കർക്കടകം ഇരുപത്തിരണ്ട് – മാർഗ്ഗ വിഘ്നം

 

വേണു വീട്ടീക്കുന്ന്
06.08.2024

“ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജം ।
പ്രസന്നവദനം ധ്യായേത് സർവവിഘ്നോപശാന്തയേ ॥ “

വിഷ്ണു സഹസ്രനാമ സ്തോത്രത്തിലെ തുടങ്ങുന്ന ഗണേശ സ്തുതിയാണ് ഈ ശ്ലോകം. പക്ഷേ വിഷ്ണും എന്ന പദം വന്നതുകൊണ്ട് ഇത് വിഷ്ണു സ്തുതി തന്നെയാണെന്ന ധാരണയോടു കൂടിത്തന്നെയാണ് ഇന്നലെ വരെ ഞാനും ചൊല്ലിയിരുന്നത്.

എന്നാൽ മള്ളിയൂർ തിരുമേനിയുടെ വ്യാഖ്യാനം വായിക്കാനിടയായതിനാൽ ഇത് ഗണേശ സ്തുതി തന്നെയാണെന്ന് ബോധ്യമായി.

തിരുമേനി പറയുന്നു.

“വിഷ്ണും എന്ന പദമുള്ളതിനാൽ ഇത് മഹാവിഷ്ണുവിൻ്റെ സ്തുതിയാണെന്ന് ഒരു ധാരണ പൊതുവെ ഉള്ളതിനാലാണ് ഇക്കാര്യം പ്രത്യേകം കുറിക്കാമെന്ന് കരുതിയത്. ആ പദത്തിനർത്ഥം എങ്ങും നിറഞ്ഞ എന്നാണ്. പ്രസന്നവദനം എന്നതിനു മദയാനയുടെ മുഖമെന്ന് അർത്ഥം വരും. ശുഭ്രവസ്ത്രം ധരിച്ചവനും വിശ്വത്തിൽ നിറഞ്ഞു നിൽക്കുന്നവനും പ്രസന്നവദനനും വിഘ്നനിവാരണനുമായ ഗണപതിയെ ധ്യാനിക്കുന്നു എന്നു സാരം.”

മള്ളിയൂർ തിരുമേനിയിലൂടെ പകർന്നു കിട്ടിയ ഈ പുതിയ അറിവുമായി മാർഗ്ഗ വിഘ്ന ചിന്ത ആരംഭിക്കാം.

ഏതൊരു കാര്യത്തിനും ശുഭാരംഭം എന്ന നിലയിൽ വിഘ്നവിനാശം വരുത്തുകയെന്നത് നമ്മുടെ പതിവാണ്. എന്നാൽ രാമകാര്യസാദ്ധ്യത്തിനായി പോകുമ്പോൾ ഹനൂമാന് അതിൻ്റെയൊന്നും ആവശ്യം വന്നിട്ടില്ല.

കാരണം കൃത്യമായ ലക്ഷ്യബോധം, തന്നിലർപ്പിതമായ കാര്യഗൗരവം എന്നിവ വേണ്ടതിലധികമുണ്ടായിരുന്ന വായു പുത്രന് ശാരീരികമായോ മാനസികമായോ യാതൊരു തടസ്സവും വരില്ലെന്ന നിശ്ചയദാർഢ്യമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ മാർഗ്ഗമദ്ധ്യേ വരുന്ന തടസ്സങ്ങളെ ഔചിത്യപൂർവ്വം ഒഴിവാക്കുന്നതും ഓരോ സ്ഥലത്തും വ്യത്യസ്ഥമായ രീതികൾ അവലംബിച്ച് വിഘ്നം തീർത്ത് ലങ്കാപുരിയിലെത്തുന്നതും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണ്.

മാർഗ്ഗതടസ്സമായി ആദ്യമായെത്തുന്നത് സുരസയാണ്. അല്പം ചില ചെറിയ തർക്കങ്ങൾക്കൊടുവിൽ ശരീരം വലുതാക്കിയും ചെറുതാക്കിയും തൻ്റെ വേഗത കൂടിയ ചലനങ്ങൾ കൊണ്ട് സുരസയുടെ വദന ഗഹ്വരത്തിൽ കടന്ന് വായടക്കും മുമ്പുതന്നെ പുറത്തു കടന്ന് സാമർത്ഥ്യം സുരസയ്ക്കു മുന്നിൽ കാണിച്ച്, സുരസയുടെ അനുഗ്രഹവും വാങ്ങിച്ച് വായുപുത്രൻ യാത്ര തുടരുന്നു.

