കർക്കടകം പതിനേഴ് – നൂപുരാമേവ ജാനാമി

 

വേണു വീട്ടീക്കുന്ന്
01.08 2024

” കുണ്ഡലേനൈവ ജാനാമി
നൈവ ജാനാമി കങ്കണേ
നൂപുരാമേവ ജാനാമി
നിത്യം പാദാഭിവന്ദനാൽ.”

അദ്ധ്യാത്മാ രാമായണത്തിലും വാത്മീകി രാമായണത്തിലും പല സന്ദർഭങ്ങളിലും വ്യത്യസ്തതകൾ കാണാനാവും. പ്രധാന വ്യത്യാസം വാത്മീകി മഹർഷി ഒരു ഉത്തമപുരുഷൻ്റെ ഉദാഹരണമായി രാമചന്ദ്രനെ അവതരിപ്പിക്കുമ്പോൾ എഴുത്തച്ഛൻ അവതാര പുരുഷനായ ശ്രീരാമദേവനെ അവതരിപ്പിക്കുന്നു.ഇവരുടെ വ്യക്തിപ്രഭാവമാറ്റങ്ങൾക്കനുസരിച്ച് സഹകഥാപാത്രങ്ങൾക്കെല്ലാം സ്വഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം വ്യത്യാസങ്ങൾ കാണാം.

സീതാപഹരണത്തിനു ശേഷം സീതയെ അന്വേഷിച്ചു കാട്ടിലൂടെ അലയുന്ന രാമലക്ഷ്മണന്മാർ ഒരിടത്ത് തകർന്ന രഥാവശിഷ്ടങ്ങളും, ചോരത്തുള്ളികളുമൊക്കെ കാണുന്നു.അവിടെയവിടെയായി ചിതറിക്കിടക്കുന്ന കുറേ ആഭരണങ്ങളും അവർക്കു ലഭിക്കുന്നു. ആ ആഭരണങ്ങൾ സീതയുടേതു തന്നെയല്ലേ എന്നു രാമൻ ലക്ഷ്മണനോടു ചോദിക്കുന്നു. അപ്പോൾ ലക്ഷ്മണൻ പറയുന്ന മറുപടിയാണ് ഉദ്ധരിച്ചിട്ടുള്ളത്.

ലക്ഷ്മണൻ പറയുന്നു.” ഈ കുണ്ഡലവും കങ്കണവും ആരുടേതെന്ന് എനിക്കറിയില്ല. പക്ഷേ നൂപുരം ജ്യേഷ്ഠത്തിയുടേതു തന്നെയാണെന്ന് എനിക്കുറപ്പുണ്ട്. ദിവസവും ആ പാദങ്ങളിൽ നമസ്കരിക്കുമ്പോൾ ഞാനിതു കാണാറുണ്ട്.

ഇവിടെ നാം കാണുന്നത് ലക്ഷ്മണനിലെ കാപട്യമില്ലാത്ത ഭ്രാതൃ ഭക്തിയും ജ്യേഷ്ഠത്തിയമ്മയോടുള്ള ആദരവുമൊക്കെത്തന്നെയാണ്. ഹൈന്ദവ സംസ്കാരമനുസരിച്ച് ജ്യേഷ്ഠ വധു ജ്യേഷ്ഠത്തിയില്ല, ജ്യേഷ്ഠത്തിയമ്മ തന്നെയാണ്.

മാത്രവുമല്ല വിവാഹിതനായ ഒരു പുരുഷന് അന്യ സ്ത്രീ ദർശനംപോലും അരുതാത്തതായി കല്പിക്കപ്പെട്ടിരുന്നു. അതു കൊണ്ടൊക്കെ തന്നെ നീതിമാനായ രാമചന്ദ്ര പ്രഭുവിൻ്റെ അനുജനും സന്തത സഹചാരിയുമൊക്കെയായ ലക്ഷ്മണനും അങ്ങനെയായല്ലേ പറ്റൂ. ഇവിടെ ലക്ഷ്മണൻ സീതാദേവിയുടെ കണങ്കാലിലണിയുന്ന നൂപുരങ്ങളല്ലാതെ, മറ്റൊരാഭരണങ്ങളും തിരിച്ചറിയാനാവാതെ പോവുന്നതും അദ്ദേഹത്തിൻ്റെ നീതിന്യായാനുചാരത്തിൻ്റെ മകുടോദാഹരണമായിത്തന്നെ പറയാവുന്നതാണ്.

രാമായണം കിളിപ്പാട്ടിൽ സീതാദേവി, പുഷ്പകവിമാനത്തിൽ നിന്ന് തൻ്റെ ചേലാഗ്രം കീറിയെടുത്ത്, ആഭരണങ്ങൾ അതിൽ പൊതിഞ്ഞ് താഴേക്കിടുകയാണ് ചെയ്യുന്നത്. അവ ചെന്നു വീഴുന്നതാകട്ടെ ഋശ്യ മൂകാചലത്തിൽ ബാലിയെ പേടിച്ചു കഴിയുന്ന സുഗ്രീവൻ്റെ മുന്നിലും. സുഗ്രീവൻ അത് രാമലക്ഷ്മണന്മാരെ കാണിക്കുമ്പോൾ ശ്രീരാമചന്ദ്രൻ പത്നീ സ്മരണയിൽ വേപഥു പൂണ്ട് ബോധഹീനനാവുന്നു.

കാനന യാത്രാരംഭത്തിൽ സുമിത്ര ലക്ഷ്മണനെ ഉപദേശിക്കുന്ന ഭാഗം രാമായണത്തിലെ ഏറ്റവും പ്രസക്തമായതായി കരുതപ്പെടുന്നു,

“രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി
ഗച്ഛ താത യഥാസുഖം”

തുഞ്ചത്തെഴുത്തച്ഛന്റെ ശ്ലോക പരിഭാഷ ഇങ്ങനെ:

“രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ”

ഇതിൽ കൂടുതൽ അതിന് വിശദീകരണത്തിൻ്റെ ആവശ്യമുണ്ടാവുമെന്നും തോന്നുന്നില്ല.

മാതൃവാക്യം ആദരേണ കൈക്കൊണ്ട് അതേപടി അനുസരിക്കുന്ന ലക്ഷ്മണനെ സംബന്ധിച്ചിടത്തോളം സീതാ ദേവിയുടെ ആടയാഭരണങ്ങൾ കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ല എന്നതിൽ അത്ഭുതമൊന്നും കാണാനില്ല. കൊട്ടാര സുഖലോലുപതകൾ ഉപേക്ഷിച്ച് സഹോദരൻ്റെ സംരക്ഷണമേറ്റെടുത്ത് രാത്രിയാൽ പോലും ഉറങ്ങാതെ കാവൽ നിൽക്കുന്ന ലക്ഷ്മണൻ്റെ ഭ്രാതൃഭക്തിക്ക് പകരം വയ്ക്കാൻ ഭരത കുമാരൻ്റേതല്ലാതെ മറ്റൊന്നും ഉദാഹരിച്ചു കാണിക്കുവാൻ പോലുമാവുമെന്നു തോന്നുന്നില്ല.

വള്ളത്തോൾ രാമായണതർജ്ജമയിൽ ഇപ്രകാരം ലക്ഷ്മണ വാക്കുകളോതുന്നു.

” ദേവലോകം കയറലും
വേണ്ടെനിയ്ക്കമരത്വവും
ലോകൈശ്വര്യവുമിച്ഛിയ്ക്കു-
ന്നീല നിന്നെ പിരിഞ്ഞു ഞാൻ.”

ഇതിലപ്പുറം ലക്ഷ്മണനെ നിർവ്വചിക്കാനാർക്കു സാധിക്കും.

ആധുനിക സമൂഹത്തിലെ ഭ്രാതൃസഹോദരർ സ്വത്തിനും മറ്റുമായി കലഹിക്കുമ്പോൾ ഇടക്കെങ്കിലും ഇത്തരം സഹോദരസ്നേഹങ്ങൾ കൂടി നോക്കി മനസ്സിലാക്കേണ്ടതുണ്ടെന്നു തന്നെയാണെൻ്റെ അഭിപ്രായം.

എന്തായാലും ലോകനന്മയ്ക്കു വേണ്ടി ഈ രാമായണ മാസത്തിൽ സമൂഹത്തോടൊപ്പം നമുക്കും പ്രാർത്ഥിയ്ക്കാം.

ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

തുടരും…

1+

Leave a Reply

Your email address will not be published. Required fields are marked *