കർക്കടകം പതിനാറ് – ത്യാഗമെന്നതേ നേട്ടം


വേണു വീട്ടീക്കുന്ന്
31.07.2024

” ത്യാഗമെന്നതേ നേട്ടം
താഴ്മ താനഭ്യുന്നതി”

ഗാന്ധിജിയെ കുറിച്ച് വള്ളത്തോൾ എഴുതിയ എൻ്റെ ഗുരുനാഥൻ എന്ന കവിതയിലെ പ്രശസ്തമായതും പ്രസക്തമായതുമായ രണ്ടു വരികളാണ് മേലുദ്ധരിച്ചിരിക്കുന്നത്.

ത്യാഗ കഥകൾ ധാരാളമാണ് രാമായണത്തിൽ.

താതാജ്ഞ നിറവേറ്റാനായി രാമചന്ദ്ര പ്രഭു രാജ്യം ത്യജിക്കുന്നു. ഭർതൃ പരിപാലനമെന്ന പതിവ്രതാധർമ്മ പൂർത്തീകരണത്തിനായി സീതാദേവി കൊട്ടാരജീവിതത്തിലെ സുഖലോലുപത ത്യജിക്കുന്നു.ലക്ഷ്മണനും ഭരതനും ജ്യേഷ്ഠസഹോരൻ്റെ ആജ്ഞാനുവർത്തികളായി കഴിയാൻ വേണ്ടി രാജകീയ ജീവിതം ത്യജിക്കുന്നു. എവിടെ നോക്കിയാലും ഇത്തരം ത്യാഗ കഥകളിലൂടെ പ്രശസ്തിയാർജ്ജിച്ച രാമായണ കഥാപാത്രങ്ങളെ കാണാനാവും.

എന്നാൽ പക്ഷി വർഗ്ഗ ശ്രേഷ്ഠനും കഴുക കുലജാതനുമായ ജടായു എന്ന അതിശക്തനായ ഒരു കഥാപാത്രം രാമായണത്തിൽ കേവലം രണ്ടോ മൂന്നോ ഭാഗങ്ങളിൽ മിന്നിമറയുന്നുണ്ട്. വളരെ കുറച്ചു നേരം മാത്രമേ കഥാസന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും വായിക്കുന്നവരുടേയും കേൾക്കുന്നവരുടേയും മനസ്സിൽ മായാത്ത ഒരു രൂപം പതിപ്പിച്ചു കൊണ്ടാണ് ജടായു തിരോധാനം ചെയ്യുന്നത്.

സൂര്യ തേരാളിയായ അരുണൻ്റെ പുത്രനായാണ് ജടായു അറിയപ്പെടുന്നത്. ദശരഥ മഹാരാജാവിൻ്റെ ഉറ്റ സുഹൃത്തായിരുന്നു എന്ന് പറയപ്പെടുന്നു. ജടായുവിനെയും ജ്യേഷ്ഠനായ ‘സമ്പാതിയേയും ചേർത്തുള്ള മത്സര കഥകളൊക്കെ ഉപകഥകളായി വരുന്നുണ്ടെങ്കിലും സീതാപഹരണ രംഗത്താണ് ജടായു ഏറ്റവും കൂടുതൽ ശക്തമായ ഒരു കഥാപാത്രമായി രാമായണ കഥയിൽ രംഗ പ്രവേശം ചെയ്യുന്നത്.

പുഷ്പകവിമാനത്തിൽ സീതാദേവിയേയും കൊണ്ട് രാവണൻ ലങ്കയിലേക്ക് പറക്കുമ്പോൾ, സീതാദേവിയുടെ അത്യുച്ചത്തിലുള്ള കരച്ചിൽ കേട്ട് സഹായത്തിനു പറന്നെത്തുന്നത് ജടായു എന്ന പക്ഷി ശ്രേഷ്ഠനാണ്.

