കർക്കടകം അഞ്ച് – ‘തമസോ മാ ജ്യോതിർഗമയ’

വേണു. വീട്ടീക്കുന്ന്
20.07.2024

ഇപ്രാവശ്യത്തെ, ഗുരുവായൂരപ്പൻ്റെ മുഖപുസ്തകമായ ‘ഭക്തപ്രിയ‘യുടെ പത്രാധിപക്കുറിപ്പിൽ ഇങ്ങനെ പറയുന്നു.

“രാമായണം എന്ന പദം സംസ്കൃതത്തിൽ രാമനിലേക്കുള്ള അയനവും മലയാളത്തിൽ രാവുമായണം എന്ന ഇംഗിതവുമാണ്. രണ്ടിൻ്റേയും ധ്വനി ‘തമസോ മാ ജ്യോതിർഗമയ’ (ഇരുട്ടിൽ നിന്ന് എന്നെ വെളിച്ചത്തിലേക്ക് നയിച്ചാലും) എന്നു തന്നെ. രണ്ടു വ്യത്യസ്ഥ ഭാഷയിലുള്ള പദങ്ങൾക്ക് ഇപ്രകാരം ഒരു അർത്ഥ സംയോഗമുണ്ടാവുന്നത് അത്ഭുതാവഹം തന്നെ”.

കർക്കടകത്തെ ‘രാമായണ മാസമായി ആചരിക്കാൻ തുടങ്ങിയതു മുതൽ അമ്പലങ്ങളിലും കുടുംബ സംഗമങ്ങളിലുമൊക്കെയായി സത്സംഗങ്ങൾ സംഘടിപ്പിക്കുകയും സന്മാർഗ്ഗ നിർദ്ദേശങ്ങളുൾക്കൊള്ളുന്ന ഉപദേശപരമ്പരകൾ വേദപുരാണേതിഹാസങ്ങളെ ചേർത്തു നിർത്തിക്കൊണ്ടു തന്നെ ആചാര്യന്മാർ സമൂഹത്തിനു പകർന്നു കൊടുക്കുകയും ചെയ്യുന്നു.എന്നാൽ രാമായണ മാസാചരണം കഴിയുന്നതോടെ എല്ലാം പഴയ രീതിയിലേക്കു തിരിച്ചു പോകുന്നു.

ദിനരാത്രങ്ങളിലെ ചാക്രികത തന്നെയാവാം പ്രപഞ്ചത്തിലെ പുനരാവർത്തനങ്ങൾ അഥവാ തനിയാവർത്തനങ്ങൾക്ക് ഉപാദ്ബലകമാവുന്നത്. അതു കൊണ്ടു തന്നെയാവാം കണ്ടും കേട്ടും ഓർത്തും മറന്നുമിരിക്കുന്ന ജീവിത മുഹൂർത്തങ്ങൾ നാമോരോരുത്തരിലും വീണ്ടും വീണ്ടും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

“പൊട്ടിയ താലിച്ചരടുകൾ കാണാം
പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശ പട്ടിണി പടികേറുമ്പോൾ
പുറകിലെ മാവിൽ കയറുകൾ കാണാം “

മനുഷ്യജീവിതത്തിൻ്റെ നഗ്ന യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു കവിഹൃദയത്തിൻ്റെ പരിദേവനങ്ങളാണ് ഈ വരികൾ.

ഇന്നു നമുക്കും ചുറ്റും വളർന്നു വരുന്ന അസാന്മാർഗിക ജീവിതത്തിൻ്റെ പരിണതഫലങ്ങളാണ് അഥവാ പ്രതിഫലനങ്ങൾ തന്നെയാണ്, പൊട്ടിയ താലി ചരടുകളിലും, പലിശ കൂടിക്കൂടി വന്ന് പട്ടിണിക്കോലങ്ങളാവുന്ന കുടുംബങ്ങളിലും എല്ലാം കാണുവാനാവുന്നത്.

സമൂഹത്തിനു മൊത്തം തിമിരം ബാധിച്ചിരിക്കുകയാണെന്നും തിമിരാന്ധകാര ദൂരീകരണത്തിനായി, കണ്ടു കൊണ്ടിരിക്കുന്ന മങ്ങിയ കാഴ്ചകൾക്ക് അറുതി വരുത്തുവാനായി എല്ലാവരും കണ്ണടകളെ ആശ്രയിക്കണമെന്നും കാട്ടാക്കടയിലെ കവി നമ്മോടാവശ്യപ്പെടുന്നു.

