വേണു വീട്ടീക്കുന്ന്
30.07.2024
പുരാണങ്ങളിലെ പഞ്ചകന്യകകളിൽ ഒരാളായി സ്ഥാനം പിടിച്ച, അതിവിശിഷ്ടയായ ഒരു കഥാപാത്രമാണ് അഹല്യ.
ദ്രൗപതി, സീത, താര, മണ്ഡോദരി ഇവരാണ് പഞ്ചകന്യകൾ എന്ന് ശ്ലാഘിയ്ക്കപ്പെട്ട മറ്റു കന്യാ രത്നങ്ങൾ.
ഇവരെല്ലാം വിവാഹിതരായിരുന്നു. മക്കളുമുണ്ടായിരുന്നു.എന്നാൽ ഇവർക്കു കിട്ടിയ വരപ്രസാദത്താൽ ഇവരെല്ലാം നിത്യകന്യകമാരായിത്തന്നെ നിലനില്ക്കുന്നു.
അഹല്യ അതീവ സുന്ദരിയായിരുന്നു.ഗൗതമ പത്നിയായ ശേഷം ഗംഗാനദീതീരത്തുള്ള ഗൗതമാശ്രമത്തിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.
ദേവലോകത്ത് ചക്രവർത്തിയാണ് ദേവേന്ദ്രൻ.ഗന്ധർവ്വ, അപ്സരസുന്ദരികളെല്ലാം ദേവേന്ദ്രൻ്റെ അധീനതയിലാണ്. കൂടാതെ അതിസുന്ദരിയായ ഇന്ദ്രാണി ഇന്ദ്ര വധുവുമാണ്.
അങ്ങിനെയൊക്കെയാണെങ്കിലും ഒരിയ്ക്കൽ അഹല്യയെ കാണാനിടയായ ദേവേന്ദ്രന് അഹല്യയിൽ മോഹം ഉദിക്കുകയും അവസരവും സമയവുമുണ്ടാക്കി ഗൗതമാശ്രമത്തിൽ വന്ന് അഹല്യയുമായി രമിക്കുകയും ചെയ്യുന്നു. ദേവേന്ദ്രൻ്റെ കപടത മനസ്സിലാക്കിയ ഗൗതമ മുനി ഇരുവരേയും ശപിക്കുന്നു. സഹസ്രഭഗൻ ആവട്ടെയെന്ന ശാപം കിട്ടിയ ദേവേന്ദ്രൻ’ സഹസ്രാക്ഷനാവാൻ ശാപമോക്ഷം വാങ്ങുന്നു.അഹല്യക്ക് ത്രേതായുഗത്തിൽ രാമപാദസ്പർശത്താൽ ശാപമോക്ഷം ലഭിക്കുമെന്നും മുനി അനുഗ്രഹിക്കുന്നു.
ഇവിടെ കാണുന്ന ഒരു പ്രത്യേകത പാതിവ്രത്യനിഷ്ഠ തെറ്റിച്ച അഹല്യയെപ്പോലെ തന്നെ ദേവേന്ദ്രനും തെറ്റുകാരൻ തന്നെയാണെന്ന സത്യം ഗൗതമ മുനി പക്ഷഭേദമില്ലാതെ ഇരുവരേയും ഒരു പോലെ ശപിക്കുന്നു എന്നതു തന്നെയാണ്.
ഇന്ന് ഇത്തരമൊരു സംഭവത്തെ നീതിന്യായങ്ങൾ ഇഴകീറി പരിശോധിച്ച് ശിക്ഷ നടപ്പാക്കാൻ വർഷങ്ങളെടുക്കും. മാത്രവുമല്ല നല്ല രീതിയിൽ തെളിവുകളുണ്ടാക്കി തെറ്റുകാരനെ സത്യവാദിയാക്കാനും ശിക്ഷയിൽ നിന്ന് ഒഴിവാക്കി രക്ഷിച്ചു കൊണ്ടു പോരാനും സാധിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.
ദേവ ചക്രവർത്തിയായിട്ടു പോലും തൻ്റെ കാമനകളെ ഒതുക്കി നിർത്താനാവാത്ത ദേവേന്ദ്രൻ തന്നെയല്ലേ ഇവിടെ നിഷ്കൃഷ്ടൻ?
ഒരു മുനി പത്നിയിൽ അനുരക്തനാവുന്ന ദേവേന്ദ്രൻ്റെ അപ്പോഴത്തെ മാനസികാവസ്ഥ എന്തായിരുന്നിരിക്കാം. വരുംവരായ്കകളെക്കുറിച്ചു വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാൻ സാധ്യതകളേറെയാണ്. എന്നിട്ടും ഒരു സ്ത്രീ സൗന്ദര്യത്തിൽ മുഴുകി ശാപം വരുത്തി കൂട്ടുക തന്നെയാണ് ദേവേന്ദ്രൻ ചെയ്യുന്നത്.
