കർക്കടകം പതിമൂന്ന് – ബലയും അതിബലയും


വേണു വീട്ടീക്കുന്
28.07.2024

അമൃതകരതലാഗ്രൗ സര്‍വ്വ സംജീവാനാഢ്യാ-
വഘഹരണ സദക്ഷൗ വേദസാരേ മയൂഖേ
പ്രണവമയ വികാരൗ ഭാസ്‌കാര ദേഹൗ
സതത മനുഭവേ ള ഹം തൗ ബലാതീബലാന്തൗ

(കരതലത്തില്‍ അമൃതത്തെ ധരിക്കുന്നവനും സര്‍വ്വവിധ സംജീവനശക്തിക്കും ഇരിപ്പിടമായവനും പാപങ്ങളെ നശിപ്പിക്കുന്നതില്‍ സമര്‍ത്ഥന്മാരും വേദസ്വരൂപികളും മയൂഖാവലികളോടു കൂടിവരുമായ ആ ബലാതിബലകളാകുന്ന വിദ്യകളുടെ ദേവന്മാരെ ഞാന്‍ സദാ അനുഭവിക്കുന്നു)

രാമായണത്തിൽ വിശ്വാമിത്ര മഹർഷി തൻ്റെ യാഗരക്ഷയ്ക്കു വേണ്ടി രാമലക്ഷ്മണന്മാരെ തനിക്കൊപ്പം അയച്ചുതരുവാൻ അഭ്യർത്ഥിച്ചു കൊണ്ട് ദശരഥ രാജധാനിയിലെത്തുന്നുണ്ട്. പുത്രരെ പിരിയുന്നതിൽ രാജാവിന് മടിയും, വിശ്വാമിത്ര ശാപത്തെ പേടിയുമുള്ളതുകൊണ്ട് കുലഗുരുവായ വസിഷ്ഠ മഹർഷിയുടെ അഭിപ്രായം ചോദിക്കുകയും ചെയ്യുന്നു. ശ്രീരാമതത്വവും അവതാരോദ്ദേശവും അറിയാമായിരുന്ന ത്രികാലജ്ഞാനിയായ വസിഷ്ഠ മഹർഷി രാമാവതാരത്തിൻ്റെ ലക്ഷ്യമെന്തെന്ന് മഹാരാജാവിനോടു പറഞ്ഞതിനു ശേഷമാണ് മഹാരാജാവ് പുത്രരെ വിശ്വാമിത്രനോടു കൂടി അയക്കുന്നത്.

രാമലക്ഷ്മണന്മാർക്ക് ഭൗതീകമായ ചുറ്റുപാടുകളിൽ നിന്ന് രക്ഷനേടുന്നതിനായി (വിശപ്പ്, ദാഹം,ക്ഷീണം തുടങ്ങിയ) വിശ്വാമിത്രൻ അവർ നല്കുന്ന മന്ത്രോപദേശങ്ങളാണ് ബലയും അതിബലയും.

വാത്മീകി രാമായണത്തിലോ മറ്റുള്ള രാമായണങ്ങളിൽ ഏതെങ്കിലും ഒന്നിലോ ഈ മന്ത്രങ്ങളെ കുറിച്ചുള്ള സൂചനകൾ നല്കുന്നതിലപ്പുറം, മന്ത്രങ്ങൾ വെളിവാക്കുന്നില്ല. കാരണം വേദേതിഹാസങ്ങളെല്ലാം ഇങ്ങനെയൊക്കെയുണ്ട്, ഇതു പോലെയൊക്കെയുള്ള ജീവിതങ്ങൾ ഇവിടെയുണ്ടായിരുന്നു എന്നുള്ളതിനുള്ള ചൂണ്ടുപലകകളാണ്, സൂചനകളാണ്. നമുക്ക് താല്പര്യമുള്ളതൊക്കെയും തേടി പോകാം സ്വായത്തമാക്കാം, ജീവിതത്തിൽ അനുഭവിക്കാം കൂടെ കൂട്ടാം.

സാമവേദത്തിലെ ‘സവിത്യോപനിഷത്തി’ലാണ് ബല അതിബല എന്നീ മന്ത്രങ്ങൾ അടങ്ങിയിട്ടുള്ളത്. അവയുടെ ധ്യാനശ്ലോകമാണ് ഉദ്ധരണിയായി ചേർത്തിട്ടുള്ളത്. മന്ത്രങ്ങളും ഫലശ്രുതിയും ശേഷം പിന്തുടർന്നു വരുന്നു.

ഈ മന്ത്രങ്ങൾ വിശ്വാമിത്ര മഹർഷിയിൽ നിന്നു സ്വീകരിക്കുന്നതോടെയാണ് രാമലക്ഷ്മണന്മാർ അദ്ദേഹത്തിൻ്റെ ശിഷ്യന്മാരാവുന്നത്.രാമലക്ഷ്മണന്മാരുടെ വിശപ്പ്, ദാഹം, ക്ഷീണം എന്നിവയൊക്കെത്തന്നെ മന്ത്ര സ്വീകരണത്തിലൂടെ ഇല്ലാതാവുന്നു – സൗന്ദര്യം, ബുദ്ധി, യശസ്സ്, കരുത്ത് എന്നിവയൊക്കെ, മന്ത്ര സ്വീകരണത്തോടൊപ്പം ദ്വിഗുണീകരിക്കുമെന്നും സാമവേദം പറയുന്നുണ്ടത്രേ. തപസ്സുകൊണ്ടു മാത്രം നേടാനാവുന്നവയാണ് ഈ മന്ത്രങ്ങൾ. എന്നാൽ വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക് ഇവ നേരിട്ടുപദേശിക്കുകയാണു ചെയ്യുന്നത്.

ഗുരുകുല വിദ്യാഭ്യാസത്തിനു ശേഷം പ്രായോഗിക പരിശീലനത്തിനായി ശിഷ്യരെ ഊരുചുറ്റുവാൻ വിട്ടയക്കുന്ന സംഭവങ്ങൾ പുരാണേതിഹാസങ്ങളിലെ സാധാരണ കാഴ്ചയാണ്. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്യാമ്പസ് സെലക്ഷൻ, ഇൻ്റേൺഷിപ്പ് എന്നിവ പണ്ടും ഉണ്ടായിരുന്നുവെന്നതിൻ്റെ സൂചനയാണ് വിദ്യാഭ്യാസ കാലം കഴിഞ്ഞയുടനെ അയോദ്ധ്യാരാജകുമാരന്മാരെ കൗശിക മുനി കൂട്ടിക്കൊണ്ടുപോവുന്നത്.

വേദകാല ഘട്ടം മുതൽ ജീവിതത്തിലെ പരമപ്രധാനമായ ഘട്ടമായി വിദ്യാഭ്യാസത്തെ കണ്ടിരുന്നു. ഗുരുശിഷ്യന്മാർക്കിടയിലും, ശിഷ്യന്മാർക്കു പരസ്പരവും ആദര ബഹുമാനങ്ങൾ നിലനിന്നിരുന്നു. ഗുരുവിൽ നിന്നു വിദ്യാഭ്യാസത്തിൻ്റെ നാലിലൊന്നു ഭാഗം മാത്രമാണു ലഭിച്ചിരുന്നത്.പിന്നീട് അടുത്ത നാലിലൊന്ന് സഹപാഠികളിൽ നിന്ന് കണ്ടും കേട്ടും മനസ്സിലാക്കുകയും സ്വായത്തമാക്കുകയും വേണമായിരുന്നു. അടുത്ത നാലിലൊന്ന് പ്രകൃതിയിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും പഠിക്കുന്നു. പിന്നീട് ബാക്കിയുള്ള അവസാന നാലിലൊന്ന് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് കാലക്രമേണ വന്നു ചേരേണ്ടതുമാണെന്ന് വേദപഠന സമ്പ്രദായം മനസ്സിലാക്കിത്തരുന്നു.

“ആചാര്യാൽപാദ മാദത്തേ,
പാദം ശിഷ്യ: സ്വമേധയാ
പാദം സ ബ്രഹ്മചാരിഭ്യ:
പാദം കാലക്രമേണ തു”

ഗുരുകുല വിദ്യാഭ്യാസത്തെ പറ്റിയുള്ള വിശദീകരണമാണ് ഇത്.

എന്നാൽ ഇന്നോ?

വേണ്ടതും വേണ്ടാത്തതും താല്പര്യമുള്ളതും ഇല്ലാത്തതുമായി ചെറുപ്പം മുതൽ തലച്ചോറിൽ കുത്തിക്കയറ്റാനുള്ള തത്രപ്പാടുകൾ നമുക്കു ചുറ്റും കാണാം. ഔപചാരിക വിദ്യാഭ്യാസം ഭാവി ജീവിതത്തിനുപകരിക്കപ്പെടുന്നവർ വളരെ കുറവാണ്. കാരണം വിദ്യയഭ്യസിപ്പിക്കുന്ന രീതികൾ തന്നെ. നാടോടുമ്പോൾ നടുവേ ഓടേണ്ടതുകൊണ്ട് ആധുനിക വിദ്യാർത്ഥികൾ എടുത്താൽ പൊങ്ങാത്ത ഭാരം പുറത്തും തലയിലും താങ്ങി പ്രഭാത സന്ധ്യ മുതൽ പ്രദോഷസന്ധ്യവരെ പരക്കം പായുന്നത് ജീവിത ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനായിക്കൊണ്ടു തന്നെയാണ്. സർവ്വവിദ്യകളുടെയും ഉറവിടമായ ഭാരത ഭൂമി വിട്ട് വിദ്യാഭ്യാസത്തിനായി വിദേശങ്ങളിൽ അഭയം തേടുന്നവർ ഇന്നു കുറവല്ല.

പറഞ്ഞു വന്നത് വിശ്വാമിത്രൻ്റെ യാഗരക്ഷക്കായി പോയ രാമലക്ഷ്മണന്മാരുടെ കഥയാണ്. രാജകുമാരന്മാരായിട്ടും വിദ്യാഭ്യാസ കാലത്ത് പല ദുർഘടങ്ങളും അവർക്കനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതുപോലെ തന്നെ ആത്മാർത്ഥ പരിശ്രമമൊന്നു കൊണ്ടു മാത്രമേ നമുക്കും വിദ്യ നേടാനും ജീവിതത്തിൽ പ്രായോഗികമാക്കാനും സാധിക്കൂ എന്ന ബോധ്യത്തോടെ നമുക്കു മുന്നോട്ടു പോകാം. രാമചന്ദ്രൻ്റെ ജീവിത കഥയിലെ സത്ചിന്തകളുൾക്കൊള്ളാൻ ശ്രമിക്കാം. പ്രാർത്ഥിക്കാം.

” രാഘവം കരുണാകരം ഭയനാശനം ദുരിതാപഹം
മാധവം മധുസൂദനം പുരുഷോത്തമം പരമേശ്വരം
പാലകം ഭവതാരകം ജയഭാവുകം രിപു മാരകം
ത്വാം ഭജേ ജഗദീശ്വരം നര രൂപിണം രഘുനന്ദനം.”

തുടരും…

3+

Leave a Reply

Your email address will not be published. Required fields are marked *