കർക്കടകം രണ്ട്. കാവ്യം സുഗേയം…

വേണു, വീട്ടീക്കുന്ന്.

17.07 2024.

“കാവ്യം സുഗേയം കഥ രാഘവീയം
കർത്താവു തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയസ്വരത്തിൽ
ആനന്ദലബ്ധിക്കിനിയെന്തു വേണം?”

അദ്ധ്യാത്മ രാമായണം കിളിപ്പാട്ടുമായി അല്പ മാത്രബന്ധമെങ്കിലും ഉള്ളവർ കേട്ടിരിയ്ക്കാനിടയുള്ളതും, കേൾക്കാതിരിക്കാനിടയില്ലാത്തതുമായ വരികളാണ് മേലുദ്ധരിച്ചിരിക്കുന്നത്. എന്നാലും ആ വരികൾ എഴുതുവാൻ വള്ളത്തോളിന്നു പ്രേരണ നല്കിയതെന്തെന്നോ, ഏതു സന്ദർഭത്തിലാണ് ആ വരികളുടെ ഉദ്ഭവമെന്നോ അറിയുന്നവർ അംഗുലീ പരിമിതരായിരിക്കുമെന്നതിന് സംശയമില്ല.

‘ഒരു തോണിയാത്ര’ എന്ന വള്ളത്തോൾ കവിതയിൽ നിന്നുള്ള ഉദ്ധരണിയാണ് കാവ്യം സുഗേയം എന്നു തുടങ്ങുന്ന വരികൾ.രണ്ടു തോണിക്കാരുടെ കൂടെ ഉന്നതകുലജാതനെന്ന വിഭാഗത്തിലുൾപ്പെട്ട ഒരു നായർ പ്രമാണി തോണിയാത്ര നടത്തുന്നതിനിടയിൽ അയാൾ പായ വിരിച്ചു കിടക്കുകയും, അയാൾ ഉറങ്ങിയെന്ന ധാരണയോടെ നാവികരിലൊരാൾ രാമായണ പാരായണത്തിന് അനുജ്ഞ നേടുന്നതുമാണ് സന്ദർഭം.

താണ ജാതിയിൽ പിറന്നവർക്ക് അക്ഷരാഭ്യാസവും വേദപഠനവുമെല്ലാം നിഷിദ്ധമായി കരുതിയിരുന്ന ഒരു കാലഘട്ടം നമ്മുടെ നാട്ടിൽ നില നിന്നിരുന്നു. അത്തരമൊരു കാലഘട്ടത്തിലാണ് ഉന്നതകുലജാതനല്ലാത്ത എഴുത്തശ്ശൻ രാമായണം രചിക്കുന്നത്.പക്ഷിമൃഗാദികൾക്ക് ജാതിഭേദമില്ലാത്തതിനാൽ ഒരു കിളിയെക്കൊണ്ടു കഥ പറയിക്കുന്ന രീതിയിലാണ് ഭാഷാപിതാവിൻ്റെ കിളിപ്പാട്ടുകളുടെ രചന. ശ്രീശുകബ്രഹ്മർഷിയുടെ പേരിനോടു സാമ്യമുള്ളതുകൊണ്ട് ശുകത്തെ (കിളിയെ) ക്കൊണ്ട് കഥ പറയിക്കുന്ന രീതിയിൽ രചന നടത്തിയെന്നും മറ്റൊരു പക്ഷം.

ഇവിടെ ചിന്തനീയമായ വിഷയം അതൊന്നുമല്ല. ഉന്നതകുലജാതനായ ഒരാളുടെ സാമീപ്യത്തിൽ ഒരു താണ ജാതിക്കാരന് രാമായണം വായിക്കാനുള്ള ഭയത്തെ തോണിയാത്രയെന്ന വള്ളത്തോൾക്കവിതയിൽ ദർശിക്കാനാകും.

