൈകേയി രാമനോടു തനിയ്ക്കുള്ള സ്നേഹത്തെയും, തിരിച്ചു രാമൻ തന്നോടു കാണിയ്ക്കുന്ന മാതൃസ്നേഹത്തേയും ബഹുമാനാദരങ്ങളേയും കുറിച്ചു വിശദീകരിക്കുന്നുണ്ട്.

ഭക്തി സാന്ദ്രമായ അദ്ധ്യാത്മാ രാമായണം കിളിപ്പാട്ടിൽ ഈ ഭാഗം അർത്ഥമറിഞ്ഞ് ആസ്വദിച്ച് വായിക്കുകയാണെങ്കിൽ ഏതൊരു കഠിനഹൃദയൻ്റെയും കണ്ണുകൾ ഈറനണിയുമെന്നതിൽ സംശയിക്കേണ്ടതില്ല.

അത്രമാത്രം ഹൃദയവിശാലതയുള്ള കൈകേയിയുടെ സ്വഭാവ വിശുദ്ധിയെ സ്വാർത്ഥമായ വികാര വിചാരങ്ങൾ കുത്തിവെച്ച് മാറ്റിമറിക്കാൻ മന്ഥരക്കു സാമർത്ഥ്യമില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ രാമായണ കഥ ഉണ്ടാവാൻ സാധ്യതയില്ലായിരുന്നു.

ഇന്നും നമ്മുടെ സമൂഹത്തിൽ കുശാഗ്രബുദ്ധിയോടെ പ്രശ്നങ്ങൾ സൃഷ്ടിയ്ക്കുവാൻ മാത്രമായി പ്രവർത്തിയ്ക്കുന്ന മന്ഥര മാരും ശകുനിമാരുമൊക്കെയുണ്ടെന്നുള്ളതു തന്നെയാണ് സാംസ്കാരികാപചയത്തിനു കാരണമായിത്തീരുന്നത്. അത്തരക്കാരുടെ കുടില ബുദ്ധി നമ്മളിലേക്ക് എത്തിപ്പെടാതിരിക്കാനും നമ്മുടെ മനോ മണ്ഡലത്തെ ഉഴുതുമറിക്കാനും സാധ്യമല്ലാതിരിക്കാനായി നമുക്കു പ്രാർത്ഥിക്കാം .

രാമ രാമ രാമ രാമ
രാമ രാമ പാഹിമാം
രാമപാദം ചേരണേ
മുകുന്ദരാമ പാഹിമാം.

1+

One thought on “കർക്കടകം എട്ട് – കേകയപുത്രി

  1. ലേഖകൻ പ്രസ്താവിച്ച പോലെ നമ്മുടെ ബുദ്ധി വക്രമായി ചിന്തിക്കാതിരിക്കാൻ നമ്മൾ രാമായണം വായന പതിവാക്കണം എന്ന് മാത്രം അപേക്ഷിച്ച് കൊണ്ട് നിർത്തുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *