കർക്കടകം പന്ത്രണ്ട് – അവിഘ്നമസ്തു: ശ്രീ കൃഷ്ണായ നമ:

വേണു വീട്ടീക്കുന്ന്

27.07.2024

“നകൃതം സുകൃതം കിഞ്ചിത്
ബഹുധാ ദുഷ്കൃതം കൃതം
ന ജാനേ ജാനകീ ജാനേ
യമാഹ്വേന കിമുത്തരം “

കർക്കടകത്തിൽ ക്ഷേത്ര ദർശനം പുണ്യമായി കരുതപ്പെടുന്നു. അവയിലെല്ലാം പുണ്യപ്രധാനമായി കണക്കാക്കുന്ന ഒന്നായി മാറിയിരിയ്ക്കുന്നു നാലമ്പലം തൊഴൽ. നിർമ്മാല്യ ദർശനത്തിനു നട തുറക്കുന്നതു മുതൽ ഉച്ചപൂജ കഴിഞ്ഞു നടയടയ്ക്കുന്നതിനു മുമ്പായി ശ്രീരാമലക്ഷ്മണ ഭരതശത്രുഘ്നൻമാരുടെ നാലു പേരുടേയും അമ്പലങ്ങളിലെത്തുകയുംവഴിപാടുകൾ നടത്തി തൊഴുതു ഭഗവാൻ്റെ ആശീർവാദത്തിനു പാത്രമാവുകയും ചെയ്യുന്ന തീർത്ഥാടന പ്രക്രിയയാണ് നാലമ്പലം തൊഴൽ എന്നതു കൊണ്ടുദ്ദേശിക്കുന്നത്.

കേരളത്തിൽ കോട്ടയം, എറണാകുളം,തൃശൂർ, മലപ്പുറം ജില്ലകളിൽ നാലമ്പല ദർശന സൗകര്യങ്ങളുണ്ട്. ഞങ്ങൾ ഇപ്രാവശ്യം (2024-ൽ) തിരഞ്ഞെടുത്തത് കോട്ടയം ജില്ലയിലെ നാലമ്പലങ്ങളെയാണ്.

അതിരാവിലെ മൂന്നര മണിയോടെ കോട്ടയം മീനച്ചിൽ വില്ലേജിലെ രാമപുരം എന്ന സ്ഥലത്തെ ശ്രീരാമസ്വാമീക്ഷേത്രത്തിലെത്തിച്ചേർന്നു. പ്രഭാതകർമ്മങ്ങളെല്ലാം കഴിഞ്ഞു നാലരയോടെ ക്ഷേത്രനടയിലെത്തി.അഞ്ചു മണിയ്ക്കാണു നട തുറന്നത്. ശ്രീരാമൻ പ്രധാന ദേവനും ഭദ്രകാളി, ഗണപതി, ഹനൂമാൻ എന്നിവർ ഉപദേവകളായും ഇവിടെ വർത്തിയ്ക്കുന്നു. ശംഖചക്രഗദാപത്മങ്ങളുടെ സമർപ്പണമാണ് ശ്രീരാമസ്വാമിയ്ക്കുള്ള പ്രധാന വഴിപാട്. ഹനുമാൻ സ്വാമിയ്ക്ക് വെറ്റില മാല സമർപ്പണവും.

കുചേലവൃത്തം വഞ്ചിപ്പാട്ടു കൊണ്ട് മാത്രം പ്രശസ്തനായ രാമപുരത്തു വാര്യർ ഇവിടത്തുകാരനായിരുന്നു. രാമപുരം ശ്രീരാമസ്വാമീക്ഷേത്രത്തിൽ രാമപുരത്തു വാര്യർക്ക് പ്രത്യേകമായൊരു സ്ഥാനമൊരുക്കി സ്മരണ നിലനിർത്തുന്നുണ്ട്‌. മേല്പത്തൂരിന് ഗുരുവായൂരിലെന്ന പോലെ.വാരിയരുടെ ഒരു ഛായാചിത്രം ചുമരിൽ കാണാം. ആ ചിത്രത്തിനടിയിൽ എഴുതി വച്ചിട്ടുള്ള ശ്ലോകമാണ് ഉദ്ധരണി.

