വേണു വീട്ടീക്കുന്ന്
29.07 2024.
രാമാഭിഷേക വാർത്തയറിഞ്ഞ് അയോധ്യാ നിവാസികളെല്ലാം ഉത്സാഹഭരിതരായി. കൊട്ടാരത്തിനുള്ളിലും യാതൊരു അസ്വാരസ്യവുമുണ്ടായിരുന്നില്ല. അപ്പോഴാണ് കൈകേയിയുടെ ദാസിയായ മന്ഥര വിവരമറിയുന്നത്. മന്ഥരയ്ക്ക് കൈകേയിയുടെ സുഖ സൗകര്യങ്ങൾ നോക്കുന്നതിൽ കവിഞ്ഞ് മറ്റൊരു ചിന്തയുമുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ രാമാഭിഷേക വാർത്ത മാനസികമായി ഉൾക്കൊള്ളാനാവാത്ത ഏക അയോധ്യാ നിവാസിയും മന്ഥരയായിരുന്നു എന്നു വേണം അനുമാനിയ്ക്കാൻ . അതിനുള്ള കാരണം ഒരു പക്ഷേ മന്ഥരയ്ക്ക് അയോധ്യയിലെത്തിയിട്ട് കാലമേറെ കഴിഞ്ഞിട്ടും മാനസികമായി കേകയ ദാസിയെന്ന നിലയിൽ നിന്നു മാറി അയോധ്യാനിവാസിയായി മാറാൻ കഴിയാത്തതു തന്നെ ആയിരിയ്ക്കാം.
മന്ഥര അയോധ്യാധിപതിയായ ദശരഥൻ്റെ തീരുമാനത്തിന് മാറ്റം വരുത്തുന്നതിന് ചിന്തിച്ചു കണ്ടെത്തുന്നതാണ് കൈകേയിയ്ക്ക് ദേവാസുര യുദ്ധകാലത്ത് ദശരഥൻ വാഗ്ദാനം ചെയ്തിരുന്ന രണ്ടു വരങ്ങൾ.
ഈ കാര്യം മന്ഥര ഓർമ്മിപ്പിയ്ക്കുമ്പോഴും കൈകേയി പറയുന്നത്, രാമന് അവൻ്റെ അമ്മയായ കൗസല്യയോടുള്ളതിനേക്കാൾ സ്നേഹമെന്നോടാണെന്നും, കൈകേയിയമ്മയുടെ ക്ഷേമമന്വേഷിയ്ക്കാതെ കൗസല്യയെ പോലും കാണാൻ പോകാറില്ലെന്നും, അതു കൊണ്ടു തന്നെ രാമകുമാരൻ രാജാവാകുന്നതിൽ തനിയ്ക്ക് യാതൊരു വിധ എതിർപ്പുകളുമില്ലെന്നുമൊക്കെ മന്ഥരയ്ക്കു മറുപടി കൊടുക്കുന്നു.
കൈകേയിയുടെ മറുപടി എഴുത്തച്ഛൻ്റെ വരികളിലൂടെ –
” എന്നുടെ രാമകുമാരനോളം പ്രിയ –
മെന്നുള്ളിലാരെയുമില്ല മറ്റോർക്ക നീ
അത്രയുമല്ല ഭരതനേക്കാൾ മമ
പുത്രനാം രാമനെ സ്നേഹമെനിയ്ക്കേറും
രാമനും കൗസല്യാദേവിയെക്കാളെന്നെ
പ്രേമമേറും നൂനമില്ലൊരു സംശയം
ഭക്തിയും വിശ്വാസവും ബഹുമാനവും
ഇത്ര മറ്റാരെയുമില്ലെന്നറിക നീ.
നല്ല വസ്തുക്കൾ എനിയ്ക്കു തന്നേ മറ്റു
വല്ലവർക്കും കൊടുപ്പൂ മമ നന്ദനൻ.
ഇടമില്ലാതൊരു വാക്കു പറകയി-
ല്ലൊട്ടുമേ ഭേദമവനില്ലൊരിയ്ക്കലും.
അശ്രാന്തമെന്നെയത്രേ മടികൂടാതെ
ശുശ്രൂഷ ചെയ്തു ഞായം പ്രീതി പൂർവകം
മൂഢേ നിനക്കെന്തു രാമങ്കൽ നിന്നൊരു
പേടിയുണ്ടാവാനവകാശമായതും
സർവജനപ്രിയനല്ലോ മമാത്മജൻ
നിർവൈര മാനസൻ ശാന്തൻ ദയാപരൻ “
ഇത്തരം വരികളിലൂടെ എഴുത്തച്ഛൻ ചിത്രീകരിയ്ക്കുന്ന കേകയ പുത്രിയുടെ നിസ്വാർത്ഥപരമായ ഒരു സ്വഭാവ നൈർമല്യത സ്ഫടിക സമാനമായ തെളിനീരിനേക്കാൾ തെളിഞ്ഞതാണ്.
