കർക്കടകം നാല്. ലക്ഷ്മണ രേഖ


വേണു വീട്ടീക്കുന്ന്‌

18.07 2024

“മാറ്റമില്ലാ എന്നു കരുതിയതൊക്കെയും മാറി
മാറ്റവും മറുമാറ്റവും ചെറു തോറ്റവും മാറി
പാട്ടുമാറി പകിട മാറി പതിവുകൾ മാറി
കൂട്ടുമാറി കുടിലുമാറി കൂത്തുകൾ മാറി”

വർഷങ്ങൾക്കു മുമ്പ് മുരുകൻ കാട്ടാക്കട എഴുതി മലയാളം ഏറ്റെടുത്തു വൈറലാക്കിയ ‘നെല്ലിക്ക’ എന്ന കവിതയിലെ ചില വരികളാണ് മേലുദ്ധരിച്ചത്. ആ വരികളുടെ ആലാപന സുഖത്തേക്കാൾ അവയിലടങ്ങിയ ആലോചനാമൃതത്തെ ഒന്നു പരിശോധിയ്ക്കാൻ ഓരോരുത്തരും തയ്യാറായാൽ നമ്മുടെ നാടിൻ്റേയും നാട്ടാരുടേയും അവസ്ഥാന്തരങ്ങളെ കുറിച്ചോർത്ത് ഓരോരുത്തരും ഞെട്ടിവിറക്കും. അതിനു മുമ്പ് തലക്കെട്ടിനാധാരമായ സന്ദർഭത്തെ നമുക്കൊന്നു വിലയിരുത്താം.

ലക്ഷ്മണൻ രാമ സഹോദരനാണ്, ദശരഥ പുത്രനാണ്, സൗമിത്രിയാണ്. അതു കൊണ്ടുതന്നെ രാമായണത്തിലെ ഒരു കഥാപാത്രവുമാണ്.

രാമായണ കഥ ഏതെങ്കിലും രൂപത്തിൽ അല്പ മാത്രമായെങ്കിലും കേൾക്കാത്തതായ ഒരു മലയാളിയെ നമുക്കു സങ്കല്പിക്കാൻ പോലുമാവില്ല. അത്രമാത്രം രാമായണം മലയാള മണ്ണിനോട് ഇഴുകിച്ചേർന്നാണിരിക്കുന്നത്.

സീതാസമേതനായി ലക്ഷ്മണ സമന്വിതം കാനനവാസം ചെയ്യേണ്ടി വന്ന രാമകഥ സർവ്വരും കേട്ടതാണ്, വായിച്ചറിഞ്ഞതാണ്. കാനനവാസക്കാലത്ത് ശൂർപ്പണഖ വരുന്നത് തുടർന്നുള്ള സംഭവങളെല്ലാം നടക്കുന്നത് ചിത്രകൂടത്തിലെ താമസകാലത്താണ്. മാരീചൻ പൊന്മാനായി മാറി വന്ന് സീതയെ തന്നിൽ അനുരക്തയാക്കി ആർക്കുമാർക്കും പിടികൊടുക്കാതെ പർണ്ണശാലയിൽ നിന്നകന്നകന്നു പോവുന്നു. പോവുന്ന പോക്കിൽ സീതാ നിർബ്ബന്ധ പ്രകാരം, തന്നെ പിടിയ്ക്കാനായി രാമനേയും സീതയിൽ നിന്നകറ്റുന്നു. എന്നാൽ മാനിനു പിന്നിൽ പോകുന്ന രാമൻ സീതാ സംരക്ഷണം ലക്ഷ്മണനെയേൽപ്പിക്കുന്നു. മാരീചൻ ലക്ഷ്മണനെയും പർണ്ണശാലയിൽ നിന്നകറ്റുക എന്ന ഉദ്ദേശത്തോടു കൂടി രാമൻ്റെ ശബ്ദത്തിൽ എന്നെ രക്ഷിക്കൂ എന്നുറക്കെ കരയുന്നു.