അഞ്ചര മണിയോടെ ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയ ഞങ്ങൾ അടുത്തതായി ലക്ഷ്മണ സ്വാമിയെ കണ്ടു തൊഴുതു വന്ദിയ്ക്കാനായി കുടപ്പുലം ലക്ഷ്മണ സ്വാമീക്ഷേത്രത്തിലെത്തി.ലക്ഷ്മണ സന്നിധിയിലെത്തുന്നതിനു മുമ്പ് യക്ഷി നാഗങൾ എന്നീ ഉപദേവതകളെ തൊഴുതു കഴിഞ്ഞ് ലക്ഷ്മണ സന്നിധിയിലെത്തുന്ന തരത്തിലാണ് പ്രദക്ഷിണവഴി ഒരുക്കിയിരിയ്ക്കുന്നത്.പിന്നീട് ഭഗവതി ശാസ്താവ് എന്നീ ഉപദേവതകളെക്കൂടി തൊഴുതു കഴിഞ്ഞാലേ കുടപ്പുലം ക്ഷേത്ര ദർശനം പൂർണമാവൂ.

ലക്ഷ്മണ സ്വാമിയ്ക്ക് സമർപ്പണം നടത്തേണ്ടതും ശംഖഗദാ ചക്രപത്മങ്ങൾ തന്നെ

പിന്നീട് ഞങ്ങൾ പോയത് അരമനക്കര ഭരതസ്വാമീക്ഷേത്രത്തിലേയ്ക്കാണ്.പ്രധാന വഴിപാട് മീനൂട്ട് തന്നെയാണ്. കൂടാതെ ഭരതസ്വാമിയ്ക്ക് ശംഖ് സമർപ്പണവും പഴം നിവേദ്യവും വഴിപാടായി നടത്തുന്നു.

കോട്ടയം നാലമ്പലത്തിലെ ഏക ശിവപ്രതിഷ്ഠയുള്ളത് അരമനക്കര ഭരതസ്വാമീക്ഷേത്രത്തിൽത്തന്നെയാണ്.ശിവന് ധാര പ്രധാന വഴിപാട്. കാണിയ്ക്ക മാത്രം സമർപ്പിച്ച് മലർ പറ സമർപ്പിയ്ക്കുവാനുള്ള സൗകര്യം ഈ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

എട്ടു മണിയായപ്പോഴേയ്ക്ക് മേതിരി ശത്രുഘ്ന ക്ഷേത്രത്തിലെത്തി.നാലമ്പല ദർശനത്തിലെ നാലാമത്തെ അമ്പലമാണ് ശത്രുഘ്ന ക്ഷേത്രമായ മേതിരിയിലെ ഈ അമ്പലം.സുദർശനചക്രമാണ് ഇവിടത്തെ പ്രധാന വഴിപാട്. പൂപ്പറ, നാണയ പ്പറ എന്നിവയും സമർപ്പിയ്ക്കാം. തിരിച്ചിറങ്ങുമ്പോൾ മേ തിരിയിലെ ശ്രീ പോർക്ക ലീദേവിയേയും തൊഴുതിറങ്ങി.

പിന്നീട് രണ്ടാമതും രാമപുരത്തെത്തി ശ്രീരാമചന്ദ്രനെ ഒന്നുകൂടി തൊഴുതു വന്ദിയ്ക്കുമ്പോഴാണ് നാലമ്പല ദർശനം പൂർണ്ണമാവുന്നത്.

ഏതാണ്ട് പതിനഞ്ചു കിലോമീറ്റർ ചുറ്റളവിൽ രാമായണ സഹോദരർ നാലുപേരുടേയും ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്നു എന്നതും അവിടെയൊക്കെ ഭക്തജനങ്ങൾക്കായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിയ്ക്കുന്നുവെന്നതും കോട്ടയം നാലമ്പല ദർശനത്തെ ജനകീയമാക്കുന്നു എന്നതും പ്രത്യേകം പ്രസ്താവ്യമാണ്.

അങ്ങിനെ നാലമ്പല ദർശനം കഴിഞ്ഞ് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. ഒമ്പതരയോടെ ഏറ്റുമാനൂരിലെത്തി. അവിടെ ഏറ്റൂമാനൂരപ്പനെ തൊഴുത ശേഷം മള്ളിയൂർ ഗണപതി ക്ഷേത്രത്തിലേയ്ക്ക് പോകാൻ തീരുമാനിച്ചു. മള്ളിയൂരെത്തിയപ്പോൾ പതിനൊന്നു മണിയായിരുന്നു.

