കർക്കടകം ഇരുപത്തിനാല് – വികട സരസ്വതി

 

വേണു-വീട്ടീക്കുന്ന്

08.08.2024

“സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ “

വീണാപാണിയായ സരസ്വതീദേവി സർവ്വവിദ്യകളുടേയും അധിദേവതയായി കണക്കാക്കപ്പെടുന്ന ഒരു വിശാലചിന്താഗതിയിലധിഷ്ഠിതമായാണ് സനാതന ധർമ്മം കാലങ്ങളായി ആചരിച്ചുപോരുന്നത്.

സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും മുറവിളി കൂട്ടുന്ന ആധുനിക സമൂഹം നോക്കി കാണേണ്ടതും മനസ്സിലാക്കേണ്ടതുമായ ഒരു പരമാർത്ഥമായി ഈ പരമസത്യം പലതരത്തിലുള്ള കഥകളായി വായ് മൊഴിയായും വരമൊഴിയായും ഭാരതത്തിലുടനീളം പ്രചുരപ്രചാരമായിരുന്നതു കാണാം.

വിശ്വ പ്രസിദ്ധനായ കാളിദാസ കവിയുടെ കഥ തന്നെ പ്രഥമദൃഷ്ടാന്തമായി കണക്കാക്കാവുന്നതാണ്‌. ഇരിയ്ക്കുന്ന കൊമ്പു വെട്ടി മുറിയ്ക്കത്തക്കവണ്ണം മന്ദബുദ്ധിയായിരുന്നു കാളിദാസന്നെന്നും കാളിയുടെ അനുഗ്രഹം ( നാവിൽ എഴുതി കൊടുത്ത കഥ സ്മരിയ്ക്കപ്പെടേണ്ടതാണ്) കിട്ടിയ ശേഷം പണ്ഡിതനായതും സംസ്കൃതത്തിൽ മേഘസന്ദേശം, ശാകുന്തളം, രഘുവംശം ആദിയായ അനേകം കാവ്യങ്ങൾ രചിച്ചതും വെറും കെട്ടുകഥകളായിരിയ്ക്കാൻ സാധ്യതയില്ല.

അഷ്ടലക്ഷ്മീ, നവ ദുർഗ്ഗ തുടങ്ങിയ സങ്കല്പങ്ങളിൽ വരുന്ന ദേവീ സങ്കല്പങ്ങളിൽ ഉൾപ്പെടുന്നവയാണ് കാളി രൂപവും സരസ്വതീ രൂപവും ലക്ഷ്മി രൂപവുമെല്ലാം.

ഒരു കാര്യം പറയാൻ ഉദ്ദേശിയ്ക്കുകയും, വിപരീത തരത്തിൽ അർത്ഥം വരത്തക്കവിധം അവതരിപ്പിയ്ക്കപ്പെടുകയും ചെയ്യുന്നതിനെയും ചില സന്ദർഭങ്ങൾക്ക് അനുസരിയ്ക്കാത്ത രീതിയിലുള്ള സംഭാഷണ ശകലങ്ങൾ കടന്നു വരികയുമൊക്കെ ചെയ്യുന്നതിനെ വികട സരസ്വതി എന്ന് വിശേഷിപ്പിയ്ക്കാറുണ്ട്.

ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങിയ കലാരൂപങ്ങളിൽ ആസ്വാദനപരത അധികമാക്കാൻ, അത് കുലത്തൊഴിലാക്കിയ ചാക്യാർ മാർക്കും നമ്പ്യാർ മാർക്കുമൊക്കെയുള്ള കഴിവുകൾ പ്രസിദ്ധങ്ങൾ തന്നെ.

നമ്പൂതിരി സമുദായത്തിലെ അകത്തളങ്ങളിലെ സാധാരണങ്ങളായിരുന്ന വെടിവട്ടങ്ങളിലും അക്ഷരശ്ലോക സദസ്സുകളിലും വികട സരസ്വതീ പ്രയോഗങ്ങൾ സാധാരണമായിരുന്നു എന്നു തന്നെ പറയാം.