എതിർത്തു ജയിക്കാനാവില്ലെന്നും, രാവണനോടെതിർത്താൽ മരണം ഉറപ്പാണെന്നും ജടായുവിന്നറിയാമായിരുന്നു.എന്നാൽ തൻ്റെ ജീവനേക്കാൾ തൻ്റെ സുഹൃത്തായ ദശരഥൻ്റെ പുത്ര ഭാര്യയെ സംരക്ഷിക്കേണ്ടത് തൻ്റെ ധർമ്മമാണെന്നു മനസ്സിലാക്കി ഔചിത്യപൂർവ്വം രാവണനു മാർഗ്ഗ വിഘ്നം വരുത്തി സദുപദേശം നല്കാൻ ശ്രമിയ്ക്കുന്ന ജടായുവിനേയാണു നാം ആദ്യം കാണുന്നത്. രാവണൻ വഴങ്ങുന്നില്ലെന്നതു കാണുമ്പോൾ സ്വജീവൻ തൃണവൽഗണിച്ചു കൊണ്ട് രാവണനോടു യുദ്ധത്തിനൊരുങ്ങുന്നു. ചന്ദ്രഹാസമടക്കമുള്ള പല തരം ദിവ്യായുധങ്ങളും പത്തുതലകളും അതിനനുസരിച്ചുള്ള വരബലങ്ങളുമെല്ലാം കൈമുതലായുള്ള രാവണനെ യുദ്ധത്തിൽ പരാജയപ്പെടുത്തൻ തനിക്കാവില്ലെന്ന് നന്നായറിഞ്ഞിട്ടും ജടായു പിന്മാറുന്നില്ല. അങ്ങിനെ രാവണൻ്റെ ചന്ദ്രഹാസത്താൽ ചിറകുകളും കാലുകളും അരിഞ്ഞു വീഴ്ത്തപ്പെട്ട നിലയിൽ കാട്ടിൽ വീണു കിടന്നു.എന്നിട്ടും വേദന സഹിച്ചു കൊണ്ട് രാമലക്ഷ്മണന്മാർ സീതാന്വേഷണത്തിനെത്തുന്നതു വരെ ജീവൻ നിലനിർത്തുവാൻ ആ പക്ഷി ശ്രേഷ്ഠൻ തയ്യാറാവുന്നു. ശ്രീരാമചന്ദ്രനോട് രാവണൻ സീതയെ കൊണ്ടുപോയ ദിശയും സ്ഥലവും പറഞ്ഞു കൊടുത്ത ശേഷമാണ് ജടായു ജീവത്യാഗം ചെയ്യുന്നത്. ഇത്രയും കൊണ്ടു തന്നെ സഹൃദയരുടെ മനസ്സിൽ വ്യക്തമായൊരു ചിത്രം ആലേഖനം ചെയ്യപ്പെടാൻ ജടായുവിൻ്റെ ത്യാഗോജ്ജ്വലമായ പ്രവൃത്തികൾക്കു സാധിക്കുന്നു എന്നതു തന്നെയാണ് ജടായു ചിരസ്മരണീയനാകുവാനുള്ള കാരണവും.

കൊല്ലത്തിനടുത്ത് ചടയമംഗലം എന്ന സ്ഥലത്ത് ജടായു വീരമൃത്യു വരിച്ച സ്ഥലമെന്ന നിലയിൽ ഒരു കുന്നിൻ മുകളിലായി ജടായുവിൻ്റെ ഒരു ഭീമാകാരമായ ശില്പം തയ്യാറാക്കപ്പെട്ടിരിക്കുന്നു. അതിനടുത്തായി ശ്രീരാമചന്ദ്ര പ്രതിഷ്ഠയുള്ള ഒരു അമ്പലവും നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്. ജടായുപ്പാറ എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.

“ജടായു മംഗളം’ ആണ് പിന്നീട് “ചടയമംഗലം ” ആയിത്തീർന്നതെന്നും പറയപ്പെടുന്നുണ്ട്. ഇന്നും നിലനിക്കുന്ന ഇത്തരം ജീവത് സ്മാരകങ്ങൾ തന്നെയാണ് രാമായണത്തിൻ്റെ ഐതിഹാസികപരമായ ചരിത്ര സ്മരണകൾ, തലമുറകൾ മാറുമ്പോഴും വിശ്വാസത്തിന്നാധാരഭൂതമാവുന്നത്.

ഇതെല്ലാം രാമായണത്തിലെ ജടായുവിന്നുള്ള സ്ഥാനം വെളിവാക്കുന്നു. പക്ഷി കുലത്തിലായിട്ടു പോലും ശ്രീരാമചന്ദ്രൻ്റെ സീതാന്വേഷണത്തിനു സഹായമായിത്തീരാൻ ജടായു ആഗ്രഹിച്ചെങ്കിൽ ശ്രീരാമചന്ദ്ര മാഹാത്മ്യം എത്രയെന്നു പറഞ്ഞറിയിക്കാനാവുമോ?

അദ്ധ്യാത്മാ രാമായണത്തിലെ ആരണ്യകാണ്ഡത്തിലെ ജടായു സ്തുതി വളരെ പ്രസിദ്ധമാണ്.ഒന്നു ശ്രദ്ധിച്ചു നോക്കൂ അതെത്ര മനോഹരമാണെന്ന്.

ജടായു സ്തുതി.

“അഗണ്യഗുണമാദ്യമവ്യയമപ്രമേയ-
മഖിലജഗൽസൃഷ്‌ടിസ്ഥിതിസംഹാരമൂലം
പരമം പരാപരമാനന്ദം പരാത്മാനം
വരദമഹം പ്രണതോസ്‌മി സന്തതം രാമം.

മഹിതകടാക്ഷവിക്ഷപിതാമരശൂചം
രഹിതാവധിസുഖമിന്ദിരാമനോഹരം
ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര-
കോമളകരാംബുജം പ്രണതോസ്മ്യഹം രാമം.

