വേണു വീട്ടീക്കുന്നു
10.08.2024
“ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ!
നിസ്ത്രപേ! നിർദ്ദയേ! ദുഷ് ടേ! നിശാചരീ!
നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു
പുണ്യമില്ലാത്ത മഹാപാപി ഞാനഹോ
നിന്നോടുരിയാടരുതിനി ഞാൻ ചെന്നു
വഹ്നിയിൽ വീണു മരിപ്പനല്ലായ്കിലോ
കാളകൂടംകുടിച്ചീടുവനല്ലായ്കിൽ
വാളെടുത്താശു കഴുത്തറുത്തീടവൻ
വല്ല കണക്കിലും ഞാൻ മരിച്ചീടുവ
നില്ലൊരു സംശയം ദുഷ്ടേ!ഭയങ്കരി
ഘോരമായുള്ള കുംഭീപാകമാകിയ
നാരകം തന്നിൽ വസിയ്ക്കുമിതു മൂലം”
കേകയ രാജ്യത്തിൽ നിന്ന് തിരിച്ചെത്തിയ ഭരതൻ അയോദ്ധ്യയിലെ വിശേഷങ്ങളറിഞ്ഞപ്പോൾ പെററമ്മയായ കൈകേയിയോട് പ്രതികരിക്കുന്ന വരികളാണിവ.
ഭരതൻ്റെ സ്വഭാവ നിരൂപണം നടത്തുവാൻ ഇതിൽ പരമൊരു സന്ദർഭം രാമായണത്തിൽ കാണാനിടയില്ല.
തൻ്റെ അമ്മയായ കൈകേയിയാണ് ജ്യേഷ്ഠൻ നാടുവിട്ടു പോകാനും അച്ഛൻ ഇഹലോകവാസം വിട്ടു പോകാനും കാരണമെന്നറിഞ്ഞ ഭരതൻ്റെ വികാരങ്ങൾ അണ പൊട്ടിയൊഴുകുന്ന കാഴ്ചയാണിത്.
അച്ഛനും ഏട്ടനുമില്ലാത്ത ഈ രാജ്യത്തിനി തനിക്കും ജീവിക്കേണ്ടതില്ലെന്ന് ആ ഭ്രാതൃസ്നേഹി വ്യക്തമാക്കുന്നു.
ഭാരത സംസ്കാരത്തിൽ അമ്മക്കുള്ള സ്ഥാനമെന്നത് എത്രത്തോളം മഹനീയമായാണു കരുതിയിരുന്നതെന്ന് പറയാനാവാത്ത പല സന്ദർഭങ്ങളും രാമായണത്തിൽ കാണാം. അത്തരം കണക്കുകൂട്ടലുകൾക്ക് തികച്ചും വ്യത്യസ്ഥമായ പെരുമാറ്റമാണ് ഭരതനിൽ നിന്ന് ഇവിടെയുണ്ടായിട്ടുള്ളത്.
അമ്മയെ നീയെന്നു സംബോധന ചെയ്യുന്നതു പോലും വലിയൊരധർമ്മമായി ചിത്രീകരിക്കപ്പെടുന്നിടത്ത്, പിശാച്, രാക്ഷസി, ഘോര ഭയങ്കരി എന്നിത്യാദി പദങ്ങളാൽ സ്വപുത്രനിൽ നിന്നു തന്നെ ഭർത്സനങ്ങൾ ഏറ്റു വാങ്ങേണ്ടി വരുന്ന ഒരമ്മയുടെ അവസ്ഥയും ഇവിടെ നിരീക്ഷിക്കപ്പെടേണ്ടതു തന്നെ.
ഭരതൻ്റെ തീരുമാനങ്ങൾ താതവാക്യം കൊണ്ടോ മാതൃവാക്യം കൊണ്ടോ തിരുത്തപ്പെടാൻ കൂട്ടാക്കുന്നില്ല. കാട്ടിൽ പോയി രാമനെ തിരിച്ചു വിളിച്ചു കൊണ്ടുവരാൻ തീരുമാനിക്കുകയും രാജഗുരുവടക്കമുള്ള ഗുരുസ്ഥാനീയരുടേയും പൗരമുഖ്യന്മാരുടേയും അകമ്പടിയോടെ കാട്ടിലേക്ക് പുറപ്പെടുകയും ചെയ്യുന്നു.
ഭരതൻ്റെ വനയാത്ര പോലും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ആദ്യമായി ഭരതനെ സംശയിക്കുന്നത് ഗുഹൻ എന്ന ദാശ പ്രമുഖൻ തന്നെ. രാമനെ ആക്രമിച്ചു കൊലപ്പെടുത്താനാണോ ഭരതൻ്റെ വരവെന്നതു പോലും ഗുഹൻ സംശയിക്കുന്നു.
അടുത്ത ഊഴം ലക്ഷ്മണൻ്റെയായിരുന്നു. വളരെ രോഷാകുലനായാണ് ലക്ഷ്മണനെ അവിടെ കാണാനാവുന്നത്. എന്നാൽ ശ്രീരാമൻ അവിടെ ലക്ഷ്മണനെ തന്ത്രപൂർവ്വം തന്നെ ശാന്തശീലനാക്കുന്നു.