“വേദേതിഹാസാദി വിഭൂതിയെല്ലാം
മേൽജ്ജാതി തൻ പൈതൃകമാണു പോലും
വാഗ്ദേവിയെത്താനറിയാതെ തീണ്ടി –
പ്പോയെന്നിവൻ മാപ്പിനിരന്നിടുന്നു “

എന്ന് മഹാകവി പറയുമ്പോൾ ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വത്തിൻ്റെ അവസ്ഥ നമുക്കു മനസ്സിലാക്കാനാവും.

“ഈ നമ്മളെല്ലാമൊരു തമ്പുരാൻ്റെ
കീഴാളരാ, രാർക്കിഹ തമ്പുരാനാം?”

എന്ന് കവി ചോദിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ജാതീയതയോടുള്ള നിലപാടെന്തായിരുന്നുവെന്ന് അനുവാചകന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.

നൂറു വർഷത്തിലേറെ പഴക്കമുള്ള ഒരു സമൂഹ വ്യവസ്ഥയാണ് കവി വരച്ചുകാണിക്കുന്നതെങ്കിലും നാം ഇതിനോടു ചേർത്തുവച്ചു തുലനം ചെയ്യേണ്ടത് നാം ജീവിക്കുന്ന ആധുനിക സമൂഹത്തെ തന്നെയാണ്. സ്വയം പരിഷ്കൃതരെന്ന് അഭിമാനിക്കുകയും, എന്നാൽ പഴയതിലുമധികം വിവേചനം കാണിച്ച് ജാതിയുടെയും സമ്പത്തിൻ്റെയും മേൽക്കോയ്മ കാണിക്കുകയും ചെയ്യുന്നവർ ഇന്നും നമ്മുടെയിടയിൽ കുറവല്ല എന്നത് നിത്യസംഭവങ്ങളിലൂടെ നാമെല്ലാം അറിഞ്ഞുെകൊണ്ടേയിരിക്കുന്നു.

സ്വാർത്ഥ താല്പര്യങ്ങൾ ലക്ഷ്യം വെച്ചു കൊണ്ട് സമൂഹത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റാനും, സ്വാധികാരങ്ങൾ നിലനിർത്തിക്കൊണ്ടു പോകുന്നതിനുമായി ഇന്നും ജാതി മതങ്ങളുടെയെല്ലാം പേരുപറഞ്ഞ് സംവരണങ്ങളും സൗകര്യങ്ങളും പല തരത്തിൽ ഏർപ്പെടുത്തുകയു സമൂഹത്തെ പല തട്ടുകളായി ഭിന്നിപ്പിച്ചു നിർത്തുകയും ചെയ്യുക എന്നത് ഇന്നും തുടർന്നു പോരുന്ന ഒരു പ്രക്രിയ തന്നെയാണ്‌. ഇത്തരം വിവേചനങ്ങളാൽ ഉത്പാദിതമാകുന്ന സൗകര്യങ്ങളെല്ലാം യഥാർത്ഥ ഗുണഭോക്താക്കളിൽ എത്തിപ്പെടുന്നുണ്ടോ എന്ന വിഷയവും ചിന്തനീയമാണ്.

രാമായണ പാരായണത്തിലെ ഉച്ചനീചത്വമാണ് വള്ളത്തോൾ എടുത്തു പറയുന്നതെങ്കിലും

“ഭയാനകം ഹാ, സ്മൃതി വാക്യഘോഷം
ജാതിപ്പിശാചിൻ പ്രചുരാട്ടഹാസം”

എന്ന് കവി വിലപിക്കുമ്പോൾ ആ കാലഘട്ടത്തിൻ്റെ ജാതീയതയുടെ പൂർണ്ണരൂപം തന്നെ നമുക്ക് വായിച്ചെടുക്കാനാവും.

