കർക്കടകം പതിനൊന്ന് – മൂത്തവർ വാക്കും മുതുനെല്ലിക്കയും

വേണു വീട്ടീക്കുന്ന്
26-07-2024

“യദ്യദാചരതി ശ്രേഷ്ഠസ്തത്തദേവതരോ ജനഃ ।
സ യത്പ്രമാണം കുരുതേ ലോകസ്തദനുവർത്തതേ ॥

ഭഗവദ് ഗീത മൂന്നാം അദ്ധ്യായമായ കർമ്മയോഗത്തിലെ ഇരുപത്തൊന്നാം ശ്ലോകമാണ് മേലുദ്ധരിച്ചിരിക്കുന്നത്. ശ്രേഷ്ഠനായവൻ ഏതേതു കർമ്മത്തെ ആചരിക്കുന്നുവോ, മററുള്ള ജനങ്ങളും അതിനെത്തന്നെ ആചരിക്കുന്നു. ശ്രേഷ്ഠ ജനം യാതൊന്നിനെ പ്രമാണമായി കരുതുന്നുവോ മറ്റുള്ള ലോകരും അതു തന്നെ പ്രമാണമായി സ്വീകരിക്കുന്നു. ഇത്രയുമാണ് ശ്ലോകത്തിൻ്റെ ഭാവാർത്ഥം.

സ്വകർമ്മങ്ങൾ മറന്ന് ഭീരുത്വത്തോടെ യുദ്ധമുഖത്തു നിന്ന് പിൻവലിയാതിരിക്കാൻ അർജ്ജുനനെ കൃഷ്ണൻ പല തരത്തിലും ഉപദേശിക്കുന്നുണ്ട്. അത്തരമുള്ള ഉപദേശപരമ്പരകൾക്കിടയിലാണ് ഇത്തരമൊരു ആപ്തവാക്യം കൂടി കൃഷ്ണൻ പറഞ്ഞു കൊടുക്കുന്നത്.

നമ്മുടെയെല്ലാം ജീവിതത്തിലും ഇതിൽ പറഞ്ഞതുപോലെയുള്ള ഒന്നോ അതിലധികമോ വ്യക്തിത്വങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം. ചിലരൊക്കെ മാതൃകാപരമായ പ്രവൃത്തികൾ ചെയ്തു ജീവിക്കുന്നവരെ അനുകരിക്കുന്നുമുണ്ടാവാം.

എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. മാതൃകാപരമായ നന്മകൾ മാത്രം ചെയ്തു കൊണ്ട് ജീവിതം നയിക്കുന്ന വ്യക്തികൾ സമൂഹത്തിൽ കുറഞ്ഞു വരുന്നു. വേണമെങ്കിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നു തന്നെ പറയാവുന്ന തരത്തിലായി മാറിയിരിക്കുന്നു.

വിദ്യാഭ്യാസ സമ്പ്രദായത്തിലെ മാറ്റങ്ങൾ, ഓരോ അണുകുടുംബങ്ങളിലേയും മാതാപിതാക്കൾ മക്കളോടു പെരുമാറുന്ന രീതികൾ എന്നിങ്ങനെ പല കാരണങ്ങളാൽ ശ്രേഷ്ഠ ജനങ്ങളെ വാർത്തെടുക്കുവാൻ സമൂഹം മറന്നു കൊണ്ടിരിക്കുന്നു അഥവാ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.

നാലോ അഞ്ചോ ദശാബ്ധങ്ങൾ പുറകോട്ടു സഞ്ചരിച്ചാൽ, ഓരോ ഗ്രാമങ്ങളിലേയും കാഴ്ചകൾ ഇന്നത്തേതിൽ നിന്നു വളരെ ഭിന്നമായിരുന്നുവെന്നു മനസ്സിലാക്കാനാവും. ക്ഷേത്രങ്ങളേയും ക്ഷേത്രാചാരങ്ങളേയും ചുറ്റിപ്പറ്റിക്കൊണ്ടു തന്നെയായിരുന്നു ഹൈന്ദവതയും സംസ്കാരവും നിലനിന്നിരുന്നത്. അന്യ മതസ്ഥരോടു പോലും സഹകരണ മനോഭാവത്തിൽ പെരുമാറാനും ധനധാന്യങ്ങൾ വിശ്വാസപൂർവ്വം തന്നെ പരസ്പരം കൈമാറി സന്തോഷത്തോടെയും സമാധാനത്തോടെയും സുഖസമൃദ്ധമായി കഴിയുവാനും സാധിക്കുന്ന ഒരു സാഹചര്യം തന്നെ നിലനിന്നിരുന്നു. അവനവൻ്റെ ഇല്ലായ്മകളും കുറവുകളും മറ്റുള്ളവരോടു തുറന്നു പറയുന്നതിനും സഹായമഭ്യർത്ഥിക്കുന്നതിനും ആരുടേയും അഭിമാനബോധം വിലങ്ങുതടിയായിരുന്നില്ല.

എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല.ചെറിയ കുടുംബങ്ങളാണെങ്കിലും ദുരഭിമാനം അവനവൻ്റെ ഇല്ലായ്മകളും വല്ലായ്മകളും സമൂഹ മധ്യത്തിൽ തുറന്നു കാണിക്കുവാൻ ആരും ഇഷ്ടപ്പെടുന്നില്ല. സഹായിക്കാനായി അറിഞ്ഞു വരുന്നവരെ പോലും അവിശ്വസിക്കുവാനും സഹായങ്ങൾ നിരസിക്കുവാനും ശ്രമിക്കുന്നവരാണ് ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗവും. സ്വീകരിക്കാൻ ഇഷ്ടപ്പെടാത്ത സഹായങ്ങൾ അതുപോലെ തന്നെ മറ്റുള്ളവരിലേക്ക് എത്തിപ്പെടാനും സാധ്യതയില്ലല്ലോ,

ഓരോ ഗ്രാമങ്ങളിലേയും ക്ഷേത്ര പുരോഹിതർ, ഗുരു ജനങ്ങൾ, ഭരണ കർത്താക്കൾ, അദ്ധ്യാപകർ എന്നിങ്ങനെയുള്ളവർ, സമൂഹത്തിലെ ഉന്നത സ്ഥാനീയരായി കരുതപ്പെട്ടിരുന്നു. അതിനുള്ള വ്യക്തിപ്രഭാവവും കർമ്മശുദ്ധിയും അവർക്കുണ്ടായിരുന്നു എന്നതും പരമാർത്ഥം തന്നെയായിരുന്നു.

അതുകൊണ്ടുതന്നെ സമൂഹം മുഴുവൻ അവരെ അംഗീകരിക്കുകയും ഭയഭക്തി ബഹുമാന പുരസരം ആദരിക്കുകയും ചെയ്തിരുന്നു. ഇതിഹാസപുരാണങ്ങളിലെ നായികാനായകന്മാരുടെ പ്രവൃത്തികളും ജീവിത രീതികളും സത്ചിന്തകളുടെ രൂപത്തിലും ധർമ്മോപദേശ കഥകളുടെ രൂപത്തിലും സമൂഹത്തിൽ പ്രചരിച്ചിരുന്നു. അത്തരം കഥകളിലെയെല്ലാം സാരങ്ങളുൾക്കൊണ്ട് നന്മതിന്മകളെയും നീതി ന്യായങ്ങളേയും കുറിച്ച് ബാലകരേയും വിദ്യാർത്ഥികളേയുമെന്നു വേണ്ട, ആ ബാലവൃദ്ധം ജനങ്ങളെയുമെന്നു തന്നെ പറയട്ടെ സാംസ്കാരികമായി ഉയർന്നു ചിന്തിയ്ക്കാനും പ്രവർത്തിപ്പിക്കുവാനും ഗുരുനാഥന്മാർക്കും ഭരണകർത്താക്കൾക്കും ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്നതും മറ്റൊരു പരമാർത്ഥം.

എന്നാൽ ഇന്നത്തെ സ്ഥിതിയോ?

ആധുനിക കവി പറയുന്നു.

“നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ.
…….. …………. ……….
ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ
ബാക്കി വെച്ചവ ബാക്കിയാക്കാൻ നോക്കി നിൽക്കുണ്ണീ”

“നെല്ലിയ്ക്ക ” എന്ന കവിതയിലൂടെ ഇത്തരത്തിൽ പരമാർത്ഥങ്ങൾ മുരുകൻ കാട്ടാക്കട വിളിച്ചോതുമ്പോൾ നമുക്കാലോചിയ്ക്കാം..
“മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം ചവർക്കും, പിന്നീട് മധുരിക്കും.’

അതു കൊണ്ടു തന്നെ ചവർപ്പിൽ നിന്ന് മധുരത്തിലേക്കുള്ള മാറ്റത്തിനായി നമുക്കും കാത്തിരിക്കാം, പഴമയുടെ നേരിൻ്റെ കാലടിപ്പാടുകൾ പിന്തുടർന്ന് ഈ രാമായണ മാസത്തിൽ അല്പം പുരാണ വായനയിലൂടെ രാമചന്ദ്ര പ്രഭുവിൻ്റെ നീതിന്യായ വ്യവസ്ഥിതിയെ വായിച്ചറിയാനായി അദ്ധ്യാത്മാ രാമായണത്തെയോ അല്ലെങ്കിൽ വാത്മീകി രാമായണത്തെയോ വായിച്ചു പഠിയ്ക്കാൻ ശ്രമിക്കാം എതൊരറിവും ചെറുതല്ലെന്ന വിശ്വാസത്തോടെ സമൂഹത്തിലെ നന്മകൾ സ്വാംശീകരിയ്ക്കാം.

സമൂഹത്തോടൊപ്പം നമുക്കും ജപിക്കാം.

“രാമായ രാമചന്ദ്രായ
രാമഭദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായ പതയേ നമ: ”

തുടരും…

1+

Leave a Reply

Your email address will not be published. Required fields are marked *