അറിവതിനു തവ ബലവിവേകവേഗാദിക-
ളാദിതേയന്മാരയച്ചു വന്നേനഹം “

എന്ന് തൻ്റെ ആഗമനോദ്ദേശ്യം കൂടി വെളിപ്പെടുത്തിയ ശേഷമാണ് സുരസ നിഷ്ക്കാസനം ചെയ്യുന്നത്.

പിന്നീട് മൈനാകം മാർഗ്ഗമധ്യേ പൊങ്ങി വന്ന് വിശപ്പും ദാഹവും തീർത്ത് ക്ഷീണമകറ്റി യാത്ര തുടരാൻ ഹനൂമാനോടു പറയുമ്പോൾ

അലമലമിതരുതരുതു രാമകാര്യാർത്ഥമാ-
യാശു പോകും വിധൗ പാർക്കരുതെങ്ങുമേ
പെരുവഴിയിലശനശയനങ്ങൾ ചെയ്കെന്നതും
പേർത്തു മറ്റൊന്നു ഭാവിയ്ക്കയെന്നുള്ളതും
അനുചിതമറിക രഘുകുലതിലക കാര്യങ്ങ-
ളൻപോടു സാധിച്ചൊഴിഞ്ഞരു തൊന്നുമേ “

എന്ന് തൻ്റെ നയം മൈനാകത്തോട് വ്യക്തമാക്കുകയും,മൈനാകത്തിൻ്റെ ആശീർവാദത്തോടെ യാത്ര തുടരുകയും ചെയ്യുന്നു.

അടുത്തത് സിംഹിക യുടെ ഊഴമായിരുന്നു.
അവിടെ ഹനുമാൻ സ്വീകരിയ്ക്കുന്ന മാർഗ്ഗം വേറെയാണ്. കാലുകൊണ്ട് ഒരു ചവിട്ട് കൊടുത്ത് സിംഹികയെ വധിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

അങ്ങനെ സൂര്യാസ്തമയത്തോടെ വായുസുതൻ ലങ്കയിലെത്തുന്നു.’ ആചാര്യൻ്റെ ഇവിടത്തെ പ്രയോഗം വളരെ വിശേഷമായി അനുഭവപ്പെടുന്നു.

” ചരമഗിരി ശിരസ്സി രവിയും പ്രവേശിച്ചിതു –
ചാരു ലങ്കാഗോപുരാഗ്രേ കപീന്ദ്രനും.”

ഇത്ര മനോഹരമായി പറയാൻ എഴുത്തച്ഛനു മാത്രം സാധിക്കുന്ന പ്രവൃത്തി തന്നെയാണ്.

എന്തായാലും ഹനുമാൻ ഉത്തമ ദൂതൻ്റെ പ്രവൃത്തി നിർവ്വഹിച്ചതിനു ശേഷമാണ് ശ്രീരാമ സന്നിധിയിൽ തിരിച്ചെത്തുന്നത്.

ഇവിടെ നാം ചിന്തിക്കേണ്ടതായ ഒരു വിഷയം .ഹനൂമാൻ്റെ സ്ഥാനത്ത് നമ്മളെത്തന്നെ സങ്കല്പിക്കുക. സന്ദർഭം സീതാന്വേഷണത്തിനു പകരം ദുരന്തനിവാരണ സ്ഥലത്തെ ജീവനുള്ളതും അല്ലാത്തതുമായ ആളുകളെ കണ്ടെത്തൽ തന്നെയാവട്ടെ. ഇപ്പോൾ നമുക്ക് മുന്നിലുള്ള ഏറ്റവും ദുർഘടം പിടിച്ചതും വിഷമിപ്പിക്കുന്നതുമായ സംഭവവുമതുതന്നെയാണല്ലോ.