ഭൂവനകമനീയരൂപമീഡിതം ശത-
രവിഭാസുരമഭീഷ്‌ടപ്രദം ശരണദം
സുരപാദപമൂലരചിതനിലയനം
സുരസഞ്ചയസേവ്യം പ്രണതോസ്മ്യഹം രാമം.

ഭവകാനനദവദഹനനാമധേയം
ഭവപങ്കജഭവമുഖദൈവതം ദേവം
ദനുജപതികോടി സഹസ്രവിനാശനം
മനുജാകാരം ഹരിം പ്രണതോസ്മ്യഹം രാമം.

ഭവഭാവനാദൂരം ഭഗവത്സ്വരൂപിണം
ഭവഭീവിരഹിതം മുനിസേവിതം പരം
ഭവസാഗരതരണാംഘ്രിപോതകം നിത്യം
ഭവനാശായാനിശം പ്രണതോസ്മ്യഹം രാമം.

ഗിരിശ ഗിരിസുതാഹൃദയാംബുജവാസം
ഗിരിനായകധരം ഗിരിപക്ഷാരിസേവ്യം
സുരസഞ്ചയദനുജേന്ദ്രസേവിതപാദം
സുരപമണിനിഭം പ്രണതോസ്മ്യഹം രാമം.

പരദാരാർത്ഥപരിവർജ്ജിതമനീഷിണാം
പരപൂരുഷഗുണഭൂതി സന്തുഷ്‌ടാത്മനാം
പരലോകൈകഹിതനിരതാത്മനാം സേവ്യം
പരമാനന്ദമയം പ്രണതോസ്മ്യഹം രാമം.

സ്മിതസുന്ദരവികസിതവക്ത്രാംഭോരുഹം
സ്മൃതിഗോചരമസിതാംബുദകളേബരം
സിതപങ്കജചാരുനയനം രഘുവരം
ക്ഷിതിനന്ദിനീവരം പ്രണതോസ്മ്യഹം രാമം.

ജലപാത്രൗഘസ്ഥിതരവിമണ്ഡലംപോലെ
സകലചരാചരജന്തുക്കളുളളിൽ വാഴും
പരിപൂർണ്ണാത്മാനമദ്വയമവ്യയമേകും
പരമം പരാപരം പ്രണതോസ്മ്യഹം രാമം.

വിധിമാധവ ശംഭുരൂപഭേദേന ഗുണ-
ത്രിതയവിരാജിതം കേവലം വിരാജന്തം
ത്രിദശമുനിജനസ്തുതമവ്യക്തമജം
ക്ഷിതിജാമനോഹരം പ്രണതോസ്മ്യഹം രാമം.

മന്മഥശതകോടി സുന്ദരകളേബരം
ജന്മനാശാദിഹീനം ചിന്മയം ജഗന്മയം
നിർമ്മലം ധർമ്മകർമ്മാധാരമപ്യനാധാരം
നിർമ്മമമാത്മാരാമം പ്രണതോസ്മ്യഹം രാമം.”

ഇസ്തുതി കേട്ടു രാമചന്ദ്രനും പ്രസന്നനായ്‌
പത്രീന്ദ്രൻതന്നോടരുളിച്ചെയ്തു മധുരമായ്‌ഃ
“അസ്തു തേ ഭദ്രം, ഗച്ഛ പദം മേ വിഷ്ണോഃ പരം
ഇസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാൽ

ഭക്തനായുളളവനു വന്നീടും മത്സാരൂപ്യം
പക്ഷീന്ദ്ര! നിന്നെപ്പോലെ മൽപരായണനായാൽ.”
ഇങ്ങനെ രാമവാക്യം കേട്ടൊരു പക്ഷിശ്രേഷ്‌ഠ-
നങ്ങനെതന്നെ വിഷ്ണുസാരൂപ്യം പ്രാപിച്ചുപോയ്‌

ബ്രഹ്‌മപൂജിതമായ പദവും പ്രാപിച്ചുതേ
നിർമ്മലരാമനാമം ചൊല്ലുന്ന ജനംപോലെ “

അതു കൊണ്ടു തന്നെയാവാം രാഷ്ട്രപിതാവായ ഗാന്ധിജി പോലും തൻ്റെ ഗാന്ധിജീവനത്തിൻ്റെ പ്രാർത്ഥന രാമചന്ദ്രൻ്റെ സ്മരണയിൽ നിലനിർത്തിയത്.രാഷ്ട്രപിതാവിൻ്റെ ഭക്തി മാർഗ്ഗം നമുക്കും പിന്തുടരാം……
അദ്ദേഹത്തിൻ്റെ പ്രാർത്ഥനകളിലൂടെ.

“രഘുപതി രാഘവ രാജാറാം
പതിത പാവന സീതാറാം
ഈശ്വര്‍ അള്ളാ തേരേ നാം
സബ്കോ സന്മതി ദേ ഭഗവാന്‍
രാമ രാമ ജയ രാജാറാം
രാമ രാമ ജയ സീതാറാം “

തുടരും…

3+

Leave a Reply

Your email address will not be published. Required fields are marked *