ആനുകാലിക മാധ്യമങ്ങളിൽ നിറസാന്നിധ്യമായ, അന്യമതസ്ഥയായ ഒരു വനിത ഒരു കൃഷ്ണ രൂപം വരച്ച് ഉപജീവനം നടത്തുന്നതിനെ എതിർത്തും അനുകൂലിച്ചും ശബ്ദമുയർത്തുന്നവരിലധികവും ഹൈന്ദവർ തന്നെയെന്നത് നമ്മുടെ സാംസ്കാരികാപചയത്തെ തന്നെയല്ലേ സൂചിപ്പിക്കുന്നത്. വിശുദ്ധരെന്ന് സ്വയം അഭിമാനിക്കുന്ന ഒരു വിഭാഗം ദിനംപ്രതി സോഷ്യൽ മീഡിയയിൽ അതേ പ്രശ്നത്തിനു പിന്നിൽ പോയി ചികഞ്ഞ് തെളിവുകളുണ്ടാക്കാൻ ശ്രമിക്കുന്നതും, ആ വനിതയെ അസഭ്യവർഷം ചൊരിയുന്നതും കാണുമ്പോൾ നാം ഏതു യുഗത്തിലാണ് ജീവിക്കുന്നതെന്നു പോലും പലപ്പോഴും തോന്നിപ്പോകുന്നു.

തോണിയാത്രയിലെ നാവികൻ ഉന്നതകുലജാതനല്ലെങ്കിലും അക്ഷരാഭ്യാസം നേടിയിട്ടുണ്ട്. അതുകൊണ്ടാണയാൾക്ക് രാമായണം വായിക്കണമെന്നു തോന്നിയത്.അനുവാദം ലഭിച്ചപ്പോൾ സ്വരം, താളം എന്നിവയൊന്നും അയാളുടെ പാരായണത്തിനു വിലക്കു കല്പിച്ചില്ല. ഭക്തി സാന്ദ്രമായി അയാൾ മണ്ണെണ്ണ വിളക്കിൻ്റെ ഇരുണ്ട വെളിച്ചത്തിൽ വായന തുടർന്നു.അയാളുടെ വായനക്ക് നദിയിലെ ഓളങ്ങൾ താളം പകർന്നു. വായനയുടെ സൗകുമാര്യം കൊണ്ടു തന്നെ ഇരുണ്ടു കത്തുന്ന മണ്ണെണ്ണ വിളക്ക് ഒരു വിദ്യുത് പ്രവാഹമായി അനുഭവപ്പെട്ടുവെന്ന് വായന കേട്ടു കിടക്കുന്നവൻ്റെ അനുഭവസാക്ഷ്യം വെളിപ്പെടുത്തുകയാണ് വള്ളത്തോൾ. അതാണ് അദ്ദേഹം ‘ഒരു തോണിയാത്ര’ യിലൂടെ നമുക്ക് പകർന്നു തരുന്നത്.

“എന്നാലുമായാളുടെ ഗാനമെൻ്റെ
കർണ്ണത്തിനാഹ്ലാദമനൽപ്പമേകി.
തദീയ കണ്ഠസ്വരമത്രമാത്രം
ഭക്തിസ്ഫുരന്മാധുരി പൂണ്ടിരുന്നു.

കാവ്യം സുഗേയം കഥ രാഘവീയം
കർത്താവു തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയസ്വരത്തിൽ
ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം?”‘

എന്നാണ് ആ വരികളിലൂടെ കവി വിശദമാക്കിത്തരുന്നത്.

അദ്ധ്യാത്മാരാമായണത്തിലടങ്ങിയിരിക്കുന്ന ഭക്തി സാന്ദ്രതയേയും രചനാവൈഭവത്തേയും മനസ്സിലാക്കുകയും ശ്രദ്ധയോടെ അക്ഷരസ്ഫുടതയോടെ പാരായണം ചെയ്യേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കിത്തരുകയും ചെയ്യാൻ വള്ളത്തോളിന് ‘ഒരു തോണിയാത്ര” എന്ന തൻ്റെ കവിതയിലൂടെ സാധിച്ചിരിക്കുന്നതായി കാണാം.

അതുപോലെ തന്നെ നാമേവർക്കും അദ്ധ്യാത്മാ രാമായണത്തിലേക്കിറങ്ങി ചെല്ലാനും മനോഹരമായി നിത്യപാരായണം നടത്താനും ആശയങ്ങൾ ഉൾക്കൊള്ളുവാനും സാധിയ്ക്കട്ടെ എന്നാഗ്രഹിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു.

(തുടരും….)

4+

Leave a Reply

Your email address will not be published. Required fields are marked *