കർക്കടകം ഇരുപത്തൊമ്പത് – രാമായണ ഭക്തി

വേണു വീട്ടീക്കുന്ന്
13.08 2024

ഒരു പുസ്തകത്തേയോ, ഗ്രന്ഥകർത്താവിനെയോ കുറിച്ച് എന്തെങ്കിലുമൊക്കെ പറയുകയോ എഴുതുകയോ വേണമെങ്കിൽ, ഗൗരവതരമായ പഠനങ്ങൾ നടത്തിയ ശേഷമേ ചെയ്യാവൂ.എന്നാലേ ആ അഭിപ്രായങ്ങൾക്ക് ആധികാരികത കൈവരുകയുള്ളു. അതു കൊണ്ടു തന്നെ എഴുത്തച്ഛനെയോ അദ്ദേഹത്തിൻ്റെ കൃതികളെയോ വിമർശിക്കാനോ വിശകലനം ചെയ്യാനോ ഞാനാളല്ല.

അദ്ധ്യാത്മരാമായണത്തിലെ ഭക്തി എൻ്റെ വായനയിലൂടെ എനിക്കനുഭവപ്പെട്ടത് വെറുതെയൊന്ന് പങ്കു വയ്ക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്.

ജാതീയതയുടെ ഉച്ചനീചത്വങ്ങൾ അതിൻ്റെ പരിപൂർണ്ണതയിലെത്തി നില്ക്കുന്ന ഒരു കാലഘട്ടത്തിലാണ് എഴുത്തച്ഛൻ ജീവിച്ചത്. അക്ഷരാഭ്യാസമെന്നത് സംസ്കൃത പഠനം സിദ്ധരൂപം അമരകോശം എന്നിവയുടെ കാണാപ്പാഠം പഠിയ്ക്കലിലൂടെയാണ് തുടങ്ങുന്നത്. ശേഷം കാവ്യങ്ങളുടെ പഠനം എന്നിങ്ങനെ ക്രമാനുഗതമായ വളർച്ചയിലൂടെ വിദ്യാഭ്യാസം നടന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ബ്രാഹ്മണരും ക്ഷത്രിയരുമൊഴിച്ച് ബാക്കിയുള്ളവരെല്ലാം സാഹിത്യ വായനയിൽ നിന്നും പഠനത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ട കാലം.

അത്തരമൊരവസ്ഥയിൽ അക്ഷരാഭ്യാസ പഠന വൈദഗ്ദ്യത്താൽ ഭക്തിപ്രസ്ഥാനത്തിൻ്റെ ഭാഗമായി മാറാൻ കഴിഞ്ഞ മഹാനുഭാനായിരുന്നു എഴുത്തച്ഛൻ .

അദ്ദേഹം തൊഴിൽ പരമായി എണ്ണയാട്ടുന്ന ചാക്കാല നായർ വിഭാഗത്തിലായിരുന്നു ജനിച്ചത്. അതു കൊണ്ടു തന്നെ ഭാഷാ പ്രവർത്തനങ്ങൾക്ക് പരിമിതിയുണ്ടായിരുന്നു പ്രത്യേകിച്ചും ഭക്തി കൈകാര്യം ചെയ്യുന്നതിൽ .

അതു കാരണമാണ് കിളിയെക്കൊണ്ട് കഥ പറയിക്കുന്നത്.

മര്യാദാ പുരുഷോത്തമനായ രാമനിൽ നിന്ന് അവതാര പുരുഷനായ രാമനിലേക്ക് എത്തിപ്പെടാൻ ശാരികപൈതലിന് വളരെയേറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടാവും. കാരണം വാത്മീകി രാമായണവുമായി അത്രയധികം അന്തരപ്പെടുത്തിത്തന്നെയാണ് രാമായണം കിളിപ്പാട്ടിൻ്റെ രചനയെന്നുള്ളതു കൊണ്ടു തന്നെ.

ഭക്തനെ ഭക്തിയിലാറാടിക്കുക എന്ന ഒരു ലക്ഷ്യം മാത്രം ലാക്കാക്കിയായിരുന്നു എഴുത്തച്ഛൻ്റെ രചന നടന്നിരുന്നതെന്നതു് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

രാമനാമ മാഹാത്മ്യത്തെ ഇത്രയേറെ സ്നേഹിച്ച മറ്റൊരു കവി ഉണ്ടായിരുന്നില്ലെന്നു തന്നെ വേണം പറയാൻ..