രാമായണത്തിൽ ചില സന്ദർഭങ്ങളിൽ സരസ്വതീദേവി പ്രത്യക്ഷമാവുന്ന സന്ദർഭങ്ങൾ കാണാം.

രാമനെ രാജ്യഭാരമേല്പിയ്ക്കാൻ തീരുമാനിച്ച് അയോധ്യാ നഗരം മുഴുവൻ സന്തോഷത്തിലാറാടുമ്പോൾ, ദേവ നിർദ്ദേശപ്രകാരം സരസ്വതീദേവി മന്ഥരയുടെ നാവിൽ കുടിയേറി പാർക്കുകയും മന്ഥരയെ ഉപകരണമാക്കി അഭിഷേക വിഘ്നം വരുത്തുകയും ചെയ്യുന്നത് വികട സരസ്വതി വിളയാട്ടത്തിന്നുദാഹരിയ്ക്കാവുന്നതാണ്‌.

മായാ മാനിനു പുറകെ രാമൻ പോവുകയും, രാമൻ്റെ ശബ്ദത്തിലുള്ള മാരീചൻ്റെ ആർത്തനാദം കേൾക്കുമ്പോൾ സീത ലക്ഷ്മണനോട് പറയുന്ന പരുഷ വചനങ്ങൾ വികട സരസ്വതിയ്ക്ക് മറ്റൊരുദാഹരണം.

വൈശ്രവണനേക്കാൾ ഐശ്വര്യങളുമായി തിരിച്ചു വരുമെന്ന പ്രതിജ്ഞയോടെ രാവണൻ സഹോദരന്മാരുമായി കഠിന തപസ്സു ചെയ്യുകയും ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്ത് മനുഷ്യരൊഴിച്ച് ആരാലും താൻ വധിയ്ക്കപ്പെടരുതെന്ന് രാവണൻ വരം ചോദിയ്ക്കുന്നു.

രണ്ടാമത്തെ ഊഴം കുംഭകർണ്ണൻ്റെതായിരുന്നു. നിർദ്ദേവത്വം എന്ന വരം ചോദിയ്ക്കാൻ തയ്യാറായി നിന്നിരുന്ന അദ്ദേഹത്തിൻ്റെ നാവിൽ സരസ്വതീദേവി കയറിയിരുന്ന് നിദ്രാവത്വം എന്നാക്കി മാറ്റിയതു കൊണ്ട് ജീവിതം മുഴുവൻ ഉറങ്ങി തീർക്കേണ്ട അവസ്ഥ വന്നു എന്നും പറയപ്പെടുന്നു. വരം വാങ്ങിയത് ഒരു ശാപഫലം പോലെയായതിന് പ്രത്യക്ഷസാക്ഷിയായി കുംഭകർണനെ കാണാം. പിന്നീട് സഹോദരരുടെ അപേക്ഷ പ്രകാരം ആറു മാസത്തെ ഉറക്കം ആക്കി മാറ്റി എന്നും പറയപ്പെടുന്നു.

ഇങ്ങനെയൊന്നും സംഭവിയ്ക്കാതിരിയ്ക്കാനും, വിദ്യാഭ്യാസം വളരെ ഭംഗിയായി പൂർത്തീകരിയ്ക്കുന്നതിന് തടസ്സങ്ങളുണ്ടാവാതിരിയ്ക്കാനുമായി വിദ്യാരംഭ ദിനത്തിൽ സരസ്വതീദേവിയേയും വിഘ്നേശ്വരനേയും പ്രീതിപ്പെടുത്തിയ ശേഷം മാത്രമേ നമ്മുടെ മക്കളെ നാം എഴുത്തിനിരുത്താറുള്ളൂ, വിദ്യയഭ്യസിപ്പിയ്ക്കാറുള്ളൂ.