ഓരോ സങ്കീർണ്ണമായ ജീവിതമുഹുർത്തങ്ങളിൽ നിന്നും ഏതൊക്കെ തരത്തിലാണ് പ്രശ്ന പരിഹാരങ്ങൾ വന്നു ചേരുന്നതെന്നതിനും ഉദാഹരിക്കുന്ന ഇത്തരം സന്ദർഭങ്ങൾ രാമായണത്തിലുടനീളം കാണാം.
ശ്രീരാമനു പോലും ഭരതനെ അനുനയിപ്പിക്കാനാവുന്നില്ല. അവസാനം ഭരതൻ്റെ തീരുമാനങ്ങൾക്ക് വശംവദനാവേണ്ടി വരുന്ന ശ്രീരാമനെയാണ് അവിടെ നമുക്ക് കാണാനാവുന്നത്.
ശ്രീരാമ പാദുകങ്ങൾ പ്രതീകാത്മകമായി രാജ സിംഹാസനത്തിൽ പ്രതിഷ്ഠിച്ച്, ശ്രീരാമദാസനായി രാജ്യം ഭരിക്കുവാൻ തയ്യാറാവുന്ന ഭരതൻ്റെ സഹോദര സ്നേഹത്തിനു പകരം വയ്ക്കത്തക്ക മറെറാരു ഭ്രാതൃസ്നേഹവും സങ്കല്പങ്ങൾക്കു പോലും അപ്പുറത്താണ്.
അമ്മക്കെതിരായി ഭരതനെ കൊണ്ട് ഇത്തരം ദുഷിച്ച വാക്കുകൾ ഉപയോഗിപ്പിക്കുന്നത് അദ്ദേഹത്തിൻ്റെയുള്ളിലുള്ള സഹോദര സ്നേഹമാണെന്നു കൂടി കൂട്ടി വായിക്കുകയാണ് എങ്കിൽ ഇന്നത്തെ സമൂഹബന്ധങ്ങളുടെ പോരായ്മകൾ കൂടി നമുക്ക് മനസ്സിലാക്കാൻ എളുപ്പമാവുമെന്നു തോന്നുന്നു.
” കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകിൽ സുലഭം.”
എന്ന കുഞ്ചൻ്റെ വാക്കുകൾക്കാണോ അതോ,
” സ്ഥാനമാനങ്ങൾ ചൊല്ലി ക്കലഹിച്ചു’
നാണം കെട്ടു നടക്കുന്നിതു ചിലർ ”
എന്ന പൂന്താനശീലുകൾക്കാണോ കൂടുതൽ പ്രസക്തിയെന്നതും ചിന്തനീയം തന്നെ.
പതിന്നാലു വർഷം രാമൻകാട്ടിൽ കഴിയുന്ന സമയത്ത്, രാമപാദുകങ്ങൾ സിംഹാസനത്തിലർപ്പിച്ച്, രാജകീയ ഭോഗങ്ങൾ ഉപേക്ഷിച്ച് രാമൻ കഴിക്കുന്ന വനവിഭവങ്ങൾക്കു സമാനമായ ഭക്ഷണം കഴിച്ച് ശീതാതപങ്ങൾ അനുഭവിച്ചുകൊണ്ടുള്ള ഭരതൻ്റെ നാട്ടിലെ താപസ ജീവിതമാണോ, രാമൻ്റെ കാനനവാസമാണോ കൂടുതൽ മഹനീയം?
ചിന്തനീയം തന്നെ.
സാഹോദര്യത്തിന്, സഹോദര സ്നേഹത്തിന് വേറെയും ദൃഷ്ടാന്തങ്ങൾ രാമായണത്തിൽ നമുക്ക് കാണാനാവും. രാക്ഷസകുലത്തിലും പക്ഷി വർഗ്ഗത്തിലും വാനരവർഗ്ഗത്തിലുമൊക്കെയുള്ള ബന്ധങ്ങൾ രാമായണ കർത്താവ് ലളിതമായിത്തന്നെ നമ്മുടെ മുന്നിൽ അവതരിപ്പിച്ചു കാണിക്കുന്നു. ഏതാണു നല്ലതെന്ന് ചിന്തിക്കാനും തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം ഗ്രന്ഥകർത്താവ് വായനക്കാരനു വിട്ടുകൊടുക്കുന്നു.
നല്ലതു മാത്രം തിരഞ്ഞെടുക്കാനും, അല്ലാത്തവയൊക്കെ ‘ ”അരുതുകൾ ” ക്കായി ദൃഷ്ടാന്തമായി കണ്ടു മനസ്സിലാക്കാനും നമുക്കു സാധിക്കുവാൻ, നമുക്കൊത്തൊരുമിച്ച് പ്രാർത്ഥിക്കാം.
“സന്താപനാശകരായ നമോ നമ:
അന്ധകാരാന്തകരായ നമോ നമ:
ചിന്താമണേ! ചിദാനന്ദായ തേ നമ:
നീഹാരനാശകരായ നമോ നമ:
മോഹവിനാശകരായ നമോ നമ:
ശാന്തായ രൗദ്രായ സൗമ്യാ യ ഘോരായ
കാന്തിമതാം കാന്തിരൂപായതേ നമ:
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമ:
സത്വ പ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ”
തുടരും…