കർക്കടകം ഇരുപത്തേഴ് – വിശ്വാമിത്രൻ


വേണു വീട്ടീക്കുന്ന്
11.08:2024

“ആദ്യനദ്വയനേകനവ്യക്തനനാകുലൻ
വേദ്യനല്ലാരാലുമെന്നാലും വേദാന്തവേദ്യൻ.
പരമൻ പരാപരൻ പരമാത്മാവു പരൻ
പരബ്രഹ്മാഖ്യൻ പരമാനന്ദമൂർത്തി നാഥൻ
പുരുഷൻ പുരാതനൻ കേവല സ്വയം ജ്യോതി-
സ്സകല ചരാചര ഗുരു കാരുണ്യമൂർത്തി
ഭുവന മനോഹരമായൊരു വേഷം പൂണ്ടു
ഭുവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാൻ
അങ്ങനെയുള്ള രാമചന്ദ്രനെസ്സദാകാലം
തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേൻ മനസി ഞാൻ “

വിശ്വത്തിനു മുഴുവൻ മിത്രമാക കാരണം വിശ്വാമിത്രൻ. കുശൻ്റെ വംശത്തിൽ പിറന്ന കാരണം കൗശികൻ. അതിപ്രഗത്ഭനും വില്ലാളിവീരനുമായിരുന്നു കൗശികൻ.

ഒരിക്കൽ കാട്ടിൽ നായാട്ടിനായി എത്തിയ വിശ്വാമിത്രൻ, വസിഷ്ഠാശ്രമത്തിലെത്തി. വസിഷ്ഠൻ ആതിഥ്യമര്യാദകൾ പാലിച്ച് അന്നപാനാദി വിശിഷ്ട ഭോജ്യങ്ങളാൽ കൗശികനെയും പരിവാരങ്ങളേയും സത്ക്കരിച്ചു.

കാനന മദ്ധ്യത്തിലെ ഈ ചെറിയ ഒരാശ്രമത്തിൽ ഇത്രയധികം പേർക്ക് ഭക്ഷണം വിളമ്പിയ കാറ്ററിംഗ് സർവ്വീസ് അന്വേഷിച്ചു ചെന്ന കൗശികൻ എത്തിച്ചേർന്നത് ദേവനന്ദിനിയായ കാമധേനുവിന്നടുത്താണ്. കാമധേനു ഈ കാനന മദ്ധ്യത്തിലല്ല വളരേണ്ടതെന്നും തൻ്റെ കൊട്ടാരത്തിലാണ് കാമധേനു വളരേണ്ടതെന്നും കൗശികൻ തീരുമാനിക്കുന്നു.

കൗശികൻ വസിഷ്ഠനോട് ആഗ്രഹം ഉണർത്തിക്കുന്നു. വസിഷ്ഠൻ അതെതിർക്കുന്നു. എന്നാൽ ബലമായിത്തന്നെ കൊണ്ടുപോവുക തന്നെ എന്നു് കൗശികൻ തീരുമാനിയ്ക്കുന്നു. എന്നാൽ കാമധേനു ഒരു സൈന്യത്തെ ഉത്പാദിപ്പിക്കുകയും, ആ സൈന്യത്തിനു മുമ്പിൽ കൗശിക സൈന്യം നാമാവശേഷമായി പോവുകയും ചെയ്തു.

തൻ്റെ ക്ഷത്രിയ വീര്യത്തേക്കാളും, ക്ഷാത്രബലത്തേക്കാളും ഔന്നത്യമുള്ളത് വസിഷ്ഠൻ്റെ തപോബലത്തിനും ബ്രഹ്മതേജസ്സിനുമാണെന്നും കൗശികനു ബോധ്യം വരുന്നു.

കൗശികൻ ശിവനെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തി തപോബലം നേടിയെടുക്കുന്നു. യക്ഷഗന്ധർവ്വന്മാരുടേയും ദേവന്മാരുടേയും മഹർഷിമാരുടെയും ശക്തിയെ വെല്ലാൻ കഴിയുന്ന തരത്തിലുള്ള മനോബലവും കായബലവും നേടിയപ്പോൾ കൗശികൻ വീണ്ടും വസിഷ്ഠ സവിധത്തിലെത്തിച്ചേരുകയും അദ്ദേഹവുമായി യുദ്ധം ചെയ്യുകയും ചെയ്യുന്നു. എന്നാൽ വസിഷ്ഠൻ്റെ ബ്രഹ്മതേജസ്സിൻ്റെ മുന്നിൽ പരാജിതനാവുന്നു.

അതു കൊണ്ടു തന്നെ ” ബ്രഹ്മ തേജോ ബലം ബലം ” എന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ ബ്രാഹ്മണ്യം ആർജ്ജിച്ചെടുക്കാൻ തപസ്സു ചെയ്യുന്നു. അങ്ങനെ ബ്രാഹ്മണ്യത്തിൻ്റെ ബ്രഹ്മതേജസ്സും തപ:ശക്തിയും ആർജ്ജിച്ചെടുത്ത് വിശ്വാമിത്രനാവുന്നു.

വിശ്വാമിത്ര രാജർഷിയുടെ യാഗ വിഘ്നം വരുത്തുന്ന രാക്ഷസരെ ഉന്മൂലനം ചെയ്യാനായി വസിഷ്ഠൻ രാജഗുരുവായി വർത്തിക്കുന്ന അയോദ്ധ്യയിലെത്തിച്ചേരുകയും ചെയ്യുന്നു.

ദശരഥനാവട്ടെ രാജഗുരുവിനോട് അഭിപ്രായം ചോദിച്ച് രാമലക്ഷ്മണന്മാരെ വിശ്വാമിത്രനൊപ്പം അയച്ചു കൊടുക്കുന്നു.

ക്ഷാത്രശക്തിയേക്കാൾ മഹത്തരമാണ് ബ്രഹ്മതേജസ്സ് എന്നു മനസ്സിലാക്കിത്തരുന്ന വിശ്വാമിത്രൻ്റെ രാജർഷി പദലബ്ധിക്കു പിന്നിലെ സർവ്വ ശക്തികളെയും നമുക്ക് ഒന്നു ചേർന്ന് തൊഴുതു നമസ്ക്കരിക്കാം.

” നമസ്തേ ജഗത്പതേ! നമസ്തേ രമാപതേ!
നമസ്തേ ദാശരഥേ! നമസ്തേ സതാംപതേ!
നമസ്തേ വേദപതേ! നമസ്തേ ദേവ പതേ!
നമസ്തേ മഖപതേ! നമസ്തേ ധരാപതേ! ”

തുടരും…

1+

Leave a Reply

Your email address will not be published. Required fields are marked *