ഇന്ന് നമുക്ക് ചുറ്റും ഇത്തരം ധാരാളം സംഭവങ്ങൾ ഉണ്ടായിക്കൊണ്ടേയിരിയ്ക്കുന്നു. ഓരോ സന്ദർഭങളിൽ ഓരോന്നു വിളിച്ചു പറയുന്നത് അവരവർക്കു തന്നെ പാരയായി വരുന്നതും സമൂഹ മദ്ധ്യത്തിൽ അപഹാസ്യരായി തീരുന്നതുമായ ഉത്തരവുകളും നിർദ്ദേശങ്ങളും ഭരണകർത്താക്കളുടെ ഭാഗത്തു നിന്നും ഉന്നത സ്ഥാനീയരുടെ ഭാഗത്തു നിന്നുമൊക്കെ ധാരാളം കാണാറുണ്ട്.

ഉദാഹരണമായി പരീക്ഷാ ഫലങ്ങൾ പൊതുജനത്തിനു മുന്നിലവതരിപ്പിയ്ക്കുമ്പോൾ വിദ്യാഭ്യാസ മന്ത്രിയ്ക്കു സംഭവിച്ചുകൊണ്ടിരിയ്ക്കുന്നതു തന്നെ. അതു പോലെ അസംബ്ലിയിലെ പ്രഥമസ്ഥാനീയരിൽ ഒരുവനായ മുഖ്യന് പലപ്പോഴായി സംഭവിയ്ക്കുന്ന വാക്പിഴകളും അനാവശ്യമായ പല സ്‌റ്റേറ്റുമെൻ്റുകൾ ഉന്നയിയ്ക്കുന്നതുമെല്ലാം പിന്നീട് സമൂഹമധ്യത്തിൽ പരിഹസിയ്ക്കപ്പെടുന്നതുമെല്ലാം ഉദാഹരിയക്കാം.

അത്തരം പല സന്ദർഭങ്ങളും നമ്മുടെയൊക്കെ ജീവിതത്തിലും കടന്നു വന്നിരിയ്ക്കാം.

സന്തോഷം, ദേഷ്യം, സ്നേഹം എന്നിങ്ങനെ വ്യത്യസ്ഥങളായ വികാരങ്ങൾ നമ്മളെ കീഴടക്കുമ്പോൾ നമ്മളിൽ നിന്ന് യഥാർത്ഥത്തിൽ പുറപ്പെടുന്ന പല സംഭാഷണങ്ങളും അതിരുകടന്നവയായിപ്പോയി എന്നു നമുക്കോ, കേൾവിക്കാർക്കോ തോന്നലുണ്ടാക്കുന്നുവെങ്കിൽ, അതൊക്കെയും വികട സരസ്വതീ പ്രയോഗങ്ങൾ തന്നെയെന്നു മനസ്സിലാക്കുക.

വികാരവിചാരങ്ങൾക്ക് അടിപ്പെടാതിരുന്നാൽ വികട സരസ്വതിയ്ക്ക് നമ്മെ സ്പർശിയ്ക്കാനാവില്ല.

അതു കൊണ്ട് അത്തരം തെറ്റുകളൊന്നും നമ്മുടെ സംഭാഷണത്തിലോ, പാരായണങ്ങളിലോ കടന്നു വരാതിരിയ്ക്കാനായി, നമുക്കേവർക്കും കൂടി സരസ്വതീദേവിയെ സ്തുതിയ്ക്കാം പ്രാർത്ഥിയ്ക്കാം.

“യാകുന്ദേന്ദു തുഷാരഹാര ധവളാ
യാ ശുഭ്ര വസ്ത്രാവൃതാ
യാ വീണാ വരദണ്ഡ മണ്ഡിത കരാ
യാ ശ്വേത പദ്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭി൪
ദേവൈ സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാ “

തുടരും…

 

2+

Leave a Reply

Your email address will not be published. Required fields are marked *