രാമൻ്റെ നിർദ്ദേശപ്രകാരം സീതാ സംരക്ഷണവും, സീതാ നിർദ്ദേശപ്രകാരം രാമസംരക്ഷണവും ഒരേ സമയം നിർവ്വഹിക്കേണ്ടി വന്ന ലക്ഷ്മണൻ പർണ്ണശാലക്കു മുന്നിൽ അർദ്ധവൃത്താകൃതിയിൽ ഒരു സംരക്ഷണവലയം രേഖാ രൂപത്തിൽ വരക്കുന്നു. അതിനെ മുറിച്ചു കടന്ന് പുറത്തിറങ്ങരുതെന്ന നിർദ്ദേശം സീതയ്ക്കു കൊടുക്കുന്നു.

പർണ്ണശാലക്കു മുന്നിൽ സീതാ സംരക്ഷണാർത്ഥം ലക്ഷ്മണൻ വരച്ച രേഖയെയാണ് ‘ലക്ഷ്മണരേഖ’ എന്ന പേരിൽ പിൽക്കാലത്തറിയപ്പെട്ടത്.

ശേഷം രാമായണ കഥ ഏവർക്കുമറിയാവുന്നതാണ്. അതു കൊണ്ടു തന്നെ രാമായണത്തിൽ നിന്നു പുറത്തു വന്ന് നമുക്ക് നമ്മുടെ ചുറ്റുപാടുകളെ ഒന്നു നോക്കാം.

ഇന്ന് ലക്ഷ്മണ രേഖ ഏതു പെട്ടിക്കടയിലും ചെറിയ പൈസക്ക് വാങ്ങാനാകും. ഉറുമ്പുകളിൽ നിന്നും അതുപോലെയുള്ള ചെറു കീടങ്ങളുടേയും ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ നമ്മുടെ അടുക്കളക്കകത്തു മുതൽ വീടിൻ്റെ പല ഭാഗങ്ങളിലായി നാം ലക്ഷ്മണരേഖകൾ സൃഷ്ടിക്കുന്നു. ഒരു പരിധി വരെ അവ സംരക്ഷിക്കപ്പെടുന്നു.

ലക്ഷ്മണരേഖ മറികടന്നതുകൊണ്ടാണ് സീതയ്ക്ക് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നത്. എന്നാൽ അത്തരം ഒരു നിയന്ത്രണരേഖ സ്വകുടുംബങ്ങളിൽ സൃഷ്ടിക്കാൻ ആർക്കെങ്കിലും കഴിയുന്നുണ്ടോ?

വളർന്നു വരുന്ന തലമുറയുടെ ചെയ്തികളിൽ ചെറിയൊരു നിയന്ത്രണമെങ്കിലും വരുത്താൻ നമുക്കു കഴിയുന്നുണ്ടോ ?

സോഷ്യൽ മീഡിയയിൽ ധാരാളം ഉപദേശ രൂപത്തിലുള്ള റീലുകൾ കാണാറുണ്ട്. തീൻമേശ ദൂരദർശിനിക്കു മുമ്പാവരുതെന്നും, ഭക്ഷണ സമയത്ത് ആരുടെ കയ്യിലും ഐപാഡുകളോ, മൊബൈൽ ഫോണുകളോ ഉണ്ടാവരുതെന്നും, കഴിയ്ക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ കണ്ടറിഞ്ഞ് ആസ്വദിച്ചു കഴിയ്ക്കണമെന്നും, അങ്ങിനെ ചെയ്തില്ലെങ്കിൽ ദഹനപ്രക്രിയയെ ബാധിക്കുമെന്നുമൊക്കെ പല തരത്തിലും നിത്യേനയെന്നോണം നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നു.

