കർക്കടകം മുപ്പത്തൊന്ന് – ശ്രീരാമ പട്ടാഭിഷേകം

വേണു വീട്ടീക്കുന്ന്
15.08. 2024

രാവണവധം കഴിഞ്ഞ് ലങ്ക കീഴടക്കിയ രാമദേവൻ അവിടെ തൻ്റെ ആധിപത്യം സ്ഥാപിയ്ക്കാൻ മിനക്കെട്ടില്ല. അധികാര മോഹിയായിരുന്നില്ല രാമൻ.പകരം രാവണാനുജനും സാത്വികനുമായ വിഭീഷണനെ ലങ്കാധിപനായി വാഴിച്ച്, ലങ്കാധിപൻ്റെ അനുമതിയോടെ സീതയെ ആനയിച്ചുകൊണ്ടുവന്ന് പുഷ്പക മാർഗ്ഗേണ അയോദ്ധ്യയിലെത്തുന്നു.

രാമലക്ഷ്മണന്മാർ സീതാസമേതം പതിനാലു വർഷത്തെ വനവാസത്തിനു ശേഷം അയോദ്ധ്യയിലെത്തുന്ന വിവരം മാരുതി മുഖേന നേരത്തേ തന്നെ അറിഞ്ഞിരുന്ന ഭരതൻ, ശത്രുഘ്നനോട് കൊട്ടാരവും പരിസരവും അലങ്കരിയ്ക്കാനും രാമാദികളുടെ തിരിച്ചുവരവ് ആഘോഷമാക്കാനും നിർദ്ദേശിച്ചിരുന്നു. വിവരമറിഞ്ഞ അയോദ്ധ്യാ നിവാസികൾക്കും ആഹ്ലാദം അടക്കാനാവാതെ, പതിനാലു വർഷം മുമ്പു നടക്കേണ്ടിയിരുന്ന അഭിഷേകം അതിനേക്കാൾ പതിന്മടങ്ങ് ആഘോഷത്തോടെ നടത്തുവാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അയോദ്ധ്യ ഉത്സവ ലഹരിയിൽ ആറാടിത്തിമർക്കുന്നിടത്തേയ്ക്കാണ് രാമനും പരിവാരവും എത്തിചേരുന്നത്.

ഭരതന് എന്താണു ചെയ്യേണ്ടതെന്നോ, എങ്ങനെയാണ് ജ്യേഷ്ഠനെ സ്വാഗതം ചെയ്യേണ്ടതെന്നോ പോലുമറിയാത്ത തരത്തിൽ സന്തോഷവാനായി കാണപ്പെട്ടു.

ആചാര്യൻ പറയുന്നു.

ഭക്തിപരവശനായ ഭരതനും
ചിത്തമഴിഞ്ഞു തൽ പാദുകാദ്വന്ദ്വവും
ശ്രീരാമപാദാരവിന്ദങളിൽ ചേർത്തു
പാരിൽ വീണാശു നമസ്ക്കരിച്ചീടിനാൻ
“രാജ്യം ത്വയാ ദത്തമെങ്കിൽ പുരാദ്യ ഞാൻ
പൂജ്യനാം നിങ്കൽ സമർപ്പിചിതാദരാൽ
ഇന്നു മജ്ജന്മം സഫലമായ് വന്നിതു
ധന്യനായേനടിയനിന്നു നിർണ്ണയം.”

എന്നിങ്ങനെ ഭരതൻ്റെ സന്തോഷ പ്രകടനങ്ങൾ വിവരിയ്ക്കുന്നു.
മാത്രവുമല്ല പതിനാലു വർഷം മുമ്പത്തെ രാജ്യം അതുപോലെ തിരിചേല്പിയ്ക്കുകയല്ല ഭരതൻ ചെയ്യുന്നത്. പണ്ടേതിലും പതിന്മടങ്ങ് സമ്പൽ സമൃദ്ധിയോടെയാണ് ഭരതൻ രാമരാജ്യം തിരിച്ചേല്പിയ്ക്കുന്നത്.

കവി വിവരിയ്ക്കുന്നു.

“ആനയും തേരും കുതിരയും പാർത്തു കാ-
ണൂനമില്ലാതെ പതിന്മടങ്ങുണ്ടല്ലോ
നിന്നുടെ കാരുണ്യമുണ്ടാക കൊണ്ടു ഞാ-
നിന്നയോളം രാജ്യമത്ര രക്ഷിച്ചതും
ത്യാജ്യമല്ലൊട്ടും ഭവാനാലിനിത്തവ-
രാജ്യവും ഞങ്ങളെയും ഭുവനത്തെയും
പാലനം ചെയ്ക ഭവാനി നി മറ്റേതു –
മാലംബനമില്ല കാരുണ്യവാരിധേ!”