പാരായണത്തിനിടയിൽ നയനാർദ്രമായും ഗദ്ഗദ കണ്ഠനായുമല്ലാതെ ഈ ഭാഗം എനിയ്ക്കു പൂർത്തീകരിയ്ക്കാനാവാറില്ല.
അവിടേയ്ക്കാണ് ത്രിവക്രയായ മന്ഥരയുടെ പാഷാണ സദൃശമായ വാക്കുകൾ കടന്നു വരുന്നതും കൈകേയിയുടെ സത് ബുദ്ധിയെ ദുർബുദ്ധിയാക്കുന്നതും.
ആനുകാലിക ദൂരദർശന പരമ്പരകൾ സായംസന്ധ്യയ്ക്ക് ഏഴു മണി മുതൽ ഏതാണ്ട് പത്ത് മണി വരെ,മലയാള ചാനലുകളിലായാലും ഹിന്ദിയിലായാലുമൊക്കെ നിത്യവുമെന്നോണം നമ്മുടെയെല്ലാം ഭവനങ്ങളിൽ നിറസദസ്സുകളായി നിറഞ്ഞാടുന്ന, മന്ഥരോപദേശസമാന മായ ആശയ വിനിമയം നടത്തപ്പെടുന്ന തുടർനാടകങ്ങൾ തന്നെയാവാം ഹൈന്ദവീയതയുടെ ഒരു ദുര്യോഗത്തിന് കാരണമായിത്തീരുന്നതന്നെനിയ്ക്കു തോന്നുന്നു. ഇതര മതസ്ഥർ നിർബന്ധ പൂർവ്വം പ്രാർത്ഥനകൾ സമയ നിഷ്ഠയോടെ തങ്ങളുടെ സമൂഹത്തിൽ അടിച്ചേല്പിയ്ക്കുന്നത് അതേപടി അംഗീകരിയ്ക്കാനും പിന്തുടരാനും അവർക്കു സാധിയ്ക്കുന്നു. ആർക്കും അതിനോടൊരു അപ്രിയമോഎതിർപ്പോ ഇല്ല.എന്നാൽ നാമെന്തേ ഇങ്ങനെയായി പോയി?
ഉറക്കെ ചിന്തിയ്ക്കാനുള്ള സമയം വൈകിപ്പോയി.
ജാതി മത വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ ഒത്തൊരുമിച്ചു വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രം മുഴുകേണ്ടതായ കോളേജ് ക്യാമ്പസുകളിലും, അതിനു സമാനമായ മറ്റു പൊതുസ്ഥലങ്ങളിൽ പോലും നമസ്കാര സൗകര്യങ്ങൾ വരെ പ്രത്യേകമായി വേണമെന്നതു മുറവിളി കൂട്ടാൻ സമൂഹത്തിലെ ഒരു വിഭാഗം കരുത്താർജ്ജിയ്ക്കുമ്പോൾ ഇനിയും മന്ഥരാ സമാനമായ ദുർവൃത്താന്തങ്ങൾക്കടിമപ്പെട്ട് നാം സ്വയം നശിച്ചു കൊണ്ടിരിയ്ക്കണോ?
വൈകുന്നേരങ്ങളിലെ ഏറ്റവും നല്ല സമയമായ ഈ രണ്ടു മൂന്നു മണിക്കൂറുകൾ ത്രിവക്രാസദൃശമായ ദൂരദർശനത്തിൽ നിന്നകറ്റി നിർത്താനും അല്പം നല്ല ചിന്തകൾ ഉൾക്കൊള്ളുവാനും നാം തയ്യാറായാൽ ശൂർപ്പണഖ മാർക്കും രാവണന്മാർക്കുമൊന്നും നമ്മുടെ ജീവിതത്തിലേയ്ക്കു കടന്നു കയറാൻ സാധിയ്ക്കുകയില്ല.
അങ്ങനെ സത് ബുദ്ധി നിലനിർത്തിക്കൊണ്ട് നല്ലൊരു ഭാവിയിലേയ്ക്ക് നാമേവരേയും നയിയ്ക്കണമെന്ന് നമുക്കൊരുമിച്ചു തന്നെ പ്രാർത്ഥിയ്ക്കാം.
” നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമ: ”
തുടരും….