എന്തായിരിക്കും സംഭവിക്കുക.വാർത്തകളിലൂടെ തന്നെ നമുക്ക് വ്യക്തമാവുന്ന പല കാര്യങ്ങൾ. അവിടെ ഭംഗിയായി നടക്കുന്ന പല കാര്യങ്ങളിലും തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാരൊക്കെ? ദുരന്തനിവാരണ സേനക്കടക്കം പ്രാഥമിക സൗകര്യങ്ങൾ തുടങ്ങി ഭക്ഷണം വരെ കൃത്യമായി കിട്ടിയിരുന്ന, നിർമ്മല നിർവ്യാജ സത്ഗുണ സേവനങ്ങൾക്കു പോലും തടസ്സം സൃഷ്ടിക്കുന്നവരെ ഏതു ഗണത്തിൽ പെടുത്തണം?

ആ സ്ഥലത്തേക്ക് സന്നദ്ധ പ്രവർത്തനത്തിന്നായി എത്തിച്ചേരാൻ താല്പര്യമുള്ളവരെ പോലും പിന്നോട്ടു വലിക്കുന്ന സിംഹികമാരോട് ഏതു തരത്തിൽ പ്രതികരിക്കണം?

ത്രേതായുഗത്തിലെ രാമ രാജ്യമല്ല കലിയുഗത്തിലെ ഭാരതം എന്നതുകൂടി ഉൾക്കൊണ്ടു വേണം നമ്മുടെ ചിന്തകളെ മേയാനനുവദിക്കാൻ.

അല്ലാതെ എന്തെങ്കിലും പ്രവർത്തിച്ചാൽ ആവശ്യത്തിനുള്ള പിൻബലം പോലുമില്ലാതായാൽ പിന്നെ ബാക്കിയുള്ള ഇഹലോക ജീവിതത്തെ കുറിച്ചു ചിന്തിക്കുകയേ വേണ്ടി വരില്ല.

ഹനുമാൻ്റെ വ്യക്തിപ്രഭാവവും അന്നത്തെ സ്വയം തീരുമാനമെടുത്തു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും., ലഭ്യമായ സ്വാതന്ത്ര്യത്തിൻ്റെ കൃത്യമായ വിനിയോഗവും എത്രമാത്രം ധന്യമായിരുന്നു എന്നതുകൂടി കൂട്ടി വായിച്ചാൽ, ഇന്നത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട്, ജനങ്ങൾക്കുവേണ്ടി, ഭരിക്കുന്ന, ജനങ്ങളുടെ ജനനായകന്മാരുടെ കീഴിൽ ജീവിക്കുന്ന നമുക്ക് എത്ര മാത്രം സ്വാതന്ത്ര്യപരമായി സാമൂഹിക പ്രശ്നങ്ങളിലിടപെടാനാവുമെന്നത് വ്യക്തമാവും.

രാഷ്ട്രീയമെന്നാൽ രാഷ്ട്രത്തെ സംബന്ധിച്ച എന്ന വിശാലമായ അർത്ഥമാണ് പ്രായോഗികതലത്തിൽ വരുന്നതെങ്കിൽ ഇന്ന് വയനാട്ടിൽ നിന്ന് ഇത്രയധികം പ്രതിഷേധസ്വരങ്ങൾ ഉയരുമായിരുന്നോ എന്നതും ചിന്തനീയമാണ്.

മാത്രമല്ല രാമനെപ്പോലെ ധർമ്മിഷ്ഠനായ ഒരു ഭരണാധികാരിയുടെ അഭാവം തന്നെയല്ലേ ഇന്നത്തെ രക്ഷാപ്രവർത്തകർക്കുപോലും വേണ്ടതായ അവശ്യസാധനങ്ങൾ പോലും മുടക്കപ്പെടുന്നത് എന്നതും ചിന്തനീയമല്ലേ?

ഇതൊക്കെ തന്നെയല്ലേ രാമായണ പഠനം പോലെയുള്ള സത്സംഗങ്ങളിലൂടെ നിവർത്തിക്കപ്പെടേണ്ടത് ?

എന്തായാലും ഇത്രയധികം വിഘ്നങ്ങൾ നമുക്ക് മുന്നിൽ ഉണ്ടെന്ന അറിവോടെ തന്നെ സർവ്വവിഘ്നപരിഹാരാർത്ഥമായി കലിബാധകൂടി നീങ്ങി കിട്ടുവാനായി ഒന്നിച്ചു പ്രാർത്ഥിക്കാം.

“ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജം ।
പ്രസന്നവദനം ധ്യായേത് സർവവിഘ്നോപശാന്തയേ ॥ ”

തുടരും…

1+

Leave a Reply

Your email address will not be published. Required fields are marked *