ഇത്രയൊക്കെ കേട്ട ശേഷം രാമൻ പുഷ്പകത്തോട് വൈശ്രവണ സന്നിധിയിലേയ്ക്കു തന്നെ തിരിച്ചു പോകാൻ അനുമതി കൊടുക്കുന്നു. അങ്ങനെ തൻ്റെയും അയോദ്ധ്യയുടേയും അല്ലാത്തതായ സകല സമ്പൽ സമൃദ്ധികളടക്കമുള്ളതൊക്കെയും യഥാർത്ഥ അവകാശികൾക്കു തിരിച്ചെത്തിച്ച ശേഷമാണ് രാജാവായി അധികാരമേൽക്കുന്നത്. പ്രജകളുടെ താല്പര്യത്തിനായിരുന്നു രാമരാജ്യത്തിൽ മുൻതൂക്കം. രാജാവായാൽ പ്രജാ ധർമ്മമാണ് മുഖ്യമെന്നും കുടുംബനാഥനെന്നുള്ള നിലയിൽ പത്നീ ധർമ്മവും മറ്റു ബന്ധങ്ങളോടുള്ള കടപ്പാടുകളുമെല്ലാം രാജ ധർമ്മത്തിനു ശേഷം മാത്രമേ പ്രാധാന്യമർഹിയ്ക്കുന്നുള്ളു എന്നും പ്രഖ്യാപിച്ച് ഓരോ അവസരങ്ങളിലായി രാജ്യഭരണത്തിൽ കളങ്കം അല്പം പോലും തൊട്ടു തീണ്ടി പോവാതിരിയ്ക്കാൻ സീതാദേവിയേയും ലക്ഷ്മണനേയും വരെ പരിത്യജിയ്ക്കുന്നു.
അത്തരം ഉറച്ച തീരുമാനങ്ങളായിരുന്നു രാമരാജ്യാഭിവൃദ്ധിയുടെ പിന്നിലെ കാരണ ഹേതു.

കർക്കടകത്തിൽ വെറുതെ വായിച്ചു പോകാതെ അർത്ഥം ഗ്രഹിച്ച് രാമായണ തത്വങ്ങളും ആശയങ്ങളും ഉൾക്കൊണ്ടു കൊണ്ട് നിത്യപാരായണത്തിനായി ഏവരും ഉപയോഗിയ്ക്കേണ്ടതായ ഒരു അനശ്വര ഗ്രന്ഥം തന്നെയാണ് രാമായണം.
അങ്ങനെയൊരു സംസ്കാരം വളർന്നു വരാത്തതിൻ്റെ ഫലം തന്നെയാണ് നമുക്കു ചുറ്റും ഇന്നു കാണുന്ന അധികാര വടംവലികൾക്കൊക്കെ കാരണം.

പതിനാലു വർഷം ജ്യേഷ്ഠനു വേണ്ടി സ്വന്തം സുഖ സൗകര്യങ്ങളെല്ലാം മാറ്റിവച്ച് സന്യാസജീവിതം നയിച്ച്, രാജ്യത്തെ അഭിവൃദ്ധിയിലെത്തിച്ച ഭരതനെപ്പോലെ ഒരു ഭരണാധികാരി ഇന്നുണ്ടായിരുന്നുവെങ്കിൽ പൊതുജനത്തിന് ഇത്ര കഷ്ടപ്പാടുകൾ ഉണ്ടാവുമായിരുന്നില്ല.

അധികാരം ആരുടെ കയ്യിലായിരുന്നാലും ആദ്യം തനിയ്ക്കും, പിന്നീടു കുടുംബത്തിനും ശേഷം തൻ്റെ ചുറ്റുപാടുള്ള ബന്ധുമിത്രാദികൾക്കും ഗുണം വരുത്താൻ വേണ്ടിയും പിന്നീട് സൗകര്യപ്പെടുകയാണെങ്കിൽ കഴുതകളായ പൊതുജനത്തിന്നു വേണ്ടി എന്തെങ്കിലും ചെയ്യാമെന്നു കരുതുന്ന അത്യാധുനിക ജനകീയ ഭരണാധികാരികൾ നാടുഭരിയ്ക്കുമ്പോൾ രാമായണത്തിനോ രാമരാജ്യത്തിനോ ഒരു പ്രസക്തിയുമില്ലാതായി പോകുന്നു.