” ദീപസ്തംഭം മഹാശ്ചര്യം ” എന്ന സ്തുതി പാടലിലൂടെ ധനസമ്പാദനം നടത്താമെന്ന ധാരണ വെളിച്ചത്തു കൊണ്ടുവന്ന നമ്പ്യാരുടെ സമകാലീനനായികണക്കാക്കപ്പെടുന്നു എഴുത്തച്ഛനും.

വലിപ്പച്ചെറുപ്പമില്ലാതെ വർഗ്ഗവർണ്ണ വൈജാത്യമില്ലാതെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അകറ്റി നിർത്തിക്കൊണ്ട് സർവ്വർക്കും വായിക്കാനും പഠിക്കാനുമുതകുന്ന തരത്തിലായിരുന്നു എഴുത്തച്ഛൻ്റെ കവന രീതി.

ശ്രീരാമചന്ദ്രനെ അവതാര പുരുഷനാക്കി മാറ്റുമ്പോൾ നാമജപങ്ങളും സ്തുതികളും യാതൊരു തടസ്സവുമില്ലാതെ അനർഗ്ഗളം പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഒരു സുരവാഹിനിയായി മാത്രമേ രാമായണത്തെ, കിളിപ്പാട്ടിനെ, കാണാൻ സാധിക്കൂ.

അവസരം കിട്ടുന്നതിനനുസരിച്ച് രാമനാമങ്ങളും ശ്രീരാമചന്ദ്രൻ്റെ അപദാനങ്ങളും പരമാവധി കഥാഗാത്രത്തിലുട നീളം മനഃപൂർവം കുത്തിക്കയറ്റുക തന്നെയാണ് കവി ചെയ്തിട്ടുള്ളത്.

ഭക്തൻമാരെ ആനന്ദസാഗരത്തിൽ ആറാടിക്കാനുള്ള തരത്തിലുള്ള പദസഞ്ചയങ്ങളവതരിപ്പിക്കുന്നതിൽ എഴുത്തച്ഛൻ്റെ കഴിവ് ശ്ലാഘനീയമെന്നതിൽ കവിഞ്ഞ് ഒന്നും പറയാനാവില്ല.

” ശ്രീ രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീ രാമ! രാമ! ശ്രീരാമഭദ്ര! ജയ
ശ്രീ രാമ! രാമ! സീതാഭിരാമ! ജയ
ശ്രീ രാമ! രാമ! ലോകാഭിരാമ! ജയ ”

എന്നിങ്ങനെയുള്ള നാമജപങ്ങൾ കഥ പറയുന്നതിനിടയ്ക്കൊക്കെ കയറി വരുന്നു.

” ശ്രീരാമൻ പരമാത്മാ പരമാനന്ദൂരത്തി
പുരുഷൻ പ്രകൃതി തൻ കാരണനേകൻ പരൻ
പുരുഷോത്തമൻ ദേവനനന്തനാദിനാഥൻ
ഗുരു കാരുണ്യമൂർത്തി പരമൻ പരബ്രഹ്മം”

എന്നിങ്ങനെ വിശേഷണങ്ങളും ലോഭമില്ലാതെ ശാരികപൈതൽ പറഞ്ഞും പാടിയും ഇരിക്കുന്നതു തന്നെയാണ് അദ്ധ്യാത്മരാമായണത്തിൻ്റെ ഭക്തി സാന്ദ്രതക്കടിസ്ഥാനം. രാമദേവനെ ധ്യാനിച്ചു വായന തുടങ്ങി ഇടവേളകളിലുള്ള ഇത്തരം നാമവിശേഷണഷണങ്ങളുടെയും നാമമുരുവിടലുകളുടേയും സാന്നിദ്ധ്യത്തിലൂടെ സംസാരസാഗരം ഭക്തി സമുദ്രമാക്കുവാനുള്ള ഒരു ചെറിയ ഇന്ദ്രജാലം തന്നെയാണ് ‘ എഴുത്തച്ഛൻ ഇവിടെ ചെയ്തിട്ടുള്ളത്.

എഴുത്തച്ഛൻ്റെ സിദ്ധിവൈഭത്തിനു മുന്നിൽ സാഷ്ടാംഗനമസ്കാരം ചെയ്യുന്നു.

” സാനന്ദരൂപം സകല പ്രബോധം
ആനന്ദദാനാമൃത പാരിജാതം
മനുഷ്യപത്മേഷു രവി സ്വരൂപം
പ്രണാമി തുഞ്ചത്തെഴു മാര്യപാദം “

2+

Leave a Reply

Your email address will not be published. Required fields are marked *