എന്നാൽ ആരെന്തു പറഞ്ഞാലും അതിനെയെല്ലാം മറികടന്ന് തന്നിഷ്ടപ്രകാരം നടന്ന് ദുരന്തത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന കാഴ്ച കണ്ടു നില്ക്കാൻ മാത്രമേ നമുക്കു കഴിയുന്നുള്ളൂ. പുതുതലമുറയുടെ പ്രവൃത്തികൾക്കും പ്രവർത്തനങ്ങൾക്കും ഒരു നിയന്ത്രണമേർപ്പെടുത്തുന്നതിൽ നാം പരാജിതരാകുന്നു. നിയന്ത്രണ വിധേയരല്ലാത്ത പുതു സമൂഹം എന്തൊക്കെ എങ്ങിനെയൊക്കെ ചെയ്യുന്നു എന്നു പോലും നമ്മുടെ ചിന്താശക്തികൾക്കതീതമാണ്.

അപ്പോഴാണ് കാട്ടാക്കടയുടെ വരികൾ ഓർമ്മ പുതുക്കലുകളായി നമുക്കു മുന്നിലവതരിക്കുന്നത്.

“അച്ഛനാരെന്നറിയാതെ അമ്മമാർ മാറി
അമ്മയാരെന്നറിയാതെ ആങ്ങളമാറി
പെങ്ങൾ ആരെന്നറിയാതെ പൊരുളുകൾ മാറി
മാറിമാറി മറിഞ്ഞ കാലം മാഞ്ഞു മറയായി “

ചുറ്റുപാടുകളിൽ കാണാൻ പാടില്ലാത്തതായ കാഴ്ചകൾ കാണുന്ന ഒരു കവിഹൃദയത്തിൻ്റെ തേങ്ങലുകളാണ് ഈ വരികളിലെല്ലാം മുഴച്ചു നില്ക്കുന്നത്.

ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങൾ പോലും വിറ്റു പണമാക്കാനുള്ള ആധുനിക ബുദ്ധി ഏതു തരത്തിലാണ് നിയന്ത്രിതമാക്കേണ്ടത് എന്നു പോലുമറിയാത്ത അവസ്ഥയാണ്.

ഉദാഹരണത്തിനു സോഷ്യൽ മീഡിയയിൽ കണ്ട ഒരു പരസ്യം.

ദിനപത്രത്തിലെ ഒരു വാർത്ത “കോഴിയിറച്ചി വാങ്ങാൻ മറന്നു പോന്ന ഭർത്താവിനെ ഭാര്യ അടിച്ചു കൊന്നു.” വാർത്തയുടെ തലവാചകമായിരുന്നു ഇത്. ഭർത്താക്കൻമാർക്ക് സ്വൈരജീവിതം നയിക്കുന്നതിന്, വീട്ടിൽ പോകുമ്പോൾ മറക്കാതെ കോഴിയിറച്ചി വാങ്ങുവാനുള്ള നിർദ്ദേശം കൊടുത്തുകൊണ്ടുള്ള പരസ്യം ഉണ്ടാക്കിയിരിക്കുന്നത്പത്രത്തിലെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്തത് കൊണ്ടാണ്. ഒരു ദുർമരണത്തെ പോലും സ്വന്തം ധനാഭിവൃദ്ധിക്കുപയോഗിക്കാമെന്ന തന്ത്രം ലക്ഷ്മണ രേഖകളില്ലാത്ത ഒരു തലച്ചോറിനു മാത്രമേ കഴിയൂ എന്നതും ഒരു പരമാർത്ഥം മാത്രം.

കവി ഉപദേശം തുടരുന്നു

“നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ
മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ”

നമ്മുടെ ചുറ്റുപാടുകൾ ദിനംപ്രതി മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ, ചെറിയ ഒരു ലക്ഷ്മണരേഖ നമുക്കു ചുറ്റും വരച്ച് ഒരു നിയന്ത്രണമേർപ്പെടുത്താൻ നമുക്ക് രാമായണത്തെ തന്നെ കൂട്ടുപിടിക്കാം. നമുക്കൊരുമിച്ച് ഒത്തുചേർന്ന് ഉറക്കെ പ്രാർത്ഥിയ്ക്കാം,

“രാമായ രാമചന്ദ്രായ
രാമഭദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായ പതയേ നമ:

തുടരും…

2+

Leave a Reply

Your email address will not be published. Required fields are marked *