മദ്യത്തിനും മയക്കുമരുന്നിനുമടിമപ്പെട്ട് സമൂഹത്തിൻ്റെ സന്മാർഗബോധമെല്ലാം നശിച്ചിരിക്കുന്നു. നിത്യ വാർത്തകളിൽ നിറഞ്ഞു കാണുന്ന പോക്സോ കേസുകൾ കവിഹൃദയത്തിനു പോറലേല്പിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണം ഇപ്രകാരമാവുന്നു.

“പിഞ്ചു മടികുത്തൻപതുപേർ ചേർന്നിരുപതുവെള്ളി
ക്കാശുകൊടുത്തിട്ടുഴുതു’മറിക്കും കാഴ്ച്ചകൾ കാണാം

തെരുവിൽ സ്വപ്നം കരിഞ്ഞ മുഖവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം

അരികിൽ ശീമ കാറിന്നുള്ളിൽ
സുഖശീതള മൃദു മാറിൻ ചൂരിൽ
ഒരുശ്വാനൻ പാൽ നുണവതു കാണാം “

ഈശ്വര സൃഷ്ടികളെല്ലാം സമമാണെന്നിരിക്കേ, ഒരു ശ്വാന ജന്മത്തിന്നു ലഭിക്കുന്ന പരിഗണനപോലും തെരുവിലലയുന്ന ബാല്യങ്ങൾക്കു ലഭിക്കാതെ പോകുന്നതു കാണണമെങ്കിൽ, സമൂഹത്തിന് അഹങ്കാരത്തിൻ്റേയും സ്വാർത്ഥതയുടേയും തിമിരാന്ധകാരം മാറ്റപ്പെടുന്ന തരത്തിലുള്ള കണ്ണടകൾ അത്യാവശ്യമാണ്.

ഒരു കാലത്ത് ഇത്തരം കണ്ണടകളായി വർത്തിച്ചിരുന്ന സന്മാർഗ്ഗോപദേശ കഥകൾ പറഞ്ഞു കൊടുത്ത്, ബാല്യങ്ങളെ അസത്യത്തിൽ നിന്നു സത്യത്തിലേക്കും, തിന്മയിൽ നിന്നു നന്മയിലേക്കും, ഇരുളിൽ നിന്നു വെളിച്ചത്തിലേക്കും കൈ പിടിച്ചു നടത്തിയിരുന്ന മുത്തശ്ശിമാരും, മുത്തശ്ശിക്കഥകളും ഇന്നു നമ്മുടെ സമൂഹത്തിന് നഷ്ടബോധങ്ങളായി മാറിയിരിക്കുന്നു. അതു കൊണ്ട് കവിയുടെ ഹൃദയ വിലാപങ്ങൾ നമ്മുടേതു കൂടിയാക്കി മാറ്റാൻ നമുക്കു സാധിക്കണം.

“മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം”

നമുക്കിപ്പോൾ കൈവന്നിരിക്കുന്ന സൗഭാഗ്യമായി രാമായണ മാസാചരണത്തിൽ പങ്കാളികളാവുകയും, കഴിയുന്നത്ര സന്മാർഗ്ഗ ചിന്തകൾ ഉൾക്കൊള്ളാനും അതിനനുസരിച്ചു ജീവിതം മുന്നോട്ടു നയിക്കാനും ശ്രമിക്കുകയും ചെയ്താൽ, നമ്മിലോരോരുത്തരിലും കുടിയിരിക്കുന്ന നിർമ്മലമായ സഹൃദയത്വത്തെ ഉണർത്തിയെടുക്കുവാനും ദുരിതപൂർണ്ണമായ ജീവിതത്തിൽ നിന്ന് കരകയറുവാനും സാധിക്കുമെന്നത് തീർച്ചയാണ്.

അതു കൊണ്ടു നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം.

“ഓം അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിർഗമയ മൃത്യോർമാ അമൃതംഗമയ
ഓം ശാന്തി, ശാന്തി, ശാന്തി:

 

തുടരും…

3+

Leave a Reply

Your email address will not be published. Required fields are marked *