ലൗകീക കാമനകളിൽ നിന്ന് ദേവന്മാർക്കു പോലും മോചനമില്ലെന്നതിൻ്റെ സൂചനയാണ് അഹല്യയുടെ കഥ പറഞ്ഞു തരുന്നത്.
അപ്പോൾ പിന്നെ ഒരു സാധാരണ മനുഷ്യൻ്റെ അവസ്ഥയെന്തായിരിക്കും?
ആനുകാലിക വാർത്തകളിൽ പ്രധാനമായും സ്ഥാനം പിടിക്കുന്നവ ഇത്തരം വ്യഭിചാര സംബന്ധിയോ അതല്ലെങ്കിൽ മയക്കുമരുന്നിനടിമപ്പെട്ടു നടത്തപ്പെടുന്ന പീഢന വാർത്തകളോ ആണ്.ദിനംപ്രതി അത്തരം ഹീനമായ സംഗതികൾ ആവർത്തിക്കപ്പെടുന്നത് ശിക്ഷയുടെ കാലദൈർഘ്യവും കാഠിന്യക്കുറവും തന്നെയാണെന്നാണ് എൻ്റെ വിനീതമായ അഭിപ്രായം.
വ്യഭിചാര കുറ്റങ്ങൾക്കൊക്കെ അറബ് രാജ്യങ്ങളിലെ പോലെയുള്ള, കഠിനതരങ്ങളായ ശിക്ഷാരീതികൾ ഇവിടേയും നടപ്പാക്കപ്പെടണമെന്നതു തന്നെ ഞാൻ ആഗ്രഹിക്കുന്നു.
ഒരു മുനിയുടെ തപ:ശക്തി ഇന്ദ്രപദവിയേക്കാൾ മേലെയാണെന്നും ഈ സന്ദർഭത്തിൽ നമുക്കു കാണുവാനാകും. ഗൗതമ രൂപം പൂണ്ടു നില്ക്കുന്ന ദേവേന്ദ്രനോടുള്ള പ്രതികരണം
എഴുത്തച്ഛൻ്റെ വരികളിലൂടെ ഒന്നു നോക്കി കാണാം.
“തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവൻ തന്നെ
കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും
‘നില്ലു നില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ
ചൊല്ലു ചെല്ലെന്നോടു നീയെല്ലാമേ പരമാർത്ഥം
വല്ലാതെ മമ രൂപം കൈക്കൊൾവാനെന്തു മൂലം
നിർലജ്ജനായ ഭവാനേതൊരു മഹാപാപി?
സത്യമെന്നോടു ചെല്ലീടറിഞ്ഞേനല്ലോ തവ
വൃത്താന്തം പറയായ്കിൽ ഭസ്മമാക്കുവനിപ്പോൾ ‘
ചൊല്ലിനാനതു നേരം താപസേന്ദ്രനെ നോക്കി;
“സ്വർല്ലോകാധിപനായ കാമകിങ്കരനഹം
വല്ലായ്മയെല്ലാമകപെട്ടിതുമൂഢത്വം കൊ-
ണ്ടെല്ലാം നിന്തിരുവടി പൊറുത്തുകൊള്ളേണമേ ”
ഇവിടെ തെറ്റുകാരൻ ദേവേന്ദ്രനാണെങ്കിൽ പോലും ഒരു മനുഷ്യനോട് മാപ്പപേക്ഷിക്കത്തക്ക രീതിയിൽ താണുപോകുന്നതു പോലും കാണാൻ സാധിക്കുന്നു.
നീതിന്യായങ്ങൾക്കും, ശിക്ഷകൾക്കുമൊക്കെ അത്തരമൊരു ശക്തിയും പരിവേഷവും വന്നു ചേരുവാനും വലുപ്പച്ചെറുപ്പമില്ലാതെ സർവ്വർക്കും നീതി ലഭിക്കാനുമൊക്കെ ഭാഗ്യം ലഭിക്കുന്ന ഒരു കാലം നമുക്കും വന്നു ചേരുന്നതിനു വേണ്ടി നമുക്കും ഒരുമിച്ചു പരിശ്രമിക്കാം, അതിനായി ഒരുമിച്ചു പ്രാർത്ഥിക്കാം.
” സ്വസ്തി പ്രജാഭ്യാ പരിപാലയന്താം
ന്യായേണ മാർഗ്ഗേണ മഹിം മഹേശാ
ഗോ ബ്രാഹ്മണേഭ്യാ ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു.
ഓം ശാന്തി ശാന്തി ശാന്തി:
തുടരും…