ഗണപതിയാണ് മുഖ്യ പ്രതിഷ്ഠയെങ്കിലും ഗണപതിയുടെ മടിയിലിരിയ്ക്കുന്ന ഉണ്ണിക്കണ്ണന് ഇവിടെ സവിശേഷതയുണ്ട്. മറ്റൊരിടത്തും കാണാനിടയില്ലാത്ത തരത്തിലുള്ള ഒരു ദേവതാസമന്വയം തന്നെയാണ് ഗണപതിയുടെ മടിയിൽ സുസ്മേരവദനനായി ഇരിയ്ക്കുന്ന ശ്രീകൃഷ്ണ ഭഗവാൻ. ഭാഗവതഹംസം മള്ളിയൂർ തിരുമേനിയുടെ ഭാഗവത സപ്താഹ ഭൂമി ആയതു കൊണ്ടു കൂടിയാണ് മള്ളിയൂർ ഗണപതി ക്ഷേത്രത്തിനു് ഇന്നുള്ള പ്രശസ്തി ആർജ്ജിച്ചെടുക്കാനായത്. മള്ളിയൂരമ്പലനടയിൽ എത്തുമ്പോൾ ഭക്തരെ സ്വാഗതം ചെയ്യുന്ന മന്ത്രമാ ണ് “അവിഘ്നമസ്തു: ശ്രീ കൃഷ്ണായ നമ: ” എന്നത് .മറ്റൊരിടത്തും കാണാനിടയില്ലാത്ത ഒരു മന്ത്ര സമന്വയം കൂടിയാണ് ഇതെന്നതും എടുത്തു പറയേണ്ടതു തന്നെ.

പതിനൊന്നര കഴിഞ്ഞപ്പോൾ മള്ളിയൂരിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു.അടുത്തലക്ഷ്യം വൈക്കത്തപ്പൻ്റെ പ്രസാദ ഊട്ടായിരുന്നു. പതിനൊന്നരയോടു കൂടി വൈക്കത്ത് നട അടയ്ക്കും. പന്ത്രണ്ടു മണിയോടെ അന്നദാനം ആരംഭിയ്ക്കും.

പ്രസാദ ഊട്ടിനെ അന്നദാനമാക്കി മാറ്റാനും പ്രസാദ ഊട്ടിൻ്റെ പവിത്രതയ്ക്ക് മങ്ങലേല്പിയ്ക്കാനും ആർക്കാണിത്ര താല്പര്യമെന്നു മനസ്സിലാവുന്നില്ല. സേവനത്തിന് ആളുകളില്ലാഞ്ഞിട്ടാണോ, ഉള്ളവർ ചോറുവിളമ്പി ക്ഷീണിയ്ക്കുന്നതിലാണോ എന്നറിയില്ല, ഇന്നത്തെ വൈക്കത്തെ അന്നദാനം സത്യത്തിൽ എന്നെ വളരെ നിരാശനാക്കി.

കൊട്ടിയൂർ യാത്രയ്ക്കിടയിൽ ചിറ്റാരിപ്പറമ്പ് സേവാഭാരതി പ്രവർത്തകരുടെ സേവനം കൊണ്ട് മനസ്സുനിറഞ്ഞിറങിപ്പോന്ന എനിയ്ക്ക് ഇന്ന് വൈക്കത്തപ്പൻ്റെ പ്രസാദ ഊട്ട് നിരാശയാക്കാനുണ്ടായ കാരണം വിഭവങ്ങളുടെ രുചി കുറവല്ലായിരുന്നു. എത്ര രുചിയുള്ള വിഭവങ്ങളായാലും അത് ഇലയിൽ വിളമ്പിത്തരുന്നവരുടെ മാനസികാവസ്ഥ നല്ലതായി തോന്നിയില്ലെങ്കിൽ ആ ഭക്ഷണം ഒരു കാരണവശാലും സന്തോഷത്തോടെയും സംതൃപ്തിയോടെയും കഴിയ്ക്കുവാൻ എനിയ്ക്കു സാധിയ്ക്കുകയില്ല. മാത്രവുമല്ല ക്രമാതീതമായ തിരക്കു കൊണ്ടോ, ഉദ്ദേശിച്ചതിലധികം പേർ ഭക്ഷണം കഴിയ്ക്കാനെത്തിയതുകൊണ്ടോ എന്നറിയില്ല, ഉച്ചക്ക് അവിടെയെത്തിച്ചേർന്ന ഭക്തജനങ്ങളെ മുഴുവൻ അന്നമൂട്ടി സംതൃപ്തനാക്കുന്നതിൽ ഇന്ന് വൈക്കത്തപ്പൻ പരാജിതനായി എന്നു തന്നെ തോന്നിപ്പോയി.
ഭക്ഷണം തികഞ്ഞില്ലെങ്കിൽ പോലും അല്പം തുറന്ന മനസ്സോടെ ചെറുപുഞ്ചിരിയോടെ അന്നം വിളമ്പുന്നവർ പെരുമാറിയിരുന്നെങ്കിൽ പോലും ഭക്തർ വയർ നിറഞ്ഞിറങ്ങിപ്പോരുമായിരുന്നു എന്നാണെനിയ്ക്കു തോന്നിയത്.

മാത്രവുമല്ല തുറന്നു കിടക്കുന്ന ജനലിലൂടെ നോക്കിയപ്പോൾ പലരും നിലത്തിരുന്നു ഭക്ഷണം കഴിയ്ക്കുന്നതു കണ്ടപ്പോൾ മുഴുവൻ ഹാളിലും അതുപോലെ തന്നെയായിരിയ്ക്കുമെന്നു കരുതി, ചമ്രം പടിഞ്ഞിരുന്ന് ഉണ്ണാൻ ശീലിയ്ക്കാത്ത ചിലർ നിരാശരായി തിരിച്ചു പോകുന്നതും ഞാൻ കണ്ടു. പിന്നീട് ഹാളിനകത്തേയ്ക്കു കയറിയപ്പോഴാണ് മേശകസേര സൗകര്യവും അവിടെയൊരുക്കിയിട്ടുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നത്.

വൈക്കത്തൂണു കഴിഞ്ഞ് കുറച്ചു സമയം വിശ്രമിയ്ക്കുവാനുദ്ദേശിച്ച് വൈക്കം കായലിൽ വൈക്കത്തുനിന്ന് ചേർത്തലയ്ക്കടുത്തുള്ള പള്ളിപ്പുറം കടവിലേയ്ക്ക് ഒരു ജലയാത്ര ചെയ്യുകയുണ്ടായി. അത് കൂടെയുണ്ടായിരുന്നവർക്കെല്ലാം വളരെ ഹൃദ്യമായ ഒരനുഭവം തന്നെയാണ് സമ്മാനിച്ചത്. അതിനു ശേഷം നാലരയ്ക്കു മുമ്പായി ഞങൾ ചോറ്റാനിക്കരയിലെത്തി. നട തുറന്നതോടെ തിരക്കില്ലാതെ ചോറ്റാനിക്കര മേൽക്കാവിലും കീഴ്ക്കാവിലും ഭംഗിയായി തൊഴുതു പ്രാർത്ഥിയ്ക്കാൻ സാധിച്ചു.കൂടെയുള്ളവർ പലരും ഗുരുതി മുമ്പൊന്നും കാണാത്തതുകൊണ്ടും, കാണുവാനാഗ്രഹമുള്ളതുകൊണ്ടും അതുകൂടി കഴിഞ്ഞു മാത്രമേ തിരിച്ചു പോകുന്നുള്ളൂ എന്നു തീരുമാനിച്ച്; ഗുരുതി തർപ്പണ പൂജ കാണാൻ അവരെ വിട്ടയച്ച് ഞാൻ അല്പനേരം ബസ്സിൽ വിശ്രമിയ്ക്കാം എന്നു തീരുമാനിച്ചു.

വൈക്കത്തെ അന്നദാനത്തെക്കുറിച്ചു. ഞാൻ അഭിപ്രായപ്പെട്ടത് അവിടെ സേവനത്തിനു നിയോഗിയ്ക്കപ്പെട്ട ആളുകളുടെ മനോഭാവത്തെക്കുറിച്ചാണ്. അല്പം കൂടി തുറന്ന മനസ്സോടെ ഭക്ഷണം വിളമ്പിയാൽ എത്ര നന്നായിരുന്നു എന്നു തോന്നി.

തന്നെ ആശ്രയിച്ചു വരുന്ന എല്ലാ ഭക്തജനങളേയും തൃപ്തരാക്കി തിരിച്ചുവിട്ട യയ്ക്കുന്ന വൈക്കത്തെ പെരും തൃക്കോവിലപ്പൻ്റെ മഹത്വത്തെ രാമപുരത്തു വാര്യർ ഇപ്രകാരം വാഴ്ത്തുന്നു.

“കെല്പോടെല്ലാ ജനങ്ങൾക്കും കേടു തീരത്തക്കവണ്ണ-
മെപ്പോഴുമന്നദാനവുംചെയ്തു ചെഞ്ചെമ്മേ
മുപ്പാരുമടക്കി വാഴും വൈക്കത്തു പെരുംതൃക്കോവി-
ലപ്പാ! ഭഗവാനേ! പോറ്റീ! മറ്റില്ലാശ്രയം.”

 

തുടരും…

1+

Leave a Reply

Your email address will not be published. Required fields are marked *