അർദ്ധ രാജ്യമല്ല, അഞ്ചു ഗ്രാമങ്ങളോ, അഞ്ചുദേശങ്ങളോ, അഞ്ചു വീടുകളോ എന്നു വേണ്ട സൂചി കുത്തുവാനുള്ള കുറച്ചു ഭൂമി പോലും പാണ്ഡവർക്കു കൊടുക്കില്ലെന്ന ധാർത്ത രാഷ്ട്ര ദാർഷ്ട്യം മാത്രം പേറി നടക്കുന്ന ആധുനിക ഭരണ രീതിയ്ക്ക്, ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ സാധിയ്ക്കുക ഏതുതരം വികസനങ്ങളാണെന്നു കൂടി ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു. അക്ഷര പഠനമില്ലാതെ ഭാഷാ പഠനം സുസാദ്ധ്യമാണെന്ന രീതിയിൽ വിദ്യാഭ്യാസ സമ്പ്രദായത്തെ പോലും മാറ്റിമറിച്ച് താറുമാറാക്കിയ ഒരു നിരക്ഷര കൂട്ടത്തിൻ്റെ ഭരണ സംവിധാനം, സിദ്ധരൂപവും അമരകോശവും കാവ്യ നാടകാദി സാഹിത്യ വിഭാഗങ്ങളുമെല്ലാം പഠിച്ച് സാക്ഷരരായിരുന്ന ഒരു വിഭാഗത്തിൻ്റെ ഭരണ സംവിധാനവുമായി മത്സരിച്ചെത്തുവാനുള്ള സാധ്യതകൾ ആരുടെ വിഭാവനയിലാണുദിച്ചുയർന്നത് എന്നുമറിയില്ല.

അതു കൊണ്ടു തന്നെ ഭാഗവതത്തിനും രാമായണത്തിനുമൊക്കെ പട്ടിൽ പൊതിഞ്ഞ് പൂജാമുറിയിൽ നിലവിളക്കിനു മുന്നിൽ കാരാഗൃഹവാസത്തിനു തന്നെയാവും വിധി.വർഷത്തിൽ ഒരു മാസം പരോൾ കിട്ടുന്ന അവസരത്തിലെങ്കിലും തൻ്റെ നിരപരാധിത്വം തെളിയിയ്ക്കാനും, തൻ്റെ നീതിന്യായ വിശ്വാസങ്ങൾ സമൂഹത്തിലെ കുറച്ചു പേരുടെയുള്ളിലെങ്കിലും അടിച്ചേല്പിയ്ക്കാനും രാമായണത്തിനു സാധിയ്ക്കട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു.

പൂര്‍വ്വം രാമ തപോവനാദി ഗമനം
ഹത്വാമ‍ൃഗം കാഞ്ചനം
വൈദേഹീഹരണം
ജടായു മരണം
സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം
സമുദ്രതരണം
ലങ്കാപുരീ മര്‍ദ്ദനം
ക‍ൃത്വാ രാവണകുംഭകര്‍ണ്ണനിധനം
സമ്പൂർണ്ണ രാമായണം.””

ശുഭം

0

2 thoughts on “കർക്കടകം മുപ്പത്തൊന്ന് – ശ്രീരാമ പട്ടാഭിഷേകം

  1. വേണു വീട്ടിക്കുന്നിനു അഭിനന്ദനങ്ങൾ. ഒരു മാസമായി താങ്കളുടെ വിവരണങ്ങൾ വായിക്കുന്നു. അങ്ങേയററം നന്ദി. അറിവു സ്വായത്തമാക്കിയവർ അതു മറ്റുള്ളവർക്കു പകർന്നു നൽകുന്നത് ഏറെ ശ്ലാഖനീയം തന്നെ. അവസരം കിട്ടുമ്പോൾ തുടരുമല്ലോ. തുളസീദളവും ഉപയോഗപ്പെടുത്താം.

    1+
  2. ഇന്ന് അവസാനിച്ച രാമായണ പാരായണ യജ്ഞ ആഘോഷം കണ്ടു. അനുമോദനങ്ങൾ. ശ്രീ ജി ആർ ഗോവിന്ദൻ അവതരിപ്പിച്ച സംഗീത പരിപാടി അവസരോചിതവും ഭക്തി നിർഭരവുമായി. അഭിനന്ദനങ്ങൾ. അല്പം സമയം കൂടി ആവാമായിരുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *